Saturday 12 June 2021 04:45 PM IST

അവർ മാനസിക രോഗികളാണ് എന്ന് മുദ്ര ചാർത്തി നമുക്കീ അപ്രിയ ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പറ്റില്ല! ‘പ്രണയത്തടവി’നെക്കുറിച്ച് ഡോ. സി ജെ ജോൺ പറയുന്നു

Priyadharsini Priya

Senior Content Editor, Vanitha Online

dr-cj-johnnn55666

ഞാനും നീയും മാത്രമുള്ള ലോകം. പരസ്പരം നഷ്ടപ്പെടുന്നതിനേക്കാൾ ഭേദം ഒരു മുറിയാണെന്ന് അവർ കരുതിയിരിക്കണം. പ്രണയം തീയായി ഉടലിനെയും ഹൃദയത്തെയും ഞെരിച്ചു കളയുമ്പോൾ നാലു ചുവരുകൾക്കുള്ളിൽ അഭയം തേടുകയായിരുന്നോ അവർ? ഒന്നുറക്കെ ചിരിക്കാനാകാതെ അലറിക്കരയാനാകാതെ വികാരങ്ങളെയും വിചാരങ്ങളെയും നിയന്ത്രിച്ചു നിർത്തിയ രണ്ടുപേർ. അവരുടെ പിറുപിറുക്കലും അടക്കിപ്പിടിച്ച ചിരികളും ആ മുറിയിലെ ശൂന്യതയിൽ അലിഞ്ഞു ഇല്ലാതായിട്ടുണ്ടാകും. 10 വർഷം ഒരൊറ്റ മുറിയിൽ ഒളിജീവിതം നയിച്ചതിന്റെ പേരിൽ പാലക്കാട് സ്വദേശികളായ സജിതയും റഹ്‌മാനും സമൂഹത്തിനു മുന്നിൽ മാനസിക രോഗികളും പ്രണയരോഗികളുമാണ്. ഈ വിഷയത്തിൽ മാനസികാരോഗ്യ വിദഗ്ധന്‍ ഡോക്ടർ സി ജെ ജോൺ വനിതാ ഓൺലൈനുമായി സംസാരിക്കുന്നു. 

സമൂഹത്തോടുള്ള ഭയം 

ഈ സംഭവത്തെപ്പറ്റി ചില പ്രധാന കാര്യങ്ങളാണ് ഞാൻ തുറന്നുപറയാൻ ആഗ്രഹിക്കുന്നത്. അവർക്ക് അവരുടെ പ്രണയം സമൂഹത്തോട് തുറന്നു പ്രഖ്യാപിക്കാൻ പറ്റിയില്ല. പല കാരണങ്ങൾ കൊണ്ടും, സാമൂഹിക വ്യവസ്ഥിതിയോടുള്ള ഭയം കൊണ്ടുമായിരിക്കാം ഈ ഒളിച്ചു താമസം ഉണ്ടായത്. അതിൽ നമ്മളവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പത്തു വർഷം ഏകാന്ത വാസത്തിൽ ആ സ്ത്രീ കഴിഞ്ഞു, അവരുടെ മുറിയിലേക്ക് ആരും കയറാതിരിക്കാൻ വേണ്ടി അയാൾ മാനസികാസ്വാസ്ഥ്യമുള്ള ഒരാളെ പോലെ പെരുമാറി എന്നൊക്കെ പറയുന്നതിനേക്കാൾ എനിക്ക് തോന്നുന്നത് അവരുടെ പ്രണയം തുറന്നു പ്രഖ്യാപിക്കാൻ സമ്മതിക്കാത്ത എന്തോ ചില ഘടകങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട് എന്നാണ്. അതിനെയാണ് അവർ ഭയപ്പെട്ടിരുന്നത്. 

