Saturday 01 December 2018 05:52 PM IST

തലതിരിച്ചു വരയ്ക്കും തലയെടുപ്പുള്ള വീടുകൾ; ജൂഡ്സൺ ആർകിടെക്റ്റുമാർക്കിടയിലെ ഒറ്റയാൻ

Binsha Muhammed

judeson-vanitha-cover

ലോകം മുഴുവൻ ഒരേ ദിശയിൽ സഞ്ചരിക്കുമ്പോൾ ‘തലതിരിഞ്ഞ് ചിന്തിക്കുന്നൊരാൾ.’ ആർക്കിടെക്റ്റർമാരുടെ ഭാഷയില്‍ പറഞ്ഞാൽ ‘റെയർ പീസ്.’ അംബര ചുംബികളായ കെട്ടിടങ്ങൾ, അഴകളവുകള്‍ കൊണ്ട് വിസ്മയം തീർക്കുന്ന നിർമ്മിതികൾ, സ്വപ്നസാക്ഷാത്കാരത്തിന്റെ പൂർണതയായ വീടുകൾ, ഇപ്പറഞ്ഞ സംഗതികളെ ‘തലതിരിച്ചു മുന്നിൽ വയ്ക്കുന്ന കക്ഷി’ ആദ്യമൊരത്ഭുതമായിരുന്നു. ലോകത്ത് ഇമ്മാതിരി അപൂർവ്വ സിദ്ധിയുള്ളൊരാൾ വേറെയില്ലെന്നറിഞ്ഞപ്പോൾ അത്ഭുതം അമ്പരപ്പിനു വഴിമാറി.

ആർക്കിടെക്ചർ അരച്ചു കലക്കി കുടിച്ച ആശാൻമാർ പോലും രാപ്പകലുകൾ ഉറക്കമിളച്ചു വരച്ചൊപ്പിക്കുന്ന ഹോം പ്ലാൻ, പ്രത്യേകിച്ച് ത്രീഡി എലിവേഷൻ പ്ലാൻ, ജൂഡ്സൺ എന്ന ദുബായ് മലയാളി അരനാഴിക നേരം കൊണ്ട് വരച്ചെടുക്കുകയാണ്. തീർന്നിട്ടില്ല, സസ്പെൻസ് അൽപം കൂടി ബാക്കിയുണ്ട്. ഒരു സ്കാനാറിലെന്ന പോലെ മനസിൽ പകർത്തിയെടുക്കുന്ന ത്രീഡിചിത്രങ്ങളും പ്ലാനുകളും, ക്യാൻവാസിലേക്ക് പകർത്തിവരയ്ക്കുന്നതാകട്ടെ തലതിരിച്ചും. സംശയിച്ചതിൽ തെറ്റില്ല, ആ ജൂഡ്സണ്‍ എന്ന ഈ മനുഷ്യന് എന്തോ ഒരു അത്ഭുത സിദ്ധിയുണ്ട്.

jude-2

ആർകിടെക്ചർ ബിരുദങ്ങളുടെ കെട്ടുമാറാപ്പുകളും പേറി ജോലിക്കായി ദുബായ് നഗരത്തിൽ തലങ്ങും വിലങ്ങും നടക്കുന്നവരുണ്ട്. അവരുടെ ലോകത്ത്, ആർകിടെക്ചറിന്റെ എബിസിഡി കംപ്ലീറ്റ് ചെയ്യാത്ത ഈ മനുഷ്യൻ ക്ലച്ചു പിടിച്ചു. കുത്തിയിരുന്ന് വരച്ചാലും തീരാത്ത ത്രീഡി പ്ലാനുകൾ മിനിട്ടുകൾ കൊണ്ട് തലതിരിച്ചു വരയ്ക്കാൻ മാത്രം എന്ത് മാജിക്കാണ് അയാൾക്കുള്ളത്. 21 വയസിൽ ജീവിതം പച്ചപിടിപ്പിക്കാൻ മരുഭൂമിയിലേക്ക് പറന്നെത്തിയ ഒരു സാധാരണ കൽപ്പണിക്കാരൻ ദുബായി നഗരത്തിന്റെ ഹൃദയത്തുടിപ്പറിഞ്ഞ ആർടിടെക്റ്റായി മാറിയ കഥയെന്താണ്, സിനിമാക്കഥയെ വെല്ലുന്നൊരു ഫ്ലാഷ്ബാക്കുണ്ട് അതിനു പിന്നിൽ ആ കഥ ജൂഡ്സൺ തന്നെ പറയട്ടെ.

