Thursday 16 May 2019 11:49 AM IST : By സ്വന്തം ലേഖകൻ

അഡ്മിഷനായി അമ്മയ്‌ക്കൊപ്പം സ്‌കൂളുകൾ കയറിയിറങ്ങി; രോഗത്തിന്റെ പേരിൽ പ്രവേശനം നിഷേധിച്ചവർ ഇത് കാണണം!

mamtha-nayk1

വർഷങ്ങൾക്കു മുൻപ് അമ്മയുടെ കൈ പിടിച്ച് അഡ്മിഷനായി ഒരു പെൺകുട്ടി നിരവധി സ്കൂളുകൾ കയറിയിറങ്ങി. പക്ഷേ, രോഗിയായ അവൾക്ക് പ്രവേശനം നൽകാൻ ആരും തയാറായിരുന്നില്ല. ഒടുവിൽ ഒരു സ്കൂളിന്റെ വാതിൽ അവൾക്ക് മുന്നിൽ തുറന്നു. അവിടെ ചേർന്നു അവൾ നന്നായി പഠിച്ചു. ഒടുവിൽ പത്താം ക്ലാസ് ഫലം വന്നപ്പോൾ അവൾ സ്കൂളിലെ സൂപ്പർതാരവുമായി. ശാരീരിക വെല്ലുവിളികൾക്കിടയിലും ഉന്നതവിജയം നേടിയ മംമ്ത നായ്ക് എന്ന പെൺകുട്ടിയുടെ കഥയാണിത്. സെറിബ്രൽ പാൽസി ബാധിച്ച മംമ്ത 90.4% മാർക്കോടു കൂടിയാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മിന്നുന്ന വിജയം നേടിയത്. 

500 ൽ 452 മാർക്ക് നേടിയാണ് മംമ്ത രോഗത്തെ കീഴടക്കിയത്. സെറിബ്രൽ പാൽസി ബാധിച്ചവർക്ക് തനിയെ നടക്കാനോ, എഴുതാനോ, വ്യക്തമായി സംസാരിക്കാനോ സാധിക്കാറില്ല. കണക്ക് ഒഴിവാക്കി മറ്റു വിഷയങ്ങളിൽ വാചാ പരീക്ഷയാണ് മംമ്തയ്ക്കായി നടത്തിയത്. രോഗം കാരണം മ്യൂസിക്കോ ആർട്സോ തിരഞ്ഞെടുത്തില്ല. സാമൂഹ്യ ശാസ്ത്രത്തിന് 100 ൽ 92 മാർക്ക് ലഭിച്ചു.

mamta-nayak12

മംമ്തയുടെ വിജയത്തിളക്കത്തിന് കാരണം അന്ധേരി വെസ്റ്റിലെ രാജ് ഹാൻസ് വിദ്യാലയയും അവിടുത്തെ അധ്യാപകരും സഹപാഠികളുമാണ്. സ്കൂളിലെ എല്ലാവർക്കും പ്രചോദമാണു മംമ്തയെന്ന് സ്കൂൾ പ്രിൻസിപ്പൽ ദീപ്ശിഖ ശ്രീവാസ്തവ് പറയുന്നു.  അതുപോലെ മകൾക്കൊപ്പം കരുത്തോടെ നിന്ന അമ്മ രുപാലിയും. 

മംമ്തയ്ക്കൊപ്പം ക്ലാസിലിരിക്കാൻ രുപാലിയെയും സ്കൂൾ അധികൃതർ അനുവദിച്ചിരുന്നു. അമ്മ തന്നെ എല്ലാ വിഷയങ്ങളും പഠിപ്പിച്ചിരുന്നതിനാൽ ട്യൂഷന്റെ ആവശ്യമുണ്ടായില്ല. സ്കൂൾ സമയത്തിന്റെ കാര്യത്തിലും മംമ്തയ്ക്ക് അധികൃതർ ഇളവ് നൽകി. നല്ല ഓർമ്മ ശക്തിയും പഠിക്കാനുള്ള ഇഷ്ടവും മംമ്ത പ്രകടിപ്പിച്ചിരുന്നു. മംമ്തയെ സൈക്കോളജി പഠിപ്പിക്കണമെന്നാണ് രുപാലിയുടെ ആഗ്രഹം.