Friday 29 May 2020 04:00 PM IST

കോറോണക്കാലത്തെ ലൈംഗികത; ട്രോളി തോൽപ്പിക്കാനാകില്ല മക്കളെ!!!

Lakshmi Premkumar

Sub Editor

troll-1

ട്രോൾ നമ്പർ 1

എത്ര കാലംന്ന് വച്ചാ ഇങ്ങനെ നിൽക്കുക? നിന്ന് മടുത്ത് ആരും കാണാതെ കൊറോണക്കാലത്ത് മൊണാലിസയൊന്ന് ഇരുന്നു നോക്കി. ഏത് ??? നമ്മുടെ ലിയോനാഡോ ഡാവിഞ്ചിയുടെ സ്വന്തം മൊണാലിസ തന്നെ.

കാലൊക്കെ ഉയർത്തിവച്ച് റിലാക്സ്ഡ് ആയി ഇരുന്നൊന്ന് നടുവ് നിവർത്തും മുൻപ് ദാ, കേരളത്തിലെ ട്രോളൻമാരുടെ കയ്യിൽ ആ ഫോട്ടോയും എത്തി. പുല്ല്...

കൊറോണക്കാലമല്ലേ, ലോകം മുഴുവൻ സർവ മനുഷ്യരും വീടിനുള്ളിൽ ചടഞ്ഞിരിക്കുവല്ലേ എന്നൊക്കെ കരുതി ഒന്നി രുന്നപ്പോഴേക്കും ഈ ട്രോളൻമാർ വലയും വിരിച്ച് നിൽക്കു കാണെന്ന് പാവം മൊണാലിസ അറിഞ്ഞില്ലല്ലോ.

ട്രോൾ നമ്പർ 2

ഹല്ലോ... കൊറോണയല്ലേ... ?

അതേ.

ഞാൻ നിപ്പയാടാ.

അനുഭവം കൊണ്ടു പറയുവാ,

ആ കേരളത്തിൽ നിന്ന് കളിക്കണ്ട

അവര് നിന്നെ ഓടിക്കും...

പിടിച്ച് നിക്കാൻ വല്യ പാടാ!!!

കൊറോണ എന്ന മഹാമാരിയുടെ ഭീതിയിലാഴ്ന്നപ്പോഴും മലയാളികൾ ചുണ്ടിൽ ഒരു ചെറിയ ചിരിയോടു കൂടിയാണ് ട്രോളുകളെ സ്വീകരിച്ചത്. എന്തിനേയും ഒറ്റക്കെട്ടായി നേരിടാമെന്ന് ചങ്കുറപ്പുള്ളിടത്തോളം കാലം, നമുക്ക് തമാശയെ തമാശയായി കാണാനും നീറുന്ന മനസ്സിൽ ഒരൽപം ചിരി പടർത്താനും കഴിയുമെന്നുമാണ് ചാറ്റൽമഴ പോലെ പെയ്തിറങ്ങുന്ന ട്രോളുകൾ പറയുന്നത്. ലോകം സോഷ്യൽ മീഡിയയിലേക്കും മൊബൈൽ ഫോണിലേക്കും കൂപ്പു കുത്തിയ ഈ ക്വാറന്റീൻ സമയത്തും ഏറ്റവും ഹിറ്റടിച്ചത് നർമം നിറഞ്ഞ ഈ ട്രോളുകൾ തന്നെ.

