Wednesday 19 January 2022 11:15 AM IST : By സ്വന്തം ലേഖകൻ

‘കുഞ്ഞൂ... നോക്ക് നിനക്കു വാങ്ങിയ വാച്ച്’: കൂടപ്പിറപ്പിന്റെ മൃതദേഹത്തിന് അരികിൽ ഷാരോൺ: നെഞ്ചുനീറും കാഴ്ച

sharon-shan ഷാൻ ബാബുവിന്റെ മൃതദേഹം കോട്ടയം കീഴുക്കുന്ന് ഉറുമ്പേത്ത് വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ ത്രേസ്യാമ്മയും സഹോദരി ഷാരോണും. ഷാനിനായി വാങ്ങിയ വാച്ചാണ് ഷാരോണിന്റെ കയ്യിൽ

‘എന്റെ കുഞ്ഞൂ... നിന്റെ കണ്ണിനെന്തു പറ്റിയെടാ?’ ഷാൻ ബാബുവിന്റെ മൃതദേഹം കീഴുകുന്ന് ഉറുമ്പേത്ത് വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ അമ്മ ത്രേസ്യാമ്മയുടെ നിലവിളി ചുറ്റും നിന്നവരുടെ കണ്ണുകളിലും നനവു പടർത്തി. ബന്ധുക്കളും കൂട്ടുകാരും ‘കുഞ്ഞു’ എന്നാണ് ഷാനിനെ വിളിച്ചിരുന്നത്. 

ഷാനിനു വേണ്ടി സഹോദരി ഷാരോൺ വാങ്ങിയ  വാച്ചും മാലയും കണ്ണടയും ഷാനിന്റെ മൃതദേഹത്തിൽ അണിയിക്കാൻ ശ്രമിച്ച കാഴ്ച ഹൃദയഭേദകമായി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 12നാണു  വീട്ടിലേക്കു കൊണ്ടുവന്നത്. ഷാനിന്റെ പിതാവ് ബാബു ജോസഫ് വാഹനാപകടത്തെത്തുടർന്ന് കിടപ്പിലാണ്. കൊല്ലം ആയൂർ വയ്യാനത്താണ് അദ്ദേഹം താമസം. ബാബു ജോസഫും കീഴുക്കുന്നിലെ വീട്ടിലെത്തിയിരുന്നു.

1.30ന് മൃതദേഹം പിതാവ് ബാബു ജോസഫിന്റെ വയ്യാനത്തുള്ള ഇടക്കരിക്കത്തിൽ വീട്ടിലേക്കു കൊണ്ടുപോയി. വൈകിട്ട് 4.30നു സംസ്കാരം നടത്തി. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ശരിയായി തുന്നിക്കെട്ടിയില്ലെന്നു ബന്ധുക്കൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയോടു പരാതിപ്പെട്ടു. സംഭവം അന്വേഷിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി.

തിങ്കളാഴ്ചയാണ് കോട്ടയത്തെ ഞെട്ടിച്ച അരുംകൊലയുണ്ടായത്. കുപ്രസിദ്ധ ഗുണ്ട ജോമോൻ ജോസാണ് ഷാൻ എന്ന പത്തൊമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന ശേഷം മൃതദേഹം തലച്ചുമടായി പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുപോയിട്ടത്. ജില്ലയിലെ തന്‍റെ തകർന്നുപോയ ഗുണ്ടാ സാമ്രാജ്യം വീണ്ടും സ്ഥാപിക്കാനായിരുന്നു ജോമോന്റെ ക്രൂരകൃത്യം. സൂര്യൻ എന്ന ശരത് രാജിന്‍റെ ഗുണ്ടാസംഘവുമായി ഷാൻ സൂക്ഷിച്ച സൗഹൃദമാണ് ജോമോന്‍റെ പകയ്ക്ക് കാരണം. 

More