Thursday 26 March 2020 10:07 AM IST : By സ്വന്തം ലേഖകൻ

‘‘ഞങ്ങളെന്ത് കഴിക്കാനാ, കല്ല് തിന്ന് ജീവിക്കാനാകില്ലല്ലോ’’! കുഞ്ഞുങ്ങളെ തോളിലേറ്റി വീടുകളിലേക്ക് കാൽനടയായി കുടുംബങ്ങൾ

delhi--new

കൊറോണ വൈറസ് വ്യാപനം തടയാൻ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിലും വരുമാനവും നഷ്ടപ്പെട്ട പല കുടുംബങ്ങളും നഗരങ്ങളിൽ നിന്നു സ്വന്തം നാടുകളിലേക്കു മടങ്ങുന്നത് കാല്‍നടയായി. ഡൽഹിയിൽ നിന്ന് തൊഴിലാളികളില്‍ പലരും ഉത്തര്‍പ്രദേശിലെ തങ്ങളുടെ വീടുകളിലേക്ക് കാൽനടയായി മടങ്ങുന്ന കാഴ്ച പ്രമുഖ ദേശീയ ചാനലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

‘‘ഞങ്ങളെന്ത് കഴിക്കാനാ, കല്ല് തിന്ന് ജീവിക്കാനാവില്ലല്ലോ’’.– സാധനങ്ങളെല്ലാം തലയിലേന്തി നടന്നു നീങ്ങുന്ന കുടുംബത്തോട് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ഇങ്ങനെയാണ്. മറ്റൊരു അവര്‍ക്കൊപ്പം ചേര്‍ന്നു.

സ്വന്തം ഗ്രാമത്തില്‍ കഴിയാനാവുന്നതുപോലെ ഡല്‍ഹിയില്‍ ഞങ്ങളെയാര് സഹായിക്കാനാ എന്നാണ് ഈ കുടുംബങ്ങളുടെ ചോദ്യം.‘‘വീട്ടിലാണേല്‍ റൊട്ടിയും ഉപ്പും കൂട്ടിയെങ്കിലും കഴിക്കാമല്ലോ. സമാധാനവുമുണ്ടാവും. ഇവിടെ ഞങ്ങളുടെ കൈവശം ഒന്നുമില്ല. ആരും ഡല്‍ഹിയില്‍ ഞങ്ങളെ സഹായിക്കാനുമില്ല’’ അവര്‍ പറയുന്നു.

കൂട്ടത്തില്‍ ഒരാളായ ബണ്ടിയുടെ വീട് 150 കിലോമീറ്റര്‍ അകലെയാണ്. 10 മാസം പ്രായമുള്ള കുട്ടി ഒരു തോളിലുണ്ട്. അങ്ങനെ മൂന്ന് കുട്ടികളുമായാണ് വീട്ടിലേക്കുള്ള ബണ്ടിയുടെ മടക്കം. കൈയ്യില്‍ കാശില്ല, കഴിക്കാന്‍ ഭക്ഷണവും.