Friday 18 June 2021 04:43 PM IST

ഗള്‍ഫിലെ ഒന്നര ലക്ഷം രൂപയുടെ ജോലി കളഞ്ഞ് നാട്ടിലേക്ക്: എല്ലാം ആ സ്വപ്‌നത്തിനു വേണ്ടി: യൂ ട്യൂബിലെ വൈറല്‍ ജോഡി ഹിമയും സുമിതും പറയുന്നു

Binsha Muhammed

hima-sumith-cover

അഞ്ച് വര്‍ഷം മുമ്പുള്ള ഒരു കല്യാണ പരസ്യം. അതിലെ വരന്‍ സുമിത് ബാബു. ചെക്കന്റെ പ്രൊഫൈലും ചുറ്റുപാടും കണ്ടിഷ്ടപ്പെട്ട് താത്പര്യമറിയിച്ചതാണ് ഹിമയുടെ വീട്ടുകാര്‍. ഇരുവീട്ടുകാര്‍ക്കും പരസ്പരം ഇഷ്ടപ്പെട്ട ആലോചന ഉറപ്പിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് കഥാനായകനായ കല്യാണ ചെക്കന്‍ ചങ്കിനകത്തൊളിപ്പിച്ച ആ രഹസ്യം പെണ്ണിനോട് പങ്കുവച്ചത്. 

എനിക്ക് കുട്ടിയെ ഇഷ്ടമാണ്. പക്ഷേ... എന്റെ ഗള്‍ഫിലെ ജോലിയും സാലറിയും നോക്കി ഈ കല്യാണത്തിന് സമ്മതിക്കരുത്. എന്റെ വഴി അഭിനയമാണ്. ഇനിയങ്ങോട്ട് അതെന്റെ കൂടെ കാണും. അതിന് ഓകെ ആണെങ്കില്‍ കൂടെ കൂടിക്കോ?

അന്ന് കണ്ണുംപൂട്ടി ഓകെ പറഞ്ഞ് സുമിതിന്റെ കൈപിടിച്ചതാണ് ഹിമ. ഒരു പെണ്ണും ഏറ്റെടുക്കാന്‍ സാധ്യതയില്ലാത്ത വല്യ റിസ്‌ക്. അന്നെടുത്ത ആ ചങ്കുപൊളപ്പന്‍ തീരുമാനം തെറ്റിയില്ലെന്നു മാത്രമല്ല, മലയാളിയുടെ മനസില്‍ കൂടുകൂട്ടിയ ഭാഗ്യ ജോഡികളുടെ ഉദയത്തിനു കൂടി ആ ഒരൊറ്റ യെസ് വഴിയൊരുക്കി. 

ചിരിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ത്ത ടിക് ടോക് വിഡിയോകള്‍, മില്യണ്‍ കാഴ്ചക്കാരുടെ ഹൃദയം കവര്‍ന്ന യൂ ട്യൂബ് വിഡിയോകള്‍. മലയാളികളുടെ അന്തംവിട്ട സ്‌നേഹവും ലൈക്കും ഏറ്റവാങ്ങി ആ ഭാഗ്യ ജോഡികള്‍ ജൈത്രയാത്ര തുടരുകയാണ്. ഹിമ-സുമിത് ജോഡി ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഇന്ന് ചിരിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ്. നാലു ചുമരുകളില്‍ ഒതുങ്ങുന്ന ടിക് ടോകില്‍ നിന്നും വെള്ളിത്തിരയുടെ വെള്ളിവെളിച്ചം വരെ എത്തി നില്‍ക്കുന്ന ഇവരുടെ കഥയാണിത്. ഇതൊക്കെ ഒരു ജോലിയാണോ എന്ന് ചോദിച്ചവരോട് ജീവിതം കൊണ്ട് വിജയിച്ചു കാണിച്ച സുമിത്-ഹിമഭാഗ്യജോഡികളുടെ കഥ...

