Thursday 25 November 2021 03:01 PM IST

ഇങ്ങനെ പോയാൽ അടുക്കള പൂട്ടേണ്ടി വരും... ഈ വിലക്കയറ്റത്തിന് ആര് സമാധാനം പറയും?: ജനമനസറിഞ്ഞ് പ്രതികരണം

Roopa Thayabji

Sub Editor

tomato-

പാചകവാതക വിലയിൽ ഇരുട്ടടി’, ‘അടുക്കള പൂട്ടേണ്ടി വരുമോ’, ‘വിറകടുപ്പിലേക്ക് മടങ്ങണോ...’ പാചവാതക വിലവർധനവ് സംബന്ധിച്ച് വിവിധ പത്രങ്ങളിൽ വന്ന തലക്കെട്ടുകളാണിത്. കുതിച്ചുയരുന്ന ഗ്യാസ് വില കുടുംബ ബജറ്റിനെ കുറച്ചൊന്നുമല്ല താറുമാറാക്കുന്നത്. കോവിഡിൽ വലഞ്ഞ ഇടത്തരക്കാരുടെ കാര്യം പറയുകയും വേണ്ട. ‘തീപിടിച്ച വില’ എന്ന പ്രയോഗം അക്ഷരാർഥത്തിൽ ശരിയാകുന്നത് പാചകവാതക വിലയുടെ കാര്യത്തിലാണ്.

2020 സെപ്റ്റംബറിലാണ് ഗാർഹിക പാചകവാതക സബ്സിഡി കേന്ദ്രസർക്കാർ ഒഴിവാക്കിയത്. അതിനു പിന്നാലെ വിലവർധന നടപ്പാക്കാൻ തുടങ്ങി. കഴിഞ്ഞ മൂന്നു മാസത്തിനിടെ കൂട്ടിയത് 225 രൂപ. ഫെബ്രുവരിയിൽ മാത്രം മൂന്നു തവണയായി നൂറു രൂപയോളമാണ് ഗാർഹിക സിലിണ്ടറിനു വില കൂട്ടിയത്. ഇക്കഴിഞ്ഞ ‍ഡിസംബർ ഒന്നിന് 601 രൂപയിൽ നിന്ന ഗ്യാസ് വിലയാണ് മാർച്ച് ഒന്നിന് 826ലെത്തിയത് എന്നോർക്കണം. ഈ ‘വനിത’ വിപണിയിലെത്തുമ്പോൾ ഗ്യാസ് വില എത്രയാകുമെന്ന് ഞങ്ങൾക്കു പോലും നിശ്ചയമില്ല.

ആർഭാടവും ആവശ്യങ്ങളും കുറച്ചൊക്കെ ഒഴിവാക്കിയാലും അടുക്കളയിലേക്കുള്ള ഗ്യാസ് സിലിണ്ടർ വേണ്ടെന്നു വയ്ക്കാനാകുമോ. അതും വിറകടുപ്പില്ലാത്ത ‘മോഡേൺ’ അടുക്കള കാലത്ത്. അടുപ്പിനേക്കാൾ ചൂടോടെ പുകയുന്ന വീട്ടമ്മമാരുടെ ഉള്ളം പറയുന്നത് എന്താണെന്നു കേൾക്കൂ.

വഴികൾ പലതുണ്ട്, പക്ഷേ...

വിറകടുപ്പു കത്തിക്കുന്ന ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചണൊ’ക്കെ കേൾക്കാൻ കൊള്ളാം. പക്ഷേ, അടുക്കളയിൽ സമയത്തിനു കാര്യം നടക്കണമെങ്കിൽ ഗ്യാസ് തന്നെ വേണം. അതല്ലെങ്കിൽ ഗ്യാസ് ലാഭിക്കാൻ വഴി നോക്കുന്നതാകും നല്ലതെന്നു പറഞ്ഞത് കൊച്ചിയിൽ കോളജ് അധ്യാപികയായ അഞ്ജു മരിയയാണ്. ‘‘ഭർത്താവും മകനുമടക്കം മൂന്നു പേരുണ്ട് വീട്ടിൽ. രാവിലെ ജോലിക്കു പോകും മുൻപ് ബ്രേക്ഫാസ്റ്റും ലഞ്ചും തയാറാകണം. കുക്കിങ് വേണ്ടി വരാത്ത വിഭവങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയാണ് ബ്രേക്ഫാസ്റ്റ് മെനു പരിഷ്കരിച്ചത്. ബ്രെഡ്, കോൺഫ്ലേക്സ്, ബുൾസ്ഐ, ഓട്സ്... അത്താഴത്തിനും സാലഡും ഫ്രൂട്സുമൊക്കെ കൂടുതൽ ഉൾപ്പെടുത്തി.

ജോലിയുള്ള ആറു ദിവസത്തെ ലഞ്ചിനുള്ള വിഭവങ്ങളുടെ പ്ലാനിങ് ഞായറാഴ്ച തന്നെ നടത്തും. ചോറു വയ്ക്കുന്നത് റൈസ് കുക്കറിലാണ്. പച്ചക്കറികളൊക്കെ അരിഞ്ഞു തയാറാക്കി വച്ചിട്ടേ ഗ്യാസ് കത്തിക്കൂ. ധാന്യങ്ങൾ കുതിർത്താണു പാചകം. അരി വയ്ക്കുന്ന കുക്കറിന്റെ വിസിലിൽ വച്ചു പുട്ടു പുഴുങ്ങുന്നതു പോലുള്ള ടിപ്സുമുണ്ട്.’’ പുതിയ സിലിണ്ടർ കണക്ട് ചെയ്ത ദിവസം കലണ്ടറിൽ മാർക് ചെയ്ത് ലാഭം കണക്കുകൂട്ടാൻ കാത്തിരിക്കുകയാണ് അഞ്ജു.

വഴികൾ പലതു നോക്കുന്നതിനൊപ്പം ഗ്യാസ് ഉപയോഗം കുറയ്ക്കാമെന്നു കരുതി ഇൻഡക്‌ഷൻ കുക്കർ ‘ഓൺ’ ചെയ്താലും കൈപൊള്ളും, വൈദ്യുത ചാർജും ഗ്യാസ് വിലയും തമ്മിലും മത്സരമുണ്ട്. ഇങ്ങനെ പോയാൽ വൈകാതെ ഗ്യാസ് കണക്‌ഷനുള്ള വീട്ടിലെ പയ്യന്മാർക്ക് വിവാഹവിപണിയിൽ ഡിമാൻഡ് കൂടിയേക്കും.

gas-hike

അടുപ്പ് പുകയില്ലേ...

പെട്രോൾ, ഡീസൽ വിലവർധനയുടെ ദുരിതത്തിനിടെ വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും വീണ്ടും കൂട്ടുന്നത് എന്തർഥത്തിലാണെന്നു മനസ്സിലാകുന്നില്ല എന്നാണ് തിരുവനന്തപുരത്ത് ബാങ്ക് ജീവനക്കാരിയായ എ. ആർ പ്രിയ പറയുന്നത്. ‘‘പാചകവാതകത്തിന്റെ സബ്സിഡി നിർത്തലാക്കിയതൊന്നും മിക്കവരും അറിഞ്ഞിട്ടില്ല. സബ്സിഡി അക്കൗണ്ടിലേക്കു വരുന്നില്ലെന്ന പരാതിയുമായി ഇപ്പോഴും കസ്റ്റമേഴ്സ് ബാങ്കിൽ വരുന്നുണ്ട്. സബ്സിഡി നിർത്തലാക്കി എന്നു പറയുമ്പോൾ അവർക്കൊക്കെ ദേഷ്യമാണ്.

കോവിഡ് കാലം സാധാരണക്കാർക്കു വരുത്തിയ സാമ്പത്തിക പ്രശ്നങ്ങളൊക്കെ എന്നും കാണുന്നതാണ്. പല സാധനങ്ങൾക്കും വില കൂടി. അവയിൽ ചിലതെങ്കിലും വേണ്ടെന്നു വയ്ക്കാൻ എളുപ്പമുള്ളവയാണ്. പക്ഷേ, പാചകവാതകം എങ്ങനെ വേണ്ടെന്നു വയ്ക്കും. ഗ്യാസിന്റെ സബ്സിഡി പുനസ്ഥാപിക്കാതെ, വില കൂട്ടി സാധാരണക്കാരെ ഇങ്ങനെ ഇരട്ടി ദുരിതത്തിലാക്കുന്നത് എന്തിനാണ് ?’’

