Monday 14 June 2021 08:38 PM IST

തലച്ചോറിൽ ശസ്ത്രക്രിയ, ഓപ്പറേഷനിടെ മെമ്മറി ടെസ്റ്റ്! അവെയ്‌ക്ക് ക്രനോട്ടമിയിൽ ഡോക്ടറെ സഹായിക്കുന്നത് രോഗി

Priyadharsini Priya

Sub Editor

ipe-0111

ശസ്ത്രക്രിയയ്ക്ക് ഇടയില്‍ രോഗി വയലിൻ വായിക്കുന്നു, പത്രം നോക്കി പ്രധാന ഹെഡ്‌ഡിങ് എന്താണെന്ന് പറയുന്നു, പേനയും പേപ്പറും കൊടുത്താൽ അക്ഷരങ്ങൾ എഴുതുന്നു, ചിത്രം വരയ്ക്കുന്നു, ഇഷ്ടമുള്ള പാട്ടു മൂളുന്നു... സർജറി ടേബിളിൽ മരുന്നിന്റെ ആലസ്യത്തിലും കൂൾ കൂളായി പ്രതികരിക്കുന്ന ഈ രോഗികളുടെ കഥകൾ ഒരല്പം അതിശയത്തോടെയും കൗതുകത്തോടെയുമാണ് നമ്മൾ കേട്ടിട്ടുള്ളത്. എന്നാൽ വിദേശത്ത് മാത്രമല്ല, നമ്മുടെ കൊച്ചു കേരളത്തിലും ഇത്തരം ശസ്ത്രക്രിയാ അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. അവയൊന്നും വാർത്തയാകാറില്ലെന്ന് മാത്രം. അനസ്തേഷ്യയ്ക്ക് പകരം തരിപ്പിച്ച് ചെയ്യുന്ന അവെയ്‌ക്ക് ക്രനോട്ടമി (awake craniotomy) എന്ന ശസ്ത്രക്രിയ കേരളത്തിൽ നടത്തുന്ന അപൂർവം പേരിൽ ഒരാളാണ് ഡോക്ടർ ഐപ്പ് വി ജോർജ്. 25 ൽ അധികം കേസുകളാണ് ഡോക്ടർ ഇതുവരെ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്. 'വിചിത്രമായ' തന്റെ ശസ്ത്രക്രിയ അനുഭവങ്ങളെപ്പറ്റി വനിതാ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ഡോക്ടർ ഐപ്പ് വി ജോർജ്. കോട്ടയം കാരിത്താസ് ഹോസ്പ്പിറ്റലിലെ ന്യൂറോ സർജനാണ് അദ്ദേഹം.

ഉണർന്നിരുന്ന്... 

ബ്രെയിൻ ട്യൂമർ നീക്കം ചെയ്യുന്ന സർജറികളിലാണ് പ്രധാനമായും മയക്കി കിടത്തുന്നതിന് പകരം തരിപ്പിച്ച് ചെയ്യുന്ന അവെയ്‌ക്ക് ക്രനോട്ടമി എന്ന രീതി പരീക്ഷിക്കുന്നത്. കാലുകൾ, കൈകൾ, കണ്ണിന്റെ ഭാഗങ്ങൾ, സംസാരം തുടങ്ങി അപകട സാധ്യത കൂടുതലുള്ള ന്യൂറോ ഏരിയ തിരിച്ചറിയാനാണ് പൂർണ്ണമായും ബോധം കെടുത്തി കൊണ്ടുള്ള സർജറി ഒഴിവാക്കി പകരം അവെയ്‌ക്ക് ക്രനോട്ടമി ചെയ്യുന്നത്.

