Thursday 02 August 2018 01:43 PM IST

സ്ത്രീകൾ പരാതി കൊടുക്കണം, പത്തു പേർക്കെങ്കിലും ശിക്ഷ വാങ്ങിക്കൊടുക്കണം: ജിൻഷ ബഷീർ

Priyadharsini Priya

Senior Content Editor, Vanitha Online

jinsha-vlogger

പൊതു ഇടങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ആവർത്തിച്ചു പറയുന്ന ഒന്നാണ് ‘സ്ത്രീ സുരക്ഷയും സ്വാതന്ത്ര്യവും.’ കാലങ്ങളായി ഈ വിഷയത്തിൽ ചർച്ചകളും ബോധവത്കരണവും മുറയ്‌ക്ക്‌ നടക്കുന്നുണ്ടെങ്കിലും ഇന്നും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഒട്ടും കുറവില്ല. എല്ലാക്കാലത്തും ഉയർന്നുവരുന്ന സ്ത്രീപക്ഷ ചിന്തകളെ പടിയടച്ചു പിണ്ഡം വയ്ക്കുന്ന പ്രവണതയും ഇവിടെ കൂടുതലാണ്. ഒരുപക്ഷെ ആസൂത്രിതമായ നിലപാടുകളാവാം അതിനു കാരണം. സെലക്ടീവായി പ്രതികരിക്കുന്ന ആളുകൾ അത് സ്ത്രീയായാലും പുരുഷനായാലും സമൂഹത്തിനു ബാധ്യതയാണ്.

സിനിമയിലും സാഹിത്യത്തിലും മറ്റു കലാസൃഷ്ടികളിലും സ്ത്രീ വിരുദ്ധത കാണുമ്പോൾ നമ്മളത് ചൂണ്ടിക്കാണിക്കാറുണ്ട്. തെറ്റുകൾ  കാണുമ്പോൾ വളരെ ഉച്ചത്തിൽ പ്രതികരിക്കാറുണ്ട്. ബഹിഷ്കരിക്കേണ്ട കാര്യമാണെങ്കിൽ അങ്ങനെയും ചെയ്യാറുണ്ട്. അതേസമയം സമൂഹ മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ നമുക്ക് കണ്ടില്ലെന്ന് നടിക്കേണ്ടിവരുന്നു. പ്രശ്നങ്ങളുണ്ടാകുമ്പോൾ വേണ്ട രീതിയിൽ പ്രതികരിക്കാനോ നടപടി കൈക്കൊള്ളാനോ കഴിയാതെ തളർന്നു പോകുന്നു. അഭിപ്രായം പറയാൻ പുരുഷനെ പോലെ സ്‌ത്രീയ്‌ക്കും സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ അവകാശങ്ങൾ പരസ്യമായി നിഷേധിക്കപ്പെടുന്നു. യഥാർത്ഥത്തിൽ സമൂഹ മാധ്യമങ്ങളെ ഭയമാണോ സ്‌ത്രീകൾക്ക്?

സൈബറിടത്തിൽ സ്വന്തം അഭിപ്രായം പറഞ്ഞാൽ അല്ലെങ്കിൽ രേഖപ്പെടുത്തിയാൽ ജീവിതത്തിൽ ഇന്നുവരെ കേൾക്കാത്ത അസഭ്യ വാക്കുകളായിരിക്കും നേരിടേണ്ടി വരുക. ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സംഘർഷം ചെറുതല്ല. അത്തരമൊരു സാഹചര്യത്തെ വളരെ തന്ത്രപൂർവം മറികടന്നയാളാണ് വ്ലോഗ്ഗർ ജിൻഷ ബഷീർ. സൈബർ തെമ്മാടികളുടെ ആക്രമണത്തിനിരയായ ജിൻഷയ്‌ക്കും ഈ വിഷയത്തിൽ ചിലത് പറയാനുണ്ട്.

മുറിയടച്ചിരുന്നാൽ നീതി കിട്ടില്ല...

