Saturday 18 July 2020 12:03 PM IST : By സ്വന്തം ലേഖകൻ

ചങ്കിന്റെ കല്യാണത്തിനു ‘ചങ്ക് തന്നെ പറിച്ചുനൽകി’; ഉറ്റസുഹൃത്തിന്റെ സ്നേഹ സമ്മാനം കണ്ട് കണ്ണുനിറഞ്ഞ് ബിജു

bullet-gift

വിവാഹത്തിനു തന്റെ ‘ചങ്ക് ബ്രോ’ എന്തു സമ്മാനം നൽകിയെന്ന് ആരെങ്കിലും ചോദിച്ചാൽ ചെന്തുരുത്തി അറക്കപ്പറമ്പിൽ ബിജു പറയും, ‘ചങ്ക് തന്നെ പറിച്ചുനൽകി..!’ ബിജുവിന്റെ വിവാഹത്തിന് ഉറ്റസുഹൃത്ത് ഓളിപ്പറമ്പിൽ അജീഷ് സമ്മാനമായി കൊടുത്തത് തന്റെ പ്രാണനായ ബുള്ളറ്റ്. വിരുന്നു സൽക്കാരം കഴിഞ്ഞ് വരനും വധുവും വീട്ടിലെത്തിയപ്പോൾ ഇവരെ കാത്ത് ബുള്ളറ്റ് മുറ്റത്ത് പാർക്ക് ചെയ്തിരുന്നു. ബുള്ളറ്റിന്റെ നിറം മാറ്റിയിരുന്നതിനാൽ ആരാണ് സമ്മാനം നൽകിയതെന്നു ബിജുവിന് ആദ്യം മനസിലായില്ല.

താൻ എല്ലാം ദിവസവും കയറിയിരുന്ന വണ്ടി തന്നെയാണെന്നു പിന്നീടു തിരിച്ചറിഞ്ഞപ്പോൾ അടക്കാൻ വയ്യാത്ത ആഹ്ലാദവും. ബുള്ളറ്റ് പ്രേമിയായ ബിജുവിന്റെ വിവാഹത്തിന് എന്തു സമ്മാനം കൊടുക്കും എന്ന ആലോചനയിലാണ് ബുള്ളറ്റ് നൽകാമെന്ന് അജീഷ് തീരുമാനിച്ചത്. അജീഷിന്റെ ഭാര്യ സംഗീതയും പൂർണ പിന്തുണയേകി. ബൈക്കിന്റെ നിറം മാറ്റി എക്സ്ട്രാ ഫിറ്റിങ്സും കൂടി ഘടിപ്പിച്ചു സുഹൃത്തിനു നൽകി. ബിജു കൊടുങ്ങല്ലൂർ അഗ്നരക്ഷാസേനയിലെ ഉദ്യോഗസ്ഥനാണ്. 12ന് ആയിരുന്നു ബിജുവിന്റെയും സജനയുടെയും വിവാഹം. 

Tags:
  • Spotlight
  • Relationship