Thursday 13 August 2020 12:42 PM IST : By സ്വന്തം ലേഖകൻ

വാക്സീൻ മകൾക്ക് നല്‍കി എന്നതിലല്ല കാര്യം, വേണ്ടത് ശാസ്ത്രീയമായ തെളിവുകൾ; കാരണങ്ങൾ നിരത്തി കുറിപ്പ്

put

കോവിഡ് പ്രതിരോധ രംഗത്ത് സുപ്രധാന നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കുകയാണ് റഷ്യയുടെ കോവിഡ് വാക്സീൻ പ്രഖ്യാപനം. പക്ഷേ പ്രഖ്യാപനത്തോട് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കുകയാണ് ഡോ. നെൽസൺ ജോസഫ്. വാക്സീനുകൾ മികച്ചതാണെന്നും ഫലപ്രദമാണെന്നും സമർത്ഥിക്കേണ്ടത് തെളിവുകളുടേയും അതിന്റെ അനന്തര ഫലങ്ങളുടേയും അടിസ്ഥാനത്തിലാണെന്ന് ഡോക്ടർ കുറിക്കുന്നു. പ്രസിഡന്റിന്റെ മകൾക്ക് നൽകുന്നതും ഒരു സാധാരണക്കാരന് നൽകുന്നതുമൊക്കെ ശാസ്ത്രത്തിന്റെ മുന്നിൽ തുല്യ വിലയാണുള്ളത്. വാക്സീൻ കൊണ്ട് വിപരീത ഫലം ഉണ്ടാകില്ല എന്ന പ്രതീതി മാത്രമേ അതു കൊണ്ടുണ്ടാകൂ. വാക്സീന്റെ വിശ്വാസ്യത ഇനിയും തെളിയിക്കേണ്ടി ഇരിക്കുന്നു എന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

പുടിന്റെ വാക്സീൻ

മോഡിയും ട്രമ്പും പുടിനും പറയുന്നതല്ല വിശ്വാസം. സയൻസും ഡാറ്റയും സംസാരിക്കുന്നതാണ്

ഈ വർഷം അവസാനം നമ്മൾ വാക്സിൻ ഇറക്കുമെന്ന് ട്രമ്പോ ആഗസ്റ്റ് പതിനഞ്ചാവുമ്പൊഴേക്ക് ഇവിടെ വാക്സിൻ പ്രഖ്യാപിക്കുമെന്ന് മറ്റാരെങ്കിലുമോ പറയുമ്പൊ ഉണ്ടാവുന്ന അതേ റിയാക്ഷനേ ലോകത്തെ ആദ്യത്തെ കൊവിഡ് വാക്സിൻ റഷ്യ കണ്ടെത്തി എന്ന് പറയുന്ന പ്രഖ്യാപനത്തോടുമുള്ളൂ.

സയൻസിനും വാക്സിൻ ഡെവലപ്മെൻ്റിനും ആവശ്യമുള്ളത് സമയവും തെളിവുകളുമാണ്. റഷ്യയോ അമേരിക്കയോ ഇന്ത്യയോ വാക്സിൻ കൊണ്ടുവരട്ടെ, തെളിവുകളും ശാസ്ത്രം അനുശാസിക്കുന്ന രീതികളും അനുസരിച്ച് മതി.

വാക്സിനുകൾ ക്ലിനിക്കൽ ട്രയലുകളുടെ പല ഫേസുകളിലൂടെ കടന്നുപോയതിനു ശേഷമാണ് വൻ തോതിൽ ഉപയോഗത്തിന് ലഭ്യമാക്കപ്പെടുന്നത്.

കൊവിഡ് വാക്സിനുകളെക്കുറിച്ച് ആദ്യം എഴുതിയത് മാർച്ച് 17ന് ആയിരുന്നു. എഴുതിയത് ജെനിഫർ ഹാലറെക്കുറിച്ചാണ്.

കൊറോണ വൈറസിൻ്റെ ആദ്യ വാക്സിൻ ട്രയലുകളിൽ ഒന്നായിരുന്നു മോഡേണയുടേത്. ആ ട്രയലിൽ ആദ്യം വാക്സിൻ സ്വീകരിച്ചവരിൽ ഒരാളാണ് ജെനിഫർ.

