Thursday 09 July 2020 03:07 PM IST : By സ്വന്തം ലേഖകൻ

ആലപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ ഭാര്യയ്ക്ക് കോവിഡ്; രോഗത്തിന്റെ ഉറവിടം വ്യക്തമല്ല!

jithin-devika-death-chennithala

ചെന്നിത്തലയിൽ കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ ഭാര്യയ്ക്ക് കോവിഡ്. മാവേലിക്കര വെട്ടിയാർ തുളസി ഭവനിൽ ദേവിക ദാസിനാണ് (20) രോഗം സ്ഥിരീകരിച്ചത്. ഭർത്താവ് പന്തളം കുരമ്പാല ഉനംകോട്ടുവിളയിൽ ജിതിനു (30) രോഗമില്ല. അതേസമയം ദേവികയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

ദമ്പതികൾ കഴിഞ്ഞ നാലു മാസമായി ചെന്നിത്തല മഹാത്മാ സ്കൂളിനു സമീപത്തെ വാടക വീട്ടിൽ താമസിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായ ജിതിൻ തൂങ്ങിമരിച്ച നിലയിലായിരുന്നു. ദേവിക കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും. 

ദീർഘ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. രണ്ടു വർഷം മുൻപ് ജിതിനോടൊപ്പം ദേവിക താമസം തുടങ്ങിയിരുന്നു. തുടർന്ന് ജിതിനെതിരെ കുറത്തികാട് പൊലീസ് പോക്സോ പ്രകാരം കേസ് എടുത്തിരുന്നു. പിന്നീട് ദേവികയെ ആലപ്പുഴ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. 

പ്രായപൂർത്തിയായ ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയും മാർച്ച്‌ 18ന് ചെന്നിത്തലയിൽ വാടകയ്ക്ക് താമസം തുടങ്ങുകയും ചെയ്തു. ജിതിൻ ജോലിക്ക് എത്താത്തതിനാൽ അന്വേഷിച്ചെത്തിയ പെയിന്റിങ് കരാറുകാരനാണ് മൃതദേഹങ്ങൾ കണ്ടത്. രണ്ടു ആത്മഹത്യാ കുറിപ്പുകൾ കൂടി പൊലീസ് കണ്ടെടുത്തു. 

ജീവിത നൈരാശ്യത്തെപ്പറ്റിയും സാമ്പത്തിക പ്രശ്നങ്ങളെപ്പറ്റിയും കുറിപ്പിൽ പറയുന്നു. ദേവികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അന്വേഷണവുമായി ബന്ധപ്പെട്ട പത്തോളം പൊലീസ് ഉദ്യോഗസ്ഥരോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. ചെങ്ങന്നൂർ ആർഡിഒയും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

Tags:
  • Spotlight