കൊറോണ കുറച്ച് സീരിയസാണ്

troll-2

കൊറോണയൊന്നും നമുക്കു വരുകേല എന്നു പറഞ്ഞ് നെഞ്ചും വിരിച്ചു നടന്നിരുന്ന മലയാളിയുടെ നെഞ്ചിലേക്കാണ് പത്തനംതിട്ടയിൽ നിന്ന് ആ വാർത്തയെത്തിയത്. ഇറ്റലിയിൽ നിന്ന് വന്ന മൂന്നു പേർ കൊറോണ പോസിറ്റീവ്. ഭയത്തിന്റെ നീരാളിപിടുത്തത്തിന്റെ ആദ്യ പടി അവിടെ തുടങ്ങുകയായിരുന്നു. രോഗത്തിന്റെ കാഠിന്യം ഇന്നത്തെയത്ര മനസ്സിലായിട്ടില്ലെങ്കിലും കേരളം ഒട്ടാകെ ഭയന്നു. ഗൂഗിളില്‍ ആ ദിവസങ്ങളിൽ നാം ഏറ്റവും സെർച്ച് ചെയ്തതും കൊറോണയെന്ന വാക്കായിരുന്നു. ഒരു വശത്ത് ഭീതിയുടെ നിഴൽപ്പാടുകൾ പടരുമ്പോഴും മറുവശത്ത് ട്രോളൻമാർ ഇറക്കി വിടുന്ന ഫലിതങ്ങളിൽ നാം പുഞ്ചിരിച്ചു. പല ഗ്രൂപ്പുകളിലേക്കും കയ്യിൽ കിട്ടുന്നതെല്ലാം ഫോർവേഡ് ചെയ്തു. ഞാൻ ചിരിക്കും പോലെ എ ന്റെ പ്രിയപ്പെട്ടവരും ചിരിക്കട്ടെ എന്നു കരുതി.

ഇറ്റലി അച്ചായൻ ഇൻ...

പണ്ടൊക്കെ വിദേശത്തു പോയി നാല് കാശുണ്ടാക്കി വരുന്നവർക്ക് നാട്ടിൽ വലിയ നിലയും വിലയുമാണ്. അതു മാറിയിട്ട് എൻആർഐ എന്നു കേട്ടാൽ വടിയെടുക്കുന്ന അവസ്ഥ.

വിദേശത്തു നിന്നും നാട്ടിലേക്കെത്തുന്നവർക്കായിരുന്നു ‘ഇറ്റലി അച്ചായൻ’ എന്ന പേരിൽ ട്രോളിന്റെ ആദ്യത്തെ നറുക്ക് വീണത്. ആദ്യത്തെ ചിത്രത്തിൽ രജനീകാന്ത് സ്‌റ്റൈലി ൽ പെട്ടിയും തൂക്കി വരുന്നവരും രണ്ടാമത്തേതിൽ നാട്ടുകാർ ഓടിക്കുന്ന ചിത്രവുമായിട്ടാണ് ചില ട്രോളുകൾ ഇറങ്ങിയത്. കോറോണയുമായി ഓരോ വീടുകളിലും കയറിയിറങ്ങി വിശേഷം പങ്കുവയ്ക്കുന്ന ഇറ്റലി അച്ചായന്റെ ചിത്രവും കുറവല്ല. എന്നാൽ ഇറ്റലി കുടുംബം പൂർണമായും സുഖപ്പെട്ട് വീട്ടിലേക്ക് മടങ്ങിയ ചിത്രങ്ങൾ ഒന്നും ഒരു ട്രോളനും പങ്കുവച്ച് കണ്ടില്ല. ദോഷം പറയരുതല്ലോ, സ്വൽപം തിന്മയില്ലാത്ത ഇടങ്ങൾ ട്രോളൻമാർക്ക് അത്ര പഥ്യമില്ല.

ക്വാറന്റീൻ കാലം

എല്ലാവരോടും ഇരുപത്തിയൊന്ന് ദിവസം വീട്ടിലിരുന്നോളാ ൻ സർക്കാരിന്റെ പ്രഖ്യാപനം വന്ന് നിമിഷങ്ങൾക്കുള്ളിൽ ത ന്നെ ട്രോളുകളുടെ പെരുമഴയും തുടങ്ങി. ‘രോഗമൊന്നുമില്ലെങ്കിലും ഗംഗയ്ക്ക് വേണ്ടി ഐസലേഷനിൽ പോകാൻ തയാറായ ശ്രീദേവിയാണ് എന്റെ ഹീറോ’. മണിച്ചിത്രത്താഴ് സിനിമയിലെ വിനയാ പ്രസാദിന്റെ ചിത്രത്തോടെ പ്രചരിച്ച ട്രോളാണ് ആദ്യ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ആളുകളിലേക്ക് ഒഴുകിയത്.

