Monday 19 March 2018 11:55 AM IST

പാമ്പിനെ പിടിക്കുന്ന ബിഹാർ ‘വിദ്യ’; ഇതുവരെ സംരക്ഷിച്ചത് 875 ഓളം വിഷ പാമ്പുകളെ!

Tency Jacob

Sub Editor

snake-vidhya1

അടുക്കളയിൽ നിൽക്കുന്നതിനിടയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞ് നേവൽ ബേസിൽ നിന്ന് ഫോൺ വരുന്നത്. പെട്ടെന്നു തന്നെ ഫോറസ്റ്റുകാരെ വിവരമറിയിച്ചു. അതാണ് പതിവ്. പാന്റ്സും ടീ ഷർട്ടുമിട്ട് വന്നപ്പോഴേക്കും ഭർത്താവ് രാജു കാർ സ്റ്റാർട്ടാക്കി നിർത്തിയിട്ടുണ്ട്. ഒപ്പം മകൾ ശ്വേതയും കയറി. പെരുമ്പാമ്പിനെ പിടിച്ച് ഫോറസ്റ്റുകാർക്ക് കൈമാറിയപ്പോഴാണ് കാണുന്നത്, അത് കിടന്നിടത്ത് കുറേ പാമ്പിൻ മുട്ടകൾ. ഇരുപത്തിയൊന്നെണ്ണമുണ്ട്. വിരിഞ്ഞാൽ അവിടമാകെ പാമ്പിൻ കുഞ്ഞുങ്ങൾ ചിതറിയിഴയും. പാമ്പിനൊപ്പം കൊണ്ടുപോകാനായി ഓരോ മുട്ടയായെടുത്ത് മരവീപ്പയിലേക്ക് വെച്ചുകൊണ്ടിരുന്നു. ചില മുട്ടകൾ താഴെ വെക്കുമ്പോൾത്തന്നെ വിരിഞ്ഞ് പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തു വന്നു. ഇടയിലൊരെണ്ണം എന്റെ കൈയിലിരുന്നു വിരിഞ്ഞു. ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം. ആ അനുഭൂതി വിവരിക്കാൻ എനിക്ക് വാക്കുകളില്ല. എന്റെ ഉള്ളം കൈയിൽ ഒരു ജീവൻ വിരിയുക, അതെനിക്ക് സംരക്ഷിക്കാനാകുക...’’ പറഞ്ഞുവന്നതും വിദ്യ ഒരു നിമിഷം കണ്ണടച്ചിരുന്നു. ആ ആനന്ദം വീണ്ടും നുകരുന്നപോലെ.

കാട്, പച്ച, പക്ഷികൾ

പ്രഫഷനൽ പാമ്പുപിടുത്തക്കാരിയൊന്നുമല്ല ബിഹാർ സ്വദേശിയായ വിദ്യാ രാജു. പ്രകൃതിയോടും ജീവികളോടുമുള്ള ഇഷ്ടം കൊണ്ട്  കൂട്ടുകൂടി തുടങ്ങിയതാണ്. കൊച്ചി നേവൽബേസിൽ നിന്ന് കമാൻഡ് എജ്യൂക്കേഷൻ ആൻഡ് വെൽഫെയർ ഓഫിസറായി റിട്ടയർ ചെയ്തയാളാണ് ഭർത്താവ് കമ്മഡോർ എൻവി എസ് രാജു. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡുമുണ്ട് വിദ്യയ്ക്ക്. പത്തു വർഷത്തോളം സ്കൂളിൽ അധ്യാപികയായിരുന്നു. വിവാഹശേഷം ഭർത്താവിന്റെ സ്ഥലമാറ്റത്തിനനുസരിച്ച് കൂടെക്കൂടാനായി ജോലി കളഞ്ഞു. മകൻ അഭിഷേക്, കർണാടകയിൽ ലെഫ്റ്റനന്റ് കമാന്ററാണ്. മകൾ ശ്വേത ബാംഗ്ലൂരിൽ എച്ച്ആർ കൺസൽട്ടന്റ് ആയി ജോലി നോക്കുന്നു.

