Thursday 25 January 2024 09:25 AM IST : By സ്വന്തം ലേഖകൻ

‘ആത്മഹത്യ കുറിപ്പ് പൊലീസ് മുക്കി?’; പെൻഷൻ ലഭിച്ചില്ല, ഭിന്നശേഷിക്കാരന്റെ മരണത്തില്‍ ഹൈക്കോടതി കേസെടുത്തു

high-court-took-up-a-volunt.jpg.image.845.440

കോഴിക്കോട് ചക്കിട്ടപ്പാറയിൽ വികലാംഗ പെൻഷൻ ലഭിക്കാത്തതിനെ തുടര്‍ന്ന് വളയത്ത് ജോസഫ് ആത്മഹത്യ ചെയ്തതിന് പിന്നാലെ വ്യാപക പ്രതിഷേധം. ജോസഫിന്റെ മൃതദേഹവുമായി യുഡിഎഫ് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സമഗ്ര അന്വേഷണം വേണമെന്ന്  ബിജെപിയും ആവശ്യപ്പെട്ടു. അതിനിടെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജോസഫിന്റെ മൃതദേഹം മുതുകാട് ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. 

പോരാട്ടം നിറഞ്ഞ വളയത്ത് ജോസഫിന്റെ ജീവിതം ഇവിടെ അവസാനിക്കുന്നു. അധികാര, രാഷ്ട്രീയ നേതൃത്വങ്ങളുടെ ചങ്കിൽ തറക്കുന്ന ചില ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട്. പെൻഷൻ ലഭിച്ചില്ലെന്ന കാരണത്താലാണ് ജോസഫ് മരണത്തെ പുൽകിയത്. വികലാംഗനായ ജോസഫും കിടപ്പുരോഗിയായ മകളും പെൻഷനെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. 

രണ്ടു മാസം മുമ്പ് പെൻഷൻ എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കും പൊലീസിനും പരാതി നൽകിയിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതിൽ നിരാശപ്പെട്ടാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹവുമായി യുഡിഎഫ് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും പ്രഖ്യാപിച്ചു.

ആത്മഹത്യ കുറിപ്പ് പൊലീസ് മുക്കിയെന്ന് ആരോപിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. അതിനിടെ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. തുടർനടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി.

Tags:
  • Spotlight