Tuesday 21 August 2018 02:47 PM IST

സി.കെ. ജാനു അമ്മയായാൽ, കാർ വാങ്ങിയാൽ.. ആർക്കാണിവിടെ പ്രശ്നം?

Tency Jacob

Sub Editor

ck-janu98 ഫോട്ടോ: ബാദുഷ

അമ്മയായതിന്റെ സന്തോഷവഴിയിൽ സി.കെ. ജാനു. ഒപ്പം, വിവാദങ്ങളുടെ മുനയൊടിക്കുന്ന മറുപടികളും...

ആർത്തിഭ്രാന്തിന്റെ അണിയറയ്ക്കുള്ളിലെ
കഠിനഹ‍ൃദയനാം രക്തദാഹി,
നീയെന്റെ തലമുറയെ തിന്നുതീർത്തു!
നീയെന്റെ തലമുറയെ തിന്നുതീർത്തു...

(സി.കെ. ജാനു എഴുതിയ കവിതയിൽ നിന്ന്)

അക്ഷരം പഠിക്കാൻ വൈകിയെങ്കിലും ഓർമയിലിറ്റുന്ന വാക്കു പെറുക്കി കവിതയാക്കി പാടുമ്പോൾ, പാതിയടഞ്ഞുപോകുന്ന ജാനുവിന്റെ കണ്ണിൽപോലുമുണ്ട് പോരാട്ടത്തിന്റെ ചൂടും ചൂരും. അരികില്‍ കുറുകിയിരിക്കുന്ന മകൾ ജാനകിക്ക് കാട് കൂട്ടുകാരിയായിത്തുടങ്ങുന്നേയുള്ളൂ. അതുകൊണ്ടാകണം തീ തിളക്കങ്ങളൊന്നുമില്ലാതെ ചെറുപുഞ്ചിരി മാത്രം കണ്ണിൽ വിരിയുന്നത്.

‘‘ജാനകിയെ ദത്തെടുത്തപ്പോഴല്ല ‍ഞാൻ ആദ്യമായി അമ്മയാകുന്നത്. ഒരുപാടു പേർക്ക് ഞാൻ അമ്മയായിരുന്നു. ഇപ്പോഴും അമ്മയാണ്.’’ അമ്മയെ ചാരിയിരിക്കുന്ന ജാനകിയെ മെല്ലേ തഴുകി സി.കെ. ജാനു പറഞ്ഞുതുടങ്ങി. ‘‘സമ്മേളനങ്ങൾക്കു പോകുമ്പോൾ പലരും എന്നെ അമ്മേയെന്നാണ് വിളിക്കുന്നത്. ഞാൻ വിളി കേൾക്കും. എന്റെ ചേച്ചിയുടേയും അനിയത്തിയുടേയും ആങ്ങളമാരുടേയും മക്കളെയൊക്കെ ഞാനിവിടെ നിർത്തിയാണ് പഠിപ്പിക്കുന്നത്. പഠനം കഴി‍ഞ്ഞ് അവർ പോകുമ്പോൾ ഞാൻ വീണ്ടും ഒറ്റയാകും. ഒരാളെ ദത്തെടുത്താൽ എന്റെ ഏകാന്തതയ്ക്കൊരു മാറ്റമുണ്ടാകുമല്ലോന്നു കരുതി.

കേട്ടപ്പോൾ എല്ലാവരും എതിർത്തു. പൊതുപ്രവർത്തനത്തിനു തടസ്സമാകുമെന്നു പറഞ്ഞു. അങ്ങനെയെങ്കിൽ രാഷ്ട്രീയക്കാർ കല്യാണം കഴിക്കാൻ പാടില്ലല്ലോ. ദത്തെടുക്കാനായി കേരളത്തിൽ റജിസ്റ്റർ ചെയ്തപ്പോൾ തൊണ്ണൂറാമത്തെ ആളാണ്. കുറേകൊല്ലം കാത്തിരിക്കേണ്ടി വരും. അപ്പോൾ ഓൾ ഇന്ത്യാ തലത്തിൽ റജിസ്റ്റർ ചെയ്തു. അര മണിക്കൂറിനകം പ്രൊഫൈൽ വന്നു. നാലു കുഞ്ഞുങ്ങളുടെ ഫോട്ടോയും. ആങ്ങളയുടെ മോനാണ് ഇതിനെല്ലാം സഹായിച്ചത്. അവനാണ് നമുക്ക് ഈ മോളു മതി എന്നെന്നോടു പറയുന്നത്.

