Wednesday 18 November 2020 11:32 AM IST : By സ്വന്തം ലേഖകൻ

‘ഇതുവരെ 627 ഡോക്ടർമാർ കോവിഡുമായി മല്ലിട്ട് മരിച്ചു; രണ്ടാംവരവിൽ കൂടുതൽ കരുതലോടെ, ശക്തിയോടെ നേരിടണം’: കുറിപ്പ്

noohuuu

കോവിഡ് രാജ്യത്ത് പിടിമുറുക്കിയിട്ട് ഒരു വർഷം ആകുന്നു. ഒട്ടേറെ കുടുംബങ്ങൾക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു കഴിഞ്ഞു. ഇക്കൂട്ടത്തിൽ ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. രാജ്യത്ത് ഇതുവരെ നഷ്ടപ്പെട്ടത് 627 ഡോക്ടർമാരുടെ ജീവിതങ്ങൾ. ഇതു സംബന്ധിച്ച് ഡോ സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. 

ഡോ സുൽഫി നൂഹു പങ്കുവച്ച കുറിപ്പ്  വായിക്കാം;

കഥ ഇതുവരെ!

ജീവനുകൾ വെറും എണ്ണം ആകുമ്പോൾ, ഇതുവരെ നഷ്ടപ്പെട്ടത് 627 ഡോക്ടർമാരുടെ ജീവിതങ്ങൾ. കേരളത്തിൽ സർജ്ജ് താഴാൻ തുടങ്ങുന്നുണ്ടോയെന്ന ഘട്ടത്തിൽ മാത്രമേ എത്തിയിട്ടുള്ളൂ. അടുത്ത വലിയ തിരമാലകൾ വന്നേക്കാം. മറ്റ് രാജ്യങ്ങളെ പോലെ, കേരളത്തിലും ഭാരത്തിലും  രണ്ടാമതൊരു തരംഗം വരാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തണം. ഇതുവരെ 627 ഡോക്ടർമാർ കോവിഡുമായി മല്ലിട്ട് മരിച്ചു.

ഇതിൽ ബഹുഭൂരിപക്ഷവും കോവിഡ് ഇതര ചികിത്സ നൽകുന്ന സ്ഥലങ്ങളിലായിരുന്നു എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ഇതുവരെ കേരളത്തിൽ മൂന്നു ഡോക്ടർമാരുടെ  ജീവൻ മാത്രമേ നഷ്ടപ്പെട്ടുള്ളൂവെന്നുള്ളത് ആശ്വാസകരവും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്വകാര്യ ആശുപത്രികളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും കോവിഡ് ഇതര ചികിത്സാ കേന്ദ്രങ്ങളിൽ നടത്തിയ ശക്തമായ ഇടപെടലുകൾ മരണനിരക്ക് താൽക്കാലികമായെങ്കിലും കുറക്കുന്നതിൽ വലിയ പങ്ക്‌ ഉണ്ടെന്ന് കരുതപ്പെടുന്നു

ഡോക്ടർമാർക്ക് ആയിരത്തോളം ട്രെയിനിങ്ങുകൾ, ആരോഗ്യപ്രവർത്തകർക്ക്  കൃത്യമായ മാർഗനിർദേശങ്ങൾ, ഐ സേഫ് പദ്ധതിയിലൂടെ ആശുപത്രികളും ക്ലിനിക്കുകളും തുറന്നു പ്രവർത്തിക്കുവാനുള്ള അതീവ കർശനമായ  മാനദണ്ഡങ്ങൾ, n95 ഡോക്ടർമാർക്ക് കർശനമാക്കിയത്, എസി ഉപയോഗിക്കാത്ത തുറന്നിട്ട മുറികൾ, തിരക്ക് കുറച്ചുള്ള അപ്പോയ്മെന്റിലൂടെ മാത്രമുള്ള പരിശോധനകൾ തുടങ്ങി നിരവധി നടപടികൾ. മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ ഒന്നു നോക്കൂ. ഡോക്ടർമാർക്കിടയിലെ മരണനിരക്ക് വളരെ കൂടുതൽ. 

കഥ ഇതുവരെ ഇങ്ങനെ. രണ്ടാംവരവിൽ കൂടുതൽ കരുതലോടെ കൂടുതൽ ശക്തിയോടെ കോവിഡ് 19 നെ നമുക്ക് നേരിടണം.

Tags:
  • Spotlight
  • Social Media Viral