Thursday 11 January 2024 05:26 PM IST

‘വെയിലത്തു ക്രിക്കറ്റ് കളിച്ചാൽ നിറവും ഭംഗിയും പോകില്ലേ മോളേ...’: ധോണിക്കൊപ്പം പരസ്യം, നാട്ടിലെ താരം നന്ദിനി പറയുന്നു... ഐ ഡോണ്ട് കെയർ

Delna Sathyaretna

Sub Editor

nandini-dhoni-cover

‘‘അയ്യോ..മോളേ ഇങ്ങനെ വെയിലത്തൊക്കെ പോ യി ക്രിക്കറ്റ് കളിച്ചാൽ നിറവും ഭംഗിയുമെല്ലാം പോകും.’’ ഇത്തരം ഉപദേശ ബൗൺസറുകൾ ചെറുചിരിയാൽ പണ്ടേ ബൗണ്ടറി കടത്തിയിട്ടുണ്ട് നന്ദിനി പി. മേനോൻ.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ് ധോണിക്കൊപ്പമുള്ള ബൂസ്റ്റിന്റെ പരസ്യചിത്രത്തിലൂടെ താരമായി മാറിയ നന്ദിനിയുടെ ജീവിതസ്വപ്നവും ക്രിക്കറ്റ് തന്നെ.

ചേപ്പനം ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിറിലെ പ്ലസ് വൺ വിദ്യാർഥി നന്ദിനി ‌എറണാകുളം ജില്ലാ ക്രിക്കറ്റ് ടീമംഗമാണ്. ക്യാമറയ്ക്കു മുന്നിലെന്ന പോലെ മൈതാനത്തും പെർഫക്ട് ഷോട് നേടാനുള്ള പരിശീലനത്തിലാണ് ഇപ്പോൾ നന്ദിനി. ജോധ്പൂരിൽ അഞ്ചു ദിവസമെടുത്തു ചിത്രീകരിച്ച പരസ്യത്തിലെ ഏക മലയാളി സാന്നിധ്യമാണ് ഈ ചുണക്കുട്ടി. ക്രിക്കറ്റ് ആരാധകരുടെ ഹരമായ ധോണിക്കൊപ്പമുള്ള പരസ്യചിത്രത്തിന്റെ വിശേഷങ്ങളും നന്ദിനിയുടെ ക്രിക്കറ്റ് മോഹങ്ങളും കേൾക്കാം.

nandini-dhoni-

പരസ്യം പുറത്തിറങ്ങിയ ശേഷം സ്കൂളിലെത്തിയപ്പോൾ സെഞ്ചറി നേടിയ ഫീൽ ആയിരുന്നോ?

പരസ്യം ഇറങ്ങിയ ദിവസം എനിക്കു കാണാൻ പറ്റിയില്ല. ക്രിക്കറ്റ് ക്യാംപിൽ പരിശീലനത്തിലായിരുന്നു. അമ്മൂമ്മ ടിവിയിൽ വന്ന പരസ്യത്തിന്റെ വിഡിയോ എന്റെ സാറിന് അയച്ചുകൊടുത്തു. അദ്ദേഹമാണ് എന്നെ അതു കാണി ച്ചു തന്നത്. എനിക്കു മാത്രമല്ല, ഒപ്പമുണ്ടായിരുന്നവർക്കെല്ലാം വലിയ സന്തോഷമായിരുന്നു. സ്കൂളിലെത്തിയപ്പോൾ വ ലിയ തമാശയായിരുന്നു. ‘വായ കൊണ്ടല്ല ബാറ്റു കൊണ്ടാണു മറുപടി പറയേണ്ടത്’. എന്ന ഡയലോഗ് ഒക്കെ പറഞ്ഞു ഫ്രണ്ട്സ് ആഘോഷമാക്കി. സ്കൂളിലെ ചെറിയ ക്ലാസിലെ കുട്ടികൾ എനിക്കൊരു വിളിപ്പേരുമിട്ടു. ‘ബൂസ്റ്റ് ചേച്ചി’. സ്കൂളിൽ നിന്നു പൂർണപിന്തുണ കിട്ടിയിരുന്നു. തിരികെ വന്നപ്പോൾ സ്വീകരണവും കിട്ടി.

മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നുമൊക്കെയുള്ള അഭിനേതാക്കളോട് മാറ്റുരച്ച് അവസരം നേടിയതെങ്ങനെ?