ഡിഗ്രിയില്ലാത്ത ആർകിടെക്റ്റ്

പഠിപ്പുള്ളവർക്ക് പോലും ഇന്നാട്ടിൽ ജോലിയില്ല, പിന്നെയാണോ തനിക്ക്. ദാരിദ്ര്യങ്ങളെ മറികടന്ന് ഖത്തറിലേക്ക് മുത്തും പൊന്നും വാരിയെടുക്കാൻ എത്തിയ 21കാരൻ ഞാൻ ആദ്യം കേട്ട വാക്കുകളാണിത്. ഒരു പത്താം ക്ലാസുകാരനോട് അവരങ്ങനെ പറഞ്ഞെങ്കിൽ കുറ്റം പറയാനൊക്കില്ല. തുടക്കം തന്നെ കട്ട ശോകം.

ഫൊട്ടോഗ്രാഫി പഠിച്ചിട്ടില്ലെങ്കിലും ആ ലേബലിലാണ് ഞാൻ ഇവിടേക്ക് എത്തുന്നത്. അതു വഴി ആർകിടെക്റ്റ് മേഖലയിലേക്ക് തിരിയണം, അതാണ് പ്ലാൻ. പക്ഷേ എന്തോ ഒന്നും ക്ലച്ചു പിടിച്ചില്ല. അനുഭവിക്കാവുന്നതിന്റെ അങ്ങേയറ്റം അനുഭവിച്ചു. എല്ലാ പ്രതീക്ഷയും അവസാനിച്ചുവെന്ന് തോന്നിയ നിമിഷത്തിലാണ് ഞാൻ ഈ വരികള്‍ ഡയറയിൽ കുറിച്ചിട്ടത്. ‘മനുഷ്യൻ എന്താകണമെന്ന് നിനച്ചാലും വിധിച്ചതേ നടക്കൂ, ഇന്ന് നീയെന്താണോ അതു തന്നെ ആയിരിക്കണമെന്നില്ല, നാളത്തെ നിന്റെ വിധി’. വൈദവചനം പോലെ അലസമായി കുറിച്ചിട്ട ആ വരികൾ, അന്നു തൊട്ടിന്നു വരെ എന്റെ ലൈഫിൽ അച്ചിട്ടായി സംഭവിച്ചു കൊണ്ടേയിരിക്കുന്നു. നല്ലമാറ്റങ്ങൾ എന്റെ ലൈഫിലും വന്നു തുടങ്ങി, വിധിയുടെ നിയോഗം പോലെ.

jude-3

ജീവിതത്തിന് തിളക്കമേരകിയ ആ നിയോൺ വെട്ടം

കൂലിവേല ചെയ്ത് ഖത്തറിൽ നിന്നു പിഴച്ച നാളുകൾ. ഒരു രാത്രിയങ്ങനെ ദോഹ നഗരത്തിലൂടെ ഇറങ്ങി നടക്കുകയാണ്. അകലെ തെളിഞ്ഞ നിയോൺ ലൈറ്റും, അതു തെളിഞ്ഞു നിന്ന കെട്ടിടത്തിന്റെ കൗതുകവും കണ്ട് അങ്ങോട്ട് വച്ചു പിടിച്ചു. അതിനകത്ത് വലിയൊരു ബിൾഡിങ് വർക് നടക്കുകയാണ്. അതിന് നേതൃത്വം നൽകുന്നത് അറബ് നാട്ടിലെ തന്നെ ടോപ് ആർകിടെക്റ്റ് മെദാത്ത് എം ഉസ്മാൻ. ആർകി ടെക്റ്റ് ആഗ്രഹം പങ്കുവച്ചപ്പോൾ, നല്ലൊരു പ്ലാൻ വരച്ചു തരണമെന്നായി ആശാന്റെ ആവശ്യം. ആകെയുള്ള ചിത്രകലാഭിരുചി വച്ച് നല്ലൊരു പടം വരച്ചു കൊടുത്തു. പക്ഷേ സംഭവം വർക് ഔട്ട് ആയില്ല. ഈ ബിൾഡിങ്ങിന്റെ ചിത്രം വരയ്ക്കാമോ എന്നായി അടുത്ത ചോദ്യം. അധിക നേരമെടുത്തു കാണില്ല. ആ ബിൾഡിങ്ങിന്റെ മുക്കും മൂലയും ചരിവും ഭംഗിയും എല്ലാം പ്രകടമാകുന്ന വിധം ഒന്നാന്തരമൊരു ചിത്രം തന്നെ വരച്ചു കൊടുത്തു. കൽപ്പണിക്കാരന്റെ തലവര മാറ്റിയെഴുതിയ ലൈഫ് ചേഞ്ചിംഗ് മൊമന്റ് അവിടെ തുടങ്ങുകയായിരുന്നു.

