Thursday 01 July 2021 03:59 PM IST

‘രണ്ടര വയസിൽ കണ്ണിന്റെ ചുവട്ടിൽകണ്ട വെള്ളനിറം അലർജിയെന്നു കരുതി’: അഴകിന്റെ വേദിയിൽ അച്ഛന്റെ തണലിൽ നടന്നു കയറിയവൾ

Lakshmi Premkumar

Sub Editor

manju-kutty

പ്രതീക്ഷിതമായി തൊലിപ്പുറത്തുണ്ടായ നിറവ്യത്യാസവും അതു പടർന്നപ്പോഴുള്ള ആ ന്തലും തളർത്തിയ ഒരു കാലമുണ്ടായിരുന്നു. ഞാൻ മാത്രമെന്തു കൊണ്ട് ഇങ്ങനെയായിപ്പോയി എന്ന് ചിന്തിച്ച് കണ്ണിലൂടെ കടലൊഴുകിയ കാലം. പക്ഷേ, ജീവിതം കാത്തു വച്ചത് മറ്റൊരു സൂര്യോദയമായിരുന്നു. കളിയാക്കി ചൂണ്ടിയ വിരലുകൾക്ക് നേരെ മുഖമുയർത്തുമ്പോള്‍ മനസ്സിലൂടെ സ്കൂൾ കാലഘട്ടം ഓടി മറയും. കളിയാക്കലുകൾക്ക് മുന്നിൽ പകച്ചു നിന്നു പോയ, മനസ്സിലെ സങ്കടം പങ്കുവയ്ക്കാൻ ബെസ്റ്റ് ഫ്രണ്ട്സ് ഇല്ലാതെ, കടന്നു പോയ ദിനങ്ങൾ

വിളിക്കാതെ എത്തിയ വെളുപ്പ്

രണ്ടര വയസ്സിലാണ് ആദ്യമായി ഒരു ചെറിയ വെള്ള നിറം (ലൂക്കോഡെർമ) കണ്ണിന്റെ ചുവട്ടിലായി പ്രത്യക്ഷപ്പെട്ടത്. സോപ്പിന്റെയോ, കൺമഷിയുടെയോ അലർജിയായിരിക്കും എന്നാണ് അമ്മ കരുതിയത്. ദിവസങ്ങൾ കഴിയുംതോറും നിറം കൂടുതൽ ഭാഗത്തേക്ക് വ്യാപിക്കാൻ++ തുടങ്ങി. ഡോക്ടറാണ് ഉറപ്പിച്ചത് ഇത് ലൂക്കോഡെർമ എന്ന അസുഖമാണ്. ഈ നിറവ്യത്യാസം ശരീരത്തിൽ പലയിടങ്ങളിലായി വ്യാപിച്ചു കൊണ്ടിരിക്കും.

എന്റെ അച്ഛൻ ബി. കുട്ടികൃഷ്ണൻ, അമ്മ സുലോചന. ആലപ്പുഴയിലാണ് ഞങ്ങളുടെ വീട്. ചേട്ടൻ മനു. അ ച്ഛന്റെ അച്ഛന് ഈ രോഗം ഉണ്ടായിരുന്നു. അവസാന കാലമൊക്കെയായതോടെ അദ്ദേഹം മുഴുവനായും ഒരു ‘വൈറ്റ് പേഴ്സനായി’ മാറി. അച്ഛന്റെ സഹോദരങ്ങൾ പന്ത്രണ്ട് പേരാണ് അതിൽ തന്നെ ഒരു സഹോദരനും ഒരു സഹോദരിക്കും ഇതേ അവസ്ഥയുണ്ട്. എന്റെ തലമുറയിൽ എനിക്ക് മാത്രമേയുള്ളൂ.

ആദ്യമൊന്നും എനിക്കിതിന്റെ കാഠിന്യം മനസ്സിലായി ല്ല. ഞാൻ നോക്കുമ്പോൾ എന്നെ മാത്രം പുറത്ത് കളിക്കാ ൻ വിടുന്നില്ല. ഓട്ടത്തിനിടയിൽ തട്ടി വീണ് തൊലി പോയാൽ പിന്നീട് അവിടെ എങ്ങനെയുള്ള ചർമമായിരിക്കും വരിക എന്ന ടെൻഷനായിരുന്നു അമ്മയ്ക്ക്. വളരുന്നതിനനുസരിച്ച് വീട്ടുകാർ ചേർത്ത് നിർത്തുമ്പോഴും സമൂഹത്തിന്റെ പലഭാഗങ്ങളിൽ നിന്നും മാറ്റി നിർത്തൽ അനുഭവിച്ചിട്ടുണ്ട്. മുതിരും തോറും ഒറ്റപ്പെടലും കൂടി കൊണ്ടിരുന്നു. കളിക്കാൻ കൂട്ടുന്നില്ലെന്ന് അധ്യാപകരോട് പരാതി പറയുമ്പോള്‍ അവർ പറഞ്ഞത് പോലും ‘അസുഖമെങ്ങാനും പകർന്നാലോ’ എന്നാണ്. അധ്യാപകർക്ക് പോലും ഈ രോഗത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല.