ഛത്തീസ്ഗഡിലെ ബിലാസ്പൂരിലായിരുന്നു കുട്ടി. ഞങ്ങൾ അവിടേക്കു പോയി. അവിടുത്തെ ജീവനക്കാർ എന്റെ ഫോട്ടോ കാണിച്ച് പഠിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു. എന്നെ ചൂണ്ടി ആരാണെന്നു ചോദിച്ചപ്പോൾത്തന്നെ അവൾ ഹിന്ദിയിൽ പറഞ്ഞു, മമ്മയാണെന്ന്. ഞാൻ ഒരു അപ്പം വാങ്ങിക്കൊണ്ടു പോയിട്ടുണ്ടായിരുന്നു. അവളത് കിട്ടിയപ്പോൾത്തന്നെ അവിടെയുള്ള എല്ലാവർക്കും പങ്കിട്ടു കൊടുത്തു. അവസാനം അവളുടെ പങ്ക് ഒരു നുള്ളേ ഉണ്ടായിരുന്നുള്ളൂ. അതു കണ്ടപ്പോഴേ എനിക്കു മനസ്സിലായി നല്ലൊരു കുട്ടിയാണെന്ന്.

പക്ഷേ, ആദ്യത്തെ തവണ കൊണ്ടുപോരാൻ പറ്റിയില്ല. അപേക്ഷാഫോമിൽ ജാതി കൊടുക്കാത്തതുകൊണ്ട് ഞാൻ ആദിവാസിയാണെന്ന് അവർക്ക് മനസ്സിലായിരുന്നില്ല. ആദ്യം എന്റെ വരുമാനത്തിന്റെ കുറവു പറ‍‍‍‍ഞ്ഞായിരുന്നു തുടങ്ങിയത്. ഓരോന്നു പറഞ്ഞ് ഉടക്കുന്ന കണ്ടപ്പോൾ എന്നെക്കുറിച്ച് കൂടുതലറിയാൻ ഇന്റർനെറ്റിൽ അടിച്ചു നോക്കാൻ പറഞ്ഞു. അതിലെ ചരിത്രം മുഴുവൻ വായിച്ചപ്പോൾ ആദിവാസിക്ക് കുട്ടിയെ തരാൻ പറ്റില്ലെന്നായി. ഞാൻ കേരളത്തിലെ ഹെഡ് ഓഫിസറെ വിളിച്ചു. അയാളെന്നോട് ഒരു പരാതി എഴുതി കൊടുക്കാൻ പറഞ്ഞു. അതവര് കേന്ദ്രത്തിലേക്ക് അയച്ചു കൊടുത്തു. കേന്ദ്രത്തിൽ നിന്ന് എനിക്കു അനുകൂലമായ നിർദേശം വന്നെങ്കിലും  അവർ സമ്മതിച്ചില്ല.

പിന്നെ, കുറേ യുദ്ധം െചയ്ത് മൂന്നുമാസം കഴിഞ്ഞാണ് കിട്ടുന്നത്. പൂനം എന്നായിരുന്നു ആദ്യ പേര്. ഇവിടെ വന്നു കഴിഞ്ഞാണ് ജാനകി എന്ന് പേര് മാറ്റിയത്. എന്നേക്കാളും സംഭവമാണെന്നാണ് ഇതുവരെയുള്ള പോക്കു കണ്ടിട്ടു തോന്നുന്നത്. നന്നായി പഠിക്കും. ഇപ്പോൾ യുകെജിയിലാണ്. കഴിഞ്ഞവർഷം സ്വർണ മെഡൽ കിട്ടി. അവൾക്ക് അമ്മേ പോലെ ആവണംന്നാ പറയണത്. മൂന്നാറിലെ ‘പെമ്പിളൈ ഒരുമ’യുടെ സമര പന്തലിൽ പോയി വരുമ്പോൾ എന്നോടു പറഞ്ഞു.‘‘ഞാൻ പഠിച്ചു വലുതായിട്ടു ജോലി വാങ്ങി ഇവരെയൊക്കെ സഹായിക്കും’’.

