Tuesday 30 June 2020 02:57 PM IST : By സ്വന്തം ലേഖകൻ

ടിക് ടോക്കിനു പകരമാകാൻ 'ചിങ്കാരി'; നിരോധനം വന്ന് ആദ്യ മണിക്കൂറില്‍ അന്വേഷിച്ചെത്തിയത് 20 ലക്ഷം പേർ!

chingari-app55434676

ടിക് ടോക്കിന് പൂട്ടു വീണു, പകരമെന്ത് എന്ന ചോദ്യത്തിൽ ഉടക്കിനിൽക്കുകയാണ് രാജ്യത്തെ യുവതലമുറ. അതേസമയം ആശ്വാസമായി  'ചിങ്കാരി' എന്ന ഇന്ത്യൻ ആപ്പിന് ആരാധകർ ഏറുകയാണ്. ടിക് ടോക് നിരോധനം വന്ന് ആദ്യ മണിക്കൂറില്‍ 20 ലക്ഷം പേരാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. ഇതുവരെ 30 ലക്ഷം പേര്‍ ചിങ്കാരി ഡൗൺലോഡ് ചെയ്തു. 

ചിങ്കാരി ഗൂഗിള്‍ പ്ലേ സ്‌റ്റോറിൽ ട്രെന്റിങ് ലിസ്റ്റിൽ ഇടം പിടിക്കുന്ന കാലം വിദൂരമല്ല. ടിക് ടോക്കിന്റെ അതേ സവിശേഷതകളാണ് ചിങ്കാരിയ്ക്കും ഉള്ളത്. ഉപയോക്താക്കള്‍ക്ക് വിഡിയോകള്‍ അപ്ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും ചാറ്റ് ചെയ്യാനുമൊക്കെ ഈ ആപ്പിൽ സൗകര്യമുണ്ട്. വാട്‌സ്അപ്പ് സ്റ്റാറ്റസ്, വിഡിയോ, ഓഡിയോ ക്ലിപ്പുകൾ, ഫോട്ടോകള്‍ എന്നിവ ഉപയോഗിക്കാൻ പറ്റും. മലയാളം, ഹിന്ദി, ഇംഗ്ലിഷ്, തമിഴ്, തെലുങ്ക്,  കന്നഡ, ബംഗള, ഗുജറാത്തി, മറാത്തി, പഞ്ചാബി എന്നീ ഭാഷകളില്‍ ഈ ആപ്പ് ഉപയോഗിക്കാം. 

ബെംഗളൂരു അടിസ്ഥാനമാക്കിയുള്ള ബിശ്വാത്മാ നായ്ക്കും സിദ്ധാര്‍ത്ഥ് ഗൗതവും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം രൂപപ്പെടുത്തിയതാണ് ചിങ്കാരി ആപ്പ്. ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ള പ്രമുഖർ ചിങ്കാരി ഡൗൺലോഡ് ചെയ്തവരിൽ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ടിക് ടോക് ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ആനന്ദ് മഹീന്ദ്ര ചിങ്കാരി ഡൗണ്‍ലോഡ് ചെയ്തതായി ട്വീറ്റ് ചെയ്തിരുന്നു. ആപ്പിളിന്റെ ആപ്പ് സ്‌റ്റോറിലും ചിങ്കാരി ലഭിക്കും. 

Tags:
  • Spotlight