Tuesday 18 May 2021 03:54 PM IST

'കുടുംബിനിയായി, അന്തോണിയുടെ അമ്മയായി': 31-ാം വയസില്‍ ലോകസൗന്ദര്യകിരീടം ചൂടി മിഥില: താലിച്ചരടില്‍ കുരുങ്ങാതെ ഈ സ്വപ്നം

Binsha Muhammed

midhila

'എന്നെ മനസിലാക്കണം, എന്റെ സ്വപ്‌നങ്ങളെ മനസിലാക്കണം. സ്വന്തം കാലില്‍ നില്‍ക്കാന്‍ അനുവാദം നല്‍കുകയല്ല, അതിന് പിന്തുണ നല്‍കുന്ന ഒരു ഭര്‍ത്താവിനെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'

കാല്‍വിരല്‍ കൊണ്ട് കളംവരച്ചല്ല, പെണ്ണുകാണാന്‍ വന്ന ചെക്കന്റെ മുഖത്തുനോക്കിയാണ് മിഥില ആ ഡിമാന്റ് പറഞ്ഞത്. വെറുതെ പഠിച്ച് ജോലി വാങ്ങുക മാത്രമായിരുന്നില്ല ആ കൊച്ചിക്കാരിയുടെ ലക്ഷ്യം. ജീവിതത്തില്‍ ഒരു സിഗ്നേച്ചര്‍ ബാക്കി വയ്ക്കണമെന്ന വലിയ ആഗ്രഹം. അന്ന് മനസില്‍ കുറിച്ചിട്ട സ്വപ്‌നങ്ങള്‍ താലിച്ചരടില്‍ കുരുങ്ങിപ്പോയില്ലെന്ന് മാത്രമല്ല, ലോക സൗന്ദര്യമത്സരവേദിയുടെ അമരത്തേക്ക് അഭിമാനത്തോടെ നടന്നുകയറി ഈ വീട്ടമ്മ. നവംബറില്‍ സൗത്ത് കൊറിയയിലെ സിയോളില്‍ മിസിസ് യൂണിവേഴ്‌സ് മത്സരത്തില്‍ മാറ്റുരയ്ക്കാനൊരുങ്ങുന്ന മിഥില ജോസ് തന്റെ കഥ പങ്കുവയ്ക്കുകയാണ്. കൊച്ചിയുടെ മണ്ണില്‍ നിന്നും കൊറിയയിലെ സൗന്ദര്യമത്സര വേദിയിലേക്ക് സ്വപ്‌നങ്ങളെ പായിക്കാനൊരുങ്ങുന്ന വീട്ടമ്മയുടെ ഏഴുനിറമുള്ള സ്വപ്‌നങ്ങളുടെ കഥ വനിത ഓണ്‍ലൈനോട് മിഥില പങ്കുവയ്ക്കുന്നു.

എന്റെ ജീവിതം എന്റെ മേല്‍വിലാസം

ഇന്നയാളുടെ ഭാര്യ, ഇന്നയാളുടെ മകള്‍, മറ്റേ പുള്ളിയുടെ സഹോദരി. ഒരു പെണ്ണിനെ സമൂഹം വിശേഷിപ്പിക്കുന്നത് ഇജ്ജാതി മേല്‍വിലാസങ്ങള്‍ കൊണ്ടാണ്. അവളിനി ലോകം കീഴടക്കിയാലും ഇതേ പല്ലവിയും ഇതേ മേല്‍വിലാസവും തുടരും. ഒന്നു ചോദിക്കട്ടെ, ഇതില്‍ എവിടെയാണ് പെണ്ണിന്റെ മേല്‍വിലാസം. അങ്ങനെ ചോദ്യങ്ങള്‍ ചോദിച്ചതു കൊണ്ടാണ് ഞാന്‍ ഇന്നീ നേട്ടത്തിലെത്തി നില്‍ക്കുന്നത്- മിഥില നയംവ്യക്തമാക്കുകയാണ്.

കൊച്ചിയില്‍ ജനിച്ചു. വീട്ടുകാരുടെ ബിസിനസ് വളര്‍ന്ന പാലക്കാട് പറിച്ചു നടപ്പെട്ടു. വിവാഹ ശേഷം വീണ്ടും കൊച്ചിയിലേക്ക് അതായിരുന്നു ജീവിതയാത്ര. പപ്പ ജോസ് കൊമ്പന് ബുക്‌സ്റ്റോള്‍ ഉണ്ടായിരുന്നു. ആ മേഖലയില്‍ വളര്‍ന്നു കൊണ്ടേയിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പപ്പയ്ക്ക് ഒരു അറ്റാക്ക് വന്നു.  അതില്‍ നിന്നെല്ലാം കരകയറി വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ഞങ്ങളെ വീണ്ടും പേടിപ്പിച്ചു. അന്ന് ഞാന്‍ കൊച്ചിയില്‍ ഡിഗ്രി ഫസ്റ്റ ഇയര്‍ പഠിക്കുകയാണ്. പപ്പയ്ക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നതു കൊണ്ടും ആരോഗ്യ നില മോശമായതു കൊണ്ടും ഒറ്റമകളായ എന്റെ വിവാഹം നടത്താന്‍ കുടുംബം നിര്‍ബന്ധിതരായി.

