Tuesday 02 November 2021 12:46 PM IST : By സ്വന്തം ലേഖകൻ

‘ഹേബിയസ് കോർപസ് പിൻവലിക്കണം, ഇല്ലെങ്കിൽ തള്ളും’:അനുപമയുടെ ഹർജി തള്ളി: തിരിച്ചടി

anupama-case-habeus

കുഞ്ഞിനെ തിരികെ ലഭിക്കാൻ അമ്മ അനുപമ നൽകിയ  ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി സ്വീകരിച്ചില്ല. ഹർജി പിൻവലിക്കണമെന്നും, ഇല്ലെങ്കിൽ തള്ളുമെന്നും ഹൈക്കോടതി അനുപമയോട് പറഞ്ഞു. മറ്റൊരു കേസ് തിരുവനന്തപുരം കുടുംബകോടതിയിൽ നിലനിൽക്കുകയല്ലേ എന്നും, അങ്ങനെയെങ്കിൽ എങ്ങനെ കോടതിയിൽ ഹേബിയസ് കോർപ്പസ് നിലനിൽക്കുമെന്നും കോടതി ചോദിച്ചു. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ല.  ഡിഎന്‍എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ട് . കുടുംബകോടതിയിലുളള കേസില്‍ ഹൈക്കോടതിയുടെ സത്വര ഇടപെടൽ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി.

ഇന്ന് അനുപമയുടെ ഹേബിയസ് കോര്‍പ്പസ് ഹർജി പരിഗണിച്ചപ്പോള്‍ ഈ കേസ് കുടുംബ കോടതിയുടെ പരിഗണനയില്‍ അല്ലേയെന്ന് ബെഞ്ച് ആരായുകയായിരുന്നു. ഈ ഹരജി നിലനില്‍ക്കുമോ? ഇതില്‍ സത്വരമായി ഇടപെടാന്‍ കാരണം കാണുന്നില്ലെന്നും കോടതി പറഞ്ഞു.
കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന പരാതിയിൽ 2021 ഒക്ടോബർ 18-ന് മാത്രമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുഞ്ഞിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ഹാജരാക്കി തനിക്ക് കൈമാറണമെന്നാണ് ഹർജിയിൽ അനുപമയുടെ ആവശ്യം. ഇത് ഹൈക്കോടതി അംഗീകരിക്കുന്നില്ല.

അമ്മയുടെ സാമീപ്യം നിഷേധിക്കപ്പെട്ട കൈക്കുഞ്ഞിന്റെ അവകാശങ്ങൾ സംരക്ഷിക്കണം എന്ന ആവശ്യവുമായാണ് അനുപമ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തത്. ആശുപത്രി റജിസ്റ്ററിലും ജനന സർട്ടിഫിക്കറ്റിലും കുഞ്ഞിനെ സംബന്ധിച്ചു തെറ്റായ വിവരങ്ങളാണ് നൽകിയിട്ടുള്ളതെന്നും, ശിശുക്ഷേമ സമിതി അധികൃതരെ ഉൾപ്പെടെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നും കാണിച്ചാണ് ഹൈക്കോടതിയിലെത്തിയത്.

കുഞ്ഞിനെ ദത്തു നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് കുടുംബ കോടതിയുടെ പരിഗണനയിലാണ്. അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയെന്ന് ആക്ഷേപമുയര്‍ന്ന കേസില്‍ ആവശ്യമെങ്കില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താമെന്ന് കുടുംബ കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോയെന്ന് കണ്ടെത്തണമെന്നും തിരുവനന്തപുരം കുടുംബ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ 2020 ഒക്ടോബര്‍ 19-നാണ് അനുപമ കുഞ്ഞിന് ജന്മം നല്‍കുന്നത്. എന്നാല്‍ തന്റെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിതയും ചേര്‍ന്ന് നാലാം ദിവസം കുഞ്ഞിനെ തന്നില്‍ നിന്ന് തട്ടിക്കൊണ്ട് പോയെന്നും, തന്റെ അനുമതിയില്ലാതെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമാണ് അനുപമ ഹരജിയില്‍ ആരോപിക്കുന്നത്. ആശുപത്രി രജിസ്റ്ററിലും ജനനസര്‍ട്ടിഫിക്കറ്റിലും കുഞ്ഞിന്റെ വിവരങ്ങള്‍ തെറ്റായാണ് നല്‍കിയിട്ടുള്ളതെന്നും ഹ‍ര്‍ജിയിൽ പറയുന്നു.