അച്ഛനെന്ന തണൽ

പെട്ടെന്ന് തളർന്നു പോകുന്ന പെൺകുട്ടിയായിരുന്നു ഞാ ൻ. മറ്റുള്ളവർ ഏതെങ്കിലും രീതിയിൽ എന്നെയൊന്ന് പരാമർശിച്ചാൽ പോലും വിഷമത്തിലാകും. ആ സമയത്തൊക്കെ എന്റെ കരുത്തും എനർജിയും അച്ഛനാണ്. ഓർമ വച്ച നാൾ മുതൽ അച്ഛൻ എപ്പോഴും എന്നോട് ചോദിക്കുന്ന ഒരു കാര്യമുണ്ട്, ‘എവിടെ, അച്ഛന്റെ സുന്ദരിക്കുട്ടിയെവിടെ’ എന്ന്... ഞാൻ കൈകളുയർത്തി ‘അതു ഞാനാണ്’ എന്ന് തിരികെ പറയുന്നതു വരെ അച്ഛനാ ചോദ്യം ആവർത്തിക്കും. ഏതു പ്രായത്തിലും അച്ഛനത് ചോദിക്കുമായിരുന്നു. കഴിഞ്ഞ വർഷമാണ് അച്ഛൻ മരിച്ചത്.

ചിലപ്പോൾ സ്കൂളിലേക്ക് പോകുന്ന വഴി ആളുകൾ കളിയാക്കുന്നത് കേൾക്കും, ചിലർ പറയും ‘സർപ കോപം’ മൂലമാണ് ഇങ്ങനെ വരുന്നതെന്ന്.’ അന്ന് വൈകുന്നേരം മ നസ്സിൽ അടക്കി വച്ചിരുന്ന സങ്കടങ്ങളുടെ ഭാണ്ഢക്കെട്ടുകൾ മുഴുവൻ തുറക്കും.

ആ സമയത്ത് അച്ഛനും അമ്മയും അടുത്തു വന്നിരിക്കും. അച്ഛൻ പറയും ‘കരയാൻ തുടങ്ങിയാൽ എല്ലാ കാലത്തും അതിനു മാത്രമേ സമയമുണ്ടാകൂ. കരയുന്ന കുട്ടികൾ ജീവിതത്തിൽ ഒന്നും നേടാൻ പോകുന്നില്ല. യുദ്ധം ചെയ്തു മുന്നോട്ട് പോകുന്നവർ മാത്രമേ വിജയിക്കൂ.’

ടീനേജ് ആയപ്പോൾ സൗന്ദര്യവുമായി ബന്ധപ്പെട്ട എ ല്ലാത്തിനോടും ഞാൻ മുഖം തിരിച്ചു. പുറത്ത് ബോൾഡായി കാണിക്കുമ്പോഴും ഉള്ളിന്റെയുള്ളിൽ എനിക്ക് എന്തോ ഒരു കുറവുണ്ടെന്നുള്ള കാര്യം ഉറങ്ങി കിടന്നു.

എല്ലാവരും പോകുന്ന വഴിയേ പോകേണ്ടാ എന്ന് അന്നേ തീരുമാനിച്ചതാണ്. 20 വയസ്സിൽ തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചു, ടിപ്പിക്കൽ രീതിയിലുള്ള വിവാഹം എനിക്ക് വേണ്ട.

ഒരു വീടിനകത്ത് ഒതുങ്ങി പോകുക എന്നതു മാത്രമല്ല, നിലവിലെ വിവാഹ സമ്പ്രദായത്തിൽ പ്രാധാന്യമുള്ള കാര്യമാണല്ലോ ശരീരസൗന്ദര്യം. വിവാഹ മാർക്കറ്റിൽ ബലിയാടാകേണ്ട എന്ന് തന്നെയായിരുന്നു അച്ഛന്റേയും തീരുമാനം. അച്ഛന്റെ ഇഷ്ടങ്ങളിലൊന്നാണ് ജേണലിസം. കേരളത്തിലെ തന്നെ പ്രധാന പത്രത്തിൽ സബ് എഡിറ്ററായി ജോലി നേടി. പ്രവർത്തന മേഖലയിൽ ഒരു രീതിയിലും വിവേചനമുണ്ടായിട്ടില്ല എന്നത് കോൺഫിഡൻസ് വർധിപ്പിച്ചിട്ടുണ്ട്. നിരവധി ഇന്റർവ്യൂകൾ, ഫീൽഡ് വർക്ക്, പ്രസ്സ് മീറ്റ് എന്നിവയിലെല്ലാം പങ്കെടുത്തിട്ടുണ്ട്.

leucoderma

മോഡലിങ്ങിലേക്കുള്ള ചുവട്

അടുത്ത സുഹൃത്തുക്കളിൽ പലർക്കും അറിയാം എനിക്ക് ചിലപ്പോഴൊക്കെ ഒരു ഉൾവലിയലുണ്ടെന്ന്. അതൊന്ന് മാറ്റിയെടുക്കണം എന്നത് അവരുടെ നിർബന്ധമായിരു ന്നു. ബോധപൂർവം അതിൽ നിന്നു പുറത്തു കടക്കണമെ ന്ന് എനിക്കും തോന്നി. എങ്ങനെ എന്ന് മാത്രം അറിയില്ല.

