Saturday 07 July 2018 02:08 PM IST

അവൾ ഇപ്പോഴും എന്റെ കൂടെയുണ്ട്...; ലിഗയുടെ സഹോദരി ഇൽസെ പറയുന്നു

V.G. Nakul

Sub- Editor

liga-sis9864 ഫോട്ടോ: ബേസിൽ പൗലോ

‘‘ഒറ്റയ്ക്കാണു മടങ്ങിപ്പോകുന്നതെന്നു ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. ചേർത്തുപിടിക്കാൻ ഒപ്പമില്ലെങ്കിലും അവളുടെ സാന്നിധ്യം ഞാനനുഭവിക്കുന്നു.’’പറഞ്ഞുതീരും മുൻപേ ഇൽസെയുടെ കണ്ണുകൾ നിറഞ്ഞു. മഴ മാറി വേഗത്തിൽ സന്ധ്യ പരന്നു തുടങ്ങിയ ഒരു വൈകുന്നേരം. തിരുവനന്തപുരം യാത്രി നിവാസിലാണ് ഇൽസെ സ്ക്രോനെയെ കണ്ടത്. കോവളത്ത് കൊല ചെയ്യപ്പെട്ട ലാത്വിയൻ യുവതിയുടെ ഇളയ സഹോദരി. ചേച്ചിയുടെ മരണം സൃഷ്ടിച്ച നൊമ്പരവും ശൂന്യതയും ദുർബലമാക്കിയ വാക്കുകൾ. വാടിയ പനിനീർപൂക്കളുടെ മണമുള്ള മുറി. വാതിലിനരികെ ചുവരിനോടു ചേർത്തിട്ട ചെറിയ മേശമേൽ ചിതാഭസ്മം നിറച്ച മൺകുടങ്ങൾക്കും അണഞ്ഞ മെഴുകുതിരികൾക്കും പിന്നിൽ ചേച്ചിയുടെ ചിരിക്കുന്ന വലിയ ചിത്രം.

വിഷാദരോഗത്തിനു ചികിത്സ തേടി കേരളത്തിലെത്തിയ ലാത്വിയക്കാരിയായ യുവതിയെ കഴിഞ്ഞ മാർച്ച് പതിനാലിനാണ് പോത്തൻകോട്ടു നിന്ന് കാണാതായത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ ഏപ്രിൽ ഇരുപതിന് കോവളത്തിനടുത്തു പനത്തുറയിലെ കണ്ടൽ കാട്ടിൽ നിന്നും അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തി. കൊലപാതകമെന്നു തെളിഞ്ഞതോടെ ലഹരി മരുന്നു സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള തിരച്ചിലിൽ പ്രതികൾ വലയിലായി. ലാത്വിയയിലുള്ള അച്ഛനമ്മമാർക്ക് മൊബൈലിൽ സന്ദേശമയയ്ക്കുകയായിരുന്ന ഇൽസെ അൽപ്പനേരത്തെ മൗനത്തിനൊടുവിൽ വീണ്ടും സംസാരിച്ചു തുടങ്ങി.

സാധാരണ കുടുംബത്തിൽ നിന്ന്

‘‘ലാത്വിയയിലെ ചെറുപട്ടണമായ ലിംബാഷിയിലാണ് ഞങ്ങളുടെ വീട്. സാധാരണ കുടുംബമാണ്. ഒറ്റമുറി മാത്രമാണ് ഉണ്ടായിരുന്നത്. 1991ൽ ലാത്വിയയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതോടെ സാമ്പത്തികമായി മെച്ചപ്പെട്ടു. അമ്മ വെസ്മ പൂക്കൾ കൊണ്ട് അലങ്കാരങ്ങളുണ്ടാക്കുന്ന ഫ്ളോറിസ്റ്റും കഫേയിലെ ജീവനക്കാരിയുമായിരുന്നു. അച്ഛൻ ജാനിസ് മെക്കാനിക്കൽ എൻജിനീയറായിരുന്നുവെങ്കിലും സാധാരണ ജോലികളാണ് ചെയ്തിരുന്നത്. മൂത്ത സഹോദരൻ ഇർവിൻസ്. ഞാനായിരുന്നു കൂട്ടത്തിലെ വികൃതി. അവൾ പാവം കുട്ടിയും. കുട്ടിക്കാലം മുതലേ ഞങ്ങള്‍ വലിയ അടുപ്പമായിരുന്നു. സ്കൂളിൽ പോകുന്നതും കളിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമുൾപ്പടെ എല്ലാ കാര്യങ്ങൾക്കും ഒന്നിച്ചായിരുന്നു.’’