hima-sumith

വെല്‍ഡര്‍ ടു ആക്ടര്‍

പ്ലസ്ടു കഴിഞ്ഞിട്ട് പോളി ടെക്‌നിക്കില്‍ എക്‌സ്‌റേ വെല്‍ഡിങ്ങിന് ചേര്‍ന്നത് എന്തേലും ഒരു പണി വേഗം കിട്ടുമല്ലോ എന്ന് കരുതിയാണ്. പക്ഷേ ചങ്കിനകത്ത് നിറയെ അഭിനയമോഹമായിരുന്നു. അന്നത്തെ മോഹങ്ങള്‍ വെറും മോഹങ്ങളായി തന്നെ കിടപ്പായിരുന്നു. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ സജീവമായിരുന്നില്ല. ടിക് ടോകും യൂ ട്യൂബുമൊക്കെ പിച്ചവച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അച്ഛനോട് പറഞ്ഞാല്‍ ചിലപ്പോള്‍ ആക്ടിങ് ക്ലാസിന് കൊണ്ടു ചെന്ന് ആക്കുമായിരുന്നേനെ. പക്ഷേ അതുപോലും പറയാനുള്ള അറിവ് ഇല്ലായിരുന്നു എന്നതാണ് സത്യം. സ്വപ്‌നങ്ങളെ ചങ്കിനകത്തിട്ടാണ് സൗദിയിലേക്കുള്ള വണ്ടി പിടിക്കുന്നത്. സൗദിയിലെ നജ്‌റാനിലെ ഒരു കമ്പനിയില്‍ വെല്‍ഡറായി. നല്ല ശമ്പളം, നല്ല ജോലി... പക്ഷേ അഭിനയ മോഹം മനസില്‍ ചാരം മൂടിക്കിടന്നു- സുമിത് ആണ് പറഞ്ഞു തുടങ്ങിയത്. 

ഹിമയുടെ കല്യാണാലോചനയുടെ സമയത്ത് ഞാന്‍ നയം വ്യക്തമാക്കി. അവള്‍ കട്ടയ്ക്ക് കൂടെ നിന്നു എന്നതാണ് സത്യം.അഞ്ചുകൊല്ലം മുമ്പൊരു ഏപ്രിലില്‍ അവളെ ഞാനെന്റെ കൂടെക്കൂട്ടി. എന്റെ ആഗ്രഹമറിഞ്ഞ വീട്ടുകാര്‍ തടസം പറയാതെ പച്ചക്കൊടി കാട്ടിയത് ഭാഗ്യം. വിവാഹ ശേഷം അധികനാളാകും മുന്നേ ഞാനെന്റെ ജോലി വിട്ടു. അന്നെനിക്ക് ഒന്നര ലക്ഷം രൂപയോളം ശമ്പളമുണ്ടായിരുന്നു. കീഴില്‍ പത്തോളം ജീവനക്കാര്‍. അഭിനയ സ്വപ്‌നം മനസിലിട്ട് നാട്ടിലേക്കുള്ള വണ്ടി പിടിക്കുമ്പോള്‍ ഞങ്ങള്‍ ജീവിച്ചു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. സമ്പാദ്യമാണെങ്കില്‍ സീറോ... ശരിക്കും പറഞ്ഞാല്‍ ജീവിതത്തിലെ വല്യൊരു റിസ്‌ക് ആയിരുന്നു അത്. ഏതൊരു ഭാര്യയും എതിരു നില്‍ക്കുന്ന ആ വലിയ റിസ്‌കെടുക്കാന്‍ കൂടെ നിന്നത് ഹിമയാണ്. എന്റെ അമ്മൂട്ടന്‍...

ഇങ്ങനെയൊരു ഭാര്യയെ കിട്ടാന്‍ അല്ലേലും പുണ്യം ചെയ്യണം ചേട്ടായി- ഇക്കുറി ചിരിയുടെ കെട്ടഴിച്ചത് ഹിമയാണ്. 