‘‘പൊന്നൂ, എഴുന്നേൽക്ക്, സ്കൂളിൽ പോകാറായി...’’ അമ്മയുടെ ആവലാതി കണ്ടു മകളും ചാടിയെഴുന്നേറ്റു. മുടി കെട്ടുമ്പോഴൊക്കെ ജാനകി ചിണുങ്ങി, ‘അങ്ങനെയല്ലമ്മേ...’’ അലമാരയിലെ കണ്ണാടിയിൽ ചന്തം നോക്കി മകളെ ഒന്നു താലോലിച്ചു വേഗം കൈപിടിച്ചു നടന്നു സി.കെ. ജാനു എന്ന അമ്മ.

c-k-janu56

കുട്ടിക്കാലത്തേ ഈ പോരാട്ട വീര്യം രക്തത്തിലുണ്ടോ?

എന്റെ വീട്ടിലോ കുടുംബത്തിലോ ആർക്കും ഈ പ്രകൃതം കണ്ടിട്ടില്ല. കുടുംബ പാരമ്പര്യമനുസരിച്ച് ജന്മിക്കടിമയായിട്ടുള്ളവരായിരുന്നു ഞങ്ങൾ. എല്ലാവരേയും പേടിപ്പിച്ച് അടിച്ചമർത്തി മിണ്ടാതെയിരുത്തിയ ചരിത്രമായിരുന്നു. പൂർവികർക്കൊക്കെ ശബ്ദമുയർത്താൻ പോലും പേടിയായിരുന്നു. വീട്ടിൽ ഞങ്ങൾ അഞ്ചു കുട്ടികളുണ്ട്. കൂലി കിട്ടുന്നത് നെല്ലാണ്. ഇന്നത്തെ ലീറ്ററിന്റെ അളവിൽ മുളകൊണ്ടുള്ള ഒരു പാത്രമുണ്ട്. അതുകൊണ്ട് രണ്ട് പൊലിയൊക്കെയാണ് സ്ത്രീയുടെ കൂലി. വീട്ടിൽകൊണ്ടുവന്നു കുത്തി അരിയാക്കുമ്പോൾ അളവു പകുതിയാകും. ആ കഞ്ഞികൊണ്ട് അമ്മയുടേതടക്കം ആറു വയറുകൾ കഴിയണം. ഒരു നേരം പോലും ശരിക്ക് വിശപ്പ ടക്കാൻ പറ്റാറില്ല. അതിരാവിലെ ആറുമണിക്ക് പണി തുടങ്ങിയാൽ വൈകിട്ട് ആറു വരെയാണ് പണി. പിന്നെ, കരാറു പണിയുണ്ടാകും. കണ്ണെത്താത്തിടത്തോളം പാടമല്ലേ. ഒരറ്റത്തു നിന്നു ഞാറു നടാൻ തുടങ്ങിയാലൊന്നും തീരില്ല. തീരാനായി പണി കരാറായി കൊടുക്കും. കൂലി കുറച്ചു കൂടുതലുള്ള കാരണം എല്ലാവരും പോകും. നിലാവത്ത് പാടത്തു പണിക്കു പോയതൊക്കെ എനിക്കോർമയുണ്ട്.

പത്തുമണിവരെ ജോലി ചെയ്ത് അമ്മ കേറി വരുമ്പോൾ ജന്മിയുടെ വീട്ടിലേക്കുള്ള നെല്ല് കുത്താൻ കൊണ്ടുവച്ചിട്ടുണ്ടാകും. പിന്നെയതു കുത്തിക്കഴിഞ്ഞ് കിടക്കുമ്പോഴേക്കും പാതിരയാകും. ജന്മിയുടെ വീട്ടിൽ അരിയാട്ടിക്കൊടുക്കുന്നതും ഞങ്ങളാണ്. പക്ഷേ, പലഹാരമൊന്നും ഞങ്ങൾക്ക് തരില്ല. പകരം തലേദിവസത്തെ ചോറിൽ വെള്ളമൊഴിച്ചു അടുക്കള മുറ്റത്തു വച്ചു തരും.

