Monday 20 December 2021 11:54 AM IST : By സാദിഖ് കാവിൽ

കുഞ്ഞു സ്റ്റൂളിലിരുന്ന് രാത്രിയുറക്കം, പരിസരം വൃത്തിയാക്കി കിട്ടുന്ന കൂലി കൊണ്ട് വിശപ്പടക്കും; എട്ടു മാസമായി ദുബായിൽ തെരുവിൽ കഴിഞ്ഞ് മലയാളി വനിത

anitha-balu.jpg.image.845.440

കഴിഞ്ഞ എട്ടു മാസത്തോളമായി മലയാളി വനിത രാപ്പകൽ കഴിച്ചുകൂട്ടുന്നത് ബർദുബായ് വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോൺ ബൂത്തിൽ. രാത്രി കിടന്നുറങ്ങുന്നതു കുഞ്ഞു സ്റ്റൂളിലിരുന്നും പ്രഭാതകൃത്യങ്ങൾ നടത്തുന്നതു തൊട്ടടുത്തെ പൊതുശൗചാലയത്തിലും. നിത്യവും പരിസരം വൃത്തിയാക്കുന്നതിനെ തുടർന്നു ലഭിക്കുന്ന തുച്ഛമായ കൂലി കൊണ്ടാണു വിശപ്പടക്കുന്നത്. തിരുവനന്തപുരം സ്വദേശിനി അനിതാ ബാലുവാണു തന്റേതല്ലാത്ത കാരണത്തിൽ തെരുവിലാക്കപ്പെട്ട ഹതഭാഗ്യ. തന്റെ പ്രശ്നം പരിഹരിക്കാതെ ഇവിടെ നിന്ന് എവിടേയ്ക്കുമില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇവർ.

ഉയർച്ചയിൽ നിന്നു തെരുവിലേയ്ക്ക്

5 വയസോളം തോന്നിക്കുന്ന അനിതയുടെ തെരുവു ജീവിതത്തിനു പിന്നിൽ സംഭവ ബഹുലമായ കഥയാണുള്ളത്. സംഗീതത്തിൽ ബിരുദാനന്തര ബിരുദമുള്ള ഇവർ ഭർത്താവിനോടും 2 ആൺമക്കളോടുമൊപ്പമായിരുന്നു ദുബായിൽ മികച്ച രീതിയിൽ താമസിച്ചിരുന്നത്. ഭർത്താവ് ബാലു ദുബായിൽ ബിസിനസുകാരനായിരുന്നു. 1996 മുതൽ നടത്തിയ ബിസിനസ് പിന്നീട് തകരുകയും  വിവിധ ബാങ്കുകളിൽ നിന്നു ബാലു വൻതുക വായ്പയെടുക്കേണ്ടി വരികയും ചെയ്തു. അതിനെല്ലാം ജാമ്യം നിർത്തിയതു ഭാര്യ അനിതയെയായിരുന്നു. വായ്പ തിരിച്ചടക്കാനാതായപ്പോൾ ബാലു അനിതയെ ഉപേക്ഷിച്ച് ഇളയെ മകനേയും കൂട്ടി നാട്ടിലേയ്ക്ക് പോയി. ദുരിതത്തിലായ അവർ മൂത്ത മകനെയും കൊണ്ടു  പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും വായ്പ തിരിച്ചടക്കാത്തതിനെ തുടർന്നു ബാങ്കുകാരും മറ്റൊരു കമ്പനിയും കേസു കൊടുക്കുകയും ഒടുവിൽ അനിത കീഴടങ്ങുകയുമായിരുന്നു. 36 മാസം തടവു ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയപ്പോൾ താമസിക്കാനുള്ള ഇടം പോലും നഷ്ടപ്പെട്ടിരുന്നു. മകൻ താൻ പഠിച്ച സ്കൂളിൽ ചെറിയൊരു ജോലിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ മകന്റെ കൂടെ താമസിക്കാൻ അനിത തയ്യാറായതുമില്ല.

ഭർത്താവിനോടുള്ള പ്രതിഷേധ സൂചകമായാണ് ഇവർ തെരുവിൽ താമസിക്കുന്നത്. തന്റേതല്ലാത്ത കാരണത്താൽ അനുഭവിക്കുന്ന സാമ്പത്തിക ബാധ്യത തീരാതെ താൻ നാട്ടിലേയ്ക്കു മടങ്ങില്ലെന്ന് ഇവർ പറയുന്നു. 22 ലക്ഷത്തോളം ദിർഹമായിരുന്നു ബാങ്കിലടക്കേണ്ടിയിരുന്നത്. മറ്റൊരു കമ്പനിക്ക് 5 ലക്ഷത്തോളം ദിർഹവും. രണ്ടു കൂട്ടരും സിവിൽ കേസ് നൽകിയപ്പോൾ കുടുങ്ങിയത് അനിതയും. 