ഇൽസെ ഒാർമകളിൽ ഒരു നിമിഷം മുങ്ങിപ്പോകുംപോലെ. ‘‘അവൾ പബ്ലിക് റിലേഷനാണ് പഠിച്ചത്. ഏറെക്കാലം ആ മേഖലയിൽ ജോലി ചെയ്തു. ഗുഡ് ഡീഡ്സ് എന്ന ജീവകാരുണ്യ സംഘടനയിലും പ്രവർത്തിച്ചിരുന്നു. പത്തൊൻപതാം വയസ്സിൽ ഞാൻ അയർലൻഡിലേക്കു പോയി. ഒരു സലൂൺ തുടങ്ങി ബ്യൂട്ടി തെറപ്പിസ്റ്റായി. നാലു വർഷം മുൻപ് അവളും  അവിടേക്കു വന്നു. ആയിടയ്ക്കാണ് ഒരു സംഗീത പരിപാടി ക്കിടെ ആൻഡ്രുവിനെ പരിചയപ്പെട്ടത്. തുടർന്ന് അവർ ഒരുമിച്ചു ജീവിക്കാൻ തുടങ്ങി. അതോടെ ഞങ്ങൾ രണ്ടു നഗരങ്ങളിലായി. പിന്നീട് വല്ലപ്പോഴും മാത്രമാണ് കണ്ടിരുന്നത്. ഇടയ്ക്കിടേ അവളൊറ്റയ്ക്ക് എന്റെയടുത്ത് വരും. ആൻഡ്രുവിനെ ഞാനധികം കണ്ടിട്ടില്ല. ഞങ്ങൾ തമ്മിൽ അടുപ്പവും കുറവാണ്. കേരളത്തിലേക്കുള്ള ഈ യാത്ര വളരെ യേറെ സന്തോഷകരമായിരുന്നു. പക്ഷേ .....’’ അവർ ഒരു നിമിഷം നിർത്തി. നിറയാൻ വെമ്പിയ കണ്ണുകളടച്ചു.

പ്രകൃതിയെ പ്രണയിച്ചവൾ

‘‘ലളിത ജീവിതം ഇഷ്ടപ്പെട്ടിരുന്നവളാണ്. ഒരിക്കൽ പോലും ദേഷ്യപ്പെട്ടതായി ഞാന്‍ ഓർക്കുന്നില്ല. സ്നേഹത്തോടെയും ബഹുമാനത്തോടെയുമായിരുന്നു എല്ലാവരോടും പെരുമാറ്റം. നന്നായി തമാശ പറയും. ആസ്വദിക്കും. ആദ്യം കാണുമ്പോൾ തന്നെ ആർക്കും ഇഷ്ടമാകുന്ന പ്രകൃതം. പ്രകൃതിയായിരുന്നു ഏറ്റവും വലിയ ബലഹീനത. ഗാർഡ നിൽ മണിക്കൂറുകളോളം ചെലവഴിക്കും. അമ്മയിൽ നിന്ന് പൂക്കള്‍ കൊണ്ടുള്ള അലങ്കാര വസ്തുക്കൾ നിർമ്മിക്കാനും പഠിച്ചിരുന്നു. യോഗയും ആയുർവേദിക് കുക്കിങ്ങുമൊക്കെയാ യിരുന്നു മറ്റിഷ്ടങ്ങൾ. പ്രകൃതി മരുന്നുകളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇന്ത്യൻ ഭക്ഷണത്തോടുള്ള താത്പര്യം കാരണം കുറേക്കാലം നാട്ടിലെ ഒരു സൗത്ത് ഇന്ത്യൻ ഭക്ഷണശാലയിൽ ജോലി ചെയ്തിരുന്നു.