വാതിൽ അടച്ചതിന്റെ പേരിൽ പുറത്തുനിന്ന് പൂച്ച കരയുന്നതു പെട്ടെന്നാണ് വിദ്യയുടെ ശ്രദ്ധയിൽ പെട്ടത്. ഉടനേ തന്നെ പൂച്ചക്കുട്ടിയുടെ സങ്കടം മാറ്റാനായി വിദ്യ പോയി. ചെറിയ തഴുകൽ, അൽപം പുന്നാരം. അരികിൽ ഉരുമ്മി നിൽക്കുന്ന സുന്ദരിപ്പൂച്ചയെ മെല്ലെ തലോടി വിദ്യ പറഞ്ഞുതുടങ്ങി.

‘‘ പാമ്പിനോടു മാത്രമല്ല, എല്ലാ ജീവികളോടും സ്നേഹമാണ്. കുട്ടിക്കാലത്ത് എന്നെയും സഹോദരങ്ങളെയുംകൊണ്ട് അച്ഛൻ ട്രക്കിങ്ങിനു പോകുമായിരുന്നു. അങ്ങനെയാണ് പ്രകൃതിയോട് കൂട്ടുകൂടുന്നത്. കിളികളുടെ പാട്ടും കാടിന്റെ പച്ചപ്പും കണ്ട് നടക്കാൻ ഇഷ്ടമായിരുന്നു. വഴിയിൽ മുറിവേറ്റു കിടക്കുന്ന കുരുവിയേയും പൂച്ചയേയുമെല്ലാം അച്ഛൻ വീട്ടിൽ കൊണ്ടു വരും. അവയുടെ മുറിവിൽ മരുന്നു വയ്ക്കും. അമ്മയും  വളരെ ദയയുള്ള ഒരാളായിരുന്നു. ഞങ്ങൾക്കു ഭക്ഷണം തരുന്നതുപോലെ കിളികൾക്കുള്ളത് പുറത്ത് പാത്രത്തിലാക്കി വെച്ചിട്ടുണ്ടാകും. ’’

‘സുവോളജിയോ ബോട്ടണിയോ പഠിക്കണമന്നത് വലിയ ആഗ്രഹമായിരുന്നു. ബാങ്കിൽ ജോലി കിട്ടാൻ എളുപ്പത്തിനാണ് ഇക്കണോമിക്സ് തിരഞ്ഞെടുത്തത്. കറങ്ങിത്തിരിഞ്ഞ്  ഒടുവിൽ ഇഷ്ടമുള്ള മേഖലയിൽത്തന്നെ എത്തി.

snake-vidhya2

ആദ്യമായി പാമ്പിനെ പിടിച്ചപ്പോൾ

ദാമ്പത്യത്തിന്റെ ആദ്യനാളുകളിൽ തന്നെ  പ്രകൃതിയോടുള്ള എന്റെ ഭ്രമം മനസ്സിലായതോടെ രാജുവും അതിനൊപ്പം ചേർന്നു. രാജുവിന് സ്ഥലം മാറ്റം കിട്ടിയപ്പോഴാണ് ഞങ്ങൾ ഗോവയിലെത്തുന്നത്. നേവൽ ഓഫിസുകൾ പൊതുവേ പട്ടണത്തിൽ നിന്ന് കുറച്ച് ദൂരെയായിരിക്കുമല്ലോ. മാണ്ഡവി നദിയുടെ തീരത്തായിരുന്നു ഞങ്ങളുടെ താമസസ്ഥലം. അവിടുത്തെ നേചർ ക്ലബ്ബിൽ ഞങ്ങൾ ആക്ടീവായിരുന്നു. അതിനുള്ളിലെ ഒരാളുടെ ഗാരേജിൽ പാമ്പു കയറി. പാമ്പിനെ പിടിച്ചെങ്കിലും എല്ലാവരും ഭയന്നു നിൽക്കുകയായിരുന്നു. പക്ഷെ, എനിക്ക് ഭയമൊന്നും തോന്നിയില്ല. അതിനെ രക്ഷിക്കണമെന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ.

