Friday 24 July 2020 01:57 PM IST : By സ്വന്തം ലേഖകൻ

‘നായ കടിച്ച പ്ലാസ്റ്റിക് ബാഗിൽ നിന്നാണ് അവളെ കിട്ടിയത്; ശ്വസിക്കാൻ പോലുമാകാതെ വിഷം അകത്തുചെന്ന നിലയിലായിരുന്നു’

humans-of-bombay332256679900

പഞ്ചാബിലെ ജലന്ധറില്‍ ഉപേക്ഷിക്കപ്പെടുന്ന പെൺകുട്ടികൾക്കായി ആരംഭിച്ച യുണിക് ഹോമിലൂടെ നിരവധിപേരാണ് ജീവിതത്തിലേക്ക് പിച്ചവയ്ക്കുന്നത്. പ്രകാശ് കൗർ എന്ന സ്ത്രീയാണ് യുണിക് ഹോമിനു പിന്നിൽ പ്രവർത്തിക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ യുവതികള്‍ വരെ വ്യത്യസ്ത പ്രായത്തിലുള്ള പെൺകുട്ടികൾക്കാണ് പ്രകാശ് കൗർ അഭയമൊരുക്കുന്നത്. ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്വന്തം അമ്മ തന്നെയാണ് അവർ. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക് പേജിൽ പ്രകാശ് കൗർ പങ്കുവച്ച അനുഭവക്കുറിപ്പ് ശ്രദ്ധേയമാകുകയാണ്. 

ഹ്യൂമൻസ് ഓഫ് ബോംബെ പങ്കുവച്ച കുറിപ്പ് വായിക്കാം; 

"ആറു മാസം മുൻപാണ് നായയുടെ വായിലുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് ബാഗിൽ നിന്നും ഞങ്ങൾക്ക് അവളെ കിട്ടുന്നത്. വഴിയാത്രക്കാരനായ ഒരാൾ പ്ലാസ്റ്റിക് ബാഗിലെ അനക്കം കണ്ട് ഞങ്ങളെ വിളിക്കുകയായിരുന്നു. ഉടൻതന്നെ ഞങ്ങൾ അവളെ ആശുപത്രിയിലെത്തിച്ചു. അവൾക്ക് ശ്വസിക്കാൻ പോലും കഴിഞ്ഞിരുന്നില്ല, ആരോ വിഷം നൽകിയിരുന്നു. അവളെ ചികിത്സിക്കാൻ ഏഴു മാസമെടുത്തു. എല്ലാ ദിവസവും ഞാൻ അവളെ കാണാൻ പോകും. ഇൻകുബേറ്ററിൽ കഴിയുന്ന അവളെ കാണുമ്പോൾ എന്റെ ഹൃദയത്തെ തകരും. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അവളെ ഡിസ്ചാർജ് ചെയ്തു. അന്നുതൊട്ട് എന്റെ അരികിൽ കിടന്നാണ് അവൾ ഉറങ്ങുന്നത്.

1993 ൽ അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ പെൺകുട്ടികൾക്ക് മെച്ചപ്പെട്ട ജീവിതം ഒരുക്കാനായി ഞാൻ യൂണിക് ഹോം ആരംഭിച്ചു. ആ വർഷം, കുപ്പത്തൊട്ടിയിൽ നിന്ന് ഞങ്ങൾക്കൊരു പെൺകുഞ്ഞിനെ ലഭിച്ചു. ആദ്യം കാണുമ്പോൾ ഉറുമ്പുകൾ അവളുടെ തൊലി തിന്നുകയായിരുന്നു, അബോധാവസ്ഥയിലായിരുന്നു അവൾ. ഉടൻതന്നെ ഞങ്ങൾ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരു മാസത്തോളം ആശുപത്രിവാസം. പക്ഷേ, പെട്ടെന്നുതന്നെ അവൾ സുഖം പ്രാപിച്ചു. 25 വർഷം, ഞാൻ അവളെ വളർത്തി വലുതാക്കി. പ്രീ സ്‌കൂൾ മുതൽ കോളജ് വരെ പഠിപ്പിച്ചു. ഇന്ന് അവൾ വിദേശത്ത് പിഎച്ച്ഡി ചെയ്യുന്നു.