ക്രിക്കറ്റാണ് ജീവൻ. അഭിനയിക്കാൻ കഴിയുമെന്ന് കരുതിയിരുന്നതല്ല. കടവന്ത്ര റീജനൽ സ്പോർട്സ് സെന്റർ എസ്‌ജി ക്രിക്കറ്റ് സ്കൂളിലാണ് കുട്ടിക്കാലം മുതലേ ക്രിക്കറ്റ് പരിശീലനം. തുടക്കത്തിൽ എനിക്കിതു പറ്റുമോ എന്നായിരുന്നു സംശയം. ചേട്ടന്മാർക്ക് ഒക്കെ കഴിയുമായിരിക്കും പക്ഷേ, എന്നെ കൊണ്ട് ക്രിക്കറ്റിൽ എന്തെങ്കിലും നേടാൻ കഴിയുമോ എന്ന ചിന്തയായിരുന്നു. ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ആത്മവിശ്വാസമായി.

ഉജ്ജീവൻ ബാങ്കിൽ ഉദ്യോഗസ്ഥനായ അച്ഛൻ പ്രവീൺ വിശ്വം ജില്ലാ തലത്തിൽ കളിച്ചിട്ടുള്ളയാളാണ്. ക്രിക്കറ്റ് ക്ലബ്ബിലെ എല്ലാവരുമായും അതുകൊണ്ടുതന്നെ പരിചയമുണ്ട്. ക്ലബ് വഴിയാണ് ഇങ്ങനെയൊരു പരസ്യത്തിന് അഭിനേതാക്കളെ തിരയുന്ന കാര്യം അറിഞ്ഞത്. പതിന്നാലു വയസ്സുള്ള ക്രിക്കറ്റ് അറിയുന്ന പെൺകുട്ടിക്കു വേണ്ടിയായിരുന്നു അന്വേഷണം വന്നത്. എനിക്ക് പതിനാറ് വയസ്സായല്ലോ. അതുകൊണ്ടു തന്നെ അവസരം കിട്ടുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു. ഭാഗ്യം പരീക്ഷിക്കാം എന്നു കരുതി വിഡിയോ അയച്ചു. പക്ഷേ, അപ്രതീക്ഷിതമായി വിളി വന്നു. ധോണിക്കൊപ്പം അഭിനയിക്കാൻ ഭാഗ്യമുണ്ടായിരുന്നു. അതുകൊണ്ട് ആ വിളി എന്നെത്തേടിയെത്തി.

nandini-dhoni-3

ക്യാമറയ്ക്കു മുന്നിലെ അനുഭവങ്ങൾ പറയാമോ?

അഞ്ചു ട്രയൽ വിഡിയോസ് അയച്ചുകൊടുത്ത ശേഷമാണ് ഫൈനൽ സെലക്‌ഷൻ ആയെന്ന അറിയിപ്പ് വന്നത്. ഞാനും അമ്മയും കൂടിയാണു ലൊക്കേഷനിലേക്കു പോയത്. അമ്മ മഞ്ജുഷ മേനോൻ എനർജി എൻജിനീയറിങ് എന്ന ഗ്ലോബൽ കമ്പനിയിൽ എച്ച്ആർ മാനേജരാണ്. നൃത്തമാണ് അമ്മയുടെ പാഷൻ. നർത്തകിയും നൃത്താധ്യാപികയുമാണ്.

അവിടെയെത്തും വരെ പരസ്യത്തിൽ പ്രധാനവേഷം എനിക്കാണെന്നു അറിയില്ലായിരുന്നു. ‘ധോണിയും ക്രിക്കറ്റും’ എന്ന എക്സൈറ്റ്മെന്റ് ആയിരുന്നു മനസ്സ് നിറയെ. അ വിടെയെത്തി പിറ്റേദിവസം കോസ്റ്റ്യൂം ട്രയലും റിഹേഴ്സലും കഴിഞ്ഞു. രണ്ടാം ദിവസം ധോണിക്കൊപ്പമുള്ള രംഗങ്ങൾ ചിത്രീകരിച്ചു. അദ്ദേഹത്തിനു ചെറിയ പനിയും ജലദോഷവുമൊക്കെയായിരുന്നതു കൊണ്ട് ഒറ്റ ദിവസത്തിൽ വേഗം തന്നെ ഷോട്ടുകൾ എടുത്തു തീർത്തു.