ഫോറസ്റ്റുകാർ വരുന്നതുവരെ ആരും ഉപദ്രവിക്കാതെ ഞാനതിനെ സംരക്ഷിച്ചു. ഒടുവിൽ അവരെ ഏൽപിച്ചു കഴിഞ്ഞപ്പോഴാണ് സമാധാനമായത്. ഇതായിരുന്നു ആദ്യത്തെ പാമ്പു പിടുത്തം. പിന്നീട് ഇതുവരെ  875 പാമ്പുകളെ പിടിച്ചു. രാജവെമ്പാലയും മലമ്പാമ്പും  അണലിയുമടക്കം  പലതരത്തിലുള്ള പാമ്പുകൾ, വിഷമുള്ളതും  ഇല്ലാത്തതും ’’

പാമ്പിനെ കാത്ത്...

‘‘എന്റെ കാഴ്ചപ്പാടിൽ പാമ്പ് നിരുപദ്രവകാരിയായ ജീവിയാണ്. പേടിപ്പിക്കുമ്പോഴാണ് അത് അക്രമകാരിയാകുന്നത്. പാമ്പിനെ പിടിക്കാനുള്ള സ്ഥലത്തു ചെല്ലുമ്പോൾ  ആദ്യം ആവശ്യപ്പെടുന്ന കാര്യം ചുറ്റും കൂടിനിൽക്കുന്നവർ ശബ്ദമുണ്ടാക്കാതിരിക്കണമെന്നാണ്. ആളുകൾ വടിയും  മറ്റും വെച്ച് തട്ടി ഒച്ചയുണ്ടാക്കുമ്പോഴും  കുത്തുമ്പോഴും പാമ്പിന് അതിന്റെ വൈബ്രേഷൻ കിട്ടും. ചേര പോലെ വിഷമില്ലാത്ത പാമ്പുകളാണെങ്കിൽ ഞാൻ വാതിൽ തുറന്നിട്ടു കൊടുത്ത് പറയും. ‘പൊയ്ക്കോളൂ’. അത് ഇഴഞ്ഞ് അതിന്റെ മാളത്തിലേക്കു പോകും. അതിനെ കൊല്ലേണ്ടതില്ല. കേരളത്തിലുള്ളവരുടെ ധാരണ പാമ്പിനെ കണ്ടാൽ കൊല്ലണമെന്നാണെന്നു തോന്നുന്നു. നമുക്ക് ഉപദ്രവമില്ലാത്തതിനെ നാം കൊല്ലേണ്ട കാര്യമെന്ത്?

വിഷമുള്ള പാമ്പാണെങ്കിൽ ചാക്കിലാക്കി ഫോറസ്റ്റ് ഡിപാർട്ട്മെന്റിനു കൈമാറും. അവർ കൊണ്ടുപോയി കാട്ടിൽ വിടും. ചിലപ്പോൾ അവർക്ക് സമയത്തെത്താൻ കഴിയാതെ വരുമ്പോൾ  പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്.  ഒരിക്കൽ അവരും കൈയേൽക്കാതെ വന്നപ്പോൾ ഫോറസ്റ്റുകാർ വരുന്നതുവരെ ഞങ്ങളുടെ വീടിനു പുറത്തു സൂക്ഷിച്ചു. അന്നു ഞങ്ങളുടെ വീട്ടിൽ അതിഥികളുണ്ടായിരുന്നു. പേടിക്കുമോ എന്നു കരുതി അവരെ അറിയിച്ചില്ല.

