Tuesday 30 January 2018 12:52 PM IST

കൗമാരത്തിലെ കിടക്കയിലേക്ക് തള്ളിയിട്ട രോഗം; ഗസലുകളാൽ ജീവിതം തിരികെ പിടിച്ച് നിഖിൽ ദാസ്

Tency Jacob

Sub Editor

gasal1 ഫോട്ടോ: അരുൺ പയ്യടിമീത്തൽ

‘‘പാട്ടുകളില്ലായിരുന്നുവെങ്കിൽ, അതിൽ മുഴുകിയില്ലായിരുന്നുവെങ്കിൽ ഈ വേദന മറികടക്കാനാകാതെ ഞാൻ ആത്മഹത്യ ചെയ്തേനെ.’’ കോഴിക്കോട് പന്നിയങ്കര ചെമ്പയിൽ വീട്ടിൽ നിഖിൽ ദാസ് വർഷങ്ങളായി തനിയെയൊന്ന് എഴുന്നേറ്റു നിന്നിട്ട്. എന്നിട്ടും ആ മുഖത്തുണ്ടായിരുന്നു പാട്ടിന്റെ കല്യാണിരാഗം ആറ്റിയെടുത്ത ശാന്തത.

പാട്ടുകാരനോ പാട്ടു പഠിച്ചിട്ടുള്ള ആളോ അല്ല നിഖിൽ ദാ സ്. ഓർമയുറയ്ക്കുന്ന കാലം മുതലേ സംഗീതത്തോട് വല്ലാത്തൊരിഷ്ടം. പിന്നെയതിൽ ജീവിച്ച് 21ാം വയസ്സിൽ തളർത്താനെത്തിയ രോഗത്തെ അടുത്തിരുത്തി രാഗം വിസ്തരിച്ചു. വീണും എഴുന്നേറ്റും മെല്ലെ ജീവിച്ചും വർഷങ്ങൾ പോകുമ്പോഴും ആ ഇഷ്ടത്തിനു മാത്രം ഒരു മങ്ങലുമില്ലായിരുന്നു. ഇപ്പോൾ വീൽചെയറിലും കിടക്കയിലുമായി സമയത്തെ പകുക്കുമ്പോഴും സദാ മുറിയിൽ നിറയുന്നുണ്ട് സംഗീതം.

അച്ഛനും അമ്മയുമൊക്കെ പാട്ടിനോട് കൂട്ടുകൂടിയവരായിരുന്നു. അടുക്കളയിൽ കറിക്കരിയുമ്പോഴും ഉച്ചവെയിലത്ത് മയങ്ങാൻ കിടക്കുമ്പോഴുമൊക്കെ നീലക്കുയിലിലെ ‘എ ങ്ങനെ നീ മറക്കും കുയിലേ’, എല്ലാരും ചൊല്ലണ്’എന്നീ പാട്ടുകളൊക്കെ പാടിനടക്കുന്ന അമ്മ സുഗുണയെ ഓർമയുണ്ട് നിഖിൽ ദാസിന്. അച്ഛൻ ശിവദാസ് റെയിൽവേയിൽ   സ്േറ്റഷൻ സൂപ്രണ്ടായിരുന്നു. മക്കൾ പാട്ടു പഠിച്ചോട്ടെയെന്നു കെഞ്ചി ചോദിച്ചിട്ടും പാട്ടു പഠിപ്പിച്ചാൽ വഴിതെറ്റി പോകുമോയെന്ന് ഭയന്നു വിടാതിരുന്ന ഒരു അച്ഛൻ. സഹോദരങ്ങൾ എല്ലാവരും പാടുമെങ്കിലും നേരെ മൂത്ത ജ്യേഷ്ഠൻ അനിൽ ദാസ് അറിയപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതജ്ഞനാണ്.

പാട്ടിന്റെ ഇടവേളകൾ

‘‘തുച്ഛമായ ശമ്പളം വച്ച് നാല് ആൺമക്കളടങ്ങുന്ന കുടുംബത്തെ നോക്കുന്നതിന്നിടയിൽ റേഡിയോ ആഢംബരമാണ്. എന്നിട്ടും ഞങ്ങൾ ആൺമക്കളോടുള്ള  ഇഷ്ടം കൊണ്ട് അച്ഛനൊരു റേഡിയോ വാങ്ങി. അന്നു ഞങ്ങളുടെ വീട്ടിൽ കറന്റ് കിട്ടിയിട്ടില്ല. തൊട്ടു പടിഞ്ഞാറേ വീട്ടിലുണ്ട്. അച്ഛൻ ജോലിക്കു പോയിക്കഴിഞ്ഞാൽ ഞാനും നേരെ മൂത്ത ചേട്ടനും കൂടി റേഡിയോയുമെടുത്ത് അവിടേക്കു പോകും. അവിടെയിരുന്ന് മതിവരുവോളം പാട്ടു കേൾക്കും.