മനസിൽ കാണും മുന്നേ പ്ലാൻ മരത്തിൽ

ജീവിതം പച്ചപിടിച്ചു തുടങ്ങുന്ന കാലമാണ്, 1988. പുതിയ മേൽവിലാസം ചെറിയ ചെറിയ വർക്കുകളൊക്കെ എന്നിലേക്കെത്തിച്ചു. ഇന്നത്തെപ്പോലെ അന്ന് കമ്പ്യൂട്ടറൊന്നുമില്ല. കംപ്ലീറ്റ് ഹാൻഡ് സ്കെച്ചാണ്. ഒരു പ്ലാൻ മനസിൽ കയറിക്കൂടിയാൽ അധികനേരം അതിനു വേണ്ടി തലപുകയ്ക്കില്ല. ദിവസങ്ങൾ അതിനു വേണ്ടി കളയില്ല. മിനിട്ടുകൾ കൊണ്ട് അത് വരച്ചെടുക്കാൻ എനിക്കു കഴിയുമായിരുന്നു. ഇന്നീ കാണുന്ന വിധം തലതിരിച്ച് പ്ലാൻ വരയ്ക്കാനുള്ള കഴിവ് തുടങ്ങുന്നതു പോലും അങ്ങനെയാണ്. ഒരു ആർകി ടെക്റ്റിന് ഏറ്റവും പ്രധാനം മെമ്മറി പവർ ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ദൈവം അത് ആവോളം തന്ന് എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. മിനിട്ടുകളുടെ വ്യത്യാസത്തിൽ അഞ്ചും ആറും ഏഴും പ്ലാനുകൾ ഞാൻ വരച്ചു തീർത്തിട്ടുണ്ട്. എന്നു കരുതി അളവിലോ, വീട്ടുകാരും ഉടമസ്ഥരും ആഗ്രഹിക്കുന്ന പെർഫെക്ഷനിലോ ഒരു വിട്ടു വീഴ്ചയും ഞാൻ വരുത്തിയിട്ടില്ല. എല്ലാം കിറു കൃത്യമായിരിക്കും. വരയ്ക്കുന്ന പ്ലാനുകളുടെ എണ്ണം പിന്നെ കൂടിയതേ ഉള്ളൂ. പത്തിലും ഇരുപതിലും ഒതുങ്ങിയില്ല, അതിനനുസരിച്ച് ജോലിയും വിപുലപ്പെട്ടു. പുതിയ മേച്ചിൽപ്പുറങ്ങള്‌ തേടിയുള്ള യാത്ര എന്നെ കൊണ്ടു ചെന്നെത്തിച്ചതാകട്ടെ ദുബായ് മഹാനഗരത്തിലും. അവിടെ കെട്ടിപ്പെടുത്തു എന്റെ സ്വപ്നം, ജൂഡ്സൺ അസോസിയേറ്റ്സ്...

jude-1

നിത്യാഭ്യാസി തലതിരിച്ചും വരയ്ക്കും

തലതിരിച്ച് പ്ലാൻ വരയ്ക്കുന്ന ആർകി ടെക്റ്റ്, അതും ബിരുദമോ പഠിപ്പോ ഇല്ലാത്ത ആൾ. ഇങ്ങനെയൊക്കെ കേട്ടപ്പോൾ പലർക്കും കൗതുകമായിരുന്നു. കൗതുകത്തെക്കാളേറെ കളിയാക്കിയവരും ഉണ്ട്. തലതിരിച്ച് ത്രീഡി കൺസെപ്റ്റ് ഇലവേഷൻ വരയ്ക്കുന്ന കലാപരിപാടിക്ക് പിന്നിൽ എന്ത് മാജിക്കാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. നിത്യാഭ്യാസി ആനയെ എടുക്കും. അത്ര തന്നെ.അത് എന്ന് തുടങ്ങിയെന്നോ എപ്പോ തുടങ്ങിയെന്നോ എന്ന് ചോദിച്ചാലും തലപുകയ്ക്കുകയേ നിവൃത്തിയുള്ളൂ. 21 വയസിൽ തുടങ്ങിയതാണ് ഈ പണി, ഇപ്പോൾ 52 വയസായി ഇപ്പോഴും അതു തുടർന്നു കൊണ്ടേയിരിക്കുന്നു. ഹോം ഡിസൈനിംഗ്, പ്ലാനിംഗ്, ഈ രംഗത്ത് വിപ്ലവകരമായ പല സംഗതികളും വന്നു പോയി. പക്ഷേ അപ്പോഴെല്ലാം ഈ കലാപരിപാടി, അണുവിട പിഴയ്ക്കാതെ, ഒരംശം പോലും പ്ലാൻ തെറ്റാതെ അങ്ങേയറ്റം പൂർണതയോടു കൂടി ഞാന് ചെയ്തു കൊണ്ടേയിരിക്കുന്നു. ഇന്നീ ലോകത്ത് തലതിരിച്ച് ത്രീഡി ഡയമൻഷനിൽ പ്ലാൻ വരയ്ക്കുന്ന, കൺസപ്റ്റ് എലിവേഷൻ ചെയ്യുന്ന വേറൊരു ആർകിടെക്റ്റ് ഉണ്ടെന്നു തോന്നുന്നില്ല. 1920ൽ ജനിച്ച് 80ല്‍ മരണമടഞ്ഞ പോൾ റിവൈർ വില്യംസ് എന്ന ആർകിടെക്റ്റിനു മാത്രമായിരുന്നു ഇത്തരത്തിൽ തലതിരിച്ച് പ്ലാൻ വരച്ചിരുന്നത്. അദ്ദേഹത്തിനു ശേഷം ഞാൻ, അഭിമാനിക്കാനും സന്തോഷിക്കാനും ഇതൊക്കെ തന്നെ ധാരാളമല്ലേ?