രോഗിയെ പൂർണ്ണമായും ബോധം കെടുത്തി സർജറി ചെയ്‌താൽ ചലനശേഷി, സംസാരശേഷി തുടങ്ങിയവയുടെ ന്യൂറോ ഏരിയ വ്യക്തമായി മനസ്സിലാക്കാൻ പറ്റിയെന്ന് വരില്ല. അതുകൊണ്ടുതന്നെ ട്യൂമർ പൂർണ്ണമായും എടുത്തു കളഞ്ഞ് സർജറിയ്ക്ക് ശേഷം സംസാരശേഷി നഷ്ടപ്പെട്ട, കൈകാലുകൾക്ക് തളർച്ചയുണ്ടായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊഴിവാക്കാൻ രോഗികളോട്‌ അവെയ്‌ക്ക് സർജറിയെപ്പറ്റി ആദ്യമേ പറയും, സഹകരിക്കാമെങ്കിൽ ബ്രെയിൻ പൂർണ്ണമായും മരവിപ്പിച്ച് ഓപ്പറേറ്റ് ചെയ്യാമെന്ന്. സർജറി ചെയ്യുമ്പോൾ രോഗിയ്ക്ക് പൂർണ്ണമായും ബോധം ഉണ്ടാകും. സർജറിയ്ക്കിടയിൽ ഡോക്ടർ രോഗിയോട് സംസാരിച്ചു കൊണ്ടിരിക്കും. എന്തെങ്കിലും അപായസൂചന ഉണ്ടെങ്കിൽ പെട്ടെന്നുതന്നെ അതറിയാൻ കഴിയും എന്നതാണ് അവെയ്‌ക്ക് ക്രനോട്ടമിയുടെ പ്രത്യേകത. 

ipee222

സർജറിയ്ക്കിടെ മെമ്മറി ടെസ്റ്റ് വരെ... 

ട്യൂമർ സംസാരശേഷിയുടെ ഭാഗത്താണെങ്കിൽ ചെറിയ ഭാഗം എടുത്താൽ തന്നെ സംസാരം നഷ്ടപ്പെട്ടുപോകും. അത്തരം റിസ്ക് ഒഴിവാക്കാനാണ് അനസ്തേഷ്യ ഇല്ലാത്ത സർജറിയ്ക്ക് രോഗിയെ ഒരുക്കുന്നത്. ചിലർക്ക് ബോധത്തോടെയുള്ള സർജറി എന്ന് കേൾക്കുമ്പോൾ തന്നെ ഭയമാണ്. അങ്ങനെ പിന്മാറുന്നവരെ ഒരിക്കലും നിർബന്ധിക്കാറില്ല. ഭയം മൂലം ഓപ്പറേഷൻ തിയറ്ററിൽ മോശമായി പ്രതികരിച്ചാൽ രോഗിയുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. എന്നാൽ അസാമാന്യ ധൈര്യത്തോടെ ഓപ്പറേഷൻ സമയത്ത് ഞങ്ങളുമായി സഹകരിച്ച രോഗികളും ഉണ്ട്.

എഴുപത് വയസ്സുള്ള റിട്ടയേർഡ് നഴ്‌സായിരുന്നു ആ അമ്മ. സാധാരണ രീതിയിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയ്ക്ക് അൽപ സമയത്തേക്ക് സംസാരശേഷി നിന്ന് പോകുക എന്നതായിരുന്നു അവരുടെ പ്രശ്നം. ഇത് ഒരുതരത്തിലുള്ള ഫിറ്റ്‌സാണ്. ട്യൂമർ സ്പീച്ച് ഏരിയയുടെ ഭാഗത്തായിരുന്നു. ഈ തരം ട്യൂമർ എടുക്കുമ്പോൾ സംസാരശേഷി നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലായിരുന്നു. ഞങ്ങൾ ഇക്കാര്യം സൂചിപ്പിച്ചപ്പോൾ തന്നെ അവെയ്‌ക്ക് ക്രനോട്ടമി ചെയ്യാൻ അമ്മ ഓക്കേ ആയിരുന്നു. സാധാരണ തലയോട്ടി തുറന്ന് ബ്രെയിൻ മാപ്പിങ് ചെയ്തശേഷമായിരിക്കും സർജറി. എന്നാലിവിടെ കീ ഹോൾ സർജറി ആയതു കൊണ്ട് ആ ഭാഗം മാത്രമാണ് തുറക്കുക.

