Monday 02 August 2021 04:54 PM IST : By സ്വന്തം ലേഖകൻ

ഹൃദയങ്ങൾ മന്ത്രിച്ച ‘കല്യാണി രാഗം’: പാട്ടോർമ്മകൾ ബാക്കിയാക്കി കല്യാണി മേനോൻ യാത്രയാകുന്നു

kalyani

വിഖ്യാത ചലച്ചിത്ര ഗായിക കല്ല്യാണി മേനോന്‍ അന്തരിച്ചു. 80 വയസായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചെന്നൈയില്‍ ചികില്‍സയിലായിരുന്നു അവർ. പക്ഷാഘാതത്തെ തുടർന്ന് നാല് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലയാളത്തിലും തമിഴിലുമായി പ്രശസ്ത സംഗീത സംവിധായകർ ഈണമിട്ട ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട്.

ക്ലാസിക്കല്‍ സംഗീത വേദികളില്‍ മികച്ച ഗായികയെന്ന് പേരെടുത്ത ശേഷമാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കല്യാണി മേനോൻ തന്റെ സ്വരമാധുരിയുമായി എത്തുന്നത്.

ഋതുഭേദകല്‍പന, ജലശയ്യയില്‍ തളിരമ്പിളി, പവനരച്ചെഴുതുന്നു എന്നിവയാണ് പ്രശസ്ത ഗാനങ്ങള്‍. കൊച്ചി കാരയ്ക്കാട്ട്  കാരയ്ക്കാട്ട് കുടുംബാംഗവും സംവിധായകന്‍ രാജീവ് മേനോന്റെ അമ്മയുമാണ്. അഞ്ചാം വയസില്‍ എറണാകുളം ടി.ഡി.എം ഹാളിലെ നവരാത്രി ഉല്‍സവത്തിന്റെ ഭാഗമായി നടക്കുന്ന കുട്ടികളുടെ സംഗീത മല്‍സരത്തില്‍ പാടി തുടങ്ങിയ കല്യാണി കോവിഡ് കാലത്തു വരെ സജീവമായിരുന്നു.

73 ല്‍  തോപ്പില്‍ ഭാസിയുടെ അബലയില്‍ പാടിയാണു ചലച്ചിത്ര സംഗീതരംഗത്ത് എത്തിയത്.79 ല്‍ ശിവാജി ഗണേശന്റെ നല്ലതൊരു കുടുംബമെന്ന സിനിമയിലൂടെയാണു തമിഴിെല അരങ്ങേറ്റം. അലൈപായുതേ,മുത്തു, കാതലന്‍  തുടങ്ങിയ സിനിമകളില്‍ എ.ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പാടിയതോടെ തമിഴകത്ത് സൂപ്പര്‍ ഹിറ്റായി. 2018 ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി സിനിമ 96 ലെ കാതലേ..കാതലേയെന്ന പാട്ടാണ് ഒടുവില്‍ സിനിമയ്ക്കായി പാടിയത്. തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്.

തമിഴ്നാട് സര്‍ക്കാരിന്റെ കലൈ മാമണി പുരസ്കാര ജേതാവാണ്. മൃതദേഹം നാളെ ഉച്ചക്ക് രണ്ട് മണിക്ക് ചെന്നൈ ബസന്ത് നഗർ വൈദ്യുത ശ്മശാനത്തിൽ സംസ്കരിക്കും.

സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് മേനോന്‍, ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഉദ്യോഗസ്ഥന്‍ കരുണ്‍ മേനോന്‍ എന്നിവര്‍ മക്കളാണ്. മരുമകള്‍: ലത മേനോന്‍ (ചലച്ചിത്ര സംവിധായിക).