Wednesday 16 June 2021 04:21 PM IST

ആകെ അറിയുന്നത് കല്യാണത്തിന് കളിക്കുന്ന ഡെപ്പാംകൂത്ത്! മച്ചാനേ അത് പോരേ അളിയാ... പെര്‍ഫെക്ട് ഓകെ ഡാന്‍സുമായി നൈസല്‍ മച്ചാന്‍

Binsha Muhammed

naisal

'മച്ചാനേ... അത് പോരേ അളിയാ...'

ലോക്ഡൗണില്‍ മുഷിഞ്ഞു പോയവര്‍ക്ക് വേക്ക് അപ് കോളായിരുന്നു ആ വാക്കുകള്‍. ഗ്രാമറും നിഘണ്ടുവും നോക്കാതെ കോഴിക്കോട്ടുകാരന്‍ കെപി നൈസല്‍  പറഞ്ഞ 'പെര്‍ഫെക്ട് ഓകെ' ഇപ്പോഴും മലയാളിയുടെ ചങ്കിനകത്തുണ്ട്. ഏതു പ്രശ്‌നത്തിനും പെര്‍ഫെക്ട് ഓകെ, ഏത്ര വലിയ ടെന്‍ഷനും മച്ചാനേ അത് പോരേ അളിയാ എന്ന ആശ്വാസവാക്കുകള്‍. പരസ്യ വാചകത്തേക്കാള്‍ പതിന്മടങ്ങ് വേഗത്തിലാണ് നൈസലിന്റെ ആ കിണ്ണംകാച്ചിയ ഡയലോഗ് മലയാളി മനസുകളില്‍ പതിഞ്ഞത്.

ക്വാറന്റീനിലായ കൂട്ടുകാരനെ ആശ്വസിപ്പിക്കാന്‍ നൈസല്‍ പറഞ്ഞ നിഘണ്ടുവില്‍ പോലുമില്ലാത്ത ആ വാക്കും ഡയലോഗും വൈറല്‍ കൊടുമുടി കയറുമ്പോള്‍ ഇതാ ഒരു പുതിയ സര്‍പ്രൈസ്. തന്റെ ഡയലോഗ് പ്രശസ്തിയുടെ കൊടുമുടി കയറ്റിയ മലയാളിക്കു മുന്നിലേക്ക് കിടുക്കാച്ചി സ്റ്റെപ്പുകളുമായിട്ടാണ് നൈസല്‍ എത്തുന്നത്. 

കൈലിമുണ്ടും ഷര്‍ട്ടുമണിഞ്ഞ് ക്യാമറയ്ക്കു മുന്നിലെത്തിയ നൈസലിനെയാണ് മലയാളി കണ്ടതെങ്കില്‍ ഇവിടെ കഥമാറുകയാണ്. സ്‌റ്റൈലിഷ് ലുക്കില്‍ കിടിലം ഡാന്‍സുമായിട്ടാണ് ഈ കല്ലായിക്കാരന്‍ എത്തുന്നത്. അശ്വിന്‍ ഭാസ്‌കര്‍ റീമിക്‌സ് ചെയ്ത നൈസലിന്റെ പെര്‍ഫെക്ട് ഓകെ പാട്ടിന് പുതുമ പകര്‍ന്നാണ് നൈസല്‍ നൃത്തമാടുന്നത്. സംഭവം സോഷ്യല്‍ മീഡിയ നെഞ്ചേറ്റുമ്പോള്‍ കോട്ടും സ്യൂട്ടുമണിഞ്ഞ് സ്‌റ്റൈലിഷായ കഥ നൈസല്‍ തന്നെ വനിത ഓണ്‍ലൈനോട് പറയുന്നു...

naisal-2

മച്ചാനേ ഇത് പോരേ....

നാട്ടിലെ കല്യാണത്തിന് നമ്മള് പതിവായി കളിക്കുന്ന മൂന്നാല് ഡാന്‍സ് സ്റ്റെപ്പ്, പിന്നെ പിള്ളേരുടെ വക കോട്ടും സ്യൂട്ടും. സംഭവം കളര്‍... മച്ചാനേ അത് പോരേ അളിയാ...- പതിവു ശൈലിയിലാണ് നൈസല്‍ തുടങ്ങിയത്.

റെയിന്‍ ബോ മീഡിയയിലേയും വെറൈറ്റി മീഡിയയിലേയും ചങ്ങായിമാരാണ് നമ്മടെ പാട്ടില്‍ ഡാന്‍സൊരെണ്ണം കാച്ചിയാലോ എന്ന് ചോദിച്ചത്. ഞാന്‍ ഓകെ പറഞ്ഞു. ഗാനത്തിന് കോറിയോഗ്രാഫി ചെയ്ത പ്രജിന്‍ ബ്രോയുടെ കോഴിക്കോട്ടെ സ്റ്റുഡിയോലായിരുന്നു ഷൂട്ട്. പള പളാ മിന്നുന്ന കോട്ട്, കിടിലം കൂളിങ് ഗ്ലാസ് എല്ലാം അണിഞ്ഞപ്പോള്‍ സംഭവം കളറായി. ഓട്ടോ ഓടിക്കുന്ന ഞാന്‍ ഇങ്ങനെയൊക്കെ മാറുമെന്ന് ആരു കണ്ടു. എല്ലാത്തിനും കാരണം ആ ഇംഗ്ലീഷാ- നിറഞ്ഞു ചിരിച്ച് നൈസലിന്റെ കമന്റ്. 

അടുത്ത കടമ്പ ഡാന്‍സായിരുന്നു. ഡാന്‍സിലെ വന്‍പുലികള്‍ക്ക നടുവില്‍ എങ്ങനെ പിടിച്ചു നില്‍ക്കും? അപ്പോഴാണ് നാട്ടിലെ കല്യാണത്തിന് നമ്മുടെ ചങ്ങായിമാരെല്ലാം പതിവായി കളിക്കുന്ന ഡെപ്പാം കൂത്ത് ഡാന്‍സിന്റെ മൂന്നാല് സ്റ്റെപ്പ് കാച്ചിയത്. കണ്ടു നിന്നവര്‍ മച്ചാനേ... അതു മതിയെന്നായി. രണ്ടു ദിസസമെടുത്താണ് ഷൂട്ട് പൂര്‍ത്തിയായത്. 

ഡാന്‍സ് വിഡിയോ കണ്ട് മൂന്നാല് മോഡലിങ് കമ്പനിക്കാര്‍ ഫൊട്ടോഷൂട്ടിന് വിളിച്ചിട്ടുണ്ട്. ഒരു പരസ്യത്തില്‍ അഭിനയിക്കാനും വിളിവന്നു. സംഭവം ടോപ്പായിട്ടുണ്ടെന്നാണ് ഭാര്യ ഫജീനയും മക്കളും അഭിപ്രായപ്പെട്ടത്. ഭാര്യയാണ് എന്നെ ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലുമൊക്കെയിട്ട് വൈറലാക്കുന്ന പുള്ളിക്കാരി...ഞാനിനി പെങ്കുട്ട്യോളുടെ നടുവില്‍ നിന്ന് ഡാന്‍സ് കളിച്ചതിന് ഇനി ഓള്‍ക്ക് കുശുമ്പു തോന്നോ എന്തോ?

വിഡിയോ കണ്ട ശേഷം പള്ളനിറച്ചും കമന്റും ലൈക്കും പ്രിയപ്പെട്ടവര്‍ തരുന്നുണ്ട്. എല്ലാവരോടും വലിയ നന്ദി. ഓട്ടോയുമായുള്ള ഓട്ടത്തിനിടയില്‍ ഇനിയും ഇജ്ജാതി വമ്പന്‍ പരിപാടികള്‍ പ്രതീക്ഷിക്കാം. അപ്പോ പറഞ്ഞപോലെ, പെര്‍ഫെക്ട് ഓകെ. പിന്നെ കോട്ടും സ്യൂട്ടുമിടാനുള്ള പൂതി മനസിലുണ്ടായിരുന്നു. അതിപ്പോ ഇങ്ങനെ നിറവേറി.- നൈസല്‍ ചിരിയോടെ പറഞ്ഞു നിര്‍ത്തി. 

naisal-1

റെയിന്‍ബോ മീഡിയയും വെറൈറ്റി മീഡിയയും , ചേര്‍ന്നാണ് ഡാന്‍സ് വിഡിയോ ഒരുക്കിയിരിക്കുന്നത് .ശരത് ആലിന്തറയാണ് നൈസലിന്റെ ഇ കിടിലന്‍ ഡാന്‍സ് വീഡിയോയ്ക്ക് പിന്നില്‍ .പെര്‍ഫെക്റ്റ് ഓക്കേ ഡാന്‍സിന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പ്രജിന്‍ പ്രതാപ് ആണ്. നൈസലിനു പുറമേ ദിയ, ദിവ്യ, ശ്രിജിന്‍ പ്രതാപ്, ശ്രുതി പ്രതാപ് എന്നിവരും അരങ്ങിലെത്തുന്നുണ്ട്. നഷാഷ് മേക്കോവറാണ് മേക്കപ്പിനു പിന്നില്‍.യൂവര്‍ ചോയ്‌സ് വെഡ്ഡിങ് സ്യൂട്ട്‌സിന്റേതാണ് കോസ്റ്റ്യൂം.