ഒരു ദിവസം കാലത്ത് വൈപ്പിനിലെ അണിയൽ ബീച്ചിൽ നിന്ന് ഒരാൾ വിളിച്ചു. മലയാളം അറിയാത്തതുകൊണ്ട് എന്താണ് പറയുന്നതെന്ന് മനസ്സിലായില്ല. ‘പാമ്പ്’ എന്നു മാത്രം മനസ്സിലായി. കടൽത്തീരത്തുള്ള മുക്കുവരായിരുന്നു അവർ. ചെന്നപ്പോൾ അവരുടെ വലയിൽ  മീൻ കടിച്ചു പിടിച്ച നിലയിൽ വലിയൊരു അണലി കുടുങ്ങിയിരിക്കുന്നു. രക്ഷപ്പെടാനാകാതെ ആകെ ചുറ്റിപ്പിണഞ്ഞ് കിടക്കുകയാണ്. അതിന്റെ കണ്ണുകളിൽ ദൈന്യതയുണ്ട്. എനിക്കു സങ്കടം തോന്നി. ഞാൻ പതിയെ കെട്ടുകളഴിക്കാൻ തുടങ്ങി. ശരിക്കും അതൊരു സാഹസമായിരുന്നു. കാരണം ഇതിനിടയിൽ കടിയേൽക്കാൻ സാധ്യത കൂടുതലാണ്. മണിക്കൂറുകളോളമിരുന്ന് കെട്ടുകളഴിച്ച് സാവധാനം വലയിൽ നിന്ന് പാമ്പിനെ പുറത്തെടുത്തു.

ചിലപ്പോൾ പാമ്പ് ഒളിച്ചയിടത്തു നിന്ന് പുറത്തേക്ക് വരുന്നതും കാത്ത് ഒരുപാട് നേരം ഇരിക്കേണ്ടിവരും. വീടുകളിലാണെങ്കിൽ സോഫയുടെ അടിയിലോ, അലമാരയ്ക്കടിയിലോ  ഒക്കെയാണ് ചുരുണ്ടു കൂടുക. ചുറ്റുപാടുകൾ നിശബ്ദമാകുമ്പോൾ പാമ്പ് പതിയെ പുറത്തു വരും. ക്രിക്കറ്റിൽ ബാറ്റ്സ്മാന് തൊട്ടടുത്തു നിൽക്കുന്ന ഫീൽഡർമാർ പന്ത് പിടിക്കുന്നത് കണ്ടിട്ടില്ലേ. എത്ര വേഗത്തിലാണവരുടെ ചലനം! അതുപോലെയാണ്  പാമ്പിനടുത്തും  വേണ്ടത്. സാവധാനം പിടിക്കാൻ നോക്കിയാൽ കൊത്തേൽക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും എനിക്ക് മൂന്നു പ്രാവശ്യം പാമ്പ് കടിയേറ്റിട്ടുണ്ട്.

ഒരിക്കൽ ഒരു പെരുമ്പാമ്പിനെ പിടിച്ചപ്പോഴാണ് ആദ്യം കടിയേറ്റത്. അത് രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ എന്റെ കൈയിൽ വാലു ചുറ്റി പിടിമുറുക്കി. ഏകദേശം 20 കിലോ ഭാരമുള്ള പാമ്പായിരുന്നു അത്. മുറിവു പറ്റിയെങ്കിലും അപകടമൊന്നും സംഭവിച്ചില്ല. അതിനുശേഷം മുൻകരുതലുകളോടെയേ പോകാറുള്ളൂ. മഴക്കാലത്താണ് കൂടുതൽ പാമ്പുകളെ പിടിച്ചിട്ടുള്ളത്. ചില ദിവസങ്ങളിൽ മൂന്നു പാമ്പിനെ വരെ രക്ഷിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. പാമ്പുകളെ മാത്രമല്ല വെള്ളിമൂങ്ങ, പരുന്ത് അങ്ങനെ പലതരം  പക്ഷികളേയും രക്ഷിച്ചിട്ടുണ്ട്.’’  വിദ്യയുടെ വാക്കുകളിൽ സംതൃപ്തിയുടെ നിറവ്.

