Saturday 17 October 2020 02:37 PM IST : By സ്വന്തം ലേഖകൻ

ബസിലേക്ക് ഇടിച്ചുകയറി കാർ, വാഹനത്തിൽ കുടുങ്ങി യാത്രക്കാർ; സഹായഹസ്തവുമായി ഓടിയെത്തിയത് ഈ ചെറുപ്പക്കാരൻ, അഭിനന്ദനപ്രവാഹം

bus-accrewwfcgg

പുതുപ്പള്ളി തൃക്കോതമംഗലത്ത് ഇന്നലെ വൈകിട്ടു ദുരന്തം പെയ്തിറങ്ങി. കനത്ത മഴയിൽ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറിയ കാർ പൂർണമായി തകർന്നിരുന്നു. കാറിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാർ കിട്ടിയ വാഹനങ്ങളിൽ ആശുപത്രികളിലെത്തിച്ചു. കെഎസ്ആർടിസി ബസിലെ യാത്രക്കാർക്ക് ചെറിയ പരുക്കുണ്ട്. ഉടൻ പൊലീസും അഗ്നിരക്ഷാസേനയുമെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തു. റോഡിൽ പരന്നൊഴുകിയ ഓയിൽ കഴുകി. തെന്നൽ ഒഴിവാക്കുന്നതിന് അറക്കപ്പൊടി വിതറി.

അപകടസമയത്ത് സഹായഹസ്തവുമായി ഓടിയെത്തിയത് വാകത്താനം സ്വദേശിയായ ജാക്സൻ ചാണ്ടി. "അപകടത്തിൽപെട്ട കാറിന്റെ പിന്നിലെ കാറിലായിരുന്നു ഞാൻ. നല്ല മഴ പെയ്തിരുന്നു. മുന്നിലെ വാഹനത്തെ മറികടക്കാൻ കാർ ശ്രമിച്ചതു പോലെ തോന്നി. പെട്ടെന്നായിരുന്നു അപകടം. എല്ലാവരും അകത്തു കുടുങ്ങിക്കിടക്കുന്നു. മുൻഭാഗം തുറക്കാൻ കഴിഞ്ഞില്ല. പിൻസീറ്റിലിരുന്ന സ്ത്രീയെയും 2 കുട്ടികളെയും എന്റെ കാറിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു."- അപകടത്തെ കുറിച്ച് ജാക്സൻ ചാണ്ടിയുടെ വാക്കുകൾ ഇങ്ങനെ.

ജാക്‌സൺ ചാണ്ടിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ചുകൊണ്ട് ’ട്രോൾ കോട്ടയം’ ഫെയ്സ്ബുക് ഗ്രൂപ്പിൽ കുറിപ്പ് പങ്കുവച്ചു. "വാകത്താനം സ്വദേശി ജാക്‌സൺ ചാണ്ടിയുടെ കൺമുൻപിലായിരുന്നു ഇന്നലെ തൃക്കോതമംഗലത്ത് നടന്ന ksrtc ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം. കാർ നിർത്തി, ഓടിയെത്തി കാറിൽ കുടുങ്ങിയ മൂന്നുപേരെ പുറത്തെടുത്തു. ഓടിയെത്തിയ മറ്റുള്ളവരുടെ സഹായത്തോടെ രണ്ടു കുട്ടികളടക്കമുള്ളവരെ ജാക്‌സണ് സ്വന്തം കാറിൽ പുതുപ്പള്ളി പാറേട്ട് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തുമ്പോഴേക്കും ജലജ മരിച്ചു. 

കുട്ടികൾക്ക് പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലെ രണ്ട് നഴ്‌സുമാരുടെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ആശുപത്രിലേക്കുള്ള യാത്രയിൽത്തന്നെ ജിൻസ് വാകത്താനം പൊലീസിലും അഗ്നിരക്ഷാസേനയിലും വിളിച്ച് വിവരം പറഞ്ഞിരുന്നു. മൂന്നുപേരെ ആശുപത്രിയിലെത്തിച്ചശേഷം വീണ്ടും തിരികെ അപകടസ്ഥലത്തെത്തിയ ജാക്‌സൺ അഗ്നിരക്ഷാസേനയ്‌ക്കൊപ്പം സേവനനിരതനായി.

രാത്രി എല്ലാവരും മടങ്ങിയശേഷം നേരേ വാകത്താനം പൊലീസ് സ്റ്റേഷനിലേക്ക്. അവിടെ മൊഴിയും കൊടുത്ത് വീട്ടിലെത്തുമ്പോൾ അഞ്ചര മണിക്കൂർ പിന്നിട്ടിരുന്നു. യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം വൈസ് പ്രസിഡന്റായ ജാക്‌സൺ ചാണ്ടി വീടുകളുടെ ഇന്റീരിയർ വർക്ക് ചെയ്യുന്നു.. ഇന്നത്തെ കാലത്ത് ഇതുപോലെയുള്ള മനുഷ്യസ്നേഹികൾ വളരെ കുറവാണ്.. അഭിനന്ദനങ്ങൾ അല്ല... നന്ദി ഒരുപാട്.."- ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. 

അപകടം എങ്ങനെ

അപകടത്തിന്റെ കാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധനയ്ക്കു പൊലീസ്. മഴ നന്നായി പെയ്തതിനു ശേഷമാണ് അപകടം. റോഡിൽ വളവുള്ള ഭാഗത്തു വാഹനം തെന്നി നീങ്ങാനുള്ള സാധ്യതയുണ്ട്. ഒരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടമെന്നു നാട്ടുകാരിൽ ചിലർ പറയുന്നു. കാർ യാത്രക്കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചതാണ് അപകട കാരണമെന്ന് വാകത്താനം എസ്എച്ച്ഒ കെ.പി. തോംസണും പറഞ്ഞു.

മണർകാട് - പെരുന്തുരുത്തി ബൈപാസിൽ തൃക്കോതമംഗലം ഭാഗത്ത് അപകടം പതിവെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇരുചക്ര വാഹനങ്ങൾ സ്ഥിരമായി അപകടത്തിൽപെടുന്നു. വടക്കേക്കര എൽപി സ്കൂളിന്റെ ഇരുഭാഗത്തും വളവുകളുണ്ട്. വേഗ നിയന്ത്രണത്തിനായി സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.

"രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. കാർ ഇടിച്ചു ബസിനടിയിൽ കയറി. ബസ് പിന്നോട്ടെടുത്തു കാർ വലിച്ചൂരി എടുക്കുകയായിരുന്നു. എല്ലാവരും ഒരുമിച്ചു പ്രവർത്തിച്ചു."-ആംബുലൻസ് ഡ്രൈവർ ടി.എസ്. ശ്രീകുമാർ പറയുന്നു.

Tags:
  • Spotlight
  • Social Media Viral