ഇക്കഴിഞ്ഞ സെപ്റ്റംബർ മുതൽ പാചകവാതക സബ്സിഡി ഒഴിവാക്കിയതിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 20,000 കോടി രൂപ ലാഭിച്ചുവെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഈ തുക കോവിഡിനെ നേരിടാൻ വിനിയോഗിക്കുമത്രേ. ‘ഇതൊരു നല്ല കാര്യമല്ലേ, വിറകടുപ്പിന് എന്താ കുഴപ്പം’ എന്നു ചിലപ്പോൾ ‘ഗൃഹനാഥന്മാർ’ ചോദിച്ചേക്കും. മറുപടി പറയാൻ നിൽക്കാതെ ഈ പൊടിക്കൈ പരീക്ഷിക്കണം. വിറകടുപ്പിൽ, കുറച്ച് ഓലക്കീറൊക്കെ വച്ച് തിളപ്പിച്ച ഒരു ചായയും കൊണ്ട് പൂമുഖത്തേക്കു ചെല്ലുക. ചായ കുടിച്ചിട്ട് ആ ‘പൂമു ഖ’ത്തു വിടരുന്ന ഭാവങ്ങൾ മിസ് ആക്കരുത്.

ഹോട്ടലിലെന്തു ലാഭം

പാചകവാതക വിലക്കയറ്റം ഹോട്ടൽ, ഭക്ഷണ നിർമാണ, ബേക്കറി വ്യവസായങ്ങൾക്കും നഷ്ടമുണ്ടാക്കും. വ്യാവസായിക അടിസ്ഥാനത്തിലുള്ള ഗ്യാസ് സിലിണ്ടറിന് സബ്സിഡി ഇല്ലെന്നു മാത്രമല്ല വില കൂടുമ്പോൾ ‘വലിയ വില’ തന്നെ കൊടുക്കേണ്ടി വരും. ലോക്ഡൗൺ കാലത്തു വരുമാനം നിലച്ചപ്പോൾ പിടിച്ചുനിൽക്കാൻ പൊതിച്ചോറും മറ്റും വിൽക്കുന്ന സംരംഭം തുടങ്ങിയവർക്കാകും ഗ്യാസ് വിലവർധന തിരിച്ചടിയാകുന്നതെന്ന് കോട്ടയം പാലായിലെ ബേക്കറി, കേറ്ററിങ് ബിസിനസ് ഉടമയായ റോഷ്നി മാത്തൻ പറയുന്നു. ‘‘കോവിഡിന്റെ നിയന്ത്രണങ്ങളൊക്കെ മാറി ബിസിനസ് വീണ്ടും ഉണ ർന്ന സമയത്താണ് ഗ്യാസിന്റെ വിലയിലൂടെ തിരിച്ചടി. 2021 ലെ ആദ്യ സിലിണ്ടർ യൂണിറ്റിലേക്ക് എത്തിച്ചത് 1100 രൂപയ്ക്കാണ്. മാർച്ച് മാസത്തിൽ ഇത് 1600 രൂപയായി. മൂന്നു മാസം കൊണ്ട് 500 രൂപയുടെ വ്യത്യാസം.

കാറ്ററിങ് യൂണിറ്റ് ആയതുകൊണ്ട് കിട്ടുന്ന ഓർഡർ അനുസരിച്ച് ഭക്ഷണം ഉണ്ടാക്കിയാൽ മതിയെന്ന സൗകര്യമുണ്ട്. പ ക്ഷേ, കസ്റ്റമേഴ്സിന്റെ എണ്ണം ഊഹിച്ച് പാചകം ചെയ്യുന്ന ഹോട്ടലുകാരുടെ കാര്യമോ. സാധനങ്ങളുടെ വിലയും ഗ്യാസിന്റെ വിലയുമൊക്കെ കഴിഞ്ഞ ശേഷമല്ലേ ഞങ്ങൾക്കുള്ള ലാ ഭം കിട്ടുന്നത്. ഗ്യാസിന്റെ വില കുതിച്ചു കയറിയിട്ടും വിഭവങ്ങളുടെ വിലയിൽ വലിയ മാറ്റം വരുത്തിയിട്ടില്ല. ‌ആ കണക്ക് ആരോടു പറയാനാണ്...’’

സ്ഥിരമായി ഉപയോഗിച്ചിരുന്ന അരിക്കു പകരം വേവു കുറവുള്ള അരിയൊക്കെ പരീക്ഷിക്കാമെന്നു പറയാൻ പറ്റും. പക്ഷേ, പുതിയ അരി കൂടുതൽ വെന്തുപോകുന്നത് പതിവുകാർക്ക് ‘അരുചി’യാകും. കുക്കർ ഉപയോഗിക്കാമെന്നു വച്ചാലും പാചകത്തിന് ഗ്യാസ് സ്റ്റൗ ഓൺ ചെയ്യാതെ തരമില്ലല്ലോ.

രൂപാ ദയാബ്ജി

വര: ജയൻ