ചേട്ടായി നാട്ടിലേക്കു വരുമ്പോള്‍ ആകെ മുന്നിലുണ്ടായിയിരുന്നത് എന്റെ ജോലിയാണ്. എറണാകുളത്ത് വിദ്യാഭ്യാസ വകുപ്പില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍. പേരുകേട്ട് ഞെട്ടേണ്ട. ചെറിയൊരു ടെമ്പററി ജോലിയായിരുന്നു അത്. 7500 രൂപ ശമ്പളം. എങ്കിലും വലിയൊരു ആശ്വാസമായിരുന്നു അത്. മാസങ്ങളോളം എന്റെ ശമ്പളത്തില്‍ ഞങ്ങള്‍ പിടിച്ചു നിന്നു. ഇതിനിടെ ചേട്ടായി അവസരങ്ങള്‍ക്കായി തേടിക്കൊണ്ടേയിരുന്നു. ഒരുപാട് സ്ഥലങ്ങളില്‍ ഓഡീഷന് പോയി. പലയിടത്തു നിന്നും നിരാശനായി മടങ്ങേണ്ടി വന്നു. പക്ഷേ ചേട്ടായി ശ്രമിച്ചു കൊണ്ടേയിരുന്നു. അങ്ങനെയിരിക്കേ മഴവില്‍ മനോരമയുടെ മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന പരിപാടിയുടെ ഓഡീഷന്‍ ശ്രദ്ധയില്‍പ്പെട്ടു. 2017ല്‍ നടന്ന പരിപാടി സ്വപ്‌നങ്ങളുടെ തുടക്കമായി.- ഹിമ പറയുന്നു.

hima-sumith-2

ടിക് ടോക്കിലെ കോമഡി ജോഡി

എനിക്ക് ആകെ കിട്ടുന്ന 7500 രൂപ ശമ്പളത്തില്‍ നിന്നു കൊണ്ടാണ് പിടിച്ചു നിന്നത്. ഓഡീഷന് പോകാനുള്ള പെട്രോള്‍ കാശ് പോലും ഇതില്‍ നിന്നായിരുന്നു. മൂന്നോ നാലോ തവണ ഓഡീഷനില്‍ പങ്കെടുക്കാന്‍ കൊടുങ്ങല്ലൂര്‍ നിന്നും അരൂരുള്ള സ്റ്റുഡിയോയിലേക്ക് പോകും. ആ ഓട്ടം വെറുതെയായില്ല. മൂന്നോ നാലോ ഓഡിഷനുകളില്‍ നിന്ന് 10 പേരെ തിരഞ്ഞെടുത്തു. അതില്‍ ഒരു ജോഡി ഞാനും ചേട്ടായിയും. ഒടുവില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഫൈനലിസ്റ്റുകളില്‍ നിന്ന് നാലാം സ്ഥാനവും വാങ്ങിയാണ് പടിയിറങ്ങിയത്.- ഹിമയുടെ വാക്കുകള്‍

ടിക് ടോകിന്റെ വരവാണ് ജീവിതത്തിന്റെയും തലവര മാറ്റിയത്. എല്ലാവരും പാട്ടിനും ഡയലോഗിനും ഒത്ത് ചുണ്ടനക്കിയപ്പോള്‍ ഞങ്ങള്‍ ഓണ്‍ വോയ്‌സില്‍ വിഡിയോ ചെയ്തു തുടങ്ങി. ഒരു വിഷുവിന് ചെയ്ത കോമഡി വിഡിയോ കേറിയങ്ങ് കൊളുത്തി. പടക്കത്തിന് പകരം കത്തിച്ച തിരി വലിച്ചെറിയുന്ന അമ്മൂട്ടന്റെയും എന്റെയും കോമഡി ടിക് ടോക് ഒരുപാട് ഇഷ്ടക്കാരെ തന്നു. ഫോളോവേഴ്‌സു കൂടി. പതിയെ പതിയെ ചെറിയ വിഡിയോകള്‍ ചെയ്തു തുടങ്ങി. ചിരിയായിരുന്നു വിഡിയോയുടെ എല്ലാത്തിന്റെയും കാതല്‍. ചുരുങ്ങിയ സമയം കൊണ്ട് ഫോളോവേഴ്‌സ് കുതിച്ചു കയറി.  13 ലക്ഷം ഫോളോവേഴ്‌സുള്ള വെരിഫൈഡ് അക്കൗണ്ടായിരുന്നു ഞങ്ങളുടേത്. എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി. പുറത്തിറങ്ങുമ്പോഴൊക്കെ അറിയുന്നവര്‍ ഓരോരുത്തരും ഓടി അടുത്തു വരും. ഒത്തിരി ഇഷ്ടമാണെന്ന് പറയും. കുമ്പളങ്ങി നൈറ്റ്‌സിന്റെ നൂറാം ദിനാഘോഷത്തിനിടെ  തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ സാറിനെ പരിചയപ്പെടാനും അടുത്ത് ചെന്നു. പുള്ളി ഞങ്ങളെ കണ്ട് തിരിച്ചറിഞ്ഞുവെന്ന് മാത്രമല്ല, ഒന്ന് രണ്ട് വിഡിയോയെ കുറിച്ച് എടുത്ത് പറയുകയും ചെയ്തു. ആ നിമിഷങ്ങള്‍ ഒരിക്കലും മറക്കില്ല.