കഴിഞ്ഞ 27 വർഷത്തിനിടയിൽ നൂറുകണക്കിന് പെൺകുട്ടികളെ ഞാൻ രക്ഷപ്പെടുത്തി. എന്നാൽ എല്ലാത്തിനും ഉപരിയായി ഞാൻ അവർക്ക് അമ്മയാണ്. ഞങ്ങൾ തമ്മിൽ സാധാരണ അമ്മ, മകൾ ബന്ധം പങ്കിടുന്നു. അവരുടെ മുറി വൃത്തികേടായി കിടന്നാലോ, ജംങ്ക് ഫുഡ്‌ കഴിച്ചാലോ ഞാൻ അവരെ വഴക്കുപറയും. എനിക്കുവേണ്ടി ഒരു ചായ അല്ലെങ്കിൽ സോറി പറഞ്ഞ് വളരെ വേഗത്തിൽ അവരെന്റെ പിണക്കം മാറ്റും. 

അടുത്തിടെ, ഞങ്ങൾ അഞ്ചു സഹോദരിമാരെ വീട്ടിലേക്ക് കൊണ്ടുവന്നു, അവരുടെ ഇളയ സഹോദരി ജനിച്ചതിനുശേഷം അമ്മയെ അച്ഛൻ അടിച്ചു കൊന്നു. പേപ്പറിൽ അതിനെക്കുറിച്ച് വായിച്ചപ്പോൾ എനിക്ക് അന്ന് രാത്രി മുഴുവൻ ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേന്ന് അധികൃതരുമായി സംസാരിച്ച് ഞാനവരെ വീട്ടിലെത്തിച്ചു. ആദ്യമെല്ലാം അവർ ഭക്ഷണം കഴിക്കുകയോ, സംസാരിക്കുകയോ, ഉറങ്ങുകയോ ചെയ്യില്ലായിരുന്നു. മൂത്തയാൾ 'എന്നെ വീട്ടിലേക്ക് കൊണ്ടുപോകൂ' എന്നുപറഞ്ഞു വാശി പിടിക്കുമായിരുന്നു. അവളെ സമാധാനിപ്പിക്കാൻ ഞാൻ പറയും, 'ഞങ്ങൾ നിങ്ങളുടെ കുടുംബമാണ്. ഞാൻ ഇപ്പോൾ നിങ്ങളുടെ അമ്മയാണ്.' പതുക്കെ ഞങ്ങൾ അവരെ കൗൺസിലിങ് സെഷനുകൾ, പെയിന്റിങ് ക്ലാസുകൾ, പഠനം എന്നിവയിൽ വ്യാപൃതരാക്കി. ആറു മാസത്തിനുശേഷം അവർ നന്നായി ഭക്ഷണം കഴിക്കുന്നു, സന്തോഷത്തോടെ ഇരിക്കുന്നു. ഇപ്പോൾ മൂത്തയാൾ പറയും, ‘എനിക്ക് ഒരിക്കലും ഇവിടെനിന്ന് പോകാൻ ആഗ്രഹമില്ല.’

സത്യം, എന്റെ കുട്ടികൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് ഞാൻ ഒരിക്കലും അവരെ തടയുകയില്ല. എന്റെ 13 വയസ്സുകാരിയായ ഒരു മകൾ മികച്ച ഓട്ടക്കാരിയാണ്. അവൾക്കുവേണ്ടി ഒരു പരിശീലകനെ നിയമിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഏത് പ്രതിബന്ധത്തെയും തരണം ചെയ്യാൻ എന്റെ മക്കൾക്ക് കഴിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ ദിവസത്തിലും പ്രായത്തിലും എല്ലാവരും ലിംഗസമത്വത്തെക്കുറിച്ചും ഗ്ലാസ് സീലിങ് തകർക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്നു. എന്നാൽ ഒരിക്കലും അതിനു അവസരം ലഭിച്ചില്ലെങ്കിൽ പെൺകുട്ടികൾ എങ്ങനെ അവിടെയെത്തും? 

Tags:
  • Spotlight
  • Social Media Viral