വീട്ടിലെ എല്ലാ അംഗങ്ങളേയും ഒന്നിച്ച് മേയ്ക്കേണ്ടി വ രുന്ന അമ്മമാരായിരുന്നു പിന്നീട് ട്രോളിലെ താരങ്ങൾ. പറമ്പിൽ നിന്നും ഓലയും വലിച്ചു വരുന്ന അമ്മയെ നോക്കി മക്കളും അച്ഛനും ‘ഇനി വല്ല തോരനും വയ്ക്കാനാണോ’ എന്ന് സംശയിക്കുമ്പോൾ സത്യത്തിൽ കേരളത്തിലെ ഓരോ അമ്മമാരും നാളേക്ക് ഒരു പരീക്ഷണ തോരൻ വച്ചാലോ എന്ന ചിന്തയിൽ തന്നെയായിരുന്നു. അഞ്ച് ആളിൽ കൂടുതൽ കൂടിയാൽ പൊലീസ് വരുമെന്ന് അറിഞ്ഞുടനെ ദാ ,വീണ്ടും വന്നു. എല്ലാവരേയും വീട്ടിൽ പോയി കൂട്ടിക്കൊണ്ടു വന്ന് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചവൻ ആദ്യ ബോളിൽ തന്നെ ഔട്ടായി. സലീം കുമാറിന്റെ ഇമേജിൽ നേരെ പൊലീസിലേക്ക് വിളി. ‘‘ഹലോ, പൊലീസ് സ്‌റ്റേഷൻ ഇവിടെ ഒരു കൂട്ടം ആൾക്കാർ ക്രിക്കറ്റ് കളിക്കുന്നു.’’ വല്ലപ്പോഴും വീട്ടിൽ കിട്ടുന്ന മക്കളെയെല്ലാം ഒന്നിച്ച് പ്രാർഥനയ്ക്ക് ഇരുത്തുന്ന അമ്മയെ ട്രോളി ഇളയ മകൻ ‘ഹലോ പൊലീസല്ലേ, ഇവിടെയൊരു സ്ത്രീ ഞങ്ങളെ കൂട്ടം കൂടാൻ നിർബന്ധിക്കുന്നു.’

വീട്ടിലെ കഥകൾ

troll-3

നിത്യജീവിതത്തിലെ സംഭവങ്ങളിൽ നിന്നുമാണ് കൂടുതലും രസകരമായ ട്രോളുകൾ പിറക്കുന്നത്. ‘ഇനി മുതൽ ഞാനിവിടെ സാമ്പാറ് വയ്ക്കില്ലെ’ന്ന് ഭാര്യ. ഭർത്താവാകട്ടെ കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയും. ‘മോളൂ... ലോക്ഡൗണാണ് വേറൊന്നും കിട്ടാനില്ലെ’ ന്ന ഷമ്മിയുടെ സൈക്കോ മറുപടിയിൽ ‘എന്നാൽ പിന്നെ മുരിങ്ങക്കോൽ ഇടാതെ ഉണ്ടാക്കാം.’ എന്ന ഭാര്യയുടെ മാസ് മറുപടിയിൽ സംഭവം ക്ലോസ്.

ഇന്ന് ഞായറാഴ്ചയാണ് എന്ന് അച്ഛൻ പറയുമ്പോൾ മ കൻ ‘ തെറ്റ്, ഞായർ തിങ്കൾ ദിവസങ്ങൾ ഒന്നുമില്ല. പകൽ കഴിഞ്ഞാൽ രാത്രി, രാത്രി കഴിഞ്ഞാൽ പകൽ എന്നതാണ് സത്യം’. മറ്റൊരു വിരുതൻ ട്രെയിനിലെ ബോഗിയും വീടും ഇപ്പോൾ ഒ രുപോലെയാണെന്നാണ് കണ്ടെത്തിയത്. ‘ഇടയ്ക്കിടെ ബാത്റൂമിൽ പോകുക. തിരിച്ചു വന്ന് പഴയ സ്ഥലത്ത് ഇരിക്കുക.’ ഓർക്കുമ്പോൾ ശരിയാണല്ലോ എന്ന് ചിന്തിക്കുന്ന കുറച്ചു പേരെങ്കിലും നമുക്കിടയിലുണ്ട്.

