Friday 01 October 2021 03:53 PM IST

‘ജോലിയിൽ സ്ത്രീകൾ പേടിക്കുന്ന കാര്യമാണ് ട്രാൻസ്ഫർ; അമ്മച്ചി തന്ന ധൈര്യമാണ് അതൊക്കെ നേരിടാൻ പ്രാപ്തയാക്കിയത്’; വിജയരഹസ്യം വെളിപ്പെടുത്തി മിനി ഐപ്പ്

Rakhy Raz

Sub Editor

remeniiiibb

മധുരം കിനിയുന്നൊരു കേക്ക് ഉണ്ടാക്കാൻ തുടങ്ങുകയാണ് മിനി ഐപ്പ്. മൈദ, മുട്ട, ചോക്‌ലെറ്റ് പൗഡർ, ഓറഞ്ച് ജ്യൂസ് ഒക്കെ ചേർന്നൊരു രസികൻ കേക്ക്. കുടുംബ സന്തോഷവും കരിയർ വിജയവും സമം ചേർന്ന മിനി ഐപ്പിന്റെ ജീവിതം പോലെ. അതുതന്നെയാണ് ഭാരതത്തിലെ ഏറ്റവും വലിയ കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനമായ െെലഫ് ഇൻഷുറന്‍സ് േകാര്‍പറേഷന്‍റെ മാനേജിങ് ഡയറക്ടര്‍ എന്ന പദവിയിലേക്ക് മിനിയെ നയിച്ചതും.

ഞായറാഴ്ചകളില്‍ മിനി ഐപ്പിന്റെ ഹോബികളിലൊന്നാണ് ബേക്കിങ്. ഭാരതത്തിലെ ഏറ്റവും വലിയ കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനമായ െെലഫ് ഇൻഷുറന്‍സ് േകാര്‍പറേഷന്‍റെ മാനേജിങ് ഡയറക്ടര്‍ എന്ന ഉ ന്നത പദവിയിലിരുക്കുന്ന വനിത, കേക്ക് ഉണ്ടാക്കുകയോ എന്ന് അതിശയിക്കുന്നവരോട് കൂള്‍ കൂള്‍ ആയി മിനി െഎപ്പ് പറയുന്നു, ‘ഞാൻ അസൽ തിരുവല്ലാക്കാരിയാടോ...’

എൽഐസിയുടെ മാനേജിങ് ഡയറക്ടർ പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയും ആദ്യ മലയാളി വനിതയുമാണ് മിനി. നിലവിൽ എൽഐസിയുടെ ലീഗൽ ഡിപ്പാർട്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തു നിന്നാണ് ഈ പദവിയിലേക്ക് എത്തുന്നത്. അതും എൽഐസിയു ടെ ചരിത്രത്തിലെ ആദ്യ വനിതാ സോണൽ മാനേജരായി സേവനം അനുഷ്ഠിച്ച് ചരിത്രം സൃഷ്ടിച്ചശേഷം.

അമ്മച്ചി പറഞ്ഞു, നീ പോകൂ

ജോലി ലഭിക്കുമ്പോൾ എന്റെ ആദ്യ കുഞ്ഞിന് വെറും മൂന്നു മാസം. അവനുണ്ടായി അൻപത് ദിവസം കഴിഞ്ഞപ്പോഴേക്കും എന്റെ മമ്മി ചെല്ലമ്മ വർഗീസ് മരിച്ചു. അന്നേരം മമ്മിക്ക് നാൽപ്പത്തിയാറ് വയസ്സേ ഉണ്ടായിരുന്നുള്ളു. വീട്ടില്‍ പപ്പ തനിച്ചായി.

എൽഐസിയുടെ രീതി അനുസരിച്ച് േജാലിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ മൂന്നു മാസം അവരുടെ ആസ്ഥാനമായ മുംബൈയിൽ പരിശീലനം നേടണം. അതുകഴിഞ്ഞ് മൂന്നു മാസം പ്രാക്റ്റിക്കൽ ട്രെയിനിങ്. മൂന്നു മാസം മാത്രം പ്രായമായ കുഞ്ഞിനെ പിരിഞ്ഞ് ട്രെയിനിങ്ങിന് പോകണോ എന്ന് സംശയിച്ചു നിന്നപ്പോൾ ഭർത്താവിന്റെ അ മ്മ പറഞ്ഞു ‘നീ ജോലി ചെയ്യണം. നിനക്ക് വളരാൻ കിട്ടിയ അവസരം ഒരിക്കലും കളയരുത്. കുഞ്ഞിനെ നോക്കുന്ന കാര്യമൊക്കെ ഞാൻ ഏറ്റെടുത്തോളാം.’’ ആ വാക്കുകളാണ് എനിക്കു െെധര്യം തന്നത്. അമ്മച്ചിയുടെ പിന്തുണ വളരെ വലുതായിരുന്നു. കുഞ്ഞിനെ കൊല്ലത്ത് അമ്മച്ചിയുടെയും അപ്പച്ചന്റെയും അടുത്താക്കി മുംബൈക്ക് പോയി.