വളരെ ശാന്തമായും വിനയത്തോടെയും എല്ലാവരോടും ധോണി പെരുമാറുന്നതു നോക്കി നിന്നു പോയി. അടുത്ത ദിവസം എന്റെ മറ്റു സീനുകളാണ് ഷൂട്ട് ചെയ്തത്. അതിനെല്ലാം കൂടുതൽ ടേക്കുകളെടുത്തു. പന്തെറിയുന്ന ശിവം ക്രിക്കറ്ററാണ്. ബാക്കിയെല്ലാവരും അഭിനേതാക്കളും. മുഖ ത്തെ ഭാവങ്ങൾ കിട്ടാൻ, ഭാരമേറിയ ക്യാമറ എന്റെ ദേഹത്തു ഘടിപ്പിച്ചായിരുന്നു ഷൂട്ടിങ്. ഹിന്ദി പരസ്യത്തിൽ ഡ ബ് ചെയ്തതും ഞാനാണ്.

ആൺ–പെൺ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടോ?

വിവേചനവും അവഹേളനവുമൊന്നും നേരിടേണ്ടി വന്നിട്ടില്ല. ‘‘പണ്ട് നല്ല നിറമുള്ള കുട്ടിയായിരുന്നു, വെയിലുകൊണ്ട് അതൊക്കെ പോയി’ എന്ന മട്ടിലുള്ള ‘കരുതൽ’ അഭിപ്രായങ്ങൾ കേട്ടിട്ടുണ്ട്. വ്യായാമം ചെയ്ത് മസിലൊക്കെ വന്നാൽ ശരീരഭംഗി പോകില്ലേ എന്ന മട്ടിലും ചിലർ പറയും. അതിനോടൊക്കെ ‘ഐ ഡോണ്ട് കെയർ’ ആറ്റിറ്റ്യൂഡാണ്. എന്റെ ഇഷ്ടം ക്രിക്കറ്റാണ്. ക്രിക്കറ്ററാകുക ആണ് സ്വപ്നം. അതിൽ ഉറപ്പുള്ളതു കൊണ്ടു തന്നെ മറ്റൊന്നും ബാധിക്കാറില്ല. അത് അംഗീകരിക്കുന്നവരാണ് എനിക്ക് ചുറ്റുമുള്ളതും. അനിയൻ നിഖിൽ ശങ്കർ അഞ്ചാം ക്ലാസിലാണ്. അവനു ഫൂട്ബോളാണ് ഇഷ്ടം.

COVER NOV-2.indd

വനിതയുടെ കവറിലെ നന്ദിനിക്കുട്ടി

നന്ദിനി ആദ്യമായി ക്യാമറയ്ക്കു മുന്നിൽ അഭിനയിച്ചതു വനിതയുടെ കവർഷൂട്ടിലാണ്. അന്നു പ്രായം ഏഴുമാസം. 2007 നവംബർ ശിശുദിന സ്പെഷൽ കവറിലെ കുഞ്ഞുനന്ദിനിയുടെ ചിരി അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വർഷങ്ങൾക്കു ശേഷം വീണ്ടുമൊരു നവംബറിലാണ് ധോണിക്കൊപ്പമുള്ള പരസ്യചിത്രത്തിലൂടെ നന്ദിനി സ്റ്റാർ ആകുന്നത്.

നന്ദിനിയുടെ അമ്മ മഞ്ജുഷ മേനോന്റെ ഓർമയി ൽ ഇന്നലെയെന്നോണം തെളിയുന്നു വനിത കവർ ഷൂട്ട് നിമിഷങ്ങൾ. വനിത ഫൊട്ടോഗ്രഫറായിരുന്ന മാർട്ടിൻ പ്രക്കാട്ടാണ് അന്ന് കവർഷൂട്ട് ചെയ്തത്.

അവൾ ഇരിക്കാൻ പഠിച്ചു തുടങ്ങിയ സമയമാണ്. പിന്നിലേക്കു മറിയുമോ എന്ന പേടിയുണ്ട് എല്ലാവർക്കും. അതിനുള്ള കരുതലുകൾ എടുത്തിരുന്നു. പക്ഷേ, ക്യാമറ കണ്ടതോടെ ആൾ ഉഷാറായി. ഷൂട്ട് വളരെ ഹാപ്പിയായി നടന്നു. ’’