Tuesday 11 October 2022 04:01 PM IST : By സ്വന്തം ലേഖകൻ

‘മരുമകള്‍ വച്ച കറിയ്ക്ക് നല്ല അഭിപ്രായം മകനും ഭർത്താവും പറഞ്ഞതിന് ‘നെഞ്ചുവേദന’ വരുന്ന ചിലര്‍’; സൈക്കോ മനുഷ്യരുള്ള വീടുകൾ! ശ്രദ്ധേയമായി കുറിപ്പ്

dvoppiu0087

‘‘മകന്റെ ഭാര്യയെ വീട്ടിൽ നിന്നും ഇറക്കി വിട്ടു നാട്ടുകാരെ അറിയിച്ചു സ്വന്തം പേര് ചീത്തയാകാൻ പേടിക്കുന്ന, എന്നാൽ അടുക്കള വരെ പൂട്ടി വയ്ക്കുന്ന ആളുകളുണ്ട്. ഭർത്താവ് നാട്ടിൽ ഇല്ലാത്ത സമയത്ത് മകന്റെ ഭാര്യ കുളിക്കാൻ വൈകുന്നേരം പുറത്തു ഇറങ്ങിയാൽ രാത്രി വരെ അവളെ പുറത്തുനിർത്തി വാതിൽ പൂട്ടി ടിവി കാണുന്ന വീട്ടുകാർ ഉണ്ട്. തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു മാത്രം അടുക്കള തുറക്കുകയും പാചകം ചെയ്യുകയും ചെയ്യുന്നവർ. എന്നാൽ പുറത്തു പോവേണ്ട സമയങ്ങളിൽ അടുക്കളയിലെ മിക്ക സാധനങ്ങളും പൂട്ടി വച്ച് അവളൊന്നു കഷ്ടപ്പെടുന്നത് മനസ്സിൽ എങ്കിലും കണ്ടു ആസ്വദിക്കുന്ന സൈക്കോ മനുഷ്യരുള്ള വീടുകൾ ഉണ്ട്.’’- ഗാര്‍ഹിക പീഡനത്തെപ്പറ്റി അഞ്ജലി ചന്ദ്രൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.  

അഞ്ജലി ചന്ദ്രൻ പങ്കുവച്ച കുറിപ്പ് വായിക്കാം;  

കടുക് പാത്രത്തിനു വരെ പൂട്ടുണ്ടോ?

മകന്റെ ഭാര്യയെയും കുഞ്ഞിനെയും വീടിന് പുറത്താക്കി വീട് പൂട്ടിയ അമ്മായി അമ്മയെ പറ്റിയുള്ള വാർത്തയുടെ താഴെ ഇതൊക്കെ നടക്കുമോ എന്ന് സംശയിച്ച ചിലരെ കണ്ടു. ഇതേ അമ്മായിയമ്മയുടെ സ്വഭാവം കാരണം ജീവനും കൊണ്ട് രക്ഷപെട്ട മൂത്ത മരുമകളെ കുറിച്ച് കൂടി വാർത്തയിൽ ഉണ്ട്. ഇതേ പോലുള്ള ഇടങ്ങളിൽ നിന്ന് രക്ഷപെടുന്ന ആളുകൾ അവരുടെ ജീവിതത്തിൽ എടുത്ത ഏറ്റവും  ഉചിതമായ തീരുമാനം ഇത്തരം ആളുകളിൽ നിന്ന് എത്രയും വേഗം രക്ഷപ്പെടുക എന്നതാണ്. 

മകന്റെ ഭാര്യയെ വീട്ടിൽ നിന്നും ഇറക്കി വിട്ടു നാട്ടുകാരെ അറിയിച്ചു സ്വന്തം പേര് ചീത്തയാകാൻ പേടിക്കുന്ന, എന്നാൽ അടുക്കള വരെ പൂട്ടി വയ്ക്കുന്ന ആളുകളുണ്ട്. ഭർത്താവ് നാട്ടിൽ ഇല്ലാത്ത സമയത്ത് മകന്റെ ഭാര്യ കുളിക്കാൻ വൈകുന്നേരം പുറത്തു ഇറങ്ങിയാൽ രാത്രി വരെ അവളെ പുറത്തുനിർത്തി വാതിൽ പൂട്ടി ടിവി കാണുന്ന വീട്ടുകാർ ഉണ്ട്. തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു മാത്രം അടുക്കള തുറക്കുകയും പാചകം ചെയ്യുകയും ചെയ്യുന്നവർ. എന്നാൽ പുറത്തു പോവേണ്ട സമയങ്ങളിൽ അടുക്കളയിലെ മിക്ക സാധനങ്ങളും പൂട്ടി വച്ച് അവളൊന്നു കഷ്ടപ്പെടുന്നത് മനസ്സിൽ എങ്കിലും കണ്ടു ആസ്വദിക്കുന്ന സൈക്കോ മനുഷ്യരുള്ള വീടുകൾ ഉണ്ട്. 