അറബ്നാട്ടിൽ കഷ്ടപ്പാട് സഹിച്ചെത്തി പൊന്നും പണവും വാരിയെടുത്ത കേവലം പല കഥകളിൽ ഒന്നല്ല ജൂഡ്സന്റേത്. വിധി അപൂർവ്വമായി ഈ ലോകത്ത് നടപ്പിലാക്കുന്ന നാടകീയത ആവോളം അലിഞ്ഞു ചേർന്നിട്ടുണ്ട് ഈ കൊച്ചിക്കാരന്റെ ജീവിതത്തിൽ. നേർദിശയിൽ നിന്നു കൊണ്ട് തലതിരിഞ്ഞു ചിന്തിക്കുന്ന ഈ ലോകത്ത്, ജൂഡ്സന്റെ ത്രീഡി ആർകിടെക്ചുറൽ അപ്സൈഡ് ഡൗൺ ഡ്രോയിങ് വേറിട്ടു നിൽക്കുന്നതും ഇതേ നാടകീയതയുടെ ബാക്കി പത്രം. 109 ബിൾഡിങ് പ്രോജക്ടുകളാണ് ഇന്ന് ഒരേ സമയം ജൂഡ്സന്റെ ജൂഡ്സൺ അസോസിയേറ്റ്സിനു കീഴിൽ നടക്കുന്നത്. നാട്ടിലും വിദേശത്തുമായി പൂർത്തിയായ 300 പ്രോജക്ടുകൾ വേറെയും. അച്ഛന്റെ പാത പിന്തുടർന്ന് മകൾ ടാൻയയും ആർകിടെക്ചർ പാതയിലുണ്ട്. ഡിക്സിയാണ് ഭാര്യ, നീരജയാണ് മറ്റൊരു മകൾ.

ഇക്കമ്ട സൗഭാഗ്യങ്ങളെല്ലാം കാണുമ്പോൾ പണ്ട് ഡയറിയിയിൽ കുറിച്ചിട്ട വാക്കുകളാണ് ജൂഡ്സണ് ഓർമ്മ വരുന്നത്, ‘മനുഷ്യൻ എന്താകണമെന്ന് നിനച്ചാലും വിധിച്ചതേ നടക്കൂ, ഇന്ന് നീയെന്താണോ അതു തന്നെ ആയിരിക്കണമെന്നില്ല, നാളത്തെ നിന്റെ വിധി’.

‘സിനിമയിൽ പാടിക്കാമെന്നു പറഞ്ഞവർ വരെയുണ്ട്, അവരെയൊന്നും പിന്നെ ഈ വഴി കണ്ടിട്ടില്ല’; സ്മ്യൂളില്‍ പാട്ടുമൂളി വൈറലായ ഷേണിഷയ്ക്ക് പറയാനുള്ളത്

ദിവസം അഞ്ചു തവണ മുഖം ഷേവ് ചെയ്തു, അണിഞ്ഞൊരുങ്ങാൻ മണിക്കൂറുകൾ! അരുണ്‍ രാഘവൻ ‘പെണ്ണായ’ കഥ

സേതുലക്ഷ്മിയമ്മ കെഞ്ചിയത് ഈ മകനു വേണ്ടി; കണ്ണീരണിയാതെ കേട്ടിരിക്കാനാകില്ല കിഷോറിന്റെ കഥ; വിഡിയോ

‘കുഞ്ഞ് വെളുക്കാൻ കുങ്കുമപ്പൂ, സുന്ദരിയാകാൻ ഫെയർനെസ്ക്രീം’; മാറണം ഈ തെറ്റിദ്ധാരണകൾ; വൈറൽ കുറിപ്പ്

അകാലനരയും മുടികൊഴിച്ചിലും ഓർത്ത് ഇനി ടെൻഷൻ വേണ്ട; ആയുർവേദത്തിലുണ്ട് ചില സിമ്പിൾ ട്രിക്കുകൾ