കുഞ്ഞിനെ വിട്ടു നിൽക്കുന്നത് വലിയ മാനസികാഘാതമായിരുന്നു. ഞങ്ങൾ പ്രാർഥനയിൽ വിശ്വസിക്കുന്ന കുടുംബമാണ്. അതുകൊണ്ട് അതെല്ലാം തരണം ചെയ്യാൻ സാധിച്ചു. വീട്ടുകാരുടെ അകമഴിഞ്ഞ സഹായങ്ങളും ഉണ്ടായിരുന്നു.

MiniIpeOffice

കല്യാണം കഴിക്കുമ്പോള്‍ എനിക്കു േജാലിയില്ലായിരുന്നു. സത്യത്തില്‍ ജോലിക്ക് വേണ്ടിയുള്ള അപേക്ഷ അയച്ചത് ഭർത്താവ് കെ.കെ. ഐപ്പാണ്. കൊല്ലം കുറ്റിച്ചേരിൽ കുടുംബാംഗമാണ് അദ്ദേഹം. നേവിയിൽ ഉദ്യോഗസ്ഥന്‍. കമഡോർ ആയി റിട്ടയർ ചെയ്തു. ഭർത്താവും ഭർത്തൃവീട്ടുകാരും എന്റെ മാതാപിതാക്കളും എന്നെ ആവോളം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതിന്റെ കൂടെ ഫലമാണ് ഈ നേട്ടം.

ഇന്റർമീഡിയറ്റിന് സയൻസാണ് പഠിച്ചത്. ഡോക്ടറാകാനായിരുന്നു ചെറുതിലേയുള്ള ആഗ്രഹം. ഒരു തവണ എൻട്രൻസ് എഴുതി കിട്ടാതായപ്പോൾ പഠനത്തിന്റെ വഴി സയൻസിൽ നിന്നു മാറ്റി കൊമേഴ്സ് ആക്കാൻ തീരുമാനിച്ചു. ബികോമും എംകോമും ചെയ്തു. ആന്ധ്ര യൂണിവേഴ്സിറ്റിയിലാണ് എം കോം ചെയ്തത്. എംകോം രണ്ടാം വ ർഷം ആയപ്പോഴായിരുന്നു വിവാഹം.

വനിതകളെ അറിയുന്ന എൽഐസി

എൽഐസിയില്‍  ഇന്ത്യയിൽ എവിടേക്ക് വേണമെങ്കിലും ട്രാൻസ്ഫർ ലഭിക്കാം. ചിലപ്പോഴൊക്കെ വീട്ടുജോലിക്കാരുമൊത്ത് ഒറ്റയ്ക്ക് താമസിക്കേണ്ടി വന്നിട്ടുണ്ട്. കുട്ടികൾ ചെറുതായിരുന്ന സമയത്തൊക്കെ. മൂത്ത മകൻ ഗ്രിഗറി ഐപ്പ് ജനിച്ച് ഏഴ് വർഷം കഴിഞ്ഞാണ് രണ്ടാമത്തെയാൾ സ്റ്റീഫൻ ഐപ്പ് ജനിക്കുന്നത്.

സ്ത്രീകളെ ഏറെ അനുഭാവത്തോടെ പരിഗണിക്കുന്ന സ്ഥാപനമാണ് എൽഐസി. ഭർത്താവിന് എവിടെ ജോലിയാണോ അങ്ങോട്ടോ പരമാവധി അടുത്തോ ട്രാൻസ്ഫർ തരും. ആദ്യ പോസ്റ്റിങ് തന്നെ ഞാന്‍ വിശാഖപട്ടണത്തു േചാദിച്ചു വാങ്ങി. അവിെട എനിക്കു പപ്പ കൂട്ടുണ്ടായിരുന്നു. ഐപ്പ് ആ സമയത്ത് നേവിയുെട നിർദേശപ്രകാരം എംടെക് ചെയ്യുന്നതിനായി മുംെെബയിൽ ആയിരുന്നു.