gasal3 അമ്മ സുഗുണയ്‌ക്കൊപ്പം

പിന്നീട് കുറച്ചു വലുതായപ്പോൾ ഞാനൊരു റേഡിയോ ഉണ്ടാക്കി. ഒരടി നീളമുള്ള പലകയില്‍ അലുമിനിയംകൊണ്ട്  ഫ്രെയിമൊക്കെ ചെയ്ത് വാൽവെല്ലാം ഫിറ്റു ചെയ്തൊരു റേഡിയോ. അമീൻ സായനി അവതരിപ്പിച്ചിരുന്ന ‘ബിനാക്ക ഗീത് മാല’ എന്ന പരിപാടിയായിരുന്നു ആദ്യം കേട്ടത്. അതു കഴിഞ്ഞാൽ എന്റെയും ചേട്ടൻ അനിൽ ദാസിന്റെയും വക ഒരു ഗീത് മാലയുണ്ട്. കൈയിൽ കിട്ടിയ പാത്രവും കോലുമൊക്കെ വച്ച് പാട്ടുകളങ്ങിനെ തകർത്തുകൊണ്ടിരിക്കും.

ചെറുപ്പത്തിലേ ചെറുതായി കൈ,കാൽ വേദനയൊക്കെയുണ്ടായിരുന്നു. അതൊന്നും കാര്യമാക്കിയില്ല. അമ്മയുടെ ചില നാട്ടുവൈദ്യങ്ങളും ഡോക്ടർമാരുടെ കുറിപ്പടികളുമായി നടന്നു. എന്റെ ഒരു കൈയിൽ റേഡിയോയാണെങ്കിൽ മറുകൈയിൽ എപ്പോഴുമൊരു സ്ക്രൂ ഡ്രൈവറുണ്ടായിരുന്നു. പാട്ടിനോടുളള അത്രയുമിഷ്ടം തന്നെയുണ്ടായിരുന്നു ഇലക്ട്രോണിക്സിനോടും. അച്ഛന്റെ ഏട്ടന് ടൗണിൽ വാൽവ് സിസ്റ്റവും ആംപ്ലിഫയറുമൊക്കെ നന്നാക്കുന്ന ഒരു കടയുണ്ട്. സമയം കിട്ടുമ്പോഴെല്ലാം ഞാൻ അവിടെ പോയിരിക്കും. എന്നിട്ട് അവിടെ സർവീസിനു കൊണ്ടുവന്നതെല്ലാം നന്നാക്കും. നന്നാക്കി കഴിഞ്ഞത് കൊണ്ടു പോകാൻ ആളു വരുന്നതുവരെ പാട്ടു കേൾക്കാം. അതായിരുന്നു കൂലി. ആ പ്രതിഫലം കൊതിപ്പിക്കുന്നതായതുകൊണ്ട് വേഗം ശരിയാക്കും.

പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ രണ്ടു കൊല്ലം വലിയച്ഛന്റെ കൂടെനിന്നു. ജോലിയായി ഇലക്ട്രോണിക്സ് മേഖല തന്നെയെന്നുറപ്പിച്ചെങ്കിലും വലിയച്ഛന്റെ കൂടെ നിന്നുള്ള പ്രവൃത്തി പരിചയം മാത്രം പോരെന്നു തോന്നി കോഴിക്കോട്  ഐടിസിയിൽ ഇലക്ട്രോണിക്സിനു ചേർന്നു. അതു പൂർത്തിയാക്കിയ ഉടനെത്തന്നെ എറണാകുളം കെൽട്രോണിൽ ജോലികിട്ടി. അവിടെയെനിക്ക് സംഗീതപ്രേമികളായ കുറച്ചു കൂട്ടുകാരെ കിട്ടി. താമസിക്കുന്ന ലോഡ്ജ് മുറിയിൽ പാതിരാവരെ നീളുന്ന സംഗീത ചർച്ചകളും പാട്ടും. പരിചയത്തിലുള്ള ഒരുപാടുപേർ വന്നെത്തും. അന്ന് സി.എൻ. ശ്രീകണ്ഠൻ നായരുടെ മകൻ ഉണ്ണിയും ഞാനും കുറച്ചു സംഗീതപ്രേമികളുമൊക്കെ ചേർന്ന് മെഹ്ഫിലുകൾ സംഘടിപ്പിച്ചിരുന്നു. അതുപോലെ കലാധരൻ സാറിന്റെ കലാപീഠത്തിലും പരിപാടികളൊക്കെ ചെയ്തു.