സാഹചര്യം മനസിലാക്കി അന്നതിന് തലയാട്ടി സമ്മതിക്കുമ്പോഴും സ്വന്തം കാലില്‍ നില്‍ക്കണമെന്ന എന്റെ ആഗ്രഹം ഞാന്‍ അടിയറവ് വച്ചില്ല. പെണ്ണുകാണാന്‍ വന്ന ഭര്‍ത്താവ് സാന്റോയോട് ജീവിതലക്ഷ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞു. അന്ന് അതിന് ഇരുവീട്ടുകാരും സമ്മതിക്കുമ്പോഴും എന്റെ തീരുമാനം എത്രത്തോളം ദൃഢമാണെന്ന് അവര്‍ ഊഹിച്ചിരുന്നില്ല. നല്ലൊരു കുടുംബിനിയായി. ഡിഗ്രി മൂന്നാം വര്‍ഷമായപ്പോള്‍ അന്തോണി എന്ന് ഞാന്‍ വിളിക്കുന്ന എന്റെ അന്റോണിയോയുടെ അമ്മയായി. അപ്പൊഴൊക്കെ സ്വപ്‌നങ്ങള്‍ ചാരംമൂടിക്കിടന്നു. ഡിഗ്രി കഴിഞ്ഞ് ലിറ്ററേച്ചറില്‍ തന്നെ പിജി ചെയ്തു. ബിഎഡ് എടുത്തു. എംഫില്‍ പൂര്‍ത്തിയാക്കി. ഇടയ്ക്ക് ഒരു സ്വകാര്യ വിദ്യാലയത്തില്‍ ടീച്ചറായി. ജീവിതം അങ്ങനെ പോകയായി... ഇപ്പോള്‍ പിഎച്ച്ഡി ചെയ്യുന്നു. 

midhila-2

സ്വപ്‌നം കണ്ട സൗന്ദര്യവേദി

ഡിഗ്രിക്ക് സെന്റ് തെരേസാസില്‍ പഠിക്കുമ്പോള്‍ കോളജിനകത്ത് സൗന്ദര്യ വേദിയില്‍ പങ്കെടുത്തിട്ടുണ്ട്. അപ്പോഴും ഇന്നു കാണുന്ന ഞാന്‍ പിറവിയെടുത്തിരുന്നില്ല. സൗന്ദര്യ വേദിയെന്ന സ്വപ്‌നവും മനസിലുണ്ടായിരുന്നില്ല. കൊച്ചിയില്‍ താമസിക്കുന്ന വീടിന്റെ അടുത്ത് ഒരു ഓഡിറ്റോറിയത്തില്‍ മിസിസ് മലബാര്‍ എന്ന പേരില്‍ ഒരു മത്സരം അന്ന് നടക്കുകയാണ്. സുഹൃത്തും ഫൊട്ടോഗ്രാഫറുമായ റെജി ഭാസ്‌കര്‍ ആണ് എന്നോട് ആ മത്സരത്തെക്കുറിച്ച് പറഞ്ഞത്. അപ്പോഴും ഞാനത് ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം. റെജി നിര്‍ബന്ധിച്ചപ്പോള്‍ ഒന്ന് പങ്കെടുത്തേക്കാം എന്ന് തോന്നി.  നടി ഡിംപിള്‍, ഡാലു കൃഷ്ണദാസ് എന്നിവരായിരുന്നു ആ മത്സരത്തിന്റെ ജഡ്ജസ്. അതൊരു വേക്കപ്പ് കോളായിരുന്നു. ജീവിതത്തിന്റെ മേല്‍വിലാസവും തലവരയും ഒരുപോലെ മാറ്റിയെടുത്ത വേക്കപ്പ് കോള്‍. അന്ന് ഫസ്റ്റ് റണ്ണറപ്പ് പൊസിഷനില്‍  എത്തുമ്പോള്‍ പുതിയൊരു മിഥില ജനിച്ചു. സൗന്ദര്യ മത്സര വേദിയുടെ പടികയറാന്‍ അങ്ങനെ സ്വപ്‌നം കണ്ടുതുടങ്ങി. 2019ന്റെ അവസാനം മിസിസ് ഇന്ത്യ ഇന്റര്‍നാഷണലിന്റെ വിളിയെത്തുമ്പോള്‍ ഉറപ്പിച്ചു ഞാനുമുണ്ടായിരിക്കും ആ വേദിയില്‍. 