അടുക്കള എന്ന സാമ്രാജ്യത്തെ അങ്ങനെ വേറെ ഒരാൾക്കു വിട്ടു കൊടുക്കാൻ മടിക്കുന്ന ആളുകളുണ്ട്. മകന്റെ ഭാര്യ വച്ച കറിയ്ക്ക് നല്ല അഭിപ്രായം മകനും ഭർത്താവും പറഞ്ഞതിന് നെഞ്ചുവേദന വരുന്ന വേറെ ചിലരുണ്ട്. ഇത് നിന്റെ വീടാണ് എന്ന് മധുരമായി പറഞ്ഞു മറ്റു റൂമുകളിൽ കയറാതെ ഇരിക്കാൻ മുറികൾ പൂട്ടുന്ന വേറെ ചിലർ. എന്നിട്ട് സ്വന്തം ബെഡ് റൂം പൂട്ടി പുറത്തുപോവാൻ സമ്മതിക്കാതെ, അവരു പുറത്ത് പോയാൽ റൂം മുഴുവൻ അരിച്ചു പെറുക്കുന്ന അസുഖം കൂടെ ഉളളവർ. 

ഇനി വേറെ ഒരു തരം ആളുകളുടെ നിലപാട് ഏറെക്കുറെ തൊഴുത്തിലെ പട്ടിയെ പോലെ അവർ പുല്ലു തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തീറ്റിക്കുകയും ഇല്ല എന്നതിന് സമാനമാണ്.  അവരായിട്ട് നല്ലതൊന്നും ചെയ്യുകയോ പ്രവർത്തിക്കുകയോ ഇല്ല എന്നാൽ നല്ലത് ചെയ്യുന്നവരെ മാനസികമായി തളർത്താൻ മിടുക്കരാണ് ഇക്കൂട്ടർ.

കടുക് പാത്രത്തിനു വരെ പൂട്ടുണ്ടോ എന്ന സംശയം ഉണ്ടാകുന്ന വീടുകൾ ഉണ്ട്. നിര നിരയായി അച്ചാറും പലഹാരവും കുപ്പികളിൽ നിറച്ച് വച്ചാലും ഒരു സ്പൂൺ അച്ചാർ സ്വന്തം ഇഷ്ടത്തിന് എടുക്കാൻ പെൺകുട്ടിയെ സമ്മതിക്കാത്ത ആളുകൾക്ക് ഉണ്ടെന്ന് പറഞ്ഞാലും ഇതൊക്കെ നടക്കുമോ എന്ന നിഷ്കളങ്ക സംശയം ഉള്ളവരുണ്ടാവും. സ്വന്തമായി ഒരു ചായ പോലും ഉണ്ടാക്കി കുടിക്കാൻ സമ്മതിക്കാത്ത , എന്നാൽ കണ്ണിൽ കണ്ടവരോട് മുഴുവൻ അവൾക്ക് വച്ചുണ്ടാക്കാൻ അറിയില്ല എന്ന് പറഞ്ഞു നടക്കുന്നവർ.

തങ്ങളെക്കാളും നന്നായി പാചകം ചെയ്യുന്ന മരുമകളെ ആൾക്കാരുടെ മുന്നിൽ നാണം കെടുത്താൻ കിട്ടുന്ന അവസരം ഒന്ന് പോലും മിസ് ആക്കാത്ത അമ്മായിയമ്മമാരും നാത്തൂന്മാരും മത്സരിക്കുന്ന വീടുകൾ ഉണ്ട്. ഇതൊന്നും പുറത്തുള്ളവർക്ക് പെട്ടെന്ന് മനസിലാവില്ല. എന്നാൽ ഒറ്റയ്ക്കു താമസിക്കുന്ന ഇതേ മരുമക്കൾ വൃത്തിയ്ക്ക് വീടും ജോലിയും മാനേജ് ചെയ്താലും മോനെ വിളിച്ചു നിനക്ക് വല്ലതും കിട്ടിയോ എന്ന് ചോദിക്കുന്ന മാതൃ ഹൃദയം എത്ര നിഷ്കളങ്കമാണ് അല്ലേ? ഒത്താൽ ഒരു കുടുംബ കലഹത്തിന് തിരി കൊളുത്തുക എന്നതാണ് ഇവരുടെ  മെയിൻ അജണ്ട. ഭർതൃവീട്ടിലെത്തുന്ന സ്ത്രീകളുടെ സമാധാനത്തെയും സുഖത്തെയും എല്ലാ തരത്തിലും ഇല്ലാതാക്കാൻ എന്തും ചെയ്യാൻ ഇറങ്ങിയ ആളുകൾ ആണ് ഇവരൊക്കെ. 