സൈബർ ആക്രമങ്ങളെ കുറിച്ച് ഏറ്റവും കൂടുതൽ പറയാനുള്ള ഒരാൾ ഞാനായിരിക്കും. അത്രത്തോളം അശ്ലീലവും അസഭ്യവർഷവും സോഷ്യൽ മീഡിയയിലൂടെ എനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. ആ സംഭവം ഇതാണ്; കേരളത്തിൽ നിലനിൽക്കുന്ന ഒരു പ്രധാന വിഷയത്തെ കുറിച്ചായിരുന്നു ഞാനന്ന് സംസാരിച്ചത്. പ്രൈവറ്റ് ബസ് തൊളിലാളികളിൽ നിന്ന് വിദ്യാർത്ഥികൾ നേരിടുന്ന അവഗണനയും ബുദ്ധിമുട്ടുകളും വ്ലോഗിങ്ങിലൂടെ ഞാൻ ജനങ്ങൾക്ക് മുന്നിൽ എത്തിച്ചു. ഇതേത്തുടർന്ന് അതിരൂക്ഷമായ സൈബർ ആക്രമണമാണ് ഞാൻ നേരിട്ടത്. കേട്ടാൽ അറയ്ക്കുന്ന ഭാഷയിലാണ് കമന്റുകൾ പലതും വന്നത്. ഒപ്പം ബസ് മുതലാളിമാരുടെ ഭീഷണിയും. അന്ന് യൂട്യൂബിൽ എന്റെ വിഡിയോയ്ക്ക് താഴെ ഇട്ടിരിക്കുന്ന കമന്റുകൾ വായിക്കാനുള്ള ധൈര്യം പോലും എനിക്കുണ്ടായില്ല. അത്രയ്ക്ക് അശ്ലീലവും അസഭ്യവുമായിരുന്നു എഴുതിപ്പിടിപ്പിച്ചിരുന്നത്.

വിഡിയോയിലൂടെയും എനിക്കെതിരെ ആക്രമണമുണ്ടായി. സഹിയ്‌ക്ക വയ്യാതായപ്പോൾ പ്രതികരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ആ വിഡിയോ അപ്പോൾ തന്നെ ഡൗൺലോഡ് ചെയ്തു. അതിനുശേഷം അയാളുടെ പ്രൊഫൈലും ഡൗൺലോഡ് ചെയ്തു. ഭർത്താവിനൊപ്പം എന്റെ സമീപമുള്ള പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി. മൂന്നു ദിവസത്തിനകം അയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഞാൻ പ്രതികരിച്ചതുകൊണ്ടും അതിനുവേണ്ടി ശ്രമിച്ചതുകൊണ്ടുമാണ് എനിക്കവിടെ നീതികിട്ടിയത്. ഒന്നും മിണ്ടാതെ എല്ലാം സഹിച്ച് വീട്ടിൽ മുറിയടച്ച് ഇരുന്നാൽ നീതി ആരും കയ്യിൽ കൊണ്ടുതരില്ല. നമ്മുടെ ഭാഗത്തുനിന്ന് മുൻകൈ എടുത്താൽ മാത്രമേ നടപടിയുണ്ടാകൂ...

അവരിൽ ഭൂരിഭാഗവും ഭീരുക്കളാണ്...

പലർക്കും സൈബർ ആക്രമണങ്ങളിൽ എങ്ങനെ പരാതി കൊടുക്കണം എന്നറിയില്ല. ഇങ്ങനെയൊരു സംഭവം ഉണ്ടാകുമ്പോൾ ആദ്യം അതിന്റെ സ്ക്രീൻ ഷോട്ട് പ്രിൻറ് എടുത്ത് നമ്മൾ എഴുതി തയാറാക്കിയ പരാതിയോടൊപ്പം തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ കൊടുത്താൽ മതി. അതേസമയം നമ്മളെ അപമാനിക്കുന്ന തരത്തിലുള്ള വിഡിയോ ആണെങ്കിൽ അത് ഡൗൺലോഡ് ചെയ്ത് പൊലീസിന്റെ വാട്ട്സാപ്പ് നമ്പറിൽ അയച്ചുകൊടുത്താൽ മതി. ഇത് ഷെയർ ചെയ്യുന്നവർക്കെതിരെയും പരാതി നൽകാൻ കഴിയും.

ഇക്കാര്യത്തിൽ പലരും സംശയിക്കുന്ന ഒന്നുണ്ട്, കൂടുതൽ പേർ സൈബർ ആക്രമണത്തിന് മുതിർന്നാൽ ആ ആയിരം പേർക്കെതിരെയും പരാതി നൽകാമോ എന്ന്. ആയിരം പേർക്കെതിരെ പരാതിപ്പെടാൻ കഴിഞ്ഞില്ലെങ്കിലും ഏറ്റവും കൂടുതൽ അപമാനിക്കുന്ന ഒരു പത്തു പേർക്കെതിരെയെങ്കിലും നമുക്ക് പരാതിപ്പെടാൻ കഴിയണം. അവർക്ക് രണ്ടു വർഷം തടവെങ്കിലും വാങ്ങിച്ചു കൊടുക്കണം. സോഷ്യൽ മീഡിയയിലൂടെ ഇത്തരത്തിൽ അശ്ലീലവും ചീത്തവിളിയും നടത്തുന്നവരിൽ ഭൂരിഭാഗവും ഭീരുക്കളാണ്. ഇവർ പിടിക്കപ്പെടുമ്പോൾ ആദ്യം ചെയ്യുന്നത് കരച്ചിലും മാപ്പു പറയലും കാലു പിടിത്തവുമാണ്. മറ്റു ചിലർ പിടിക്കപ്പെടുമെന്ന് ഉറപ്പായാൽ ഉടൻ ക്ഷമാപണം നടത്തി ഒരു വിഡിയോ ഇറക്കും.

