Thursday 21 October 2021 02:12 PM IST : By സ്വന്തം ലേഖകൻ

മുലപ്പാൽ കുടിക്കുമ്പോൾ ശ്വാസതടസ്സം, പിഞ്ചുകുഞ്ഞ് മരിച്ചു; ഭക്ഷണം ശ്വാസനാ‍ളത്തിൽ കുരുങ്ങിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

dameyyyaafgg

മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസതടസ്സമുണ്ടായി പിഞ്ചുകുഞ്ഞ് മരിച്ചു. പരവൂർ കോട്ടപ്പുറം കോട്ടമൂല കൃഷ്ണാലയത്തിൽ ഹരീഷ്കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകളായ അമേയ (അഞ്ച് മാസം) ആണു മരിച്ചത്. ഇന്നലെ പുലർച്ചെ 6ന് പാൽ കൊടുക്കുമ്പോൾ കുഞ്ഞിനു ശ്വാസതടസ്സം അനുഭവപ്പെട്ടു.

തുടർന്ന് പരവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. സഹോദരങ്ങൾ: ആരവ്, അഭിനവ്.

തൊണ്ടയിലും ശ്വാസനാ‍ളത്തിലും ഭക്ഷണം കുടുങ്ങിയാൽ

ഭക്ഷണമോ മറ്റു വസ്‌‍തുക്കളോ തൊണ്ടയിലും അന്ന‍നാളത്തിലും കുടുങ്ങി ശ്വാസം കിട്ടാതായാൽ 4 മുതൽ 8 മിനിറ്റ് വരെ മാത്രമേ ജീവനു പിടിച്ചുനിൽക്കാൻ സാധിക്കൂ. ഈ കുറഞ്ഞ സമയത്തിനകം തക്ക ശുശ്രൂഷ കിട്ടിയാൽ രക്ഷപ്പെടാം. എന്തെങ്കിലും വിഴുങ്ങിയതു മൂലം ശ്വാസ തടസ്സമുണ്ടാകുന്നവരെ രക്ഷിക്കാനുള്ള അടിയന്തര ശുശ്രൂഷയാണു ഹെം‍ലിക് മെ‍നൂവർ (THE HEIMLICH MANOEUVRE).

ഹെം‍ലിക് മെ‍നൂവർ ഇങ്ങനെ

ശ്വാസ തടസ്സമനുഭവപ്പെടുന്നയാളുടെ പിന്നിൽ ശുശ്രൂഷകൻ നിൽക്കുക. തുടർന്നു രണ്ടു കയ്യും മുന്നോട്ടെടുത്തു ശ്വാസതടസ്സം അനുഭവപ്പെടുന്ന‍യാളെ ചുറ്റിപ്പി‍ടിക്കുക. ഒരു കൈ മു‍ഷ്ടി ചുരുട്ടി, തള്ള വിരലിന്റെ ഭാഗം രോഗിയുടെ വയറിൽ ചേർത്തു പിടിക്കണം. വാരിയെല്ലിനു താഴെയും നാഭിക്കു മുകളിലുമായാ‍ണ് കൈ വരേണ്ടത്. മറ്റേ കൈ കൊണ്ട് ഈ മു‍ഷ്ടി‍ക്കു മുകളിലായി മുറുകെ പിടിക്കുക. വാരിയെല്ല് ഞെരുങ്ങാതെ വയറിലേ‍ക്ക് ബലം കൊടുക്കുക. തുടർന്ന്, മുഷ്‌‍ടി പെട്ടെന്നു മുകളിലേക്കും താഴേ‍ക്കും നീക്കുക. 

വായുസഞ്ചാരം സുഗമമാകത്ത‍ക്ക രീതിയിൽ അമർത്തി വേണം ചെയ്യാൻ. കുടുങ്ങിയിരിക്കുന്ന വസ്‌‍തു പുറത്തു വരും വരെ ഇതു തുടരുക. തുടർന്നു വൈദ്യസഹായം തേടാം. അടുത്തു മറ്റാരുമി‍ല്ലെങ്കിൽ മുകളിൽ പറഞ്ഞ രണ്ടു മുതൽ നാലു വരെയുള്ള കാര്യങ്ങൾ സ്വയം ചെയ്യാം. അല്ലെങ്കിൽ കസേരയി‍ലോ മറ്റോ വയറിന്റെ ഭാഗം അമർത്തി വച്ചുകൊണ്ടു മുകളിലേക്കു ബലം കൊടുത്ത് അമർത്താം ( Upward thrust).

ഒരു വയസ്സിനു താഴെ പ്രായമാണെങ്കിൽ 

കുഞ്ഞിനെ കമഴ്ത്തി തല അല്പം താഴെയായി വരുന്ന രീതിയിൽ നമ്മുടെ തുടയിൽ കിടത്തി, മുതുകത്ത് തോൾ എല്ലുകൾക്കിടയിൽ കൈയുടെ പാത്തി ഉപയോഗിച്ച് അത്യാവശ്യം ശക്തിയായി മുൻപോട്ട് പ്രഹരമേൽപ്പിക്കുക എന്നതാണ് ആദ്യത്തെ നടപടി. ഇതിനുശേഷം ഉടനെതന്നെ കുഞ്ഞിനെ മലർത്തി കിടത്തി, കുഞ്ഞിന്റെ നെഞ്ചിന്റെ മധ്യഭാഗത്ത് മുലഞെട്ടുകളുടെ ലെവലിൽ ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ച് 5 പ്രാവശ്യം അമർത്തേണ്ടതാണ്(CPR ചെയ്യുന്നതുപോലെ). ഇതിനുശേഷം വായ തുറന്ന് വിക്കിപ്പോയ വസ്തു പുറത്തു വന്നിട്ടുണ്ടോ എന്ന് നോക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, വസ്തു പുറത്ത് കാണാം എങ്കിലും ഒരിക്കലും അത് വായിൽ വിരലിട്ട് തിരിച്ചെടുക്കാൻ ശ്രമിക്കരുത്. ആദ്യത്തെ രണ്ട് സ്റ്റെപ്പുകൾ വസ്തു പുറത്തെത്തും വരെ വീണ്ടും വീണ്ടും ആവർത്തിക്കാവുന്നതാണ്. 

പ്രത്യേകം ശ്രദ്ധിക്കണം

ചിരിക്കു‍മ്പോഴും കരയുമ്പോഴും ഊഞ്ഞാലിലോ തൊട്ടിലിലോ ആ‍ടുമ്പോഴും കുഞ്ഞിന് ഭക്ഷണം നൽകരുത്. കിടന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുകയുമരുത്.

Tags:
  • Spotlight