ഒരു ദിവസം ഞാനും കൂട്ടുകാരിയും കൂടി ചെന്നപ്പോൾ നെല്ലു പുഴുങ്ങാൻ പറഞ്ഞു. അന്നു ആ വീട്ടിലുള്ളവർ ദോശയുണ്ടാക്കി തിന്നുന്നത് കണ്ടിരുന്നു. ഞങ്ങൾക്ക് തന്നതു പതിവുപോലെ പഴങ്കഞ്ഞിയും കൂട്ടാനും. നെല്ല് പുഴുങ്ങാനിട്ട് ഞങ്ങള്‍ കളിക്കാൻ പോയി. കൂട്ടുകാരിക്ക് പേടിയുണ്ട്. ഞാൻ ധൈര്യം കൊടുത്തു. അവര് വന്ന് നോക്കുമ്പോൾ നെല്ല് വെന്ത് പാകം കഴിഞ്ഞിരുന്നു.

അടുത്ത പറമ്പിൽ നിന്നു കളിക്കണ ഞങ്ങളെ കണ്ട് ചീത്ത പറഞ്ഞു. ‘‘ അപ്പമുണ്ടാക്കിയാൽ നിങ്ങള് തിന്നും. അരിയാട്ടണ ഞങ്ങൾക്ക് പഴങ്കഞ്ഞീം തരും. ഇനി നിങ്ങളു തന്നെ അരിയാട്ടിക്കോ’’ എന്നു പറഞ്ഞു ഞങ്ങൾ ഓടിക്കളഞ്ഞു. ഇതായിരുന്നു എന്റെ ആദ്യത്തെ പ്രതിഷേധം. പാടത്ത് പണിക്ക് പോയിത്തുടങ്ങിയപ്പോൾ പിന്നെ, കൂലിക്കു വേണ്ടിയായി ബഹളം. കൂലി തരണ നേരത്ത് അവര് പണി കുറച്ച് പറയും. ഞാൻ പക്ഷേ, ഓർത്തിരിക്കും. ഒരണ കുറയ്ക്കാൻ ‍ സമ്മതിക്കില്ല. അമ്മയും സഹോദരങ്ങളും പേടിക്കുമെങ്കിലും എനിക്കൊരു കൂസലുമുണ്ടായിരുന്നില്ല.

അച്ഛനൊന്നും പറയില്ലേ?

അച്ഛൻ അന്നു ഞങ്ങളുടെ കൂടെയല്ല താമസം. ഏറ്റവും ഇളയ ആൾ ഉണ്ടായിക്കഴിഞ്ഞതിനു ശേഷം ആളു വേറെ പെണ്ണു കെട്ടി, അവരുടെ കൂടെയായിരുന്നു. ഞങ്ങളുടെ നാട്ടിൽത്തന്നെയായതുകൊണ്ട് എന്നും കാണാറുണ്ടെന്ന് മാത്രം. അമ്മയുടെ കൂലി കൊണ്ടാണ് ഞങ്ങൾ അഞ്ചുപേർ അന്നം കഴിച്ചിരുന്നത്. വിശപ്പിന്റെയും വറുതിയുടേയും നാളുകളായിരുന്നു അത്. ഞങ്ങൾ വലുതായി ഭേദപ്പെട്ട നിലയിലെത്തിയപ്പോളും അച്ഛനു കഷ്ടപ്പാടാണ്. അതുകണ്ട് ആരൊക്കെയോ ചേർന്ന് അച്ഛനെ എരികൂട്ടി. അച്ഛൻ കുടിച്ചുവന്ന് ബഹളം വച്ച് വീടിന്നകത്തു കേറാൻ പോയപ്പോൾ എല്ലാവരും പേടിച്ചു മിണ്ടാതെ നിന്നു. തിണ്ണയിലേക്കു കയറാൻ പോലും ഞാൻ സമ്മതിച്ചില്ല.