നാടിനെ മറക്കില്ല

മലയാളം വായിക്കാനെനിക്ക് അറിയില്ല. കാരണം സ്കൂളിൽ മലയാളം പഠിച്ചിട്ടില്ല. പപ്പ വിശാഖപട്ടണം പോർട്ട് ട്രസ്റ്റിൽ എൻജിനീയറായിരുന്നതിനാൽ ഞാന്‍ വളർന്നതും പഠിച്ചതുമെല്ലാം വിശാഖപട്ടണത്തായിരുന്നു.

കോൺവെന്റ് സ്കൂളിലായതുകൊണ്ട് തെലുങ്കൊന്നും പഠിക്കേണ്ടി വന്നിരുന്നില്ല. മലയാളവും ഇംഗ്ലിഷും ഹിന്ദിയും മാത്രം മതിയായിരുന്നു. വീട്ടിൽ മലയാളമാണ് സംസാരിച്ചിരുന്നത്.

പള്ളിയുമായി കുടുംബം വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. മലയാളത്തിൽ ആരാധന നടക്കുന്ന സിറിയൻ ഓർത്തഡോക്സ് പള്ളിയിലാണ് ഞങ്ങള്‍ പോയിരുന്നത്. അതുകൊണ്ട് മലയാളത്തിലുള്ള ക്രിസ്ത്യൻ പാ ട്ടുകളും മലയാളം നന്നായി സംസാരിക്കാനും ഒക്കെ പഠിച്ചു.

എല്ലാ അവധിക്കും നാട്ടിൽ വന്നിരുന്നതു കൊണ്ടും മലയാളം മറന്നില്ല. പപ്പയുടെയും മമ്മിയുടെയും അച്ഛനമ്മമാരെ കണ്ട് അവരുടെ വാത്സല്യം അനുഭവിച്ച് ആശീര്‍വാദവും വാങ്ങിയാണ് ഞങ്ങള്‍ മടങ്ങിയിരുന്നത്.

Remini20210807215415032

ട്രാൻസ്ഫറിനെ പേടിച്ചില്ല

ജോലി തി‍രഞ്ഞെടുക്കുമ്പോൾ പൊതുവേ സ്ത്രീകൾ പേടിക്കുന്നൊരു കാര്യമാണ് ട്രാൻസ്ഫർ. അമ്മച്ചി തുടക്കത്തിൽ തന്ന ധൈര്യമാണ് അതൊക്കെ നേരിടാൻ പ്രാപ്തയാക്കിയത്. കൊച്ചിയില്‍ ജോലി നോക്കിയപ്പോഴാണ് പ്രധാനമായും ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നത്. ഇളയ മകന് ഒന്നര വയസ്സുള്ളപ്പോഴാണ് കൊച്ചിയിലേക്ക് മാറ്റം കിട്ടുന്നത്. ഐപ്പും ദൂരെയായിരുന്നു. രണ്ടു വർഷം കൊച്ചിയിലുണ്ടായിരുന്നു. അത്യാവശ്യങ്ങളുള്ളപ്പോള്‍ അമ്മച്ചിയും അപ്പച്ചനും ഓടി വരുമായിരുന്നു.

ട്രാൻസ്ഫർ കാലങ്ങളിൽ ആറു മാസത്തെ ഒറ്റപ്പെടൽ പതിവാണ്. ഐപ്പിന് ട്രാൻസ്ഫർ ഒക്ടോബറിലും എനിക്ക് മേയ്–ജൂൺ മാസങ്ങളിലുമാണ്. അങ്ങനെ ഐപ്പ് പോയിക്കഴിഞ്ഞ് ആറു മാസം കഴിഞ്ഞേ അങ്ങോട്ടു പോകാനാകൂ. ആ സമയം പലപ്പോഴും ഒറ്റയ്ക്ക് മാനേജ് ചെയ്യേണ്ടി വരുമായിരുന്നു. പക്ഷേ, എല്ലാ കാര്യങ്ങളിലും ഐപ്പ് നല്‍കുന്ന പിന്തുണ വളരെയാണ്. ആവശ്യം വന്നാൽ എത്രദൂരത്തു നിന്നാണെങ്കിലും ഒാടിയെത്തും. മാനസികമായ പിൻബലം തരും. ഞങ്ങൾ ഒന്നിച്ചുള്ളപ്പോൾ കുട്ടികളുടെ പഠനത്തിന്റെ ഉത്തരവാദിത്തങ്ങൾ ഐപ്പും പങ്കിടും. കുട്ടികൾ മുതിര്‍ന്നതോടെ ട്രാൻസ്ഫർ പ്രശ്നമല്ലാതായി.

