Saturday 15 January 2022 10:54 AM IST : By സ്വന്തം ലേഖകൻ

പതിവില്ലാതെ ഉറക്കം നീണ്ടപ്പോൾ പരിശോധിച്ചു; ‘അപ്പു’ പുലി ഓർമയായി, പൂക്കളർപ്പിച്ച് യാത്രയാക്കി പരിചാരകൻ അജീഷ്

tiger-appuli

തൃശൂർ മൃഗശാലയിലെ ആൺപുലി അപ്പുവും മടങ്ങി. ഇന്നലെ പുലർച്ചെയാണു കൂട്ടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയത്. 26 വയസ്സാണ് സർക്കാർ രേഖകളിൽ. പ്രായാധിക്യം മൂലമാണു മരണമെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ആന്തരാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി എടുത്തശേഷം ജഡം മൃഗശാലയുടെ മുറ്റത്ത് ചിതയൊരുക്കി സംസ്കരിച്ചു. 2007 ൽ ചാലക്കുടി കുറ്റിച്ചിറയിൽ ജനവാസമേഖലയിൽ നിന്നാണ് അപ്പുവിനെ പിടികൂടിയത്. കഴിഞ്ഞയാഴ്ച പരിശോധിച്ച ഡോക്ടർ കണ്ണിൽ മഞ്ഞനിറം റിപ്പോർട്ട് ചെയ്തിരുന്നു.

കരൾ രോഗത്തിന്റെ സാധ്യതയും കണ്ടിരുന്നു. പ്രായാധിക്യത്തിന്റെ അവശതകളുള്ളതിനാലും ശരീരം ചീർത്തു തൂങ്ങിയ നിലയിലായിരുന്നതിനാലും മറ്റു ചികിത്സകൾക്കു സാധ്യതയുണ്ടായിരുന്നില്ല. ഇന്നലെ പുലർച്ചെ പതിവില്ലാതെ ഉറക്കം നീണ്ടപ്പോഴാണു ചത്തതായി കണ്ടത്. മൃഗശാലയുടെ പുലിപ്പെരുമയിൽ ഇനി രണ്ടുപേർ മാത്രം. ആടുതോമ, നിക്കു എന്നിങ്ങനെ പേരുള്ള ആൺപുലികൾ. പെൺപുലി ഗംഗ മുൻപു ചത്തിരുന്നു.

‘സീനിയർ പുലി’ക്കൊപ്പം ആ നഖവും ചിതയിലേക്ക്

പുലി അപ്പുവിന്റെ ദേഹം ദഹിപ്പിച്ചപ്പോൾ ആ നഖവും ഒപ്പം എരിഞ്ഞു. ഒരു നഖം മാത്രം കൂർത്തു നീണ്ടത് അപ്പുവിന്റെ മാത്രം പ്രത്യേകതയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് പുലിക്ക് അസൗകര്യമാണെന്നു കണ്ടതിനെത്തുടർന്ന് ഈ നഖം ഡോക്ടറെത്തി മുറിച്ചത്. മുറിച്ച നഖം സൂക്ഷിച്ചു വച്ചശേഷം ഇന്നലെ പുലിയുടെ ജഡത്തിനൊപ്പം ദഹിപ്പിക്കുകയായിരുന്നു. പുലിക്കൂട്ടിൽ മരത്തടി ഇട്ടുകൊടുക്കുന്ന പതിവുണ്ട്.

ഇതിൽ നഖം ഉരച്ചു കളഞ്ഞ് നീളം കൂടാതെ നോക്കുന്നതു പുലികളുടെ സ്വഭാവമാണ്. എന്നാൽ ഇതിനെ അതിജീവിച്ചു വളർന്ന നഖമാണ് ഡോക്ടർ മുറിച്ചെടുത്ത് സൂക്ഷിച്ചത്. അപ്പുവിന്റെ 26 വയസ്സ് റെക്കോർഡാണെന്നു മൃഗശാലയിലെ കണക്കുകൾ പറയുന്നു. പരിചാരകൻ അജീഷ് വിളിച്ചാൽ ഓടിവന്നു സ്നേഹപ്രകടനം നടത്തുമായിരുന്നു. അജീഷ് പൂക്കളർപ്പിച്ചാണ് അപ്പുവിനെ യാത്രയാക്കിയത്.

Tags:
  • Spotlight