തികഞ്ഞ ദൈവവിശ്വാസിയായിരുന്നു. ‘എവിടെ നിന്നു പ്രാർഥിച്ചാലും അതു ഹൃദയത്തിൽ നിന്നു വരുന്നതാകണം’ അവളെപ്പോഴും പറയും. ദീർഘകാലമായി പോസ്റ്റ് ട്രോമാറ്റിക് ഡിപ്രഷന്റെ ചികിത്സയിലായിരുന്നു. പല മരുന്നുകളും പരീക്ഷിച്ച് പരാജയപ്പെട്ടു. വിഷാദം മനസ്സിന്റെ താളം തെറ്റി ക്കുമെന്നു തോന്നിയപ്പോഴാണ് ആയുർവേദത്തെക്കുറിച്ച് ചിന്തിക്കുന്നത്. ’’

സഹോദരിയെ വിഷാദരോഗിയാക്കിയ കാരണം പറയാൻ ഇൽസെ തയാറല്ല.  2013ൽ ഒരു ലോകയാത്രയുടെ ഭാഗമായി  കേരളത്തിലെത്തിയിട്ടുള്ള ഇൽസെ ഇവിടുത്തെ അന്തരീക്ഷം സഹോദരിയിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നു കണക്കുകൂട്ടി. അങ്ങനെ ഫെബ്രുവരി മൂന്നിന് ഇരുവരും പോത്തൻകോട്ടെ അയിരൂപ്പാറ ധർമ്മ ആയുർവേദിക് ഹീലിങ് സെന്ററിലെത്തി. ചികിത്സയും ചെറിയ ചെറിയ യാത്രകളും വായനയുമൊക്കയായി പുതിയ ഇടം അവൾ പതിയെപ്പതിയെ ഇഷ്ടപ്പെട്ടു തുടങ്ങി. എന്നാൽ ആ സന്തോഷത്തിന് ആയുസ്സു കുറവായിരുന്നു. ഒരു ദിവസം ആരോടും ഒന്നും പറയാതെ അവളെങ്ങോട്ടോ ഇറങ്ങിപ്പോയി.

‘‘കാണാതായ ദിവസം രാവിലെ പതിവുള്ള യോഗാ പരിശീ ലനത്തിനു വിളിച്ചപ്പോള്‍ വന്നില്ല. തലവേദനയാണെന്നും ത നിക്കു മാത്രമായുള്ള സെഷനിൽ പങ്കെടുത്തോളാമെന്നും പറഞ്ഞു. കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് ഞാൻ പോയി. എട്ടുമണിയോടെ തിരികെ വന്നപ്പോൾ മുറിയിൽ കണ്ടില്ല. സെന്ററിലൊക്കെ തിരഞ്ഞ ശേഷം പുറത്തിറങ്ങി അന്വേഷിച്ചു. അപ്പോഴാണ് ഒരു ഒാട്ടോറിക്ഷയിൽ കയറിപ്പോയെന്നറിഞ്ഞത്.’’

അയിരൂപ്പാറയിൽ നിന്ന് ഏഴു മണിയോടടുത്താണ് ഷാജി യെന്നയാളുടെ ഓട്ടോറിക്ഷയിൽ കയറിയത്. അടുത്തുള്ള കട ൽത്തീരത്തേക്കു പോകണമെന്നാവശ്യപ്പെട്ടു. സാധാരണ വിദേശ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമെന്ന നിലയിൽ കോവളത്തെത്തിച്ചു. പത്തു മണിയോടെ സഹോദരി കോവളത്തേക്കു പോയ വിവരം ഇൽസെ അറിഞ്ഞു. ഉടന്‍ തന്നെ അവിടേക്കു തിരിച്ചു. ആരോടു ചോദിക്കണം. എവിടെ തിരയണം. അപരിചിയമായ ഒരു നാട്ടിൽ ആരും സഹായത്തിനില്ലാതെ... ആ ദിവസങ്ങളെക്കുറിച്ചോർക്കുമ്പോൾ  ഇപ്പോഴും ഇൽസെയ്ക്ക് ചങ്കിടിപ്പുകൂടും.

