Wednesday 08 September 2021 11:29 AM IST : By സ്വന്തം ലേഖകൻ

നിപ്പയെ ഭയന്ന് പഴങ്ങൾ കഴിക്കാൻ മടി വേണ്ട, കരുതലും ശ്രദ്ധയും മതി; അവഗണിക്കരുത് ഈ രോഗലക്ഷണങ്ങൾ, അറിയേണ്ടതെല്ലാം

സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ കർശനമാക്കി. ഭയമല്ല ജാഗ്രതയാണ് ആവശ്യമെന്ന് അധികൃതർ പറഞ്ഞു. കോവിഡ് പ്രതിരോധ മാർഗങ്ങളായി എൻ 95 മാസ്ക് ധരിക്കുന്നതും കൈ കഴുകുന്നതുമാണ് നിപ്പ വൈറസിൽ നിന്നു രക്ഷപ്പെടാനുള്ള പ്രധാന പ്രതിരോധ മാർഗങ്ങൾ. രോഗിയുമായോ രോഗ ലക്ഷണമുള്ളവരുമായോ സമ്പർക്കം ഉണ്ടായാൽ സ്വയം നിരീക്ഷണത്തിൽ കഴിയണം.

നിപ്പയെ ഭയന്ന് പഴങ്ങൾ കഴിക്കാൻ മടിയായിട്ടുണ്ട് പലർക്കും. കോഴിക്കോട്ട് നിപ്പ ബാധിച്ച് മരിച്ച കുട്ടി റംബുട്ടാൻ കഴിച്ചിരുന്നു എന്ന വാർത്തയാണ് പെട്ടെന്ന് ഇങ്ങനെയൊരു ഭീതിയുണ്ടാവാൻ കാരണം. കരുതലോടെയാണെങ്കിൽ പഴങ്ങളെല്ലാം തിന്നാമെന്നും പച്ചക്കറികളും ഇറച്ചിയും കഴിക്കാമെന്നു വിദഗ്ധർ പറയുന്നു. സംശയങ്ങൾക്ക് ദിശ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെട്ടാൽ മതിയെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

∙ ദിശ 1056 0471 2552056

അവഗണിക്കരുത് ലക്ഷണങ്ങൾ

വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് 4 മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമാണു ലക്ഷണങ്ങൾ.

ചുമ, വയറുവേദന, ഛർദി, ക്ഷീണം, കാഴ്ച മങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെയും ശ്വാസ കോശത്തെയും രോഗം ബാധിക്കാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ പനി ലക്ഷണമുള്ളവർ കുടുംബാംഗങ്ങളുമായോ പൊതുജനങ്ങളുമായോ ഉള്ള സമ്പർക്കം ഒഴിവാക്കണം

∙ രോഗിയെ പരിചരിക്കുന്നവർ നിരന്തരം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. മാസ്ക് ഉപയോഗിച്ചിരിക്കണം

∙ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടവ്വൽ ഉപയേഗിച്ച് വായും മൂക്കും പൊത്തിപ്പിടിക്കണം.

∙ രോഗ പ്രതിരോധ ശക്തി വീണ്ടെടുക്കുന്നതിനു പോഷകങ്ങളും വിറ്റാമിൻ സി അടങ്ങിയ പഴങ്ങളും കഴിക്കണം.

∙ വവ്വാൽ, പക്ഷികൾ തുടങ്ങിയവ കടിച്ച പഴങ്ങൾ തൊടുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. ചാമ്പയ്ക്ക, സപ്പോട്ട തുടങ്ങി ധാരാളം പഴങ്ങൾ വീട്ടിൽത്തന്നെ ഉണ്ടാകാം. വവ്വാൽ തൊടാൻ സാധ്യതയുള്ള സാധനങ്ങളൊന്നും എടുക്കാതിരിക്കുന്നതാണു നല്ലത്. തറയിൽ കിടക്കുന്ന പഴങ്ങൾ കൈ കൊണ്ട് എടുക്കരുത്

∙ പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയശേഷം ഉപയോഗിക്കുക. അവയിൽ എന്തെങ്കിലും പാടുകൾ ഉണ്ടെങ്കിൽ എടുക്കാതിരിക്കുക. കട്ടിയായ തോടുള്ള പഴങ്ങളാണ് കൂടുതൽ സുരക്ഷിതം.

∙ ഇറച്ചി നന്നായി വേവിച്ചുമാത്രം കഴിക്കുക.

∙ കിണറുകളിലും കുളങ്ങളിലും ടാങ്കുകളിലും വവ്വാലുകളുടെയും പക്ഷികളുടെയും സ്രവങ്ങളോ വിസർജ്യങ്ങളോ വീഴാതിരിക്കാൻ ശ്രദ്ധിക്കുക

വളർത്തുമൃഗങ്ങൾക്ക് കരുതൽ വേണം

∙കന്നുകാലികൾക്ക് പഴങ്ങളോ പഴങ്ങളുടെ അവശിഷ്ടങ്ങളോ നൽകരുത്. പ്രത്യേകിച്ച് കടിച്ചതോ പാടുള്ളതോ ആയ പഴങ്ങൾ.

∙വളർത്തു മൃഗങ്ങളെ പരിപാലിച്ച ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.

∙പക്ഷികൾ കൂട്ടത്തോടെ ചാവുന്നത് ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള വെറ്ററിനറി ഡോക്ടറെ വിവരം അറിയിക്കണം.

∙മൃഗങ്ങൾക്കു എന്തെങ്കിലും രോഗം പിടിപെട്ടാൽ വെറ്ററിനറി ഡോക്ടറെ ഉടൻ വിവരം അറിയിക്കുക. 

വവ്വാലുകളെ ഓടിക്കരുതേ

നിപ്പ പടർത്തുമെന്നുകരുതി വവ്വാലുകളോടും ശത്രുത കാണിക്കുന്നുണ്ട് ചിലർ. പഴയ പോസ്റ്റുകൾ ആൽമരങ്ങളിലും ഉപയോഗശൂന്യമായ കെട്ടിടങ്ങളിലും മറ്റും തമ്പടിച്ചിരിക്കുന്ന വവ്വാലുകളെ മരം വെട്ടിമാറ്റിയും അടിയിൽ തീയിട്ടു പുകച്ചും പടക്കം പൊട്ടിച്ചുമെല്ലാം ഓടിക്കാൻ ശ്രമിക്കുന്നത് അപകടമാണ്. അസ്വസ്ഥരാകുമ്പോൾ അവ വിസർജ്യങ്ങളും സ്രവങ്ങളും പുറത്തുവിടും. അതു രോഗവ്യാപനത്തിന് സാധ്യതയൊരുക്കും. 

വിവരങ്ങൾക്ക് കടപ്പാട്: ഡോ. അമർ എസ്. ഫെറ്റിൽ നോഡൽ ഓഫിസർ എച്ച്1എൻ1

Tags:
  • Spotlight