Saturday 12 August 2017 03:24 PM IST

നൈറ്റ് ക്ലബ്ബുകളിൽ പോകുന്നതും ഡാൻസ് ചെയ്യുന്നതും അല്‍പം മദ്യപിക്കുന്നതും തെറ്റല്ല: ബെഹ്‌റ

Vijeesh Gopinath

Senior Sub Editor

behra-wife
ഫോട്ടോ: ശ്യാം ബാബു

എല്ലാത്തിനും തന്റേതായ അഭിപ്രായമുണ്ട് ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്ക്. ചെറുപ്പക്കാർ മുടി വളർത്തി നടക്കുന്നതു പോലുള്ള കാര്യങ്ങളി‍ൽ ഡിജിപി എടുത്തത് വളരെ പൊസിറ്റീവ് നയമാണെന്നാണ് ഭൂരിഭാഗവും പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഈ വിഷയത്തിൽ ബെഹ്‌റ നയം വ്യക്തമാക്കുന്നു.

"ഇവിടെ മിക്കവരും സദാചാര പൊലീസാണ്. സമൂഹത്തിൽ ഈ പ്രവണത കൂടി വരുന്നുണ്ട്. ഇതനുവദിക്കാൻ പാടില്ല. നമ്മുടെ ജീവിതശൈലിയിലും മൂല്യങ്ങളിലും എല്ലാം മാറ്റം വന്നു. പതിനെട്ടു വയസ്സുള്ള പെൺകുട്ടി ‘എനിക്ക് എന്റേതായ സ്പേസ് വേണം. അതുകൊണ്ട് ഒറ്റയ്ക്ക് താമസിക്കാനാണ് ഇഷ്ടം’ എന്നു പറഞ്ഞു തുടങ്ങിയിരിക്കുന്ന നാടാണിത്. അതു കണ്ടില്ലന്നു നടിക്കരുത്. അതിനോടു യുദ്ധം ചെയ്തിട്ടുംകാര്യമില്ല. പകരം ഇത്തരം അവസരങ്ങളില്‍ െപണ്‍കുട്ടികള്‍ അപകടത്തിലും കബളിപ്പിക്കലിലും പെടാതിരിക്കാനുള്ള സംര ക്ഷണമൊരുക്കുകയാണ് വേണ്ടത്.

ഇന്ന വസ്ത്രമേ ഇടാന്‍ പാടുള്ളൂ എന്നു നിർദേശം വയ്ക്കാൻ പറ്റുമോ? മാന്യത എന്നൊരു അതിർത്തിയുണ്ട് അതിനുള്ളിൽ നിൽക്കുന്നതാകണം എന്നേ ഉള്ളു. അല്ലാതെ വസ്ത്രധാരണത്തിന്റെ പേരിൽ അവരെ ആക്രമിക്കുകയല്ല വേണ്ടത്. ഇതുപോലെ തന്നെയാണ് മുടി വളർത്തുന്നവരുടെ കാര്യം. അത് ഒാരോരുത്തരുടെ സ്വാതന്ത്ര്യമാണ്. അതിലിടപടാൻ ആർക്കും അവകാശമില്ല. ആമിർഖാന് മുടി വളർത്തിയും മൂക്കിൻ തുമ്പിൽ സ്റ്റ‍ഡ് ഇട്ടും നടക്കാം. അതേ പോലെ നമ്മുടെ നാട്ടിലൊരു ചെറുപ്പക്കാരൻ‌ ചെയ്താൽ അതെങ്ങനെ കുറ്റമാകും. നിയമം എല്ലാവർക്കും ഒരുപോലല്ലേ. ഒരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. അതാസ്വദിക്കാനുള്ള അവകാശവും.

ചില കാര്യങ്ങളിൽ അല്‍പം വിപ്ലവകരമായ തീരുമാനങ്ങള്‍ എടുക്കണം എന്നാണ് എന്‍റെ അഭിപ്രായം. കേരളത്തിലുള്ളവര്‍ക്ക് വിനോദത്തിനുള്ള പൊതുഇടങ്ങള്‍ കുറവാണ്. ഇതു പരിഹരിക്കാന്‍ കോസ്മോപോളിറ്റൻ സംസ്കാരത്തിന്റെ ഭാഗമായ െെനറ്റ്ക്ലബ്ബുകളും മറ്റും കേരളത്തിലും വരേണ്ടതാണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവര്‍ കേരളത്തിൽ വ രുന്നു. അവർക്ക് വിേനാദത്തിനും സന്തോഷത്തിനുമുള്ള അവസരങ്ങള്‍ ഇല്ല എന്നറിയുമ്പോള്‍ പിന്നീട് വരാൻ താൽപര്യപ്പെടില്ല. അതു ബാധിക്കുന്നത് നമ്മുടെ വികസനത്തെയാണ്. െെനറ്റ്ക്ലബ്ബുകളിൽ പോകുന്നതും ഡാൻസ് ചെയ്യുന്നതും അല്‍പമൊന്നു മദ്യപിക്കുന്നതും ഒന്നും തെറ്റല്ല. പക്ഷേ, ഇതിന്റെ മറവിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയണം." ബെഹ്‌റ പറയുന്നു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം