Saturday 12 June 2021 01:00 PM IST : By സ്വന്തം ലേഖകൻ

പൂച്ചക്കുഞ്ഞിനെ മടിയിലിരുത്തി ഫൊട്ടോഷൂട്ട്, ഇടയ്ക്ക് അമ്മപ്പൂച്ചയുടെ മാസ് എന്‍ട്രി: പിന്നെ സംഭവിച്ചത്: വിഡിയോ

kunjappoo

ചില നിമിഷങ്ങളുണ്ട്... മുന്‍ധാരണകളേതുമില്ലാതെ മുന്നില്‍ തെളിയുന്ന ക്യൂട്ട് മൊമന്റുകള്‍. അത് പിറവിയെടുക്കുന്നത് സെക്കന്‍ഡുകള്‍ക്കിടയിലാകും. അത് ഒപ്പിയെടുക്കുന്നതിലാണ് ഫൊട്ടോഗ്രാഫറുടെ മികവിരിക്കുന്നത്. തികച്ചും അവിചാരിതമായി ഹരീഷ് എന്ന ഫൊട്ടോഗ്രാഫറുടെ ക്യാമറക്കണ്ണില്‍ പതിഞ്ഞ കുസൃതിയും കുറുമ്പും നിറഞ്ഞ നിമിഷങ്ങള്‍. അതിന്ന് സോഷ്യല്‍ മീഡിയയുടെ ഹൃദയത്തിലേക്കും കുടിയേറിയിരിക്കുന്നു. 

കുഞ്ഞാപ്പു എന്ന ധ്രുവയാണ് ഈ ക്യൂട്ട് മൊമന്റുകള്‍ക്ക് ജീവന്‍ നല്‍കിയ നായിക. തന്റെ വീട്ടില്‍ പൂച്ചകുഞ്ഞ് ഉണ്ടായപ്പോള്‍ കുഞ്ഞാപ്പുവിന് അതിനെ മടിയില്‍ ഇരുത്തി ഫൊട്ടോ എടുക്കുവാനൊരു മോഹം. അത് മാമനായ ഫൊട്ടോഗ്രാഫര്‍ ഹരീഷിനോട് പങ്കുവച്ചു. പൂച്ചക്കുഞ്ഞിനെ മടിയിലിരുത്തി സ്റ്റൈലായി കുഞ്ഞാപ്പു ഫൊട്ടോയ്ക്ക് പോസ് ചെയ്തു വരികയായിരുന്നു. ഇതിനിടയിലായിരുന്നു ഒരു അപ്രതീക്ഷിത എന്‍ട്രി. തന്റെ കുഞ്ഞിനെ തേടി വന്ന ചക്കിപ്പൂച്ച കുഞ്ഞാപ്പുവിന്റെ മടിയില്‍ നിന്നും കുഞ്ഞിനെ നൈസായി എടുത്തു കൊണ്ടു പോയി. അന്നേരമുള്ള കുഞ്ഞാപ്പുവിന്റെ നിരാശ കലര്‍ന്ന മുഖഭാവമാണ് ഏവരുടേയും ഹൃദയം കവര്‍ന്നത്. മേക്കിങ് വിഡിയോക്കിടെ പതിഞ്ഞ ഈ നിമിഷങ്ങള്‍ ഞൊടിയിട കൊണ്ട് വൈറലായി. ഹരീഷ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ചിത്രങ്ങളും മേക്കിങ് വിഡിയോയും ഷെയര്‍ ചെയ്തത്. 

തൊടുപുഴ കാഞ്ഞാര്‍ സ്വദേശിയായ ധ്രുവ മിഥുന്‍ രാജിന്റെയും ഹിമയുടേയും മകളാണ്.