Saturday 03 March 2018 12:39 PM IST

ഫ്രെഷ്... ഐ ‘മീൻ’ ഇറ്റ്! മത്സ്യത്തിൽ മായമുണ്ടോ എന്ന് ഇനി ഉരച്ചു നോക്കാം, രണ്ടു രൂപയുടെ ഈ സ്ട്രിപ് മീനിന്റെ ഗുണമേൻമ ഉറപ്പു വരുത്തും; കയ്യടിക്കാം ഈ കണ്ടുപിടിത്തത്തിന്

Sujith P Nair

Sub Editor

ciftest1

രണ്ടു രൂപയാണ് ഒരു സ്ട്രിപ്പിന്റെ വില. 25 എണ്ണത്തിന്റെ ഒരു പായ്ക്കറ്റിന് വില 50 രൂപ. ചിലപ്പോൾ അതിനേക്കാൾ കുറയും. ആർക്കും പ്രാപ്യമായ ഒന്നാണിതെന്ന് സാരം. ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുക്കളായ മലയാളികൾക്ക് മീനിന്റെ മായം കണ്ടെത്താൻ ഈ തുക മുടക്കാൻ ഒരു മടിയും ഉണ്ടാകില്ല, ഉറപ്പ്. മത്സ്യത്തിൽ ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്നു  കണ്ടെത്തുന്നതിനു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി വികസിപ്പിച്ചെടുത്തതാണ് ഈ സ്ട്രിപ്പ്.

ciftest2


സിഫ്‌ടെസ്റ്റ് എന്ന പേരിൽ രണ്ടുതരം പരിശോധനാ കിറ്റുകളാണു തയാറാക്കിയത്. ഒരു കിറ്റിൽ 50 സ്ട്രിപ്പുകളുണ്ട്. സ്ട്രിപ് മൽസ്യത്തിന്റെ പുറത്ത് ഉരസിയശേഷം പ്രത്യേക ലായനി പുരട്ടി മായം കലന്നിട്ടുണ്ടോയെന്നു കണ്ടെത്താം. മായം ചേർന്നിട്ടുണ്ടെങ്കിൽ സ്ട്രിപ്പിൽ നിറവ്യത്യാസം ഉണ്ടാവും. മത്സ്യത്തില്‍ ഫോർമാൽ ഡീഹൈഡ് അടങ്ങിയിട്ടുണ്ടെങ്കിൽ വെള്ള സ്ട്രിപ്പ് 30 സെക്കൻഡിനുള്ളിൽ നീല നിറമാകും. അമോണിയ ആണ് ഉള്ളതെങ്കിൽ രണ്ടു മിനിറ്റിനുള്ളിൽ പച്ചനിറമാകും.

ciftest4


സിഐഎഫ്ടിയിലെ ഗവേഷകരായ എസ്.ജെ.ലാലിയുടെയും ഇ.ആർ. പ്രിയയുടെയും നേതൃത്വത്തിലുള്ള സംഘമാണ് സ്ട്രിപ് വികസിപ്പിച്ചത്. വെറുതേ വലിച്ചു വാരിയിടുന്ന മത്സ്യം അങ്ങനെയല്ല സൂക്ഷിക്കേണ്ടതെന്ന് പലർക്കും അറിയില്ല. അഞ്ചു ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഊഷ്മാവുണ്ടെങ്കിൽ മീൻ വേഗത്തിൽ കേടായി പോകും. ഇതൊഴിവാക്കാനും കൂടുതൽ ദിവസത്തേക്ക് കേടുവരാതെ ഇരിക്കാനുമാണ് മീനിൽ ഫോർമാൽഡീഹൈഡും അമോണിയയും  പോലുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നത്. ഇത് ആരോഗ്യത്തിന് അത്യന്തം ദോഷകരവുമാണ്. സ്ട്രിപ് ടെസ്റ്റ് നടത്തുന്നതും സിംപിളാണ്. മീനിൽ സ്ട്രിപ് ഉരസുക. തുടർന്ന് കിറ്റലുള്ള റീജന്റ് മിക്സ് ഒരു തുള്ളി ഒഴിക്കുക.

ciftest5

മീനിൽ മായം ഉണ്ടെങ്കിൽ പിന്നീട് മുകളിൽ പറയും പോലെ സംഭവിക്കും. സ്ട്രിപ്പിന്റെ പായ്ക്കറ്റിൽ നിറങ്ങൾ നൽകിയിട്ടുണ്ട്. ഈ നിറവുമായി ഒത്തു നോക്കി നിങ്ങൾക്ക് മീനിൽ മായം ഉണ്ടോയെന്ന് ഉറപ്പു വരുത്താം.

ciftest3


ഒരു സ്ട്രിപ്പിനു നിലവിൽ രണ്ടു രൂപ വില വരും. വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുമ്പോൾ വില കുറയും. വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുന്നതിനു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. മൂന്നു മാസത്തിനകം സ്ട്രിപ് വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ചു തുടങ്ങുമെന്നാണ് വിവരം.