ഓരോ ആഴ്ചയും ഓരോ ഇര...

ഫെയ്ക് ഐഡിയിൽ നിന്ന് അസഭ്യ വിഡിയോ ഇറക്കിയാൽ അവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് ബുദ്ധിമുട്ടാണ്. അവരുടെ ഐഡി ഡിലീറ്റ് ചെയ്താൽ പിന്നെ സൈബർ സെല്ലിന് കുറ്റവാളിയെ കണ്ടെത്താൻ കാലതാമസം വരും. ഒരാൾ തന്നെ പത്തോളം ഫെയ്ക് ഐഡി ഉണ്ടാക്കിയാണ് നമ്മുടെ കുടുംബത്തെയടക്കം അസഭ്യം പറയാനെത്തുന്നത്. ഒരു സ്ത്രീ വീട്ടിനകത്ത് അടച്ചിരിക്കണം എന്നാണ് ഇത്തരക്കാർ കരുതുന്നത്. സ്ത്രീ കുറച്ചു ധൈര്യം കാണിച്ചാൽ, പ്രതികരിച്ചാൽ അവിടെ അവൾ മോശക്കാരിയായി മാറുകയാണ്. ഹനാൻ വിഷയത്തിലും അതുതന്നെയാണ് സംഭവിച്ചത്. ആ കുട്ടി ഒറ്റയ്ക്ക് കഷ്ടപ്പെട്ട് ജീവിക്കുന്ന ആളാണ്. അവളുടെ പ്രൊഫൈലിൽ സിനിമാതാരങ്ങളുടെ ചിത്രം, മുസ്ലിം കുട്ടിയുടെ തലയിൽ തട്ടമില്ല ഇതൊക്കെ പലർക്കും പ്രശ്നമായി.

ഒരാളെ കുറിച്ച് അപവാദം കാണുമ്പോൾ അത് സത്യമാണോ എന്നറിയാതെ ഷെയർ ചെയ്യുന്നവരാണ് ഭൂരിഭാഗവും. ആ പെൺകുട്ടി എന്തെങ്കിലും കടുംകൈ ചെയ്തിരുന്നെങ്കിൽ ആര് സമാധാനം പറയുമായിരുന്നു? മീൻ കച്ചവടം ചെയ്യുന്നവരുടെ വേഷം ഇങ്ങനെയായിരിക്കണം എന്നൊക്കെ നമ്മുടെ സമൂഹമാണ് തീരുമാനിക്കുന്നത്. അവൾ പഠിക്കാൻ പാടില്ല, നല്ല വസ്ത്രം ധരിക്കാൻ പാടില്ല, മുഖത്ത് മേക്കപ്പിടരുത്, കയ്യിൽ സ്വർണ്ണ മോതിരം പാടില്ല. ഒരു പെൺകുട്ടി എങ്ങനെ ജീവിക്കണമെന്ന് സമൂഹമാണോ തീരുമാനിക്കേണ്ടത്? മാന്യമായി ഉപജീവനം നടത്തുന്നത് ഇവരുടെ കണ്ണിൽ കാണില്ല. ഓരോ ആഴ്ചയും ഓരോ ഇര എന്നതാണ് സമൂഹ മാധ്യമങ്ങളുടെ രീതി. ഇത് അവസാനിപ്പിക്കണമെങ്കിൽ സ്ത്രീകൾ ധൈര്യമായി മുന്നോട്ടു വരുക തന്നെ വേണം. സൈബർ ആക്രമണം നടത്തുന്ന പത്തു പേർക്കെതിരെയെങ്കിലും പരാതി കൊടുക്കാനും ശിക്ഷ വാങ്ങിക്കൊടുക്കാനും നമുക്ക് കഴിയണം. ഞാൻ ഇത്തരക്കാർക്കെതിരെ പരാതി നൽകി ശിക്ഷ വാങ്ങിക്കൊടുത്ത ഒരാളാണ്. നെഞ്ചിൽ കൈവച്ച് ആത്മാഭിമാനത്തോടെ പറയുന്നു, എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾക്കും അതിനു സാധിക്കും!

തുടരും...

ഫെയ്സ്ബുക് പണ്ടത്തെ തമ്പാനൂർ സ്‌റ്റാൻഡ് പോലെ; നമ്മളെന്തിന് ഇരയാകാൻ നിന്നു കൊടുക്കണം? PART- 2

സോഷ്യൽ മീഡിയയെ മലിനമാക്കരുത്, ഇത്തരക്കാരെ കുടുക്കാൻ നിയമം ശക്തമാക്കണം! PART- 1