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കേ കുറേ പരസ്യവും കിട്ടി. മില്‍മ ഐസ്‌ക്രീം, എലൈറ്റ് കേക്ക് അങ്ങനെ വരുമാനം കൊണ്ടു തന്ന പരസ്യങ്ങള്‍ ഒത്തിരിയുണ്ടായിരുന്നു. ഇന്‍ഫ്‌ളൂവന്‍സര്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി കുറേ പ്രോഡക്ടിന്റെ പരസ്യത്തിനായി സമീപിക്കുകയും ചെയ്തു. പക്ഷേ അത് ഏറെ നാള്‍ തുടര്‍ന്നു പോകാന്‍ മനസ് അനുവദിച്ചില്ല. എന്റെ ലക്ഷ്യത്തില്‍ നിന്നു മാറി വെറും പരസ്യക്കാരനായി മാറുന്നോ എന്ന തോന്നല്‍ മനസില്‍ കയറികൂടി. 

hima-sumith-1

പരസ്യക്കാരനല്ല, നല്ല നടനാകണം

പരസ്യമോ മോഡലിങ്ങോ അല്ല നമ്മുടെ വഴിയെന്ന് ഓര്‍മ്മിപ്പിച്ചത് ചേട്ടായിയാണ്. അതില്‍ പിന്നെ  ഞങ്ങള്‍ ആ വഴി തിരിഞ്ഞിട്ടില്ല. ടിക് ടോക് പോലുള്ള പ്ലാറ്റ്‌ഫോമുകളായ മോജ്, ജോഷ് എന്നിവയൊക്കെ ഞങ്ങളുടെ ഫോളോവേഴ്‌സിനെ വിലയ്ക്കു വാങ്ങി വിഡിയോ ചെയ്യാന്‍ സമീപിച്ചിരുന്നു. ലക്ഷങ്ങള് ഓഫര്‍ ചെയ്യുകയും ചെയ്തു. പക്ഷേ ഞങ്ങളെസ്‌നേഹിക്കുന്നവരെ ഞാന്‍ വില്‍ക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. എല്ലാത്തിനും മേലെ എന്നെ നയിച്ചത് പരസ്യവും പൈസയുണ്ടാക്കലും എന്റെ വഴിയല്ല എന്ന തിരിച്ചറിവാണ്. എന്തിനേറെ ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പോലും ഞാനും ചേട്ടായിയും ശ്രദ്ധ കൊടുത്തിട്ടില്ല. പരസ്യ താത്പര്യത്തില്‍ നിന്നുമാറി അഭിനയത്തിന് പ്രാധാന്യം നല്‍കുന്ന വിഡിയോകളിലേക്ക് ശ്രദ്ധ തിരിക്കുന്നത് അങ്ങനെയാണ്.- ഹിമ പറയുന്നു. 

അവസരങ്ങള്‍ക്കായി ഒത്തിരി കയറിയിറങ്ങിയപ്പോള്‍ കുറേ അവഗണനകളുടെ സ്വരങ്ങളും കേട്ടിട്ടുണ്ട്. ടിക് ടോകിലുള്ളവരൊക്കെ അഭിനയിക്കാന്‍ അറിയാത്തവരാണെന്നായിരുന്നു പലരുടേയും ധാരണ. ആ ധാരണ മാറ്റിക്കൊടുക്കാന്‍ എന്നിലെ പ്രതിഭയ്ക്ക് സാധിക്കും എന്ന് ഉറച്ച് വിശ്വസിച്ചു.

