Friday 03 July 2020 04:39 PM IST : By ശ്യാമ

പേപ്പറുകൾ കൊണ്ട് ട്രെയിൻ; കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ മനം കവർന്ന കൊച്ചുമിടുക്കൻ മലയാളിയായ അദ്വൈത്

paper-train221

അദ്വൈത് ഉണ്ടാക്കിയ പേപ്പർ ട്രെയ്ൻ കണ്ടാൽ അറിയാം എത്രമാത്രം സൂക്ഷ്മമായിട്ടാണ് അതിന്റെ ഓരോ അരികും ഒരുക്കിയിരിക്കുന്നതെന്ന്... സ്റ്റീം എഞ്ചിനും രണ്ട് കമ്പാട്ട്മെന്റുകളും ഒക്കെ അത്രയ്ക്കും മികവുറ്റതാണ്. ‘‘ലോക്ഡൗൺ സമയത്ത് നേരംപോക്കിനായി ഉണ്ടാക്കിയതാണ്’’ എന്ന് വളരെ നിഷ്കളങ്കമായി പറയുന്ന ആള്‍ ട്രെയ്ൻ ഉണ്ടാക്കാനെടുത്തത് മൂന്ന് ദിവസമാണ്. 

‘‘പേപ്പറുകൾ ഒന്നൊന്നായെടുത്ത് ചുരുട്ടി കമ്പ് പോലെയാക്കും അതാണ് പിന്നെ ഡിസൈൻ ആക്കി മാറ്റിയത്. ഈ ട്രെയ്നിനായി ഏകദേശം 450 ഓളം പേപ്പർ കമ്പുകൾ വേണ്ടി വന്നു. യൂട്യൂബും മറ്റും ഒക്കെ കണ്ടാണ് ടെക്നിക്കുകൾ പഠിച്ചത്.’’ തൃശ്ശൂർ ചേർപ്പ് സ്വദേശിയായ ഈ പന്ത്രണ്ടാം വയസ്സുകാരൻ ഉണ്ടാക്കിയ ട്രെയ്ൻ ഫെയ്സ്ബുക് വഴിയാണ് ഇന്ത്യൻ റെയിൽവേയിലേക്കും റെയിൽവെ മന്ത്രി പീയൂഷ് ഗോയലിന്റെ ശ്രദ്ധയിലേക്കും എത്തുന്നത്. 

paper4455

ട്രെയിൻ ഉണ്ടാക്കിക്കഴിഞ്ഞ് അച്ഛന്‍ മണികണ്ഠൻ കിഴക്കൂട്ടിന്റെ പേജിലാണ് ആദ്യം അപ്‌ലോഡ് ചെയ്യുന്നത്. അവിടുന്ന് അത് മറ്റ് പല ഗ്രൂപ്പുകളിലേക്കും പോയി. ഒരു ദിവസം കൊണ്ട് തന്നെ പതിനായിരക്കണക്കിനു ലൈക്കുകളായി. അവിടെ നിന്ന് ഈ പോസ്റ്റ് കണ്ടിട്ട് ചെന്നൈ റെയിൽവേയിൽ നിന്ന് റെയിൽവേയുടെ സൈറ്റിൽ ഇടാൻ താൽപര്യമുണ്ട് എന്ന് പറഞ്ഞ് ഫോൺകോൾ എത്തി. അങ്ങനെ ഇത് ചെയ്യുന്ന വിഡിയോസ് റെയിൽവേയിലേക്ക് അയച്ചുകൊടുത്തു. അവര്‍ ഇന്ത്യൻ റെയിൽവേയിൽ നിന്ന് അപ്രൂവൽ കിട്ടാനായി അയച്ചു കൊടുത്തപ്പോഴാണ് അത് മിനിസ്റ്റർ കാണുന്നത്.

മന്ത്രി പീയൂഷ് ഗോയലിന്റെ ട്വിറ്ററിലും എഫ്ബി പേജിലുമാണ് ആദ്യം അദ്വൈദിന്റെ പേപ്പർ ട്രെയിൻ പ്രശംസകൾ നേടി ഓടിത്തുടങ്ങിയത്. പിന്നീട് ഇന്ത്യൻ റെയിൽവേയുടെ ട്വീറ്റിലും അവരുടെ പേജിലും എത്തി. ഇത് കൂടാതെ ഫെവിക്കോൾ ഈ വിഡിയോ കണ്ടിട്ട് അവർക്ക് നല്ലൊരു പ്രമോഷൻ കിട്ടിയതിന്റെ ഭാഗമായി അദ്വൈതിനുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

papedfgvgg

എവിടെയും പോയി പഠിച്ചിട്ടില്ലെങ്കിലും അദ്വൈതിന് ഇത്തരം കലാപരമായ കാര്യങ്ങളിൽ തീരെ ചെറുപ്പം മുതലേ താൽപര്യമുണ്ട്.  സ്കൂള്‍ തലത്തിലും ഉപജില്ലാ തലത്തിലൊക്കെ സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്. ചേർപ്പ് സിഎൻഎൻ ബോയിസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അദ്വൈത് കൃഷ്ണ. അധ്യാപകരും കൂട്ടുകാരും വിളിച്ച് അഭിനന്ദനപ്പെരുമഴ തന്നെ തീർത്തുകഴിഞ്ഞു.

ലോക്ഡൗൺ സമയത്ത് ആദ്യം എ4 ഷീറ്റുകൊണ്ടായിരുന്നു കുട്ടി പരീക്ഷണങ്ങൾ. പിന്നീട് കടകള്‍ ഒക്കെ അടഞ്ഞ് കിടക്കുന്ന സമയത്താണ് പത്രം കൊണ്ടുള്ള ക്രാഫ്റ്റിലേക്ക് തിരിഞ്ഞത്. ട്രെയിൻ കൂടാതെ പേപ്പറിൽ തീർത്ത ബൈക്കും കാറും ഉന്തുവണ്ടികളും ഒക്കെ വീട്ടിൽ നിറഞ്ഞിരിക്കുന്നു. ഇനിയും ജനിക്കാനുള്ള സൃഷ്ടിക്കൾക്കുള്ള കാത്തിരിപ്പിലാണ് വീടിന്റെ അകത്തളങ്ങൾ. 

തൃശ്ശൂര്‍ ചേർപ്പ് സ്വദേശിയാണ് ഈ കൊച്ചുമിടുക്കൻ. അദ്വൈതിന്റെ അച്ഛൻ ശിൽപ്പിയാണ്, അദ്ദേഹം ക്ഷേത്രങ്ങളിലേക്കും വീടുകളിലേക്കും മരം കൊണ്ടുള്ള ശിൽപ്പങ്ങൾ ഉണ്ടാക്കി നൽകുന്നു. അമ്മ സരിത. 

paperggcfxd6677
Tags:
  • Spotlight