Thursday 28 October 2021 05:20 PM IST : By സ്വന്തം ലേഖകൻ

പഠിക്കാൻ വിട്ട മകൾ തിരികെ വന്നത് ഗർഭിണിയായി, കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല: ദത്ത്കേസ് കോടതിയിൽ

anupama-case-court

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് സർക്കാർ. കേസില്‍ പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.  അനുപമയുടെ മാതാപിതാക്കൾ അടക്കമുള്ള പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.ജാമ്യഹര്‍ജിയില്‍ നവംബര്‍ രണ്ടിന് കോടതി വിധി പറയും.

ദത്തു നൽകിയ കുഞ്ഞിനെ തേടി അമ്മ നാട്ടിൽ അലയുകയാണെന്നു പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഗർഭിണിയായ അനുപമയെ ബന്ധു വീട്ടിലാണ് താമസിച്ചിരുന്നത്. പ്രസവശേഷം തെറ്റിദ്ധരിപ്പിച്ച് ദത്തിനുള്ള സമ്മതപത്രം ഒപ്പിട്ടു വാങ്ങി. ഈ സമ്മത പത്രത്തെ സംബന്ധിച്ചും ദത്തിനു പിന്നിൽ നടന്ന നിയമലംഘനത്തെക്കുറിച്ചും വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹർജിയിൽ വിധി പറയരുതെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.  അനുപമയുടെ മാതാപിതാക്കൾ കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല. കുഞ്ഞ് സുരക്ഷിതമായി ജീവിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. ഇതിനു അനുപമയുടെ പിന്തുണ ഉണ്ടായിരുന്നു. അനുപമ രേഖാമൂലം എഴുതി നൽകിയതിനെത്തുടർന്നാണ് ദത്ത് നടപടികളുമായി മുന്നോട്ടുപോയത്. 

കുഞ്ഞിനെ മാതാപിതാക്കൾ തട്ടിയെടുത്തതായി അനുപമയും പറയുന്നില്ല. മാതാപിതാക്കൾക്ക് താൽകാലികമായി സംരക്ഷിക്കാൻ നൽകിയതാണെന്ന് അനുപമ തന്നെ കുടുംബ കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറഞ്ഞിട്ടുണ്ട്. പഠിക്കാൻ വിട്ട മകൾ ഗർഭിണിയായി തിരിച്ചുവന്നപ്പോൾ ഏതൊരു മാതാപിതാക്കളും ചെയ്യുന്നതാണ് അനുപമയുടെ മാതാപിതാക്കളും ചെയ്തത്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് പ്രതികൾക്ക് ജാമ്യം നൽകണമെന്നും അഭിഭാഷകൻ വാദിച്ചു.

അനുപമ നൽകിയ പരാതിയിൽ പേരൂർക്കട പോലീസാണ് കേസ് റജിസ്റ്റർ ചെയ്‍തത്. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്‌മിത ജയിംസ്, സഹോദരി അഞ്ചു, അഞ്ചുവിന്റെ ഭർത്താവ് അരുൺ, അനുപയുടെ അച്ഛന്റെ സുഹൃത്തുക്കളായ രമേശ്, മുൻ കൗൺസിലർ അനിൽ കുമാർ എന്നിവരാണ് കേസിലെ പ്രതികൾ.