പങ്കാളിയുടെ കൂടെ അറിവോടെ വിവാഹശേഷം പെൺകുട്ടിയെ സംഘം ചേർന്ന് ആക്രമിക്കുന്ന വീട്ടുകാർക്കു പഞ്ഞമില്ലാത്ത നാടായത് കൊണ്ടാണ് ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികളുടെ ലിസ്റ്റ് ദിനം പ്രതി വലുതാവുന്നത്. പണ്ടത്തെ കാലത്തു ഡിവോഴ്‌സ് എണ്ണം കുറവായിരുന്നു എന്ന് പറഞ്ഞു ഇന്നത്തെ കാലത്തെ പെൺകുട്ടികളെ കുറ്റപ്പെടുത്തുന്നവർ അന്നത്തെ കാലത്തു ഗാർഹിക പീഡനം വളരെ സ്വാഭാവികമാണ് എന്ന് നടിക്കുന്ന നിഷ്കളങ്കരാണ്. 

എന്ത് വന്നാലും വിട്ടു കൊടുക്കൂ, അവരൊക്കെ അങ്ങനെയാണ് അവരെ മാറ്റാൻ നമ്മളെ കൊണ്ട് ആവില്ല എന്നൊക്കെ പറഞ്ഞു പെൺകുട്ടികളെ ഉപദേശിക്കാൻ വരുന്ന അഭ്യുദയകാംക്ഷികളെ പോലെ ബോറന്മാർ വേറെ ഇല്ല. എന്ത് വന്നാലും ഭർതൃ വീടിനു അനുസരിച്ചു  അവരുടെ തോന്നിവാസങ്ങൾക്ക് അനുസരിച്ചു സ്വന്തം വ്യക്തിത്വം മാറ്റി എഴുതേണ്ട ഒരു ബാധ്യതയും അവരുടെ വീട്ടിലേക്കു വിവാഹം കഴിച്ചു വന്നു എന്നതിന്റെ പേരിൽ പെൺകുട്ടികൾക്കു ഇല്ല.  

ഇത്തരത്തിൽ ഉള്ള സ്ഥലങ്ങളെ മനസിലാക്കി കഴിഞ്ഞാൽ കൂടെ ജീവിക്കുന്ന ആളുടെ നിലപാട് അറിഞ്ഞ ഉടൻ തന്നെ സ്വന്തം ജീവിതത്തെ കുറിച്ചു  ഒരു ധാരണ ഉണ്ടാക്കി രക്ഷപ്പെട്ടാൽ ജീവൻ എങ്കിലും ബാക്കി ഉണ്ടാവും. നമുക്ക് താങ്ങാൻ പറ്റാത്ത ടോക്‌സിസിറ്റി തരുന്ന ആളുകളും ഇടങ്ങളും കൂടെ ആത്മഹത്യയുടെ വക്കിൽ എത്തിച്ച ഒരുപാട്  പേരുണ്ട്. സമയോചിതമായ ഇടപെടലുകൾ വഴി ജീവിതം തിരിച്ച് പിടിച്ചവർ. ജീവിതപങ്കാളി എന്ന വാക്കിന്റെ അർത്ഥം ഹൃദയത്തിൽ പേറിയ  ആളുകൾ ഇത്തരം ടോക്സിക്ക് ഇടങ്ങളിൽ നിന്ന് പങ്കാളിയുടെ കൂടെ ഇറങ്ങി വന്നു സ്വന്തം ജീവിതം ജീവിച്ചു കാണിക്കും. 

വീട്ടുകാരോട് മാത്രം കൂറുള്ള , അവർക്ക് വേണ്ടി വിവാഹം കഴിച്ചവർ ഈ ടോർചർ കണ്ടില്ല എന്ന് നടിക്കുന്ന കണ്ണുപൊട്ടന്മാരായി അഭിനയിക്കും. ഇനി പങ്കാളിയോട് സ്നേഹവും വീട്ടുകാരോട് വിധേയത്വവും കാണിക്കുന്നവർ ചെകുത്താനും കടലിനും നടുക്ക് എന്നത് പോലെ ജീവിച്ചു ജീവിതത്തിലെ നല്ല സമയം ബലി കൊടുക്കും. വിവാഹ ശേഷം സ്വന്തം ജീവിതം എങ്ങനെ പോവണം എന്നത് പങ്കാളികൾ സംസാരിച്ച് തീരുമാനിക്കട്ടെ. അവിടേയ്ക്ക് ടോക്‌സിസിറ്റി വലിച്ചെറിയുന്നത് ആരാണെങ്കിലും അവരെ മാറ്റി നിർത്താൻ ഉള്ള ബോധം എങ്കിലും ആളുകൾക്ക് ഉണ്ടാവട്ടെ!

Tags:
  • Spotlight
  • Social Media Viral
  • Relationship