‘‘അതായിരുന്നു ഏറ്റവും പ്രയാസമേറിയ സമയം. ആകെ ഒരു ഞെട്ടലായിരുന്നു. ഞങ്ങൾ ഒരു മാസത്തിലധികം പോത്തൻകോട്ടുണ്ടായിരുന്നു. കാര്യങ്ങൾ കുറച്ച് ബെറ്ററായിത്തുടങ്ങിയതാണ്. പൂർണമായും സുഖമായില്ലെങ്കിലും മാറ്റങ്ങളുണ്ടായിരുന്നു. അവളവിടെ നിന്നും ഒറ്റയ്ക്കിറങ്ങിപ്പോകുമെന്നു പ്രതീക്ഷിച്ചില്ല. കോവളത്തേക്കാണു പോയതെന്നറിഞ്ഞപ്പോൾ ബീച്ചിലുണ്ടാകുമെന്നു കരുതി. അവിടെയും കാണാതായപ്പോൾ ഭ യമായി. ആ ദിവസം മുഴുവൻ തിരഞ്ഞ ശേഷം തിരികെ താമസസ്ഥലത്തെത്തിയപ്പോഴേക്കും അവളെവിടെയായിരിക്കും ആരുടെ കൂടെയായിരിക്കും  എന്നൊക്കെയുള്ള ചിന്തകളിൽ ഞാൻ പതറിത്തുടങ്ങി. അവളുടെ കൈയിൽ പണമുണ്ടായിരുന്നില്ല. ഉണ്ടെങ്കിൽ തന്നെ എവിടെ താമസിക്കും. അപരിചിതരോടൊപ്പം തങ്ങുന്നതിൽ താൽപര്യമുള്ള ആളായിരുന്നില്ല. എ നിക്കുറങ്ങാനേ പറ്റിയില്ല. അതിനു ശേഷമുള്ള ഓരോ രാത്രി യും ഞാൻ കരഞ്ഞു തീർക്കുകയായിരുന്നു.’’

liga-sisjf

തിരച്ചിലിന്റെ നാളുകൾ

സഹോദരിയെ കാണാതായ ദിവസം രാത്രി ഇൽസെ പോത്ത ൻകോട്ട് സ്റ്റേഷനിൽ പരാതി നൽകി. ശേഷം ആൻഡ്രുവിനെ വിവരമറിയിച്ചു. പിറ്റേന്നു തന്നെ അദ്ദേഹം തിരുവനന്തപുരത്തെത്തി. ഇരുവരും ചേർന്ന് പലയിടങ്ങളിലും തിരഞ്ഞു. വാ ണ്ടഡ് നോട്ടിസുകൾ പതിച്ചു. എല്ലാറ്റിനും ധർമ്മയിലെ സു ഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ മാധ്യമ പ്രവർത്തകരും ചില മനുഷ്യാവകാശ പ്രവർത്തകരുമൊക്കെ സഹായത്തിനെത്തി. സംഭവം വാർത്തയായതോടെ പൊലീസും അന്വേഷണം വേഗത്തിലാക്കി.

ദിവസങ്ങൾ ഓരോന്നായി കടന്നു പോയി. പ്രതീക്ഷയുടെ സാധ്യതകൾ മങ്ങിത്തുടങ്ങുമ്പോഴും ഒരു ദിവസം ചെറുചിരിയോടെ അവൾ തിരികെ വരുമെന്നു തന്നെ ഇൽസെ പ്രതീ ക്ഷിച്ചു. പക്ഷേ, ഒരു മാസത്തിനു ശേഷം പനത്തുറയിലെ ക ണ്ടൽകാട്ടിൽ കണ്ടത് പ്രിയപ്പെട്ടവളുടെ അഴുകിത്തുടങ്ങിയ മൃതശരീരമാണ്. ‘‘മരിച്ചു എന്നറിഞ്ഞപ്പോൾ സങ്കടത്തോടൊപ്പം ആശ്വാസവും തോന്നി. ഇല്ലെങ്കിൽ ശേഷിക്കുന്ന കാലം അവൾക്കെന്തു പറ്റി എന്നറിയാതെ ജീവിക്കേണ്ടി വന്നേനെ. അതെത്ര വലിയ ഹൃദയവേദനയാണ് തരിക. ഇപ്പോൾ കേരളത്തിലായതിനാൽ എല്ലാ ദിവസവും ഞാൻ പല പല തിരക്കുകളിലാണ്. അവളില്ലാതായതിന്റെ വേദന ശരിക്കും അനുഭവിക്കുക തിരികെ നാട്ടിലെത്തിയ ശേഷമാകും.  കുടുംബത്തെയും കൂട്ടുകാരെയും എങ്ങനെ അഭിമുഖീകരിക്കണമെന്ന് അറിയില്ല.’’

