Saturday 06 June 2020 04:12 PM IST

ആശുപത്രിയില്‍ പോകാതെ ക്യൂ നില്‍ക്കാം; തിരക്കാതെ സുരക്ഷിതരായി ഡോക്ടറെ കണ്ടു വരാം!

V N Rakhi

Sub Editor

queue

ആരോഗ്യമേഖലയിലെ ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് സംവിധാനങ്ങള്‍ക്ക് പ്രാധാന്യമേറുന്നു

തിങ്ങിനിറഞ്ഞ ആശുപത്രി വരാന്തയില്‍ ഡോക്ടറെയും കാത്ത് മണിക്കൂറുകള്‍ ഇരിക്കേണ്ട. വീട്ടിലിരുന്ന് ടോക്കണ്‍ സമയം അറിയാം. അതനുസരിച്ചു വീട്ടില്‍ നിന്നിറങ്ങി ഡോക്ടറെ കണ്ട് എളുപ്പത്തില്‍ തിരിച്ചു പോരാം. പരിശോധനാഫലങ്ങളും മരുന്നും വാങ്ങാനായി വീണ്ടും വീണ്ടുമുള്ള ആശുപത്രി സന്ദര്‍ശനവും വേണ്ട. ഇന്റലിജന്റ് ക്യൂ മാനേജ്‌മെന്റിനും ഇ-കണ്‍സള്‍ട്ടേഷനുകള്‍ക്കും വഴിമാറിക്കൊടുക്കുകയായി ആരോഗ്യമേഖല. കുറച്ചു വര്‍ഷങ്ങളായി ആരോഗ്യരംഗത്തെ ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് എങ്കിലും കോവിഡിനു ശേഷമുള്ള നാളുകളില്‍ ഇവയുടെ പ്രാധാന്യമേറുകയാണ്.

ലോക്ഡൗണുകള്‍ക്കു ശേഷം ആരോഗ്യമേഖലയും ആരോഗ്യസംരക്ഷണസേവനങ്ങളും കൂടുതലായി ആധുനിക സാങ്കേതികവിദ്യകളെ ആശ്രയിച്ചു തുടങ്ങുകയായി. അപ്പോയ്ന്റ്‌മെന്റ് പട്ടിക തയാറാക്കലും ഇ-കണ്‍സള്‍ട്ടേഷനുകളും ഇ-പ്രിസ്‌ക്രിപ്ഷനുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ എളുപ്പത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ചെയ്യാം. ആശുപത്രികളിലെ തിരക്ക് ഒഴിവാക്കി അസുഖത്തിന്റെ സമൂഹവ്യാപനം കുറയ്ക്കുകയാണ് ഇതുകൊണ്ട് പ്രധാനമായി ഉദ്ദേശിക്കുന്നത്.

നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സാമൂഹിക അകലം പാലിക്കുന്നത് ഏറെ ഫലപ്രദമാക്കാം. രോഗികളുടെ ക്യൂ സംവിധാനം കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ക്രമീകരിക്കാനും രോഗികള്‍ക്ക് കുറഞ്ഞ കാത്തിരിപ്പ് സമയം നല്‍കാനും കഴിയുന്നതിലൂടെയാണിത് സാധ്യമാകുന്നത്. ഇത്തരം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഡോക്ടറുടെ പരിശോധനാ ദിവസവും സമയവും അറിയാം, അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. നോട്ടിഫിക്കേഷനുകളായോ റിമൈന്‍ഡറുകളായോ പെഴ്‌സണല്‍ മെസേജുകളായോ ബുക്കിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതത് സമയത്ത് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ രോഗിയിലെത്തിച്ചു കൊണ്ടിരിക്കും. ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകളുടെ പ്രെസ്‌ക്രിപ്ഷനുകള്‍ ഇ മെയിലിലോ വാട്‌സ്ആപിലോ രോഗിക്കു കിട്ടും. ക്യൂ നില്‍ക്കാതെയും കൂടുതല്‍ പേരുമായി സമ്പര്‍ക്കമുണ്ടാകാതെയും ഡോക്ടറെ കണ്ടുമടങ്ങാം എന്നത് രോഗിക്കും കൂടെയുള്ളവര്‍ക്കും നല്‍കുന്ന ആശ്വാസം ചെറുതാകില്ല. രോഗിക്കോ കൂടെയുള്ളവര്‍ക്കോ തന്നെ ഇത്തരം സൈറ്റുകളില്‍ കയറി അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാമെന്നതാണ് ഇവയുടെ ഗുണം. ബില്ലുകളും പാത്തോളജി ടെസ്റ്റ് റിസല്‍ട്ടുകളുമെല്ലാം നേരിട്ട് ആശുപത്രിയിലെത്താതെ ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ രോഗിക്കു വീട്ടിലിരുന്ന് കാണാം. ഡിജിറ്റല്‍ പെയ്‌മെന്റ് സൈറ്റുകളിലൂടെ പണമടയ്ക്കുകയും ചെയ്യാം. അങ്ങനെ ആശുപത്രി സന്ദര്‍ശനത്തിന്റെ എണ്ണവും കുറയ്ക്കാം.

queue-2

ആശുപത്രികളെക്കൂടാതെ പബഌക് ഹെല്‍ത്ത് സെന്റുകളിലും കമ്യൂണിറ്റി ഹെല്‍ത് സെന്ററുകളിലും ഇത്തരം ഡിജിറ്റല്‍ ക്യൂയിങ് സംവിധാനം വന്നാല്‍ ധാരാളം പേര്‍ക്ക് സഹായകമാകും. ക്യൂ നില്‍ക്കാതെയും സമൂഹ വ്യാപനത്തിന്റെ പേടിയില്ലാതെയും ഇത്തരം സേവനങ്ങള്‍ ലഭിക്കുന്നത് ഡിജിറ്റല്‍ യുഗത്തിലെ വലിയ അനുഗ്രഹങ്ങളിലൊന്നാകും.

വിവരങ്ങള്‍ക്ക് കടപ്പാട്:

പ്രശാന്തി നാഥന്‍

ചീഫ് ടെക്‌നോളജി ഓഫിസര്‍

ബുക്ക് എന്‍ മീറ്റ്

നാസ്‌കോം സ്റ്റാര്‍ട്ട് അപ് വെയര്‍ ഹൗസ്

ഇന്‍ഫോപാര്‍ക്, കാക്കനാട്, കൊച്ചി.

Tags:
  • Spotlight