ക്വാറന്റീൻ തുടങ്ങിയ കാലത്ത് സിക്സ് പാക്കിൽ വീട്ടിലി രിക്കുന്ന സ്പൈഡർമാൻ പോകെ പോകെ കുടവയർ ചാടി ത ടിച്ചുരുണ്ട് ഇരിക്കുന്ന ചിത്രങ്ങള്‍ കണ്ട് കുട്ടികൾ പോലും പൊട്ടി ചിരിച്ചു പോയി. ഈ ഐസൊലേഷനും ക്വാറന്റീനും ഒന്നും പുത്തരിയല്ല. നമ്മുടെ പുരാണത്തിൽ ഇവയെല്ലാം പരാമർശിക്കുന്നുണ്ടെന്ന് ചൂണ്ടി കാണിക്കുന്നതായിരുന്നു മറ്റൊരു വിഭാഗം ട്രോളുകൾ. ചൂതുകളിയിൽ തോറ്റ പാണ്ഡവരോട് 12 വർഷം വനത്തിൽ ഐസൊലേഷനിൽ പോകാനും പതിമൂന്നാം വർഷം സെൽഫ് ക്വാറന്റീനിൽ കഴിയാനും ദുര്യോധനൻ ആ വശ്യപ്പെട്ടു എന്നതായിരുന്നു പ്രധാന ട്രോൾ.

ചില്ലിങ് ഇഷ്ടപ്പെടുന്ന യുവ തലമുറയ്ക്കായിരുന്നു അടുത്ത ഏറ്. ‘എവിടെ നിങ്ങളുടെ ഷവർമയും തന്തൂരിയും’ എ ന്ന് കളിയാക്കി ചോദിക്കുന്ന ചമ്മന്തിയും ചോറും’. വർക്ക് അറ്റ് ഹോം കിട്ടിയ പെങ്ങളുടെ ഫോൺ ഡാറ്റയൂരി രണ്ടു സിനിമ ഡൗൺലോഡ് ചെയ്ത ആങ്ങള, സഹായിക്കാൻ പറയുമ്പോൾ ‘സോറി ലോക്ഡൗൺ’ എന്ന് എസ്ക്യൂസ് പറയുന്നു. ഭക്ഷണം കഴിക്കാനെത്തുമ്പോൾ ‘സോറി ലോക്ഡൗൺ’ എന്ന് മാസ് മറപടി പറയുന്ന അമ്മ ഇതെല്ലാം നേർ ജീവിതത്തിൽ നാം മുഖാമുഖം കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതുമായ സാഹചര്യങ്ങ ൾ തന്നെയാണ്.

കൈകഴുകിക്കോളീ...

troll-4

കൈ 20 സെക്കന്‍ഡ് നന്നായി സോപ്പിട്ട് കഴുകണമെന്ന് പ്രഖ്യാപനം വന്നപ്പോൾ ട്രോളൻമാർ ആദ്യം ലക്ഷ്യം വച്ചത്. ഒരു സോപ്പു കമ്പനിയുടെ പരസ്യമാണ്. കുറേ നേരമെടുത്ത് ൈകകഴുകുന്ന കുട്ടിയെ കളിയാക്കി ‘നിന്റെ സോപ്പെന്താ സ്ലോ ആ ണോ’. എന്നാണ് കൂട്ടുകാർ ചോദിച്ചത്. എന്നാൽ ആ കുട്ടിയുടെ നിഷ്കളങ്കത കാലം തെളിയിച്ചു എന്നാണ് ട്രോളൻമാർക്ക് പറയാനുള്ളത്. ഇന്നിപ്പോൾ എല്ലാവരും വളരെ നേരമെടു ത്താണ് കൈകഴുകുന്നത്.