ഏറ്റവും പ്രിയപ്പെട്ടവൾ ഇനി ഒപ്പമില്ല എന്ന യാഥാർഥ്യംആദ്യമൊന്നും ഇൽസെയ്ക്ക് ഉൾക്കൊള്ളുവാനായില്ല. മെല്ലെ മെല്ലെ അവളത് സ്വയം പറഞ്ഞു വിശ്വസിപ്പിക്കുവാൻ തുടങ്ങി.
‘‘വിശ്വാസം കൊണ്ടു മാത്രമാണ് ഞാനീ യാഥാർഥ്യത്തെ മ റികടക്കുന്നത്. വിശ്വാസിയായിരിക്കുമ്പോള്‍ നമ്മൾ ഒന്നിനെ ക്കുറിച്ചും വേവലാതിപ്പെടാറില്ല. ഈ സംഭവമറിഞ്ഞ ശേ ഷം ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പലരും പറഞ്ഞിരുന്നു. അതു വിശ്വാസമല്ല. ദൈവമുണ്ടെങ്കിൽ ചെകു ത്താനുമുണ്ട്. ഈ ആളുകളെപ്പോലെ. അവർ നല്ലവരല്ല.  അവർ ദൈവത്തെ പിൻതുടർന്നിരുന്നില്ല. അങ്ങനെയെങ്കിൽ അ വരിതൊന്നും ചെയ്യുമായിരുന്നില്ലല്ലോ. ഇതു തന്നെയാണ് ക്രി സ്തുവും ബൈബിളും നമ്മളോടു പറഞ്ഞിട്ടുള്ളതും.’’

കടലുകൾക്കപ്പുറം നെഞ്ചുവിങ്ങി അവർ

സഹോദരിയുടെ ചിത്രത്തിലേക്കു നോക്കി ഇൽസെ എന്തോ ആലോചിച്ചു.  കടലുകൾക്കപ്പുറം മകളെ അവസാനമായി ഒരു നോക്കു കാണാനാകാതെ നെഞ്ചു വിങ്ങിക്കഴിയുന്ന മാതാപിതാക്കളെക്കുറിച്ചാകാം. ‘‘അവരുടെ അവസ്ഥയെക്കുറിച്ചു പറയാൻ തന്നെ പ്രയാ സമാണ്. ഇപ്പോൾ എനിക്കു വേണ്ടി അവർ ഈ യാഥാർഥ്യത്തെ ഉൾക്കൊണ്ടു തുടങ്ങിയിരിക്കുന്നു. ഒരു പക്ഷേ, ഞാ നവിടെ എത്തിയ ശേഷമായിരിക്കും ഞങ്ങളെല്ലാവരും ഈ വേദന അതിന്റെ പാരമ്യത്തിൽ അനുഭവിച്ചു തുടങ്ങുക. സുഹൃത്തുക്കളും തകർന്നിരിക്കുകയാണ്. ഇതാരും പ്രതീക്ഷിച്ചി രുന്നതല്ലല്ലോ. ഒരാളും സങ്കടപ്പെടുന്നത് അവള്‍ഷ്ടമായിരു ന്നില്ല. എല്ലാ വേദനകളും നമ്മളെ കൂടുതൽ കരുത്തരും സ്നേഹസമ്പന്നരുമാക്കണമെന്നാണ് അവൾ എപ്പോഴും പറഞ്ഞിരുന്നത്. ജീവിതം ആത്മീയ യാത്രയാണെന്നും മനുഷ്യൻ ദുഷ്പ്രവർത്തികൾ ചെയ്യുന്നത് കുട്ടിക്കാലത്തെ മോശം അനുഭവങ്ങൾ കാരണമാണെന്നും വിശ്വസിച്ചിരുന്നതിനാൽ എ ത്ര വലിയ തെറ്റുകളും അവൾക്കു നിഷ്പ്രയാസം പൊറുക്കുവാനാകുമായിരുന്നു.’’

സഹോദരിയെക്കുറിച്ച് എത്ര പറഞ്ഞാലും തീരാത്തത്ര ഓർമ്മകളുടെ ഒരു കടൽ ഇൽസെ ഹൃദയത്തിൽ പേറുന്നു. പ്രിയപ്പെട്ടവളുടെ മരണശേഷം അവരെഴുതിയ കവിതകൾ അതിന്റെ തിരകളും ചുഴികളും നിറഞ്ഞതാണ്.

