Saturday 06 July 2019 04:50 PM IST

‘കാൻസറിനേക്കാളും വലുതാണ് ഡിപ്രഷൻ!’ കുട്ടിയുണ്ടാകാതിരുന്നതിന്റെ വേദന ചാക്കോച്ചൻ മറികടന്നതിങ്ങനെ

Vijeesh Gopinath

Senior Sub Editor

chackochan

കണ്ണിമ ചിമ്മാതെ അവന്റെ കിളിക്കൊഞ്ചൽ നോക്കിയിരിപ്പാണ്. കുഞ്ഞിളം ചുണ്ടിൽ മില്ലീ മീറ്റർ വലുപ്പത്തിൽ തെളിയുന്ന ആ പുഞ്ചിരി...കെഞ്ചിക്കരച്ചിൽ...അവനാണ് അവരുടെ ലോകം.

കുഞ്ഞ് ഇസ്ഹാഖിന്റെ പുഞ്ചിരിയിൽ ഈ ലോകം തന്നെ കാണുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചനും നല്ല പാതി പ്രിയയും. നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കനിഞ്ഞരുളിയ കണ്മണിയില്‍ ദൈവം അവർക്ക് കാത്തു വച്ചിരുന്നത് ഒരായുഷ്ക്കാലത്തിനും അപ്പുറമുള്ള സന്തോഷം.

ഇസ്ഹാഖ് എന്ന പൊൻപൂവിനെക്കുറിച്ചുള്ള ഓരോ ചോദ്യത്തിനും ഇവിടെയിതാ ഹൃദയം കൊണ്ട് മറുപടി പറയുകയാണ് ചാക്കോച്ചനും പ്രിയയും. ഒരു കുഞ്ഞോമനയ്ക്കായി പ്രാർത്ഥനയും നേർച്ച കാഴ്ചകളുമായി കാത്തിരുന്ന നാളുകൾ. ഒടുവിൽ അതിന്റെയെല്ലാം പൂർണതയായി അവനെ ദൈവം ഭൂമിയിലേക്കയച്ച സുന്ദര നിമിഷം. മനസു തുറക്കുകയാണ്...പ്രേക്ഷകരുടെ പ്രിയതാരമായി മാത്രമല്ല...നല്ലൊരു അച്ഛനായി കൂടി. വനിത ജൂലൈ ലക്കത്തിന് അനുവദിച്ച പ്രത്യേകിച്ച അഭിമുഖത്തിന്റെ പ്രസക്ത ഭാഗം ചുവടെ.

റിസൽറ്റ് നെഗറ്റീവ് ആവുമ്പോൾ ഡിപ്രഷനിലേക്കു പോയവരുണ്ട്. അതൊക്കെ എങ്ങനെ മറികടന്നു?

ഇപ്പോഴത്തെ ഭീകരമായ അസുഖം കാൻസറൊന്നുമല്ല ഡിപ്രഷനാണെന്നു തോന്നിയിട്ടുണ്ട്. പലരും ആ അവസ്ഥയിലൂടെ കടന്നു പോകും. എന്നാൽ ഒരു പോയിന്റ് ഉണ്ട്. അവിടെയെത്തുമ്പോൾ ചിലർ ഡിപ്രഷൻ മറികടക്കാനുള്ള വഴി സ്വയം കണ്ടെത്തും. മറ്റു ചിലർ അതിൽ വീണു പോകും.

കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ ‌റിസൽറ്റ് നെഗറ്റീവ് ആ കുമ്പോൾ ഞങ്ങളും മാനസിക സംഘർഷത്തിൽ വീണു പോയിട്ടുണ്ട്. ഒടുവിൽ അതിൽ നിന്നു രക്ഷപ്പെടാനുള്ള വഴി സ്വയം കണ്ടെത്തി. ഡിപ്രഷൻ വരുമ്പോൾ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഡാൻസ്, പാട്ട്, സ്പോർട്സ്... വ്യായാമം ഡി പ്രഷൻ കുറയ്ക്കാനുള്ള നല്ല വഴിയായി തോന്നി. ബാറ്റ്മിന്റ ൺ കളി ഉഷാറാക്കി. ‘സൂര്യോദയം കാണുന്നതും’ ‘കളകളാരവം ’ കേൾക്കുന്നതുമെല്ലാം ക്ലീഷേ പരിപാടിയാണെങ്കിലും മനസ്സു ശാന്തമാക്കാൻ സഹായിച്ചു.

ഇതൊക്കെ പറയുന്നത് കുഞ്ഞുണ്ടായതോടെ എല്ലാ തികഞ്ഞെന്നു കരുതിയല്ല. ഞങ്ങൾ കടന്നു വന്ന വഴികളിലൂടെ യാത്ര ചെയ്യുന്ന ഒരുപാടു പേരുണ്ട്. അവര്‍ക്കു വേണ്ടിയാണ്.

പ്രിയ: മാസങ്ങളോളം ചുമരും നോക്കി കിടന്നിട്ടുണ്ട് ഞാൻ. ഒരേ മുറി, കുറെ ആകുമ്പോൾ മടുപ്പു വരും. സമയം ചലിക്കാതെയാകു. കൂട്ടിനുള്ളിൽ കിടക്കുന്നതു പോലെ.

എന്നിട്ടും റിസൽറ്റ് നെഗറ്റീവ് ആകുമ്പോൾ സഹിക്കാനാവില്ല. അപ്പോൾ ചാക്കോച്ചൻ പറയും, നമ്മൾ ദൈവത്തിന്റെ കൈയിലെ വെയ്റ്റിങ് ലിസ്റ്റിലാണ്. കാത്തിരിക്കാം. താമസിയാതെ കൺ‌ഫേംഡ് ലിസ്റ്റിലേക്കു കയറും. ഒാരോ പരാജയങ്ങൾക്കു ശേഷവും മൂഡ് മാറ്റാൻ ഞങ്ങൾ യാത്രകൾ പോയി. മിക്കപ്പോഴും എന്റെ അടുത്ത സുഹൃത്തുക്കളും ലീവ് എടുത്ത് ഞങ്ങൾക്കൊപ്പം വരും.

പൂർണമായ വായനയ്ക്ക് വനിത ജൂലൈ ആദ്യ ലക്കം കാണുക