കൊറോണ കേരളത്തില്‍ ചമ്മിപ്പോയ ഒരു സാഹചര്യമുണ്ട്. ക്വാറന്റീൻ സമയത്ത് മദ്യം കിട്ടാതെ മരിച്ചവരും, സാനി റ്റൈസറിലെ ആൽക്കഹോളിനായി സാനിറ്റൈസർ കുടിച്ച് മരിച്ചവരും കൊറോണയെ ഒരു വട്ടമല്ല ഒരായിരം വട്ടമാണ് തോ ൽപ്പിച്ചത്. തോൽവികൾ ഏറ്റുവാങ്ങാൻ ചന്തുവിന്റെ (കൊറോ ണയുടെ) ജീവിതം ഇനിയും ബാക്കി എന്നു തുടങ്ങി പത്രത്തിലെ മരണവാർത്ത വായിക്കുന്ന കൊറോണയുടെ പ്ലിങ്ങിയ മുഖം വരെ ട്രോളുകളായി മാറി. ശങ്കരാടിയും, മമ്മൂട്ടിയുടെ ചന്തുവും, സലീം കുമാറിന്റെ ചമ്മിയ മുഖവും കൊറോണയായി എത്തി. ഗത്യന്തരമില്ലാതെ ‘ഇങ്ങനെയാണേൽ ഞാനില്ല ഈ കളിക്ക്’ എന്ന് പറഞ്ഞ് കേരളത്തിൽ നിന്നും പിന്തിരിഞ്ഞ് പോകുന്ന കൊറോണയേയും നമുക്ക് കാണാം.

നായ്ക്കളായിരുന്നു ട്രോളുകളിലെ മറ്റൊരു താരം, രാവിലെ തന്നെ കുളിച്ച് കണ്ണുകളെഴുതി പൊട്ട് തൊട്ടിരിക്കുന്ന പട്ടിയുടെ ചിത്രത്തിന്, ‘പണിയില്ലാതെ വീട്ടിലിരിക്കുന്ന ബ്യൂട്ടീഷന്റെ വീട്ടിലെ പട്ടി’ യെന്നായിരുന്നു അടിക്കുറിപ്പ്. ജനങ്ങളെല്ലാം വീട്ടിലിരിക്കുമ്പോൾ നാട്ടിൽ നിയന്ത്രണങ്ങളില്ലാതെ കറങ്ങി നടക്കാൻ അനുവാദമുള്ള നായ്ക്കളായിരുന്നു അടുത്ത രാജാക്കൻമാർ. ‘വീട് നോക്കിയിവിടെ ഇരുന്നോണം. ഞാൻ പുറത്തെ കാര്യങ്ങൾ ഒന്ന് അന്വേഷിച്ചിട്ട് വരാമെന്ന് ’ യജമാനനോട് പറയുന്ന നായ. തമാശയാണെങ്കിലും ചിന്തിക്കുമ്പോൾ പച്ചയായ യാഥാർഥ്യമാണ്, ചങ്കു കലങ്ങുന്ന നേർക്കാഴ്ചയാണ്.

കൂട്ടിലടയ്ക്കുക എന്നത് ഇതുവരെ ചെയ്തു മാത്രം പരിചയമുള്ള മനുഷ്യൻ കുറച്ചു ദിവസമായി അത് അനുഭവിക്കുന്നുണ്ട്. ‘‘രണ്ടു ദിവസമേ പ്രശ്നമുള്ളൂ. അടുത്ത ദിവസം തൊട്ട് ശീലമായിക്കൊള്ളും.’’ കൂട്ടിലടയ്ക്കപ്പെട്ട തത്ത മനുഷ്യന് കൊടുക്കുന്ന ഉപദേശമാണ്.