സർജറിയ്ക്കിടെ നിറങ്ങൾ പറയാൻ പറയും, നമ്പറുകൾ ഏതൊക്കെയെന്ന് ചോദിക്കും, ചെറിയൊരു മെമ്മറി ടെസ്റ്റ് നടത്തും. ഏതെങ്കിലും ഒരു സ്ഥലത്ത് വച്ച് പ്രതികരണം നിന്നുപോയാൽ അപ്പോൾ മനസ്സിലാക്കാം അത് ക്രിട്ടിക്കൽ ഏരിയ ആണെന്ന്. ഈ അവസ്ഥയിൽ ട്യൂമറിന്റെ ആ ചെറിയ ഭാഗം ഒഴിവാക്കേണ്ടി വരും. എന്നാൽ ഈ അമ്മയുടെ കാര്യത്തിൽ ട്യൂമർ പൂർണ്ണമായും നീക്കം ചെയ്യാൻ സാധിച്ചു. ലോക്കൽ അനസ്തേഷ്യ ആയതുകൊണ്ട് സർജറിയ്ക്ക് ഒന്നു-രണ്ടു മണിക്കൂർ കഴിഞ്ഞു ആഹാരം കഴിക്കാം. മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞു വീട്ടിൽ പോകാം. പിന്നെ ഫോളോ അപ്പ് ചെയ്ത് കൃത്യമായി മരുന്നെടുത്താൽ മതിയാകും. നീര്, ഫിറ്റ്‌സ്, ബലക്കുറവ് എന്നിവയുള്ള രോഗികളെ രണ്ടു-മൂന്നു ദിവസം നിരീക്ഷണത്തിൽ കിടത്തിയ ശേഷമേ ഡിസ്‌ചാർജ് ചെയ്യൂ.. 

ipe333

എളുപ്പത്തിൽ, വേഗത്തിൽ...

95 ശതമാനം ട്യൂമർ നീക്കം ചെയ്ത് അഞ്ചു ശതമാനം ബാക്കി വച്ചിട്ടു വന്നാലും വലിയ പ്രശ്നമൊന്നും ഉണ്ടാകാനിടയില്ല. പിന്നീട് ബയോപ്സി അനുസരിച്ച് മരുന്ന് എടുക്കേണ്ടി വരും. കീമോ, റേഡിയേഷൻ കൊണ്ടൊക്കെ അത് കൺട്രോൾ ചെയ്യാൻ പറ്റും. ഒട്ടുമിക്ക കേസുകളിലും ട്യൂമർ പൂർണ്ണമായും നീക്കം ചെയ്യാൻ പറ്റും. ചില കേസുകളിൽ മാത്രം ചെറിയൊരു ഭാഗം ഒഴിവാക്കി സർജറി ചെയ്യേണ്ടി വരും. ശരീരത്തിന്റെ ഒരു ഭാഗം തളർന്ന്, സംസാരശേഷി നഷ്ടപ്പെട്ടു കിടക്കുന്ന അവസ്ഥയേക്കാൾ ഭേദമല്ലേ അത്!

മറ്റു സർജറികൾ പോലെ രണ്ടു - മൂന്നു മണിക്കൂർ സമയം എടുത്ത് ഇത് ചെയ്യാൻ പറ്റില്ല. എളുപ്പത്തിൽ, വേഗത്തിൽ പൂർത്തിയാക്കേണ്ട സർജറിയാണ്. തരിപ്പിക്കൽ മാത്രം ആയതുകൊണ്ട് ഒരു മണിക്കൂറിനുള്ളിൽ സ്പീഡിൽ പൂർത്തിയാക്കണം. രോഗിയുടെ സഹകരണം അവെയ്‌ക്ക് ക്രനോട്ടമിയിൽ ഏറ്റവും പ്രധാനമാണ്.

ipe4
Tags:
  • Spotlight