സംഗീതമെന്ന മരുന്ന്

ജീവിതം ഒരു പാട്ടുപോൽ സാന്ദ്രമാണെന്നു തോന്നിയ കാലം. ചെറുതായി നടുവേദനയൊക്കെ വരുന്നുണ്ട്. ആദ്യമൊന്നും കാര്യമാക്കിയില്ല. പിന്നീട് അത് കൂടിക്കൂടി വന്നു, നടക്കാനും കിടക്കാനും പറ്റാത്ത അവസ്ഥയായി തുടങ്ങി. ഒരിക്കൽ വേദന കലശലായി അച്ഛൻ വന്നു നാട്ടിലേക്കു കൊണ്ടുപോരേണ്ടി വന്നു. വേദനയ്ക്കുള്ള  ഇൻജക്‌ഷനെടുത്ത് ട്രെയിനിലായിരുന്നു യാത്ര. അന്നു സ്കാനിങ്ങില്ല, എക്സ്റേ മാത്രമേയുള്ളൂ. നട്ടെല്ലിലെ ഡിസ്ക്കുകൾ തമ്മിൽ അകലുന്ന രോഗമാണെന്ന ഡോക്ടറുടെ നിഗമനത്തിൽ ചികിത്സ തുടങ്ങി. പലകക്കട്ടിലിൽ രണ്ടുകാലിലും മണൽക്കിഴി തൂക്കിയിട്ട് അറുപതു ദിവസം കിടന്നു. താൽകാലിക ആശ്വാസം കിട്ടിയെങ്കിലും വേദന പിന്നീടും വന്നു. ആ കാലങ്ങളിലെല്ലാം മുറിയിൽ ഗസലുകളും ഹിന്ദുസ്ഥാനിയുമെല്ലാം നിർത്താതെ പെയ്തുകൊണ്ടിരുന്നു. ആ തലോടലിൽ വേദന തെല്ലു മങ്ങും. സംഗീതം ഒരു മരുന്നാണെന്ന് ഞാൻ തിരിച്ചറിഞ്ഞ കാലം കൂടിയായിരുന്നു അത്.

gasal2

വേദനയുടെ ശമനതാളം

ഇരുപത്തിയൊന്ന് വയസ്സ്. ജീവിതം തളിർക്കുന്ന കാലം. ആ സമയത്ത് ഞാൻ മുറിയിലൊറ്റപ്പെട്ടു. ഒന്നു പുറത്തേക്കിറങ്ങാനോ എല്ലാവരേയും പോലെ ജോലി ചെയ്യാനോ കഴിയാതെ ഒരു കട്ടിലിൽ. ഒടുവിൽ വെർട്ടിബ്രൽ ഡിസ്ക് പ്രൊലാപ്സ് എന്ന രോഗത്തിന്റെ അവസാന ചികിത്സയായ സർജറി ചെയ്ത് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നു. എറണാകുളത്തെ ജോലി അവസാനിപ്പിച്ച് കോഴിക്കോട് വന്ന് സർവീസ് സെന്റർ തുടങ്ങി. ഇനി അസുഖം തിരികെ വരാൻ സാധ്യതയില്ലെന്ന ഡോക്ടറുടെ ഉറപ്പിൽ വിവാഹത്തെക്കുറിച്ചു ചിന്തിച്ചു. ജീജ ഭാര്യയായി വീട്ടിലേക്ക് വന്നു കയറി. ആറു വർഷത്തോളം രോഗം കുഴപ്പമൊന്നുമുണ്ടാക്കിയില്ല. ഇഷ്ടപ്പെട്ട ജോലിയും വൈകുന്നേരങ്ങളിലെ സംഗീത സന്ധ്യകളും ചിത്രപ്രദർശനങ്ങളും. അന്നു നളന്ദയിലൊരു മുറിയുണ്ട്. അവിടെ ഗൗരവമായ ചർച്ചകളൊക്കെ നടക്കും. റസാഖ് കോട്ടക്കലും സി വി ബാലകൃഷ്ണനുമൊക്കെ സ്ഥിരം വരുമായിരുന്നു.