പിന്നീട് പ്രശ്നത്തിൽ സാമൂഹിക പ്രവർത്തകർ ഇടപ്പെടുകയുണ്ടായി. അഡ്വ. ഏബ്രഹാം പി. ജോണിന്റെ ശ്രമഫലമായി ബാങ്കു വായ്പ തുക രണ്ടു ലക്ഷമാക്കി കുറച്ചുനൽകാൻ ബാങ്കുകാർ തയ്യാറായിരുന്നു. ഇക്കഴിഞ്ഞ നവംബർ 30ന് മുൻപ് തുക അടയ്ക്കണമെന്നായിരുന്നു ബാങ്ക് ആവശ്യപ്പെട്ടത്. പക്ഷേ, ഇത്രയും തുക നൽകാൻ ആരും മുന്നോട്ട് വന്നില്ല. അഡ്വ.ഏബ്രഹാം ജോൺ ബാങ്കിന് വീണ്ടും അപേക്ഷ നൽകിയപ്പോൾ ഈ മാസം(ഡിസംബർ) അവസാനം വരെ കാലാവധി നീട്ടി നൽകി. ആ തീയതിക്ക് മുൻപ് പണം  അടച്ചില്ലെങ്കിൽ ഇളവ് റദ്ദാക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്. അനിതയ്ക്ക് താത്കാലികമായി താമസ സൗകര്യം നൽകാൻ തയ്യാറാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും തൻ്റെ കേസുകൾ ഒത്തുതീർപ്പാക്കാതെ എങ്ങോട്ടേക്കുമില്ലെന്ന നിലപാടിലാണ് ഇവർ.

anitha-room.jpg.image.845.440

ചിത്രരചനയും ക്ലീനിങ് ജോലിയും

അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ബർദുബായിലെ ക്ഷേത്രത്തോടും പള്ളിയോടും ചേർന്നുള്ള പബ്ലിക് ടെലിഫോണ്‍ ബൂത്താണ് കഴിഞ്ഞ എട്ടു മാസത്തോളമായി അനിതയുടെ വീട്. അവിടെ ബാഗും വസ്ത്രങ്ങളും ട്രാൻസിസ്റ്ററും കാണാം. വിവിധ വസ്തുക്കളിൽ ചിത്രങ്ങൾ വരച്ച് വിറ്റ് കിട്ടുന്ന തുകയും ഇവർ ഉപജീവനത്തിന് ഉപയോഗിക്കുന്നു. പഠിക്കുന്ന കാലത്ത് ചിത്രം വരച്ചിരുന്നെങ്കിലും പിന്നീട് ആ കഴിവ് നഷ്ടപ്പെട്ടിരുന്നു. ടെലിഫോൺ ബൂത്ത് ജീവിതത്തിന്റെ വിരസത ഒഴിവാക്കാനാണ് റേഡിയോയിൽ പാട്ടുകൾ കേട്ടുകൊണ്ടുള്ള ചിത്ര രചന. പരിസരങ്ങളിലെ ഓഫീസുകളിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവരും താമസിക്കുന്നവരും അനിതയെ പലപ്പോഴും സമീപിച്ച് ഭക്ഷണവും പണവും സഹായം വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും അവർ അത് സ്വീകരിക്കാൻ തയ്യാറാകുന്നില്ല. നിത്യവും അവരുടെ ദുരിത ജീവിതം കണ്ട് സങ്കടം തോന്നാറുണ്ടെന്നും എന്നാൽ, സംസാരിക്കുമെങ്കിലും സഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും തൊട്ടടുത്തെ ഓഫിസിൽ ജോലി ചെയ്യുന്ന കാസർകോട് ഉദുമ സ്വദേശി രമേശ് മനോരമ ഓൺലൈനിനോട് പറഞ്ഞു. തൊട്ടരികിലുള്ള കടയിൽ ജോലി ചെയ്യുന്ന ഉത്തരേന്ത്യൻ സ്വദേശികൾക്കും അനിത ഒരു സങ്കടക്കാഴ്ച തന്നെ. 

പൂർണ്ണമായും വായിക്കാം...

Tags:
  • Spotlight