ആരെങ്കിലും മുറിയിൽ വന്നാൽ ഒരു പെട്ടിയിലേക്ക് ഒതുങ്ങിക്കൂടി പത്തു വർഷം ഒളിച്ചു താമസിച്ചു എന്ന് പറയുമ്പോഴും ഈ സാമൂഹത്തിന്റെ ചില സവിശേഷതകളെ നമ്മൾ മറന്നു പോകുന്നുണ്ട്. ഇവിടെ ഉണ്ടായ ഭയപ്പാട് അവരുടെ ധൈര്യമില്ലായ്മ ആകാം. സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ എല്ലാ അവകാശവും നിയമപരിരക്ഷയും നമ്മുടെ രാജ്യത്ത് ഉണ്ടെന്നിരിക്കെ അവർക്ക് തുറന്നുപറഞ്ഞ് ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാമായിരുന്നു. എന്നിട്ടും അതിനു കഴിഞ്ഞില്ല. അതിന് തടസ്സം നിൽക്കുന്ന ഒരു ഘടകം ഇവിടെയുണ്ട്. കഴിഞ്ഞ പത്തു വർഷത്തിൽ ഒരു ഘട്ടത്തിൽ പോലും ഞങ്ങൾ ജീവിത പങ്കാളികളാണ് എന്ന് തുറന്നു പ്രഖ്യാപിക്കണമെന്ന് അവർക്ക് തോന്നാതിരുന്നതിൽ മാത്രമാണ് എനിക്ക് അവരുടെ വ്യക്തിത്വത്തിൽ ഒരസ്വഭാവികത തോന്നുന്നത്. 

സ്റ്റോക്ഹോം സിൻഡ്രോമല്ല!

ഒരാളെ ബന്ദിയാക്കി തട്ടിക്കൊണ്ടുപോയി പാർപ്പിച്ച്, ഇരയ്ക്ക് ബന്ദിയാക്കിയ ആളോട് തോന്നുന്ന ഇഷ്ടവും വിധേയത്വവുമാണ് സ്റ്റോക്ഹോം സിൻഡ്രോം. ഇവിടെ യുവതിയെ ബലമായി തട്ടിക്കൊണ്ടുപോയി പാർപ്പിച്ചതല്ല എന്ന് അവർ തന്നെ പറയുന്നുണ്ട്. അവർ സ്വന്തം ഇഷ്ടപ്രകാരം അയാളെ ഇഷ്ടപ്പെട്ട് ഒരുമിച്ചു താമസിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിവന്നതാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പതിനെട്ടുകാരിയായ പെൺകുട്ടിയെ കാണാതായി എന്ന പരാതി നിലനിന്നിട്ടും സ്വന്തം വീട്ടുകാർ പോലും അക്കാര്യം ഗൗരവമായി എടുത്തതായി തോന്നുന്നില്ല. പോയത് പോയി എന്ന അവസ്ഥ തുടരുകയാണ് ചെയ്തത്. യുവതിയുടെ ഉറ്റവരുടെയും ഉടയവരുടെയും ഉദാസീന മനോഭാവം വീണ്ടും കാമുകനുമായി ഒരുമിച്ചു പോകാൻ അവളെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. 

പൊലീസും നാട്ടുകാരും ചേർന്ന് ഒരു ആക്ഷൻകമ്മിറ്റി രൂപീകരിച്ചു കേസ് ഗൗരവമായി അന്വേഷിച്ചിരുന്നെങ്കിൽ അന്നേ യുവതിയെ കണ്ടെത്താൻ കഴിയുമായിരുന്നു. എന്താണ് മകന് സംഭവിക്കുന്നത് എന്നന്വേഷിക്കാൻ അയാളുടെ വീട്ടുകാരും ശ്രമിച്ചില്ല. കുറേ സാഹചര്യങ്ങളുടെ സൃഷ്ടിയാണ് അവളുടെ 10 വർഷത്തെ ഏകാന്തവാസം. 

