Tuesday 20 July 2021 12:27 PM IST : By സ്വന്തം ലേഖകൻ

ഹൃദയത്തില്‍ നിന്നും ആ സല്യൂട്ട്, മന്ത്രിയെ കണ്ടതും അറ്റന്‍ഷനായി അജീഷ് പോള്‍: വേദനകള്‍ താണ്ടി വീണ്ടും ജീവിതത്തിലേക്ക്

ajeesh

നിനച്ചിരിക്കാത്ത നേരത്തെത്തിയ വലിയൊരു വിധി. ആ വിധി അജീഷ് പോളെന്ന പൊലീസുകാരന് മുന്നിലേക്ക് വച്ചത് ജീവിതം തന്നെ കീഴ്‌മേല്‍ മറിയുന്ന വേദനയുടെ ദിനങ്ങള്‍. മാസ്‌ക്ക് വയ്ക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് തലക്ക് കല്ലുകൊണ്ടു ഇടിയേറ്റ് ചികിത്സയിലായിരുന്ന മറയൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ അജീഷ് പരീക്ഷണങ്ങളുമ വേദനയുടെ കടലാഴങ്ങളും താണ്ടി ജീവിതത്തിലേക്ക് തിരികെ വരികയാണ്. പരുക്കില്‍ നിന്നും മോചിതനായി ജീവിതം തിരികെപ്പിടിക്കാനൊരുങ്ങുന്ന അജീഷിന് മുന്നില്‍ കഴിഞ്ഞ ദിവസം ഒരു സര്‍പ്രൈസ് അതിഥിയെത്തി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് അജീഷിനു മുന്നില്‍ സ്‌നേഹാന്വേഷണങ്ങളുമായി എത്തിയത്.

മന്ത്രി വീട്ടിലേക്കെത്തിയപ്പോള്‍ അജീഷ് മുറ്റത്തിറങ്ങി വന്ന് സ്വീകരിക്കുകയും മന്ത്രിക്ക് മുന്നില്‍ സിവില്‍ പോലീസ് ഓഫീസറുടെ ഉത്തരവാദിത്വത്തോടെ അറ്റന്‍ഷനാവുകയും ചെയ്തത് ഹൃദ്യമായ നിമിഷമായി. പരുക്കേറ്റതിനെക്കുറിച്ചും നിലവിലെ ചികിത്സയെക്കുറിച്ചും അജീഷും വീട്ടുകാരും മന്ത്രിയോട് വിവരിച്ചു. എത്രയും വേഗം സുഖമായി ജോലിയില്‍ പ്രവേശിക്കാനാവട്ടെയെന്നും  സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി അജീഷിനോട് പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രി അജീഷിനെ കണ്ട സന്തോഷവും വിശേഷങ്ങളും പങ്കുവച്ചത്. 

കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് മറയൂരില്‍ ജോലിക്കിടെ അജീഷ് പോളിന് പ്രദേശവാസിയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ പരുക്കേറ്റത്. മാസ്‌ക് വയ്ക്കാതിരുന്നതു ചോദ്യം ചെയ്തതിന് ഒപ്പമുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ക്കു നേരെയും ആക്രമണം അഴിച്ചുവിട്ടു. കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ആഘാതത്തില്‍ അജീഷ് വീണുപോയി. ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അടിമാലിയിലേയ്ക്കും അവിടുന്നു രാജഗിരിയിലേയ്ക്കും കൊണ്ടു വരികയായിരുന്നു. ആക്രമണത്തില്‍ തലയോട്ടി നുറുങ്ങി തലച്ചോറിന് ഗുരുതരമായി പരുക്കേറ്റ അജീഷ് പോളിന് ഓര്‍മശക്തി നഷ്ടമായ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടു പോകുമോ എന്ന ഭീതിയോടെയാണ് ഡോ. ജോ. മാര്‍ഷല്‍ ലിയോ അജീഷിനെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്ത് ചികിത്സ ആരംഭിക്കുന്നത്. ന്യൂറോസര്‍ജറി വിഭാഗം തലവന്‍ േഡാ. ജഗത് ലാല്‍ ഗംഗാധരന്‍, േഡാ. മേനാജ് നാരായണപ്പണിക്കര്‍ തുടങ്ങിയവരുടെ വിദഗ്ധ ചികിത്സയില്‍ ആദ്യ ദിവസത്തെ പ്രതിസന്ധി ഘട്ടം അതിജീവിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

മാസ്‌ക്ക് വയ്ക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് തലക്ക് കല്ലുകൊണ്ടു ഇടിയേറ്റ് ചികിത്സയിലായിരുന്ന മറയൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ അജീഷ് പോളിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. പരുക്കില്‍ നിന്നും ക്രമേണ മോചിതനായി വരുന്ന അജീഷ് പോൾ എന്നെ പോലീസ് പ്രോട്ടോകോൾ പ്രകാരം എന്നെ അഭിവാദ്യം ചെയ്തത് വളരെ സന്തോഷം തോന്നി. ഈ ചെറുപ്പക്കാരൻ പതിയെ വീണ്ടും ജീവിതത്തിലേക്ക് പിച്ച വയ്ക്കുകയാണ്.
മുടങ്ങാതെയുള്ള ചികിത്സയുടെ ഭാഗമായി ഇപ്പോള്‍ സംസാര ശേഷിയിലും ഓര്‍ത്തെടുക്കാനുള്ള കഴിവിലും കാര്യമായ പുരോഗതിയുണ്ട്. സഹപ്രവര്‍ത്തകരോടും മറ്റും ഫോണില്‍ അജീഷ് സംസാരിക്കുന്നുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. എത്രയും വേഗം ജോലിയില്‍ പ്രവേശിക്കാമെന്ന വിശ്വാസത്തിലാണ് അജീഷും കുടുംബവും.

സംസാരശേഷിയും വലതു കയ്യുടെയും കാലിന്റെയും ചലന ശേഷിയും നഷ്ടപ്പെട്ട നിലയിലായിരുന്നു. അജീഷിന്റെ ജീവന്‍ നിലനിര്‍ത്തുക എന്നതായിരുന്നു ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗം നേരിട്ട ആദ്യ വെല്ലുവിളി. ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് അജീഷ് പോളിനെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ആക്രമണത്തെ തുടര്‍ന്ന് അജീഷിന്റെ തലയോട്ടി തകര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നു. തലച്ചോറിന്റെ ഇടതുവശത്തേറ്റ പരുക്കാണ് സംസാരശേഷിക്ക് തകരാറുണ്ടാക്കിയത്. ആറു ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടി വന്നു.

കർത്തവ്യം നിർവഹിക്കുന്ന ഉദ്യോഗസ്ഥർക്ക് നേരെ ഒരു തരത്തിലുള്ള പ്രകോപനവും സ്വീകാര്യമല്ല. പ്രതികളെ മാതൃകാപരമായി ശിക്ഷിക്ക പ്പെടണ്ണം. എത്രയും വേഗം സുഖമായി ജോലിയില്‍ പ്രവേശിക്കാനാവട്ടെയെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അജീഷിനോട് പറഞ്ഞു.