snake-vidhya4

ഇതെന്റെ ആനന്ദത്തിന്

‘‘ഏഴു വർഷമായി അദ്ദേഹം റിട്ടയർ ചെയ്തിട്ട്. ബന്ധുക്കളുംവീടും എല്ലാം വിശാഖപട്ടണത്താണ്. എന്നിട്ടും  ഇവിടെ വാടകയ്ക്ക് താമസിക്കുന്നത് എന്റെ സന്തോഷത്തിനുള്ള എല്ലാം  ഇവിടെയുള്ളതുകൊണ്ടാണ്. കാലത്തെഴുന്നേറ്റ് ഭക്ഷണം  തയാറാക്കി കഴിഞ്ഞാൽ ഉടൻതന്നെ ഞാനും രാജുവും പക്ഷിനിരീക്ഷണത്തിനിറങ്ങും. ഇടയ്ക്ക് പൊതുജനങ്ങൾക്കായി ബോധവൽകരണ ക്ലാസുകൾ എടുക്കാറുണ്ട്. എന്റെ ആദ്യകാല സേവനങ്ങളെല്ലാം നേവൽ അക്കാദമി കേന്ദ്രീകരിച്ചായിരുന്നു. അക്കാദമിയിൽ അവരുടെ യൂണിഫോമിലുള്ളവർക്കു മാത്രമേ ഗോൾഡ് മെഡൽ നൽകാറുള്ളൂ. എന്റെ കാര്യത്തിൽ ആ പതിവ് തെറ്റിച്ചു. ഇപ്പോൾ അക്കാദമിയിലെ എന്തെങ്കിലും  പ്രോഗ്രാമുകൾക്കു പോകുമ്പോൾ ആ മെഡൽ അണിഞ്ഞാണ് പോകുന്നത്.  

ഏതു പാതിരാത്രിയിലായാലും പാമ്പിനെ പിടിക്കാനുള്ള വിളി വരുമ്പോൾ മടി കാണിക്കാറില്ല. പാമ്പിനെ പിടിച്ച്  ഫോറസ്റ്റ് ഡിപാർട്ട്മെന്റിനെ ഏൽപിക്കുന്നതോടെയേ എന്റെ ദൗത്യം പൂർത്തിയാകൂ. ചില വീട്ടുകാർ പണം  നൽകാനൊരുങ്ങും. ഞാൻ ചിരിച്ചുകൊണ്ട് പിന്‍‌വാങ്ങും. പണത്തിനു വേണ്ടിയല്ല ഇതൊന്നും ചെയ്യുന്നത്. പാമ്പുകളുടെ ജീവൻ രക്ഷിക്കണം,  അതു മാത്രമേ എന്റെ മനസ്സിലുണ്ടാകാറുള്ളൂ. ഓരോ പാമ്പിനെ പിടിക്കുമ്പോഴും  അച്ഛന്റെ വാക്കുകളാണ് ഓർമ വരിക.’’  ‘എല്ലാവരും ഇൗശ്വരന്റെ സൃഷ്ടികളാണ്. അവയെ ബഹുമാനിക്കുക ’  അച്ഛന്റെ വാക്കുകളാണ് എന്റെ പ്രചോദനം.

വനിതയിൽ പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹിക്കുന്ന വിഷയങ്ങൾ വായനക്കാര്‍ക്കു നിർദേശിക്കാം. തിരഞ്ഞെടുക്കുന്നവയ്ക്കു സമ്മാനം, വിഷയങ്ങള്‍ ഇന്നു തന്നെ 98953 99205 എന്നവാട്സ് ആപ്പ് നമ്പറില്‍ അയയ്ക്കുക.

snake-vidhya3 വനിത അവതരിപ്പിച്ച ‘യുവർ സ്‌റ്റോറി’ക്ക് മികച്ച പ്രതികരണം. വായനക്കാർ നിർദേശിച്ച വിഷയങ്ങളിൽ നിന്ന് ഇത്തവണ തിരഞ്ഞെടുത്തത് കേരളത്തിൽ പാമ്പ് സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഉത്തരേന്ത്യക്കാരി വിദ്യയുടെ ജീവിതം. ഈ ഫീച്ചർ ആശയം വനിതയെ അറിയിച്ചത് എറണാകുളം സ്വദേശി രൂപ ജോർജ്.