Thursday 16 May 2019 10:47 AM IST : By സ്വന്തം ലേഖകൻ

‘വിഷം തന്ന് കൊല്ലാൻ നോക്കി, രക്ഷപ്പെടുത്താതെ മന്ത്രവാദം ചെയ്തു, എല്ലാത്തിനും കാരണം ആ നാലു പേർ’

suicide-note

മകൾ വൈഷ്ണവിയുടെ നോട്ട്ബുക്കിൽ നിന്ന് അടർത്തിയെടുത്ത പേപ്പർ കഷ്ണങ്ങൾ, പരിഭ്രമത്തിൽ വന്നുപോയ അക്ഷര പിശകുകൾ, അപൂർണമായ വാചകങ്ങൾ... അടുത്ത നിമിഷം വെന്തെരിയുന്നതിനു മുൻപ് ജീവിതത്തിൽ നേരിട്ട തിക്താനുഭവങ്ങളെക്കുറിച്ച് വേവുന്ന മനസുമായി ലേഖ കുറിച്ചതിങ്ങനെ. കുറിപ്പിന്റെ ഒടുവിൽ എഴുതി– 'എന്ന് ലേഖ, വൈഷ്ണവി. ഞങ്ങളെ ജീവിക്കാൻ ഇവർ അനുവദിക്കില്ല'.

ആത്മഹത്യാക്കുറിപ്പിൽ നിന്ന്.....

കൃഷ്ണമ്മ, ഭർത്താവ്, കാശി, ശാന്ത–ഇവരാണ്. ഞാൻ വന്ന കാലം മുതൽ അനുഭവിക്കുന്നതാണ്. ഈ ലോകം മൊത്തവും എന്നെയും മോളെപ്പറ്റിയും പറഞ്ഞുനടക്കുന്നത് കൃഷ്ണമ്മയും ശാന്തയും കൂടെയാണ്. എന്നെ സ്ത്രീധനത്തിന്റെ പേരിൽ കൃഷ്ണമ്മ വിഷം തന്ന് കൊല്ലാൻ നോക്കി. എന്റെ ജീവൻ രക്ഷിക്കാൻ നോക്കാതെ മന്ത്രവാദികളുടെ അടുത്ത് കൊണ്ടുപോയി മന്ത്രവാദം ചെയ്തു. എന്നിട്ട് അവസാനം എന്റെ വീട്ടിൽ കൊണ്ടുപോയി വിട്ടിട്ട് പോയി.

എന്റെ വീട്ടുകാർ ആണ് എന്നെ രക്ഷിച്ചത്. കൃഷ്ണമ്മ കാരണം ഈ വീട്ടിൽ എന്നും വഴക്കാണ്. നേരം വെളുത്താൽ ഇരുട്ടുന്നതു വരെ എന്നെയും മോളെയുംപറ്റി വഴക്കാണ്. കൃഷ്ണമ്മ പറയുന്നത്, നിന്നെയും നിന്റെ മോളെയും കൊല്ലുമെന്നാണ്. കടം തീർക്കാൻ വീട് വിൽക്കാൻ നിന്നപ്പോഴും തടസം നിൽക്കുന്നത് കൃഷ്ണമ്മയാണ്. അവരുടെ ആൽത്തറയുണ്ട്. അവർ‌ നോക്കിക്കൊള്ളും എന്ന് പറഞ്ഞ് മകനെ തെറ്റിക്കും.

നാട്ടുകാരുടെ കടം വാങ്ങിയത് ചന്ദ്രനാണ്. അതായത് ഭർത്താവ് അറിയാതെ ഞാൻ 5 രൂപ നാട്ടുകാരുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടില്ല. ഗൾഫിൽ നിന്നയച്ച പൈസ ഞാൻ ബാങ്കിലും നാട്ടുകാർക്ക് പലിശയും കൊടുത്തു. 22,000 രൂപയാണ് ചന്ദ്രന്റെ ശമ്പളം. ഞാൻ എന്തു ചെയ്തു എന്നു ഭർത്താവിന് അറിയാം. ബാങ്കിൽനിന്നു ജപ്തി നോട്ടിസ് വന്നിട്ടും പത്രത്തിൽ ബാങ്കുകാർ ജപ്തിയുടെ പരസ്യം ഇട്ടിട്ടും ഭർത്താവ് ബാങ്കിലേക്കു പോകുകയോ വിവരങ്ങൾ അന്വേഷിക്കുകയോ ചെയ്തില്ല.

അയച്ച പേപ്പർ ആൽത്തറയിൽ കൊണ്ടുവന്നു പൂജിക്കുകയാണ് അമ്മയുടെയും മകന്റെയും ജോലി. ഭാര്യ എന്ന സ്ഥാനം എനിക്ക് ഇതുവരെയും തന്നിട്ടില്ല. മന്ത്രവാദി പറയുന്നതു കേട്ട് എന്നെ ശകാരിക്കുകയും മർദിക്കുകയും വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ പറയുകയും ചെയ്യും. അമ്മയുടെ മുന്നിൽ ആളാകാൻ മകൻ എന്തും ചെയ്യും. എനിക്കും എന്റെ മകൾക്കും ആഹാരം കഴിക്കാൻ പോലും അവകാശമില്ല... ഇതിനെല്ലാം കാരണം ഈ 4 പേരാണ്. ഞങ്ങളെ ജീവിക്കാൻ ഈ നാലുപേരും അനുവദിക്കില്ല...’.