ജോത്സ്യൻമാരെ ഇതിലേ... ഇതിലേ...

troll-5

ഏറ്റവും കൂടുതൽ ട്രോളുകൾ വാരിക്കൂട്ടിയ ആളുകളാണ് ജോത്സ്യൻമാർ. വിവാഹം മാറ്റിവച്ചു എന്ന നിരവധി പത്ര പരസ്യങ്ങൾക്കു താഴേയായി ഒന്നും മിണ്ടാതെ ഇളിഭ്യനായി ഇരിക്കുന്ന സിനിമാതാരങ്ങളുടെ ചിത്രങ്ങളും ‘ഏറ്റവും മികച്ച സമയം കുറിച്ചു കൊടുത്ത ജോത്സ്യൻ’എന്ന തലക്കെട്ടോടും കൂടിയാണ് ഇത്തരം ട്രോളുകൾ ഇറങ്ങിയത്. മാഗസിനിലെ ജ്യോതിഷം പംക്തിയിൽ ‘എല്ലാം പോസറ്റീവായിരിക്കും’ എന്ന ഗ്രഹനിലയുള്ളവന്റെ ടെൻഷൻ ട്രോളാനും ട്രോളൻമാർ മറന്നില്ല.

നിയമങ്ങൾ കർക്കശമാക്കിയപ്പോൾ ട്രോളുകൾ അതിലേറെ രസകരമായി. ലോക് ഡൗണുമായി സഹകരിച്ച് വീട്ടിലിരിക്കുമ്പോൾ വള്ളിക്കെട്ടുമായി വരുന്ന ചങ്ക് ‘അളിയാ, റോഡിൽ കൂട്ടം കൂടി നിൽക്കുന്നവരെ പൊലീസ് ഓടിക്കുന്നു’ എന്നു പറയുന്നു. ഉടൻ തന്നെ ചങ്കിന്റെ സൈക്കളിൽ കയറി സംഭവം അറിയാൻ പോകുന്ന സുഹൃത്ത്. അനാവശ്യമായി ടൗണിലിറങ്ങിയതിന് അടിയും കൊണ്ട് തിരികെയെത്തിയ കൂട്ടുകാരാണ് ട്രോളുകളിൽ കുടുകുടെ ചിരിപ്പിച്ചത്. തലയിണ ശരീരത്തിലാകെ വച്ചു കെട്ടി പൊലീസിനെ പറ്റിക്കാൻ പോകുമ്പോൾ മുട്ടിനു താഴെ ചൂരലിന് അടികൊടുത്ത് പോലീസ് മാസാകുന്നു.

കോഴിക്കോട് സിറ്റി പോലീസ് ടീമിന്റെ ഫെയ്സ്ബുക്കിൽ മാവൂർ റോഡിൽ നിന്നുമുള്ള അസ്തമയത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തു. വീട്ടിലിരുന്ന് ബോറടിച്ച കോഴിക്കോടുകാരൻ സന്തോഷത്തോടെ കുറിച്ചു, ‘എത്ര ദിവസമായി പട്ടണമൊക്കെ കണ്ടിട്ട്.’ ഉടൻ വന്നു മറുപടി. ‘നാളെ ബീച്ചും എസ് എം സ്ട്രീറ്റും കാണിച്ചു തരാം. ദയവു ചെയ്തു പുറത്തിറങ്ങരുത്’ .

ഇതിനിടയിൽ അതാ വരുന്നു വനിതയ്ക്കും ഒരു ട്രോൾ. മമ്മൂട്ടിയും സലിംകുമാറും ഫോണിൽ സംസാരിക്കുന്ന ചിത്രത്തിൽ വനിതാ മാസിക ഒാഫിസിൽ അസോഷ്യേറ്റ് എഡിറ്റർ ചോദിക്കുന്നു, ഈ തവണത്തെ കവർ േസ്റ്റാറി? ചീഫ് എഡിറ്ററുടെ ഉത്തരം: സംശയമെന്താ, കൊറോണക്കാലത്തെ ലൈംഗികത, അറിയേണ്ടതെല്ലാം.

ഇതെല്ലാം വീണ്ടും വീണ്ടും വായിച്ചു ചിരിച്ച് നമ്മൾ കൊ റോണയോട് പറയുന്നത് അതുതന്നെയാണല്ലോ.

മലയാളിയെ തോൽപ്പിക്കാൻ ആവില്ല മക്കളേ...

Tags:
  • Spotlight