മൂത്ത മകൻ ഗ്രിഗറി ഐപ്പ് കോഴിക്കോട് എൻഐടിയിലും ഐഐഎമ്മിലും ആണ് പഠിച്ചത്. ഇപ്പോൾ ഹിന്ദുസ്ഥാൻ യൂണിലിവറിൽ ജോലി ചെയ്യുന്നു. ഭാര്യ അഞ്ജിത മേരി ജോൺ ബിടെക്കിനു ശേഷം ഗാസിയബാദിൽ എംബിഎ ചെയ്തു. ഇപ്പോൾ ബെയിൻ എന്ന കമ്പനിയിൽ എച്ച്ആർ വിഭാഗത്തിലാണ്. അവർക്ക് ഒരു മകനുണ്ട്. മൂന്നര വയസ്സുള്ള ഡേവിഡ്.

ഇളയ മകൻ സ്റ്റീഫൻ മദ്രാസ് ഐഐടിയിൽ നിന്നു പാസായ ശേഷം അമേരിക്കയിലെ വാർട്ടൺ ബിസിനസ് സ്കൂളിൽ പഠിക്കാൻ പോയി. ഇപ്പോൾ എംബിഎ കഴിഞ്ഞ് അവിടെ ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്നു.

ഉത്തരവാദിത്തങ്ങൾ കരുത്തു പകരും

എൽഐസിയില്‍ പല തരത്തിലുള്ള ജോലികളുണ്ട്. അവയെല്ലാം പഠിച്ചെടുക്കണം. സോണൽ മാനേജരായി സൗത്ത് സെൻട്രൽ സോണായ ഹൈദരബാദിലായിരുന്ന കാലമാണ് എനിക്ക് ഏറെ പ്രിയപ്പെട്ടത്. കാരണം അപ്പോഴായിരുന്നു ഉത്തരവാദിത്തം ഏറ്റവും കൂടുതൽ.

എന്റെ കീഴിൽ ആന്ധ്രപ്രദേശും കർണാടകയും തെലുങ്കാനയും ഉണ്ടായിരുന്നു. ധാരാളം ഡിവിഷനൽ ഇൻ ചാർജുകൾ, ഒരുപാട് സ്റ്റാഫ്, ഏജൻസികൾ, ഏജന്റുമാർ എ ന്നിവരെയൊക്കെ നയിക്കണം. മോട്ടിവേറ്റ് ചെയ്ത് കമ്പനിയെ ഉയരങ്ങളിലെത്തിക്കണം. ശരിക്കും ത്രില്ലിങ് ആയ അനുഭവമായിരുന്നു.

 എൽഐസി എച്ച്എഫ്എൽ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡിന്റെ കീഴിലുള്ള കമ്പനിയാണ്. 40 ടെറിട്ടറി ഓഫിസുകളും പ്രോഡക്റ്റ് സെയിലും ഒക്കെയുള്ള വലിയ കമ്പനി. അവിടെ ഡയറക്ടറും സിഇഒയുമായിരുന്നിട്ടുണ്ട്.

പ്രവർത്തനമികവ് കാണിച്ചില്ലെങ്കിൽ ജീവനക്കാരെ പ റഞ്ഞു വിടേണ്ടി വരും. അതായിരുന്നു ഏറ്റവും മാനസിക സമ്മർദം ഉള്ള സമയം. െപര്‍ഫോമന്‍സ് മെച്ചമല്ലാത്ത പേരിലാണെങ്കിലും ആളുകളെ പറഞ്ഞു വിടുന്നത് ഏറ്റവും വിഷമം പിടിച്ച കാര്യമാണ്. അതുകൊണ്ട് ഒാരോരുത്തരുെടയും സർവീസ് മികച്ചതാക്കാൻ നന്നായി പ്രയത്നിക്കുമായിരുന്നു. അവിടെ ജോലി ചെയ്ത കാലത്ത് ബിസിനസും ലാഭവും നന്നായി കൂട്ടാൻ പറ്റിയതും നല്ല ഓർമയാണ്.

പരീക്ഷയെഴുതാൻ ഇപ്പോഴും തയാർ

എല്‍െഎസിയില്‍ പല പോസ്റ്റുകളിലും വർക്ക് റെക്കോർഡും പ്രവർത്തന മികവും പരിഗണിച്ചാണ് പ്രമോഷന്‍. ഇപ്പോൾ ഉയര്‍ന്ന പോസ്റ്റുകൾക്ക് ടെസ്റ്റും ഇന്റർവ്യൂവും വന്നു കഴിഞ്ഞു. ഇപ്പോഴും എനിക്ക് പരീക്ഷകളെഴുതാനും അഭിമുഖങ്ങൾ നേരിടാനും നല്ല ആത്മവിശ്വാസമുണ്ട്. എംഡി ആകാനും ഇന്റർവ്യൂ ഉണ്ടായിരുന്നു.