ഒരു ദിവസം എന്റെ സഹപ്രവർത്തകയാണ് ജസീന കടവിൽ എന്ന മേക്കപ് ആർടിസ്റ്റിനെ കുറിച്ച് പറയുന്നത്. സോഷ്യൽ മീഡിയ വഴി പുതിയൊരു മേക്കോവർ ക്യാംപയിൻ ജസീന ചെയ്യുന്നുണ്ടായിരുന്നു. ‘കാറ്റലിസ്റ്റ് സ്കോളേർസ്’ എന്ന പേരിൽ. ആ കൺസപറ്റ് എനിക്കിഷ്ടപ്പെട്ടു. ആ സമയത്താണ് അച്ഛന് അസുഖം കൂടുന്നതും മരിക്കുന്നതുമെല്ലാം. അതുകൊണ്ടു കുറച്ച് മാസം ഞാൻ തിരക്കുകളിൽ നിന്നൊക്കെ മാറി വീട്ടുകാര്യങ്ങളിലായിരുന്നു.

മാസങ്ങൾക്കു ശേഷമാണ് ഞാനും ജസീനയും ആദ്യ മായി കണ്ടുമുട്ടുന്നത്. ജസീന നേരത്തെ തന്നെ എന്നെ ക ണ്ടിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് എന്റെ സുഹൃത്തു വഴി അന്വേഷിച്ചത്. പല വിധ കാരണങ്ങൾ കൊണ്ട് സമൂഹത്തിലെ മുഖ്യധാരയിൽ നിന്നു പിൻവലിഞ്ഞു നിൽക്കുന്ന നിരവധിയാളുകളുണ്ട്. അവർക്ക് പ്രചോദനം നൽകുകയായിരുന്നു ജസീനയുടെ ലക്ഷ്യം. കേട്ടപ്പോൾ എനിക്കും ഇഷ്ടമായി. മാത്രമല്ല, എനിക്ക് എന്നെ തന്നെ ബോധ്യപ്പെടുത്താൻ കഴിയുന്ന ഒരവസരം കൂടിയായിരുന്നു അത്.

എന്റെ അതേ പ്രശ്നങ്ങൾ നേരിടുന്നവരുടെ ഫോണ്‍വിളികളുടെ പ്രവാഹമായിരുന്നു. അവർക്കും അവരുടെ സൗന്ദര്യത്തില്‍ വിശ്വാസം വർധിച്ചു എന്ന് കേട്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലായിരുന്നു. എല്ലാ കുറവുള്ളവരേയും ഉൾക്കൊള്ളാൻ നമ്മുടെ സമൂഹത്തിന് കഴിയണം. എല്ലാവർക്കും അവരുടേതായ ഇടം ലഭിക്കണം അതു മാത്രമായിരുന്നു എന്റേയും മനസിൽ.

‘എന്തൊരു തടിയാണ്, അയ്യേ... പൊക്കമില്ലല്ലോ, ഈ നിറമെന്താ ഇങ്ങനെ...’ തുടങ്ങി അറിഞ്ഞും അറിയാതെയും നമ്മൾ പ്രയോഗിക്കുന്ന ഓരോ വാക്കും മറ്റൊരാളുടെ സന്തോഷത്തെയാണ് തല്ലി കെടുത്തുന്നത്.

പറയുന്നവർ അത് വിടും. പക്ഷേ, കേൾക്കേണ്ടി വരുന്നവരുടെ മനസ്സിൽ ജീവിതകാലം മുഴുവൻ അതു നീറ്റലായിരിക്കും. ഞാനതിനെ ബ്രേക് ചെയ്തു.

ഞാൻ വഴി മറ്റൊരാൾക്കു കൂടി അതിനു കഴിഞ്ഞാൽ... ഈയൊരു ലക്ഷ്യം മാത്രമായിരുന്നു എന്റെ മുന്നിൽ.

എന്റെ അച്ഛൻ എപ്പോഴും പറയാറുള്ള വാക്കുകളുണ്ട് ‘മേല് നൊന്തിട്ടല്ലാതെ മനസ്സ് നൊന്തിട്ട് കരയുന്നവർ ഭീരുക്കളാണ്’ ആ വാക്കുകളാണ് എന്നും എന്റെ മനസിൽ പൊരുതാനുള്ള ഊർജം. ആ ഊർജമാണ് ഞാൻ മറ്റുള്ളവർക്ക് കൂടി നൽകുന്നത്.

ഫോട്ടോ: കാറ്റലിസ്റ്റ് സ്കോളേർസ്