Tuesday 26 October 2021 12:03 PM IST : By സ്വന്തം ലേഖകൻ

അനുപമയുടെ സ്നേഹച്ചൂടറിയാതെ അകന്നു പോയ കൺമണി ഇതാണോ?: പിഞ്ചുകുഞ്ഞിന്റെ പരസ്യം അച്ചടിച്ചിട്ട് ഒരു വർഷം

anupama-414

ചുറ്റും നടക്കുന്ന നിയമ പോരാട്ടങ്ങളറിയാതെ ചർച്ചകളും വാഗ്വാദങ്ങളും അറിയാതെ അവൻ അകലെ എവിടെയോ ഉണ്ട്. ഒരച്ഛന്റേയും അമ്മയുടേയും സ്നേഹ പരിലാളനങ്ങള്‍ ഏറ്റുവാങ്ങി. ഒരു പക്ഷേ ഏറ്റവും മിടുക്കനായി, ഹൃദയം നിറയ്ക്കുന്ന സ്നേഹം ഏറ്റുവാങ്ങി അവൻ വളരുന്നുമുണ്ടാകാം. പക്ഷേ അവന്റെ പെറ്റമ്മ അവനുവേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ അറിയുന്നോ ആവോ...?

തിരുവനന്തപുരം സ്വദേശി അനുപമയുടെ കുഞ്ഞിനെ ദത്തു നൽ‌കിയ സംഭവം നടന്ന് ഒരു വർഷമാകുന്നു എന്നാണ് ലഭിക്കുന്ന വിവരം. അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത് ആന്ധ്രയിലെ അധ്യാപക ദമ്പതികളാണെന്ന വിവരവും പുറത്തു വന്നു. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയാണു കേരളത്തിലെ ശിശുക്ഷേമ സമിതി വഴി ദത്തെടുത്ത‍തെന്നും കുഞ്ഞ് സുരക്ഷിതമായി, സന്തോഷത്തോടെ തങ്ങൾക്കൊപ്പമുണ്ടെന്നും ഒരു ചാനലിനോട് അവർ വ്യക്തമാക്കി.

കുഞ്ഞിനെ അനുപമയുടെ അടുക്കൽ നിന്നും മാറ്റിയ സമയവും കുഞ്ഞിന്റെ പ്രായവും ശരിവയ്ക്കുന്ന വിധമുള്ള പത്രപരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒരുവർഷം മുൻപ് പത്രത്തിൽ വന്നൊരു പരസ്യമാണ് ശ്രദ്ധനേടുന്നത്. അമ്മത്തൊട്ടിലിൽ കണ്ടെത്തിയ കുഞ്ഞിനെ ദത്തു നൽകുന്നതിന് മുന്നോടിയായി ശിശുക്ഷേമ സമിതി നൽകിയ പത്രപരസ്യമാണിത്.

പത്രത്തിൽ പരസ്യം അച്ചടിച്ചിട്ട് കൃത്യം ഒരു വർഷമാകുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 22ന് രാത്രി 12.30ന് പുലർച്ചെ ലഭിച്ച ആൺകുട്ടി എന്നാണ് പരസ്യത്തിൽ കാണിച്ചിട്ടുള്ളത്. സിദ്ധാർത്ഥൻ എന്ന പേരും സമിതി നൽകിയിട്ടുണ്ട്. അനുപമ കുഞ്ഞിനെ പ്രസവിച്ചത് ഒക്ടോബർ 19നായിരുന്നു. മൂന്നാം ദിവസം രാത്രി തന്റെ കുഞ്ഞിനെ എടുത്ത് മാറ്റിയെന്നാണ് അനുപമയുടെ പരാതി.

കുഞ്ഞിന്റെ രക്ഷകർതൃത്വവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അവകാശവാദം ഉണ്ടെങ്കിൽ തെളിവ് സഹിതം 30 ദിവസത്തിനകം ഹാജരാകണമെന്നാണ് പരസ്യത്തിലെ നിർദ്ദേശം. ഇല്ലെങ്കിൽ കുട്ടിയ്‌ക്ക് അവകാശികൾ ആരും ഇല്ലെന്ന് കണക്കാക്കുമെന്നും പരസ്യത്തിൽ പറയുന്നുണ്ട്. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ പേരിലാണ് പരസ്യം. അതേസമയം അനുപമയുടെ കുഞ്ഞിനെ ലഭിച്ച അതേദിവസം അതേദിവസംതന്നെ മറ്റൊരു കുഞ്ഞിനെയും ശിശുക്ഷേമസമിതിയിൽ ലഭിച്ചിരുന്നു. എന്നാൽ, പെലെ എന്നു പേരിട്ട ആ കുട്ടിയെ വൈകീട്ട് ആറിനു ലഭിച്ചെന്നാണ് സമിതിയിലെ രേഖ.

എന്തായാലും കണ്ണുകൾ ചിമ്മിത്തുറന്ന് തന്റെ രക്തബന്ധങ്ങളുടെ സ്നേഹച്ചൂടറിയും മുമ്പ് അനാഥത്വം പേറേണ്ടി വന്ന ആ കുഞ്ഞാണ് പരസ്യത്തിലുള്ളതെന്നാണ് തീയതിയും സമയവുമൊക്കെ വിരൽ ചൂണ്ടുന്നത്.