ലീഗൽ ഡിപ്പാർട്മെന്റ് കൂടി പരിചയിക്കാൻ വേണ്ടി ര ണ്ടു മാസം ആ വിഭാഗത്തിൽ ജോലി ചെയ്ത േശഷമാണ് മാേനജിങ് ഡയറക്ടറുെട കസേരയിലേക്കെത്തിയത്. ഇ നി പുതിയ വെല്ലുവിളികളിലേക്ക്...

‘ടാസ്ക് ഓറിയന്റഡ് പേഴ്സൺ’ ആണു ഞാൻ. ജോലികൾക്ക് വ്യക്തമായ മുൻഗണനാക്രമം തീരുമാനിക്കും. വിജയവും പരാജയവും ഏതു നേരിടേണ്ടി വന്നാലും ഒരേ മനസോടെ സ്വീകരിക്കും. ആത്മാർഥമായി പ്രയത്നിക്കും.

രാവിെല  അഞ്ചരയോടെ എഴുന്നേൽക്കും. യോഗ ചെയ്യും.  വീട്ടിലെ കാര്യങ്ങളൊക്കെ കൃത്യമായി ടൈം മാനേജ് ചെയ്തു പൂർത്തിയാക്കി ഓഫിസിലേക്ക് പോകും. ടാർഗറ്റ് തികയ്ക്കുക, അക്കൗണ്ട് ക്ലോസിങ് തുടങ്ങി ജോലിയിൽ വളരെ ബിസി ആകുന്ന സമയമുണ്ടാകും. അപ്പോൾ  വീട്ടിലെത്താൻ വളരെ വൈകും.   

വീഴ്ചകൾ ഈ രംഗത്തും സ്വാഭാവികം. പ്രതിസന്ധിക‌ൾ നമ്മൾ ഇഷ്ടപ്പെടുന്ന മേഖലയിലാകുമ്പോൾ പ്രശ്നമായി തോന്നില്ല. കാരണം പ്രതിസന്ധി മറികടക്കുമ്പോൾ നമ്മെ കാത്തിരിക്കുന്ന ആ സന്തോഷത്തിന്റെ പേരല്ലേ വിജയം. പ്രതിസന്ധികളെ കുഴപ്പമായി കാണേണ്ടതില്ല. പകരം അത് വിജയത്തിലേക്കുള്ള വഴി ആണെന്ന് കരുതാമല്ലോ. ആ സമീപനം ജോലിസമ്മർദം ഒരുപരിധി വരെ കുറയ്ക്കും. സഹിക്കാനാകാത്ത പിരിമുറുക്കം ഈ ജോലിയില്‍ എന്നല്ല ഒരു ജോലിയിലും കാര്യമായി ഇല്ല എന്നാണ് തോന്നിയിട്ടുള്ളത്.  

ഡേവിഡ്, മൈ ഡാർളിങ്

നടപ്പ്, പാട്ട് കേൾക്കൽ, കുടുംബവുമൊത്ത് സമയം ചെലവാക്കൽ ഇവ മൂന്നുമാണ് സ്ട്രെസ് നിയന്ത്രിക്കാനുള്ള എന്റെ വഴികൾ. യോഗയും സ്ഥിരം െചയ്യാറുണ്ട്.

ജോലി കഴിഞ്ഞ് നേരത്തേ വീട്ടിലെത്തുന്ന ദിവസങ്ങളില്‍ ഞാനും ഐപ്പും ഒന്നിച്ച് നടക്കാൻ പോകും. മൂത്ത മകനും കുടുംബവും ഇവിെട മുംെെബയില്‍ ഞങ്ങളോെടാപ്പമുണ്ട്. ഇംഗ്ലിഷ്, മലയാളം ക്രിസ്ത്യൻ പാട്ടുകളും  മതപരമല്ലാത്ത പാട്ടുകളും കേൾക്കും.

പാചകം ചെയ്യാനും ബേക്കിങ് ചെയ്യാനും ഇഷ്ടമാണ്. കേക്ക് ആണ് ബേക്കിങ്ങിലെ പ്രധാന ഐറ്റം. വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ് എന്റെ പാചകം. െകാച്ചുമകന്‍ ഡേവിഡ് വന്നതിൽ പിന്നെ അവനാണ് എന്റെ ഏറ്റവും പ്രധാന ‘സ്ട്രസ് ബേസ്റ്റർ’, യെസ്... മൈ ഡാർളിങ്.     

Tags:
  • Spotlight
  • Motivational Story