Thursday 06 August 2020 11:03 AM IST : By സ്വന്തം ലേഖകൻ

ഇത് അരുന്ധതിയും സിദ്ധാർഥും... ഇവരായിരുന്നു സിവിൽ സർവീസ് പരീക്ഷയിൽ ഗോകുലിന്റെ കണ്ണുകൾ!

gokul99765544

സിദ്ധാർഥ്, അരുന്ധതി– കാഴ്ചപരിമിതിയെ മറികടന്ന് സിവിൽ സർവീസ് പരീക്ഷയിൽ മിന്നും നേട്ടം കൈവരിച്ച തിരുമല സ്വദേശി ഗോകുലിന്റെ വിജയകഥയിലെ ഒഴിവാക്കാനാവത്ത രണ്ടു പേരുകൾ. സിവിൽ സർവീസ് പരീക്ഷ ഗോകുലിനു വേണ്ടി സ്ക്രൈബ് ആയി എഴുതിയത് സുഹൃത്തുക്കളും ജൂനിയേഴ്സുമായ ഇവർ രണ്ടുപേരുമാണ്. കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷിലെ ബിരുദ വിദ്യാർഥിയായ സിദ്ധാർഥ് പ്രിലിമിനറി പരീക്ഷ എഴുതിയപ്പോൾ എൻജിനീയറിങ് ബിരുദധാരിയായ അരുന്ധതിയാണ് മെയിൻസ് എഴുതിയത്.

കംപ്യൂട്ടറിൽ പരീക്ഷ എഴുതി ശീലിച്ച ഗോകുലിന് ആ രീതി യുപിഎസ്‍സിയിൽ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല. പക്ഷേ, സ്ക്രൈബായി വരുന്ന വ്യക്തികളെ പരീക്ഷാർഥിക്കു തന്നെ നിശ്ചയിക്കാം. പരീക്ഷാർഥിയുടെ യോഗ്യതയോ അതിൽ കൂടുതലോ ഉള്ള വ്യക്തിയെ അനുവദിക്കില്ല. അതുപോലെ സിവിൽ സർവീസ് പരീക്ഷയുടെ യോഗ്യത ബിരുദമായതിനാൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വ്യക്തിക്കും സ്ക്രൈബ് ആകാൻ കഴിയില്ല.

ഈ ചട്ടമെല്ലാം പാലിച്ചാണ് അരുന്ധതിയും സിദ്ധാർഥും സ്ക്രൈബായി എത്തുന്നത്. സ്ക്രൈബ് വഴിയായതിനാൽ പരീക്ഷയിൽ ഓരോ മണിക്കൂറിനും 20 മിനിറ്റ് അധികമായി നൽകിയിരുന്നു. തനിക്ക് സിവിൽ സർവീസ് ലഭിക്കണമെന്ന് തന്നേക്കാൾ ആഗ്രഹിച്ചിരുന്നതും സിദ്ധാർഥും അരുന്ധിയുമാണെന്ന് ഗോകുൽ പറയുന്നു.

തിരുമല 'ഗോകുല'ത്തിൽ ജി.ഒ. സുരേഷ്കുമാറിന്റെയും ശോഭയുടെയും മകൻ ഗോകുലിന് സിവിൽ സർവീസ് പരീക്ഷയിൽ നേടിയ 820–ാം റാങ്ക് പിന്നിൽ വേദനയുടെ കഥകളുമുണ്ട്. ഒരിക്കൽ സ്ക്രൈബിന്റെ സഹായത്തോടെ പരീക്ഷയെഴുതാനിരുന്ന ഗോകുലിനോടു വിരലടയാളം പോരാ, ഒപ്പ് തന്നെയിടണമെന്നു വാശിപിടിച്ച ഇൻവിജിലേറ്ററുണ്ട്. സ്ക്രൈബിനോട് ഇൻവിജിലേറ്റർ പറഞ്ഞതിങ്ങനെ. "എടേ, ഇവൻ എന്തരായാലും വലുതായിട്ടൊന്നും പറയാൻ പോണില്ല. നീ പെട്ടന്ന് എന്തരെങ്കിലും എഴുതീട്ട് പേപ്പർ താ". 

ഒരു ഡിബേറ്റ് മത്സരത്തിന്റെ ഫൈനലിൽ എത്തിയത് 'സിമ്പതി'യുടെ പുറത്താണെന്നു പറഞ്ഞ സഹ മത്സരാർഥിയോട് പ്രതികരിക്കാൻ ഗോകുൽ കണ്ടെത്തിയ ഒരേ ഒരു വഴി പിറ്റേ വർഷവും അതേ വേദിയിൽ തിരിച്ചെത്തുകയായിരുന്നു. സ്ക്രീൻ റീഡർ സോഫ്റ്റ്‍വെയർ ഉപയോഗിച്ച് പൂർണമായും കംപ്യൂട്ടർ വഴി വായിച്ചുകേട്ടാണ് ഗോകുൽ പഠിച്ചത്. ബ്രെയ്‍ലി ലിപിയേക്കാൾ നല്ലതു ടെക്നോളജി തന്നെയെന്ന് ഗോകുൽ പറയും. ബ്രെയ്‍ലിയിൽ പരിമിതമായ പുസ്തകങ്ങളേയുള്ളു.

കാഴ്ചയില്ലാത്തതുകൊണ്ട് ഒരു പ്രത്യേക കാര്യം ചെയ്യാൻ പാടില്ലെന്നു പറഞ്ഞു വിലക്കാത്ത മാതാപിതാക്കളാണ് ഏറ്റവും വലിയ ഊർജമെന്ന് ഗോകുൽ പറയുന്നു. നമ്മൾ ശ്രമിക്കാത്തതുകൊണ്ടു മാത്രം ഒരു അവസരവും നഷ്ടമാക്കരുതെന്നാണ് അവർ പഠിപ്പിച്ചത്. സിവിൽ സർവീസിൽ അലോക്കേഷൻ അന്തിമമായ ശേഷം വേണ്ടി വന്നാൽ ഒരു തവണ കൂടി പരീക്ഷയ്ക്ക് തയാറെന്നു ഗോകുൽ പറഞ്ഞു.

Tags:
  • Spotlight
  • Inspirational Story