കവിതകൾ അവൾക്കുവേണ്ടി

‘‘എന്റെ വികാരങ്ങൾ പ്രതിഫലിപ്പിക്കാൻ വേണ്ടി മാത്രമാണ് ഞാൻ കവികളെഴുതാറ്. മറ്റുള്ളവർക്ക് വായിക്കാനായി ഇതുവരെ എഴുതിയിട്ടില്ല. പക്ഷേ, അവളെക്കുറിച്ചെഴുതിയത് എല്ലാവരും കാണണമെന്നു തോന്നി. ആദ്യമായാണ് എന്റെ കവിതകൾ പ്രസിദ്ധീകരിക്കുന്നത്. അവൾ ധാരാളം വായിക്കുമായിരുന്നു. യുദ്ധാനന്തര റഷ്യൻ സാഹിത്യം വളരെ ഇഷ്ടമായിരുന്നു. അവളാണ് എന്നെ വായനയിലേക്കടുപ്പിച്ചത്. മു ടങ്ങാതെ ഡയറി എഴുതിയിരുന്നു അവൾ. എഴുതുന്ന ഡയറികളൊക്കെ സൂക്ഷിച്ചു വയ്ക്കും. മറ്റാർക്കും വായിക്കാൻ തരില്ല.’’ എന്തിനും ഏതിനും വിവാദങ്ങളുണ്ടാകുന്ന നമ്മുടെ നാ ട്ടിൽ ഈ കേസന്വേഷണത്തിനിടയിലും വിവാദങ്ങൾ പൊട്ടിമുളയ്ക്കാതിരുന്നില്ല.

‘‘വിവാദങ്ങളിൽ നിന്നൊക്കെ വിട്ടു നിൽക്കാനായിരുന്നു എന്റെ ശ്രമം. അവളെ കണ്ടു പിടിക്കുക നീതി വാങ്ങിക്കൊടുക്കുക എന്നതു മാത്രമായിരുന്നു ആഗ്രഹവും ലക്ഷ്യവും. വിവാദങ്ങളിൽ പലതും ഉൗതി വീർപ്പിക്കപ്പെട്ടവയായിരുന്നു. മരണത്തിനു കാരണക്കാരായവരെയുൾപ്പടെ പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. ഇനി എല്ലാം ദൈവത്തിന്റെ കൈകളിലാണ്. ഇത്രയും വലിയ ദുരന്തമാണു സംഭവിച്ചതെങ്കിലും ഒരു ചെറിയ ശതമാനം ഭാഗ്യം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. കാരണം സമാനമായ അനുഭവമുള്ള ധാരാളം കുടുംബങ്ങളുമായി ഞാൻ സംസാരിച്ചു. ഇങ്ങനെ കാണാതായ പലരേയും ഇപ്പോഴും കണ്ടെത്തിയിട്ടില്ല. കൊല്ലപ്പെട്ട സംഭവങ്ങളിൽ കുറ്റവാളി കളെ പിടികൂടിയിട്ടില്ല. പല കേസുകളും എങ്ങുമെത്താതെ തുടരുകയാണ്. അങ്ങനെ നോക്കുമ്പോള്‍ ഞങ്ങൾക്കൊരു ഉത്തരം ലഭിച്ചല്ലോ.  മറിച്ച് ഇപ്പോഴും അവൾ എവിടെയാണെന്ന റിഞ്ഞിരുന്നില്ലെങ്കിൽ അത് വളരെയേറെ പ്രയാസകരമാകുമായിരുന്നു.’’ ഇൽസെ പ്രിയപ്പെട്ടവളുടെ ചിതാഭസ്മം നിറച്ച മൺകുടങ്ങളിലേക്കു നോക്കി.

അതും നെഞ്ചോടു ചേർത്തു പിടിച്ചാകും നാട്ടിലേക്കുള്ള മടക്കം. അവിടെ അവൾക്കായി നിത്യ നിദ്രയുടെ കല്ലറയൊരുക്കി, അതിൽ ഒരു പിടി പനിനീർ പൂക്കൾ വച്ചു പ്രാർഥിക്കണം.
ആരെയും വേദനിപ്പിക്കരുതെന്നും ആരും വേദനിക്കരുതെന്നും കൊതിച്ചവളെ കാത്തിരുന്നതു വേദനയുടെ കറുപ്പു നിറഞ്ഞ മരണം. മഴ കരഞ്ഞു തീർന്ന ഒരു തണുത്ത വൈകുന്നേരം. നവീൻ ഗാന്ധർവിന്റെ സംഗീതത്തോടൊപ്പം അവൾക്കുവേണ്ടി നട്ട ഇലഞ്ഞി മരം ശാന്തിയുടെ മറ്റൊരു പ്രതീകമായി കനകക്കുന്നിൽ കുരുന്നിലകളാട്ടി നിൽക്കുന്നു.

liga-sisfhjy