ജോലിയുടെ ഭാഗമായി ചെറുതായി യാത്ര പോകേണ്ടി വരാറുണ്ട്. ആ യാത്രയുടെ ആയാസത്തിലാകണം വേദന വീണ്ടും വന്നു തുടങ്ങി. ഒന്നു ചരിഞ്ഞു കിടക്കണമെങ്കിൽ പോലും ഒരാളുടെ സഹായം ആവശ്യമായ തരത്തിൽ പതുക്കെ പതുക്കെയതെന്നെ കിടക്കയിലേക്ക് തള്ളിയിട്ടു. ഉറങ്ങണമെങ്കിൽ സെഡേഷൻ വേണമെന്നായി. കൂട്ടത്തിൽ സോറിയാസിസും പിടിപ്പെട്ടു. ഫിസിയോതെറാപ്പിയും ഉഴിച്ചിലും ആയുർവേദവും അലോപ്പതിയും ഒരുപോലെ പരീക്ഷിച്ചു. ഇതിനിടയിൽ സംഗീതം മാത്രം ഇടതടവില്ലാതെ മൂളിക്കൊണ്ടിരുന്നു.

വേദന കുറയാതായപ്പോൾ സ്റ്റിറോയിഡിന്റെ വിലകൂടിയ പന്ത്രണ്ട് കുത്തിവയ്പ്പ് എടുത്തു. വേദനക്ക് കുറവുണ്ടായെങ്കിലും കൈകാലുകൾ മടങ്ങാതെ വഴക്കം നഷ്ടപ്പെട്ടു. കിടക്കുമ്പോൾപോലും മുട്ടു മടങ്ങില്ല. ഇതിനകം സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് ചികിത്സക്കായി ചെലവിട്ടിരുന്നു. അസുഖത്തിന്റെ ഇടവേളകളിൽ ജോലിക്കുപോയും വേദന തുടങ്ങുമ്പോൾ വീട്ടിലിരുന്നും ആ അവസ്ഥകളെ അതിജീവിച്ചു തുടങ്ങി.

രോഗത്തിന് കൃത്യമായ ഇടവേളകളുണ്ടായിരുന്നു. ഒക്ടോബർ മാസങ്ങളിൽ തണുപ്പു തുടങ്ങുമ്പോഴായിരുന്നു കഠിനമായ വേദനകളുടെ തുടക്കം. ആദ്യകാലങ്ങളിൽ ആശുപത്രികളിൽ ഓർത്തോ, ന്യൂറോളജി വിഭാഗങ്ങളൊക്കെയാണുണ്ടായിരുന്നത്. പിന്നീടാണ് റുമറ്റോളജി പ്രത്യേക വിഭാഗം വരുന്നത്. അങ്ങനെയൊരു പരിശോധനയിലാണ് എന്റെ അസുഖം ശരീരത്തിലെ എല്ലാ സന്ധികളെയും ബാധിക്കുന്ന വാതരോഗമാണെന്നു തിരിച്ചറിയുന്നത്. അപ്പോഴേക്കും വേദനകൊണ്ട് ഭക്ഷണം ഒരു തരി കഴിക്കാനാകാതെ ഞാൻ പകുതിയായി.

സംഗീതം തന്നത്

ആരോഗ്യം വീണ്ടെടുത്തെങ്കിലും ഇലക്ട്രോണിക്സ് എന്ന എന്റെ ഇഷ്ട പ്രൊഫഷൻ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് കിടക്കയിൽ കിടന്ന് എന്തു ജോലി ചെയ്യാമെന്ന അന്വേഷണമായി. സുഹൃത്ത് ഫെലിക്സ് പുതിയൊരു സംരംഭം തുടങ്ങിയിരുന്നു. ക്രിസ്ത്യൻ പള്ളികളിൽ മണിയുണ്ടാക്കി കൊടുക്കുക. ഇന്ത്യയിലെ ഓരോ പള്ളികളുടേയും ലിസ്റ്റും വിശദവിവരങ്ങളും ഞാൻ ഇന്റർനെറ്റിൽ നിന്നു കണ്ടുപിടിച്ചു തയാറാക്കി കൊടുക്കും. ആ ജോലിക്ക് എല്ലാ മാസവും ഒരു തുക തരും. അതെനിക്കും കുടുംബത്തിനും വലിയ സഹായമായി. ഇതിനൊപ്പം വേദിക, സ്പിക്മാക്ക, മീഡിയ സ്റ്റഡി സെന്റർ എന്നിങ്ങനെയുള്ള കലാസാംസ്ക്കാരിക സംഘടനാപ്രവർത്തനങ്ങളിലും സജീവമായി.

