Wednesday 08 April 2020 11:44 AM IST

മോഹിനിയാട്ടവും കൊറോണയും തമ്മിൽ ബന്ധമുണ്ട്! ബോധവത്ക്കരണത്തിനായി നൃത്തം ചിട്ടപ്പെടുത്തി മേതിൽ ദേവിക (വിഡിയോ)

Shyama

Sub Editor

methildevika

കൊറോണയും മോഹിനിയാട്ടവും തമ്മിൽ എന്ത് ബന്ധം എന്ന് ചിന്തിച്ചു ലിങ്ക് ഓപ്പൺ ചെയ്യുന്നവർ അക്ഷരാർത്ഥത്തിൽ ആ ചോദ്യം പിൻവലിക്കുക തന്നെ ചെയ്യും! ഡോ. മേതിൽ ദേവിക കൊറോണ ബോധവൽക്കരണത്തിനായി ചെയ്ത ഒരു മോഹിനിയാട്ടമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

"എന്റെ സുഹൃത്തും ഓസ്ട്രേലിയയിൽ ഇഎൻടി സർജനുമായ ഡോ. അരുൺ എ. അസീസാണ് ആദ്യം ഇങ്ങനൊരു ആശയം എന്നോട് പറയുന്നത്. ഞാൻ മുൻപ് ചെയ്ത 'സർപ്പതത്വം' എന്നൊരു കംമ്പോസിഷൻ ഉണ്ടായിരുന്നു, ഓസ്കാർ കൺടെൻഷൻ ലിസ്റ്റിലേക്ക് വോട്ട് ചെയ്യപ്പെട്ടത്. അതിലൂടെ ഒരു വലിയ ആശയം മറ്റുള്ളവരിലേക്ക് എത്തിച്ചതിന്റെ മേന്മ ഓർത്തിട്ടാവണം അരുൺ എന്നോട് ഇങ്ങനെ സജസ്റ്റ് ചെയ്തത്. ആ വിശ്വാസം കാക്കാൻ എനിക്കായി എന്ന് കരുതുന്നു.

ആദ്യം അരുൺ വിളിച്ചു പറഞ്ഞപ്പോ ഞാനൽപ്പം സംശയത്തിലായിരുന്നു... നൃത്തം എപ്പോഴുമുണ്ടെങ്കിലും അങ്ങനെ കാര്യമായിട്ടൊന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്യാത്ത ആളാണ് ഞാൻ. ചുറ്റുമുള്ളവർ എപ്പോഴും പറയാറുണ്ട്, കല മറ്റുള്ളവരിലേക്കും എത്തിക്കണം ഞങ്ങൾ കുറച്ചു പേർ മാത്രം കണ്ടാൽ പോരാ എന്ന്. ഇതിപ്പോ ഇങ്ങനൊരു കാലത്ത്, ഇത്രയും ആളുകൾക്ക് അവബോധമുണ്ടാക്കുന്നൊരു കാര്യമായതുകൊണ്ട് ചെയ്യാമെന്ന് കരുതി.
വീട്ടിലിരുന്ന് ചെയ്യ്യുന്നതിന്റെ പരിമിതികൾ ഉണ്ടായിരുന്നു. ആദ്യം മ്യൂസിക് ചെയ്ത് വന്നപ്പോ അത് വളരെ മികച്ചതായിരുന്നെങ്കിലും ഞാൻ ഉദ്ദേശിക്കുന്ന തീമിനു യോജിക്കുന്നില്ലായിരുന്നു.

അങ്ങിനെയാണ് മുൻപ് ഞാൻ ചെയ്ത് വച്ച മുത്തുസ്വാമി ദീക്ഷിതരുടെ നവരാണ കൃതിയുടെ ഒരു ഭാഗമെടുക്കാമെന്ന് തീരുമാനിച്ചത്. പതിനെട്ടാം നൂറ്റാണ്ടിൽ ദീക്ഷിതർ പരാശക്തിയെ വർണിച്ചു ചിട്ടപ്പെടുത്തിയ കൃതി ഇന്നത്തെ അവസ്ഥയ്ക്കൊത്ത് പുനർവ്യാഖ്യാനം ചെയ്തിരിക്കുന്നു.

മാനവരാശിക്ക് മൂന്ന് തരത്തിൽ ബുദ്ധിമുട്ടുകളുണ്ടാകുന്നു. പ്രകൃതിയാൽ, മറ്റ് സൃഷ്ടികളാൽ, മാനസിക ആകുലതകളാൽ... കൊറോണ വൈറസ് കാരണമുള്ള ദുരിതങ്ങളിൽ ഈ മൂന്നു കാരണങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. അതാണ്‌ നൃത്തത്തിലൂടെ പറയാൻ ശ്രമിച്ചത്. നാം എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും സ്വീകരിക്കേണ്ട ശുചിത്വ ശീലങ്ങളെ കുറിച്ചും ഒക്കെ പറയുന്നുണ്ട്. ഇതൊക്കെ പാലിച്ചാൽ കൊറോണ എന്ന വിപത്തിനെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിച്ചു ജയിക്കാമെന്ന് പറയുന്നു...



രോഗത്തിന്റെയും ശുചിത്വത്തിന്റെയും ശാസ്ത്രീയവശങ്ങളെ കുറിച്ച് പഠിക്കാൻ ഡോക്ടർ അരുൺ നന്നായി സഹായിച്ചിട്ടുണ്ട്. നൃത്തത്തിനൊപ്പം എഴുതിപ്പോകുന്ന മലയാളം സബ്‌ടൈറ്റിൽ ഡോ. അരുൺ ചെയ്തതാണ്, ഇംഗ്ലീഷ് ഞാനും. നാലഞ്ചു ദിവസം എടുത്താണ് ഇത് ചിട്ടപ്പെടുത്തിയത്. വീട്ടിലെ കളരിയിൽ തന്നെയാണ് ഷൂട്ട്‌ ചെയ്തതും. രാജേഷ് കടമ്പയും വിപിൻ ചന്ദ്രനുമാണ് ക്യാമറയുടെ കാര്യങ്ങൾ നോക്കിയത്. ആൽബി നടരാജ് എഡിറ്റിങ്ങും, മറ്റ് ടെക്‌നിക്കൽ കാര്യങ്ങൾ നോക്കിയത് സുധീറുമാണ്.

പ്രത്യേകം നന്ദി പറയേണ്ട ഒരാൾ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറാണ്. ടീച്ചർ തുടക്കത്തിൽ സംസാരിക്കാൻ തയ്യാറായത് ഇതിന്റെ ആധികാരികത കൂട്ടിയിട്ടുണ്ട്. കലയിലൂടെ ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ കൃതാർത്ഥയാണ്."- മേതിൽ ദേവിക പറയുന്നു.

ഈ സമയം നമുക്ക് വേണ്ടത് സഹജീവികളോടുള്ള കരുണയും കരുത്തുള്ള മനസുമാണെന്ന് ഈ നൃത്തത്തിലൂടെ അവർ നമ്മെ ഓർമിപ്പിക്കുന്നു. വിഡിയോ കാണാം..