hima-sumith-3

യൂട്യൂബ് വിഡിയോകളിലൂടെ ശ്രദ്ധേയരായ അനുരാജ്-പ്രീണ ദമ്പതികളെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. അവര്‍ നേതൃത്വം നല്‍കുന്ന ഐഎം4യൂ എന്ന യൂട്യൂബ് ചാനലുമായി സഹകരിച്ച് വിഡിയോ ചെയ്യാന്‍ അവസരമുണ്ടായി. എം എച്ച് പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ നിരവധി വിഡിയോകള്‍ ഹിറ്റില്‍ നിന്നും സൂപ്പര്‍ഹിറ്റിലേക്ക് കുതിച്ചു. അവയില്‍ ഓരോന്നിലും എനിക്കും അമ്മൂട്ടനും നല്ല വേഷമുണ്ടായിരുന്നു. സമീപകാലത്ത് ശ്രദ്ധ നേടിയ 10 സി എന്ന യൂ ട്യൂബ് വെബ് സീരീസും ഒത്തിരി ആരാധകരെ തന്നു. 

ഇനിയും ഒത്തിരി വിഡിയോകളും ഷോര്‍ട്ട്ഫിലിമും സീരീസുകളും പുറത്തു വരാനിരിക്കുകയാണ്. ഷൂട്ടുള്ളപ്പോള്‍ കൊടുങ്ങല്ലൂരുള്ള വീട്ടില്‍ നിന്നും അടൂരെത്തുന്നതാണ് രീതി. ഇപ്പോള്‍ കുറേ നാളായി അനുരാജ് ഏട്ടന്റെ വീടിനടുത്ത് ഞങ്ങള്‍ വീടെടുത്ത് താമസിക്കുകയാണ്. മാസത്തില്‍ 10 ദിവസമാണ് ഹിമയ്ക്ക് ജോലിയുള്ളത്. അതു കഴിഞ്ഞാല്‍ നേരെ അടൂരെത്തി ഷൂട്ടിന്റെ ഭാഗമാകും. 

എന്റെ കഷ്ടപ്പാടിനും ആത്മവിശ്വാസത്തിനുമുള്ള വല്യ പ്രതിഫലം പുറത്തു വരാനിരിക്കയാണ്. അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്ന ഒരു താത്വിക അവലോകനത്തില്‍ അജു ചേട്ടനും ഷമ്മി തിലകന്‍ ചേട്ടനുമൊപ്പം കോമ്പിനേഷന്‍ സീനുണ്ട്. ഒന്ന് രണ്ട് സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുന്നു. പക്ഷേ എല്ലാത്തിനും മേലെ ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് അനുരാജേട്ടന്‍ പ്രൊഡ്യൂസ് ചെയ്ത് ദിനേശ് ദാമോദര്‍ എഴുതി സംവിധാനം ചെയ്യുന്ന ഞാന്‍ നായകനാകുന്ന ശക്തിമാന്‍ ശരവണന്‍ എന്നി സിനിമയ്ക്കു വേണ്ടിയാണ്. ആ കാത്തിരിപ്പ് വൈകാതെ സഫലമാകും. എന്റെ സ്വപ്‌നവും...- സുമിത് പറഞ്ഞു നിര്‍ത്തി. 

hima-sumith-85

ജീവിതം പുതിയ നിയോഗങ്ങള്‍ തരുമ്പോള്‍ ഞാനും ഹിമയും ഹാപ്പിയാണ്. ഒന്നുമില്ലെങ്കിലും ജീവിതത്തില്‍ ഞങ്ങളുടെ തീരുമാനം തെറ്റിയില്ലല്ലോ. സോഷ്യല്‍ മീഡിയയില്‍ എന്റെ വിഡിയോ തരംഗമാകുന്നത് കണ്ട് നജ്‌റാനിലെ എന്റെ പഴയ ബോസ് തിരികെ വിളിച്ചിരുന്നു. എടാ...  ഷാരൂഖ് ഖാനെ നീ എന്നാ സൗദിയിലേക്ക് തിരികെ ജോലിക്ക് വരുന്നതെന്ന് ചോദിച്ചു. വല്യ ശമ്പളവും വീണ്ടും ഓഫര്‍ ചെയ്തു. ഞാനെങ്ങനെ പോകാനാണ്... എന്റെ സ്വപ്‌നങ്ങളൊക്കെ ഇവിടെയല്ലേ.- സുമിത് പറഞ്ഞു നിര്‍ത്തി.