Monday 06 July 2020 04:22 PM IST

സംഗതിയൊക്കെ കിറുകൃത്യം! എടുത്താൽ പൊങ്ങാത്ത പാട്ടാണ് സാറേ കേദാറിന്റെ മെയിൻ

Shyama

Sub Editor

kedarnath-cover

യുകെജിയിൽ പഠിക്കുന്നൊരു കുട്ടിയെ സങ്കൽപ്പിക്കുക. സങ്കൽപ്പിച്ചോ? ഇനി ആ കുട്ടിയൊരു പാട്ട്‌ പാടുന്നതായി സങ്കൽപ്പിക്കുക... കൊള്ളാം അല്ലേ?
എന്നാൽ ഇനി കുട്ടിയുടെ പേര് കേദാർനാഥ്‌ എന്നങ്ങു സങ്കല്പിച്ചാട്ടെ... എന്നിട്ടിനി ഈ പാട്ടൊന്നു കേട്ട് നോക്കിക്കേ.

അതാണ്, ഒറ്റയടിക്ക് കണ്ണ് തള്ളി പുറത്ത് വരും, അമ്മാതിരി പാട്ടാണ് ഈ കൊച്ചു മിടുക്കന്റേത്. കേദാർ പാടിയ 'രാത്തിങ്കൾ പൂത്താലി ചാർത്തി' എന്ന പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇത് കേട്ട ഹരീഷ് ശിവരാമകൃഷ്ണൻ വരെ കേദാറിനെ അഭിനന്ദിച്ചിട്ടുമുണ്ട്.

"തീരെ കുഞ്ഞായിരിക്കുമ്പോ മുതൽ അവന് പാട്ടിനോട് നല്ല കമ്പമുണ്ട്, അടിച്ചുപൊളി പാട്ടൊന്നും കേൾക്കില്ല... പഴയകാലത്തെ മേലഡീസും ശാസ്ത്രീയ സംഗീതവും ഒക്കെ കേട്ടാൽ ഇങ്ങനെ ശ്രദ്ധിച്ചിരിക്കും. ഹരീഷ് ശിവരാമകൃഷ്ണൻ പാടുന്ന കവറുകളാണ് ഒക്കെയാണ് അവൻ കൂടുതലും കേൾക്കാറ്." കേദാറിന്റെ അച്ഛൻ സാനു പറയുന്നു. "കുടുംബത്തിൽ അങ്ങനെ സംഗീതജ്ഞരൊന്നും ഇല്ല, അവന്റെ അമ്മ ചിപ്പി അത്യാവശ്യം നന്നായി പാടും. അവളാണ് വാക്കുകളൊക്കെ പറഞ്ഞു കൊടുക്കുന്നത്, ബാക്കി ഒക്കെ അവൻ ശ്രദ്ധിച്ചിരുന്ന് പഠിച്ചെടുക്കുന്നതാണ്. എന്തോ ഒരു ഇൻബോൺ ടാലെന്റ്റ് അവനുണ്ടെന്ന് തോന്നുന്നു. കുറച്ചൂടെ വലുതായി കഴിഞ്ഞാൽ നല്ലൊരു ഗുരുവിന്റെ കണ്ടെത്തികൊടുക്കണം എന്ന് വിചാരിക്കുന്നു.

k2

കേദാർനാഥ്‌ സാനു എന്ന പേരിൽ അവന്റെ പാട്ടുകൾ യൂട്യൂബിൽ ഇടുന്നുണ്ട്. ചാനൽ തുടങ്ങണം എന്നോർത്ത് ചെയ്തതല്ല. മോൻ പണ്ട് പാടിയ കുറേ പാട്ടുകൾ ഉള്ളൊരു ഹാർഡ്‍ഡിസ്കിന് താഴെ വീണ് പ്രശനം പറ്റി, യൂട്യൂബിലാകുമ്പോൾ അതവിടെ കിടക്കുമല്ലോ എന്നോർത്തു." യൂട്യൂബിൽ നോക്കിയാൽ അറിയാം കേദാറിന്റെ പാട്ടുകളോടുള്ള ഇഷ്ടം ജോൺസൺ മാഷിന്റെ ഈണത്തിൽ പിറന്ന 'ശ്യാമാംബരം നീളെ', ഔസേപ്പച്ചന്റെ 'ഉണ്ണികളേ ഒരു കഥ പറയാം', ജെറി അമൽദേവിന്റെ 'ദേവദുന്ദുഭി സാന്ദ്രലയം' എന്നിങ്ങനെ നീളുന്നു പാട്ടിന്റെ ലിസ്റ്റ്...

പാലക്കാട് ഷൊർണൂർ സ്വദേശികളാണെങ്കിലും ഇവരിപ്പോൾ കോഴിക്കോടാണ് താമസം. സാനു ഒരു ഫർമാ കമ്പനിയിൽ ജോലി ചെയ്യുന്നു. ചിപ്പി വീട്ടമ്മയാണ്, മോന്റെ ഓൺലൈൻ പാഠങ്ങളും പാട്ടും ഒക്കെയായി അങ്ങനെ ഉഷാറായി പോകുന്നു കാര്യങ്ങൾ.

Tags:
  • Social Media Viral