പതുക്കെ ഞാൻ വീൽചെയറിലേക്ക് മാറി. ടൗണിൽ നടക്കുന്ന സംഗീത പരിപാടികളിലെല്ലാം പങ്കെടുക്കും. ഭാര്യയോ സുഹൃത്തുക്കളോ ഒാട്ടോയിൽ കയറ്റിയിരുത്തും. വലിയൊരു സുഹൃത് സംഘം കൂടെയുള്ളതുകൊണ്ട്  എവിടെ ചെന്നാലും ഓട്ടോയിൽനിന്ന് ഇറക്കാനാളുണ്ടാകും. തിരികെ വീട്ടിലെത്തിക്കാനും. അത് സംഗീതം തന്ന സമ്പത്താണ്.
അത്തരമൊരു സന്ധ്യയിലേക്കാണ്  ഹിന്ദുസ്ഥാനി സംഗീതജ്ഞ കമലാ ശങ്കറും ഗസൽ ഗായകൻ വിജയ് സുർസേനും എത്തുന്നത്. സംഗീതത്തെ ഇഷ്ടപ്പെടുന്ന എന്നെ സംബന്ധിച്ചിടത്തോളം അതൊരു അനുഭവമായിരുന്നു. എന്റെ വീട്ടുമുറ്റത്തെ തണലിലിരുന്ന് സുർസേൻ മലയാളത്തിൽ ഗസൽ പാടുമ്പോൾ ഞാനുമതിലൊരു രാഗമായി അലിഞ്ഞു ചേർന്നു.

ഇപ്പോഴും വീൽചെയറിലാണ്. രോഗമിങ്ങനെ കൂടിയും കുറഞ്ഞും എന്റെയൊപ്പമുണ്ട്. ജീവിതത്തിന്റെ നല്ലൊരു ഭാഗം ഒന്നു ചലിക്കാൻ പോലുമാകാതെ കിടക്കയിലായതിൽ എനിക്കു പരിഭവങ്ങളൊന്നുമില്ല. ‘അച്ഛൻ ഒന്ന് എണീറ്റു കണ്ടാൽ മതിയായിരുന്നു’ എന്ന് മക്കൾ പറയുമ്പോൾ ചെറുതായി സങ്കടം വരും. അവരെ ഇഷ്ടമുള്ള സ്ഥലങ്ങളിലേക്കെല്ലാം കൊണ്ടുപോകുന്ന ഒരച്ഛനാകാൻ പറ്റിയില്ലല്ലോ എനിക്ക്. മകൾ സ്മൃതി എംടെക് കഴിഞ്ഞ് കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മകൻ ഗോവർദ്ധൻ ലോ കോളേജിൽ പഠിക്കുന്നു.

ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ, അച്ഛനൊരു ക്ഷണക്കത്തുകിട്ടി. കോയമ്പത്തൂർ ആര്യവൈദ്യഫാർമസിയുടെ വാര്യരുടെ മകളുടേയോ മകന്റേയോ കല്യാണമാണ്. അവിടെ അന്നു രാത്രി യേശുദാസിന്റെ ഗാനമേള ഉണ്ട്. ഞങ്ങൾ അച്ഛനെ നിർബന്ധിക്കാൻ തുടങ്ങി.  ജോലി ചെയ്യുന്നിടത്തു നിന്ന് കുറേ ദൂരമുണ്ട്. പന്ത്രണ്ട് കിലോമീറ്റർ നടന്നുപോയി യേശുദാസിന്റെ തൊട്ടു മുമ്പിലിരുന്ന് പാട്ട് കേട്ട് നിലാവത്ത് തിരികെ നടക്കുമ്പോൾ കാതിൽ അലയടിച്ച ആ ശബ്ദവും ഈണവും  ദൂരങ്ങളൊന്നും ദൂരങ്ങളല്ലാതാക്കി തീർത്തു. ഇന്നും വേദനയുടെ ദൂരങ്ങളെ ഞാൻ അളക്കുന്നത് സംഗീതം കൊണ്ടാണ്.

gasal5 മകൻ ഗോവർദ്ധൻ, മകൾ സ്മൃതി, മരുമകൻ അതുൽ, ഭാര്യ ജീജ, അമ്മ സുഗുണ.