അടുത്തുള്ള സ്കൂളിൽ കഞ്ഞി വയ്ക്കാനുള്ള ഹെൽപറുടെ ഒഴിവു വന്നു. വീട്ടിലെല്ലാവരും കൂടി എന്നെ അതിനു വിടാൻ തീരുമാനിച്ചു. ഇരുപത്തിയഞ്ചു രൂപയാണ് കൂലി. ഞാനന്നു ജന്മിയുടെ വീട്ടിൽ പ്രധാന പണിയാളാണ്. അവര് ഒരാഴ്ചയില്ലെങ്കിലും ഞാൻ പണിക്കാരെ കൂട്ടി പണി ചെയ്യിക്കും.നല്ല കൂലിയുമുണ്ട്. സ്കൂളുകാര് വന്നു ജന്മിയോട് സമ്മതം ചോദിച്ചപ്പോൾ അയാൾ സമ്മതിച്ചില്ല. അതറിഞ്ഞപ്പോൾ എനിക്കിഷ്ടപ്പെട്ടില്ല. എന്നോടു ചോദിക്കാതെ എന്റെ കാര്യം തീരുമാനിക്കാൻ അയാളാരാ? അന്നു തുടങ്ങി ‍ഞാൻ കൂലിപ്പണിക്ക് പോയിട്ടില്ല. കഞ്ഞിപ്പുരയിലും പോയില്ല. പകരം തയ്യൽ പഠിക്കാൻ തുടങ്ങി. പഠിച്ച് ജോലി ചെയ്ത് 60 സെന്റ് സ്ഥലം വാങ്ങി വീടു വച്ചു. ഇന്ന് ആളുകളുടെയിടയിൽ വന്നപ്പോഴാണ് നല്ല ക്ഷമയൊക്കെയായത്.

ck-janu78

സ്ത്രീയായതുകൊണ്ട് എന്തെങ്കിലും ചൂഷണം?

എന്റെയടുത്ത് ആരും അങ്ങനെയൊന്നും വന്നിട്ടില്ല. എന്റെ കൂട്ടുകാർക്ക് ഉണ്ടായിട്ടുള്ള സംഭവങ്ങളിൽ ഞാൻ പോയി അടി കൊടുത്തിട്ടുണ്ട്. കൂട്ടുകാരുടെ കുഴപ്പമാണെങ്കിൽ അവർക്കും കൊടുക്കും. പക്ഷേ, ഞങ്ങളുടെ സമൂഹം ധാരാളം ചൂഷണം നേരിട്ടിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ. നിയമമൊന്നും കർശന നടപടിയൊന്നും എടുക്കാറില്ല. പാർട്ടിയിൽ നിന്നു പോന്ന് ആദിവാസികളെ ഒരുമിപ്പിച്ച് ഭൂസമരത്തിനൊരുങ്ങുന്നതിനിടയിൽ പലപ്പോഴും എന്നെക്കുറിച്ച് കള്ളക്കഥകളൊക്കെയുണ്ടാക്കിയിട്ടുണ്ട്. പണി കഴിഞ്ഞു വന്നിട്ടാണ് അതിന്റെ പ്രവർത്തനങ്ങൾക്ക് പോവുക. എന്റെ കൂടെ രണ്ടുമൂന്നു കൂട്ടുകാരുമുണ്ടാകും. രാത്രിയിൽ നടന്നാണ് എല്ലായിടത്തും പോകുന്നത്. ഓരോ സ്ഥലത്തു ചെന്നു അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കേൾക്കും. തിരിച്ചു വരുമ്പോൾ  പുലർച്ചെ രണ്ടുമണിയാകും. ആരൊക്കെയോ അമ്മയോട് ഞാൻ ‘മറ്റേപണിക്ക് പോകുന്നതാണെന്നു’ പറഞ്ഞു കൊടുത്തു. അമ്മയും സഹോദരങ്ങളും ഭയങ്കര എതിർപ്പായിരുന്നു. ഞാൻ കുലുങ്ങിയില്ല. സമരകാലത്തും കേട്ടു കഥകളൊക്കെ. തെറ്റൊന്നും ചെയ്യുന്നില്ലെങ്കിൽ ആരെ പേടിക്കാൻ.