കഠിനമായി തന്നെ അതിനു വേണ്ടി പ്രയത്‌നിച്ചു. പ്രസവശേഷം 84 കിലോ വരെ പോയ ഭാരത്തെ പിടിച്ചു കെട്ടി. ദിനവും 45 മിനിറ്റോളം വര്‍ക് ഔട്ട് ചെയ്തു. എളുപ്പവഴിയില്‍ വണ്ണം കുറയ്ക്കുന്ന അശാസ്ത്രീയമായ ഡയറ്റുകളുടെ ഏഴയലത്തുപോലും പോയില്ല. ആഈ കഠിനാദ്ധ്വാനം 63 കിലോ വരെയെത്തി. 

midhilka-4

കൈക്കുമ്പിളില്‍ എന്റെ സ്വപ്നം

ഓഡീഷന്‍സില്‍ നിന്നായിരുന്നു തുടക്കം. ടാലന്റ് റൗണ്ട് വ്യക്തിത്വം സഹ മത്സരാര്‍ത്ഥികളുമായുള്ള പെരുമാറ്റം ഫൊട്ടോഗ്രഫി എല്ലാം മാനദണ്ഡമായി. വിവാഹിതയെന്ന കെട്ടുപാടുകളോ അടച്ചിടലുകളോ ഇല്ലാതെ യാത്ര ചെയ്യാന്‍ വിട്ടതായിരുന്നു മറ്റൊരു മത്സര മാനദണ്ഡം. ബംഗളുരുവില്‍ നടന്ന ഓഡീഷനും കടമ്പകളും എല്ലാം ഒന്നൊന്നായി എനിക്കു മുന്നില്‍ വഴിതുറന്നു. ഒടുവില്‍ കാത്തിരുന്ന വിളിയെത്തി. മിസിസ് ഇന്ത്യ ഇന്റര്‍നാഷണലിന്റെ ഫൈനല്‍ വേദിയിലേക്കുള്ള സ്വപ്‌ന നിമിഷത്തില്‍ ഞാനും ഒരാളാണെന്നുള്ള നിയോഗമെത്തി.

30  പേരാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ മലേഷ്യയിലേക്ക് വണ്ടികയറിയത്. അവിടെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങളാണ് എന്നെ കാത്തിരുന്നത്. ഈ മത്സരം വിജയിച്ചാല്‍, മിസിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ കിരീടമണിഞ്ഞാല്‍ ആഈ നേട്ടത്തോട് എങ്ങനെ നീതി പുലര്‍ത്തും എന്നതായിരുന്നു ഒരു ചോദ്യം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനും നിലവാരം ഉയര്‍ത്താനും എന്നാല്‍ ആവുന്നത് ചെയ്യുമെന്നായിരുന്നു എന്റെ ഉത്തരം. കാരണം ആ ചോദ്യത്തില്‍ എന്റെ ജീവിതം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. കല്യാണം കഴിഞ്ഞതിന്റെ പേരില്‍ ഞാനെന്റെ സ്വപ്‌നങ്ങളെ കുഴിച്ചുമൂടിയിരുന്നെങ്കില്‍ എന്താകുമായിരുന്നു. ഒടുവില്‍ കാത്തിരുന്ന നിമിഷമെത്തി. മുന്‍കടമ്പകളിലെ പ്രകടനവും ചോദ്യോത്തര വേളയിലെ പ്രകടനവും അനുസരിച്ച് വിജയിയെ പ്രഖ്യാപിക്കുന്ന സമയമായി. ശ്വാസമടക്കിപ്പിടിച്ച നിമിഷത്തില്‍ എന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. മിഴികള്‍ ഈറനണിഞ്ഞു.

midhila-3

വെറും സൗന്ദര്യത്തിന്റെ പേരിലുള്ള വിജയമല്ലിത്. ബാഹ്യ സൗന്ദര്യത്തിന് അപ്പുറത്ത് ബുദ്ധിയും ആത്മ വിശ്വാസവുമാണ് തന്നെ മിസിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ 2020 കിരീടം ചൂടിച്ചത്  വിവാഹ ശേഷം വിദ്യാഭ്യാസവും തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉപേക്ഷിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഞാന്‍ പ്രചോദനമായാല്‍ എന്റെ സ്വപ്‌നം സഫലമായി. ഇനി മുന്നിലുള്ളത് സിയോളില്‍ നടക്കുന്ന മിസിസ് യൂണിവേഴ്‌സ് മത്സരമാണ്. ഭാഗ്യം ഏറെ കടാക്ഷിച്ചവളാണ് ഞാന്‍. സിയോളിലും ഒരു സ്വപ്‌നം മറഞ്ഞിരിപ്പുണ്ട്. സൗന്ദര്യ മത്സരവേദിയിലെ അവസാനവാക്ക്. അതും എന്നെ തേടിയെത്തും. ആത്മവിശ്വാസത്ിതോടെ കാത്തിരിപ്പാണ് ഞാന്‍- മിഥില പറഞ്ഞു നിര്‍ത്തി.