sajithaaa221233

ആ പൂട്ട് അടഞ്ഞ മനസ്സിന്റെ പ്രതീകം 

യുവതിയ്ക്കും പ്രശ്നങ്ങളുണ്ട്, സ്വതന്ത്രബോധത്തോടെ ഇതെന്റെ പുരുഷനാണ് എന്ന് ധൈര്യത്തോടു കൂടി പ്രഖ്യാപിക്കാൻ അവൾക്കുമായില്ല. മനോരോഗ തുല്യമായിട്ടുള്ള വിധേയത്വം ആ യുവതിയ്ക്ക് ഉണ്ടെന്നു സമ്മതിച്ചു തരുന്നു. ആ അർത്ഥത്തിൽ ഇത് ഉദാത്തമായിട്ടുള്ള പ്രണയമല്ല. ഒരു വ്യക്തിയെ ചുറ്റി ഭ്രമണം ചെയ്യുകയായിരുന്നു അവളുടെ ജീവിതം. പത്തു വർഷം മറ്റൊരു മനുഷ്യ ജീവിയേയും കാണാതെ അവൾ ജീവിച്ചുപോന്നത് കൊണ്ട് അയാളുടെ വിരൽത്തുമ്പിൽ തൂങ്ങിനടക്കുന്ന മാനസികാവസ്ഥയിലേക്ക് സ്വാഭാവികമായും എത്തിച്ചേർന്നിട്ടുണ്ടാകും. അയാൾ പുറത്തുപോകുകയും മറ്റു ആളുകളെ കാണുകയും ചെയ്യുന്നുണ്ട്. എന്നാൽ യുവതിയ്ക്ക് 10 വർഷം കാരാഗ്രഹവാസം പോലെ തന്നെയായിരുന്നു. 

അവരുടെ മുറിയിൽ കണ്ട ആ പ്രത്യേകതരം ലോക്ക് വാസ്തവത്തിൽ ഒരു പ്രതീകമാണ്. ഇത്തരം ബന്ധങ്ങളോടുള്ള സമൂഹത്തിന്റെ അടഞ്ഞ മനസ്സിന്റെ പ്രതീകമാണ് ഈ പൂട്ട്. ഒരു പുരുഷനും സ്ത്രീയും ഇഷ്ടപ്പെട്ടു, അവർ തമ്മിൽ ഒരുമിച്ചു താമസിക്കുന്നതിന് സമൂഹത്തിൽ തടസ്സങ്ങൾ ഉണ്ട്‌ എന്നതിന് തെളിവാണ് നീണ്ടുപോയ പത്തു വർഷം. സത്യം പറഞ്ഞാൽ നമ്മുടെ പല വീടുകളിലും ഏറിയും കുറഞ്ഞും ഇങ്ങനെ ലോക്ക് ഇട്ട് ജീവിക്കുന്ന സ്ത്രീകളുണ്ട്. അവരുടെയൊക്കെ പ്രതീകം തന്നെയാണ് ഈ യുവതി. ഇത് കുറച്ചു എക്സ്ട്രീം ലെവലിലേക്ക് പോയി എന്നുമാത്രം. 

പത്തു വർഷം ഒരുമിച്ചു താമസിച്ചിട്ടും ഗർഭിണിയായില്ലേ എന്നൊക്കെ മണ്ടൻ ചോദ്യമുയർത്തുന്ന ചിലരുണ്ട്. ഒരുമിച്ചുള്ള വാസം പുറത്തറിയരുത് എന്ന ജാഗ്രത പുലർത്തുന്ന അവർക്ക് ഇക്കാര്യം ഭദ്രമായി കൈകാര്യം ചെയ്യാൻ അറിയില്ലേ? എന്തിനും ഏതിനും മാനസികരോഗത്തിന്റെ വശം ചാർത്തി കൊടുക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്. അതിനേക്കാൾ കൂടുതൽ ഈ സംഭവത്തിൽ ഉയർന്നു നിൽക്കുന്നത് നമ്മുടെ സമൂഹത്തിൽ ഏറിയും കുറഞ്ഞും ഇരിക്കുന്ന കുറേ തിന്മകളുടെ നേർചിത്രമാണ്. അവർക്ക് പ്രണയം തുറന്നുപറയാൻ എന്തുകൊണ്ട് ഭയം ഉണ്ടായി? സ്നേഹിക്കുന്ന രണ്ടുപേർ ഒരുമിച്ചു ജീവിക്കാൻ പറ്റാത്ത രീതിയിൽ നമ്മുടെ സമൂഹത്തിന് എന്താണ് കുഴപ്പം? ഇത്തരം ചോദ്യങ്ങൾ കൂടി ഈ സംഭവം ഉയർത്തുന്നുണ്ട്. രണ്ടുപേരും മാനസിക രോഗികളാണ് എന്ന് മുദ്ര ചാർത്തി നമുക്കീ അപ്രിയ ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പറ്റില്ല.

Tags:
  • Spotlight
  • Relationship