അവിവാഹിതരായ  അമ്മമാരൊക്കെ ഉണ്ടാകുന്നത് ആദിവാസികൾക്ക് വിവരമില്ലാത്തതുകൊണ്ടാണെന്നാണ് പറയുന്നത്. പക്ഷേ, അച്ഛനില്ലാതെയുണ്ടാകുന്ന ഒരു കുഞ്ഞിന്റേയും തന്ത ആദിവാസിയല്ല എന്നതാണ് വിചിത്രം. വിവരവും വിദ്യാഭ്യാസവും രാഷ്ട്രീയബുദ്ധിയുമൊക്കെയുണ്ടെന്നു നടിക്കുന്ന കേരള മോഡലുകളാണ് ഇതിന്റെ ഉത്തരവാദികൾ. ഇവിടെ എല്ലാവരുടേയും നെറുകയിലൊരു ജാതിക്കൊടിയുണ്ട്. ഒരു പെണ്ണ് ബലാത്സംഗം ചെയ്യപ്പെട്ടാൽ പോലും ജാതിയാണ് ആദ്യം തിരക്കുക. വാർത്തപോലും അതിനനുസരിച്ചാണ് വന്നുകൊണ്ടിരിക്കുന്നത്. നടിയുടെ പീഡനം വാർത്തയാകുന്നതിൽ തെറ്റില്ല. പക്ഷേ, ഒരു ആദിവാസി സ്ത്രീ പീഡിപ്പിക്കപ്പെടുമ്പോഴും  ഇതുപോലെ വാർത്തയാകണം. നിർഭാഗ്യവശാൽ മറ്റുള്ള രീതിയിലേക്ക് ആ സംഭവങ്ങൾ തമസ്കരിക്കപ്പെടുകയാണ് ചെയ്യുന്നത്.

കള്ളക്കേസിൽ കുടുക്കാൻ നോക്കിയിട്ടുണ്ടോ?

ഒരുപാട്. മണിക്കൂറുകൾ നീളുന്ന ചോദ്യം ചെയ്യല്‍ ഇപ്പോ വാർത്തയാണല്ലോ. മുത്തങ്ങ സമരത്തിന്റെ സമയത്ത് എന്നെ പിടികൂടി മൂന്നു ദിവസമാണ് നിർത്താതെ ചോദ്യം ചെയ്തത്. അന്നവിടെ മനുഷ്യരും മൃഗങ്ങളുമല്ലാത്ത പൊലീസുകാരായിരുന്നു ഉണ്ടായിരുന്നത്. നടുക്ക് ഒരു കസേരയിട്ടിരുത്തി ചുറ്റുമിരുന്നിട്ടാണ് ചോദ്യം െചയ്യൽ. ചില ചോദ്യങ്ങൾ കേട്ടാൽ ചോദിച്ചവന്റെ പല്ല് തല്ലി കൊഴിക്കാൻ തോന്നും. ചിലരെക്കുറിച്ച് ചിലത് പറഞ്ഞില്ലെങ്കിൽ എന്നെ പല കേസുകളിലും കുടുക്കി പുറം ലോകം കാണിക്കില്ലെന്നു ഭീഷണിപ്പെടുത്തി. ഞാൻ കൂസിയില്ല.

‘‘ഞാനൊരു ആദിവാസിയാണ്. കാട് കണ്ട് വളർന്നവളാണ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ പരാമവധി ശിക്ഷ തൂക്കിക്കൊല്ലലാണെന്ന് എനിക്കറിയാം. അതു പ്രതീക്ഷിച്ചാണ് ഞാൻ വന്നിരിക്കുന്നത്. അതുകൊണ്ട് അതു പറഞ്ഞ് എന്നെ ഭയപ്പെടുത്തേണ്ട. ‍ഞാൻ പേടിക്കില്ല’’എന്നു ഞാൻ പറഞ്ഞു. എല്ലാം കഴിഞ്ഞ് അവര് പറഞ്ഞു.‘‘നിങ്ങള് എന്തൊരു സ്ത്രീയാണ്. പുരുഷന്മാര് വരെ കരഞ്ഞു പോകും. നിങ്ങളുടെ കണ്ണിൽനിന്ന് ഒരു തുള്ളി കണ്ണീരു പോലും വന്നില്ല.’’

‘‘കണ്ണുനീരിന്റെ വില അറിയാത്ത നിങ്ങളുടെ മുമ്പിലിരുന്ന് കരഞ്ഞാൽ ‍‍ഞാൻ വിഡ്ഢിയാകും. സ്വയം വി‍ഡ്ഢിയാകാൻ  തയാറല്ല. അങ്ങനെ എല്ലായിടത്തും പൊഴിക്കാനുള്ളതല്ല പെണ്ണിന്റെ കണ്ണീര്. കരച്ചില് ഞങ്ങള് നിർത്തിയതാണ്. പൊഴിയാത്ത കണ്ണീരിന്  കാട്ടുകരിങ്കല്ലിനേക്കാൾ കടുപ്പമുണ്ടാകും. അതൊന്നും നിങ്ങൾക്ക് മനസ്സിലാകില്ല.’’ അവര് അതോടെ അടങ്ങി. ചുറ്റുമുള്ളവരുടെ വേദന മനസ്സിൽ തിങ്ങുന്നതുകൊണ്ടാകാം കല്യാണം കഴിക്കണമെന്ന ചിന്തയൊന്നുമുണ്ടായില്ല. ഓ രോന്നിനു പരിഹാരം കണ്ടു കണ്ട് അങ്ങനെ പോയി. വീട്ടിൽ പറയുന്നൊക്കെയുണ്ടായിരുന്നു.

ഇന്നത്തെ സമൂഹത്തിൽ ജീവിക്കാൻ മകൾക്ക്  പ്രത്യേകമായി പഠിപ്പിച്ചു കൊടുക്കുന്ന കാര്യങ്ങൾ ?

പഠിപ്പിക്കേണ്ട ആവശ്യമൊന്നുമില്ല. പറ്റാവുന്നിടത്തെല്ലാം അവളെയും കൊണ്ടുപോകാറുണ്ട്. ഓരോ സാഹചര്യത്തിൽ  എ ങ്ങനെ പെരുമാറണമെന്ന് ചുറ്റുപാടുകളിൽ നിന്ന് അവൾ പഠിക്കട്ടെ. കുഞ്ഞുങ്ങൾക്ക് സ്വാഭാവികമായുള്ള ഒരു വികാസമുണ്ട്. ഞാൻ ഓരോന്നു പഠിപ്പിച്ച് ആ സ്വാഭാവികത നശിപ്പിക്കുന്നതെന്തിനാണ്?

ഇറോം ഷർമിളയുടേതുപോലെ സി.കെ. ജാനുവിനെയും സ്വന്തം ജനത തിരഞ്ഞെടുപ്പിൽ കൈവിട്ടു കളയുമോ?

സംശയമെന്ത്? തീർച്ചയായും കളയും. ഞാനത് പ്രതീക്ഷിക്കുന്നുണ്ട്. മറിച്ച് ചിന്തിക്കുമ്പോഴാണ് എനിക്ക് നിരാശയുണ്ടാകുന്നത്. മണിപ്പൂരിലേതുപോലെ തകിടം മറിച്ചിൽ ഇവിടെയുമുണ്ടാകും. തിരഞ്ഞെടുപ്പിൽ നമ്മൾ നിൽക്കുമ്പോൾ ഒരു കുഞ്ഞിനെ പോലെയാണ്. ആദ്യം മറി‍ഞ്ഞു വീഴും, എഴുന്നേൽക്കും, മുട്ടിലിഴയും. പിന്നെ, നാലു കൈയും കുത്തി എഴുന്നേൽക്കും, ഒടുവിലാണ് നേരെ നിൽക്കുന്നത്. ഈ പ്രക്രിയയിലൂടെ കടന്നു പോകാതെ പറ്റില്ല. പക്ഷേ, ഒരിക്കൽ എഴുന്നേറ്റു നിൽക്കുക തന്നെ ചെയ്യും. ഭൂമി വാങ്ങിക്കൊടുത്തു കഴിഞ്ഞാലും ഇവരെന്നെ തെറിയും വിളിക്കും. തള്ളി പറയുകയും ചെയ്യും. എന്നെ തെറി വിളിച്ചതിന്റെ പേരിൽ അവർക്ക് ഒരു നേരത്തെ ഭക്ഷണം വയറു നിറയെ കിട്ടുന്നുവെങ്കിൽ മൂന്നു നേരം വിളിച്ചോട്ടെ. എനിക്കു സന്തോഷമേയുള്ളൂ. അവർ വയറു നിറയെ അന്നം തിന്നു സമാധാനത്തോടെ കിടന്നുറങ്ങണം. അതാണെന്റെ രാഷ്ട്രീയം. അതുമാത്രമാണ് എന്റെ സ്വപ്നം.