ജെനിഫറെക്കുറിച്ച് ഇതിനു മുൻപ് എഴുതിയത് മാർച്ച് 17 ന് ആണ്. 131 ദിവസം മുൻപ്.

അതിനു ശേഷം ഒരു ദിവസം ഡോ. എലീസ ഗ്രനാറ്റോയെക്കുറിച്ച് എഴുതി കൃത്യമായിപ്പറഞ്ഞാൽ ഏപ്രിൽ 27 ന്. യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡിൻ്റെ വാക്സിൻ ട്രയലിൽ ആദ്യ ഡോസുകളിൽ ഒന്ന് സ്വീകരിച്ചയാൾ.

ഓക്സ്ഫോർഡ് വാക്സിൻ്റെ ആദ്യ ഫേസുകളുടെ ഫലം ആശാവഹമാണെന്ന് അറിഞ്ഞത് ഈയിടെ മാത്രമായിരുന്നു. മോഡേണയുടേത് ഫേസ് 3 ലേക്ക് ഈ മാസം അവസാനം കടക്കുകയേ ഉള്ളൂ എന്നാണ് അറിഞ്ഞതും.

ന്യൂയോർക്ക് ടൈംസിൻ്റെ വാക്സിൻ ട്രാക്കർ പറയുന്നത് അനുസരിച്ച് ഫേസ് 1ൽ 19 വാക്സിനുകളും ഫേസ് 2ൽ 11 വാക്സിനുകളും ഫേസ് 3 ൽ 8 വാക്സിനുകളുമുണ്ട്.

ലിമിറ്റഡ് ഉപയോഗത്തിന് അനുവദിച്ചിട്ടുള്ള വാക്സിനുകൾ രണ്ടെണ്ണമാണ്. ആദ്യത്തേത് ചൈനീസ് കമ്പനിയായ കാൻസിനോ ബയോലോജിക്സിൻ്റേത്, രണ്ടാമത്തേത് റഷ്യയുടെ ഗമാലിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റേത്.

രണ്ടും ഫേസ് 3 ട്രയലുകൾ പൂർത്തിയാക്കാത്തവയാണ്.

ഒന്നാമതായി വാക്സിൻ ഫലം തരുമോ എന്ന് അറിയണം. ഫലപ്രാപ്തി മാത്രമല്ല, ഏത് ഡോസിൽ ആർക്കൊക്കെ നൽകണമെന്നും അതിന് പാർശ്വഫലങ്ങളുണ്ടാവുമോ എന്നുമടക്കം അറിയണം..

ഫേസ് 1 ന്റേയും 2 ന്റേയും അവകാശപ്പെട്ട ഫലപ്രാപ്തിയുടെയും പാർശ്വഫലങ്ങളുടെയുമൊക്കെ തെളിവുകൾ ശാസ്ത്രലോകത്തിന്റെ പരിശോധനയ്ക്കായി സമർപ്പിക്കേണ്ടതാണ്.

പ്രസിഡന്റ് മകൾക്ക് നൽകി എന്നൊക്കെ വാർത്തകളിൽ കണ്ടിരുന്നു. അവർക്ക് പോലും നൽകി, അപ്പൊ കുഴപ്പമില്ല എന്നൊരു പ്രതീതി ഉണ്ടാക്കാനാണെങ്കിൽ കൊള്ളാം.

പക്ഷേ പ്രസിഡൻ്റിൻ്റെ മകൾക്ക് നൽകുന്നതും ഒരു സാധാരണക്കാരന് നൽകുന്നതുമൊക്കെ സയൻസിൻ്റെ മുന്നിൽ തുല്യ വിലയാണുള്ളത്.

ശാസ്ത്രീയമായ തെളിവുകൾക്കാണ് പ്രാധാന്യം, പ്രഖ്യാപനങ്ങൾക്കല്ല.

അതുകൊണ്ട് ആര് വേണമെങ്കിലും വാക്സീനുകൾ കണ്ടെത്തട്ടെ. തെളിവുകളോടെ മാത്രം.