Tuesday 21 September 2021 10:52 AM IST : By സ്വന്തം ലേഖകൻ

‘നമ്മുടെ സെയ്തലവിക്കു തന്നെയാണോ ബംപർ അടിച്ചത്?’: ഭാഗ്യം തിരഞ്ഞ് ഒരു പകൽ: നാട്ടിൽ സംഭവിച്ചത്

saithalavi

നമ്മുടെ സ്വന്തം സെയ്‌തലവിക്കു തന്നെയാണോ ബംപർ അടിച്ചത്? എങ്കിൽ ആ ടിക്കറ്റ് എവിടെ? പകൽ മുഴുവൻ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കൊടുവിൽ, മരട് സ്വദേശിക്കാണ് ബംപർ അടിച്ചതെന്ന് അറിഞ്ഞതോടെ നിരാശരായതു സെയ്‌തലവിയുടെ കുടുംബം മാത്രമല്ല, പരക്കുനി ഗ്രാമം മുഴുവനുമാണ്. ദുബായിൽ ജോലി ചെയ്യുന്ന പനമരം പരക്കുനി സ്വദേശി പാറയിങ്കൽ സെയ്‌തലവിക്ക് 12 കോടി അടിച്ചെന്ന വാർത്ത‍ പരന്നതുമുതൽ പ്രദേശത്തേക്ക് അപരിചിതരുടെ തള്ളിക്കയറ്റമായിരുന്നു. ബംപർ അടിച്ച ‘ഭാഗ്യവാന്റെ’ വീടും നാടും കാണാൻ  ആളുകളെത്തി. പനമരം വലിയപാലം കഴിഞ്ഞുള്ള ചെറിയ റോഡിൽ മാധ്യമസ്ഥാപനങ്ങളുടേതടക്കം ഒട്ടേറെ വാഹനങ്ങൾ. എങ്ങും സെയ്‌തലവിയുടെ ഭാഗ്യത്തെക്കുറിച്ചായിരുന്നു സംസാരം. 

രണ്ടുമുറി മാത്രമുള്ള കൊച്ചു വാടക വീട്ടിലേക്കു ബന്ധുക്കളും അയൽക്കാരും വന്നുംപോയുമിരുന്നു. ഇടയ്ക്കു ചില ബാങ്ക് ജീവനക്കാരും വന്നു. ഭാര്യ സുഫൈറത്തിനു ഫോൺകോളുകളുടെ തിരക്ക്. എല്ലാവരോടും എന്താണു മറുപടി പറയേണ്ടതെന്ന് അറിയാതെ അവർ അങ്കലാപ്പിലായിരുന്നു. ലോട്ടറി അടിച്ചെന്നു സെയ്‌തലവി പറഞ്ഞും മാധ്യമങ്ങളിൽ വാർത്ത കണ്ടുമുള്ള അറിവു മാത്രമേയുള്ളൂ. ടിക്കറ്റ് കണ്ടിട്ടില്ല- സുഫൈറത്ത് പറഞ്ഞു. ഡ്യൂട്ടി കഴിഞ്ഞ് ഒരുമണിക്കൂറിനുള്ളിൽ വീണ്ടും വിളിക്കാമെന്ന് അറിയിച്ചു സെയ്‌തലവി ഫോൺ വച്ചു. പിന്നീട് പലതവണ വിളിച്ചെങ്കിലും നേരിൽ സംസാരിക്കാൻ ബന്ധുക്കൾക്കു കഴിഞ്ഞില്ല. എങ്ങും ആശയക്കുഴപ്പം. ബംപർ അടിച്ചോ ഇല്ലയോ എന്ന് ഉറപ്പുപറയാൻ പോലും സുഫൈറത്തിനായില്ല. 

സെയ്‌തലവിയുടെ ഗൾഫിലുള്ള സുഹൃത്തുക്കൾ വഴിയും ചില ബന്ധുക്കൾ വിവരം തേടി. തൃപ്പൂണിത്തുറയിൽനിന്നു കോഴിക്കോടുള്ള സുഹൃത്തു വഴിയാണു സെയ്‌തലവി ടിക്കറ്റ് എടുത്തതെന്നാണ് അവർക്കു കിട്ടിയ വിവരം.  സെയ്‌തലവിക്കു ടിക്കറ്റ് ലഭിക്കാൻ ചില തടസ്സങ്ങളുണ്ടെന്ന അഭ്യൂഹവും പടർന്നു. ടിക്കറ്റ് കൈപ്പറ്റാൻ ബന്ധുക്കളിൽ ചിലർ പോയെന്നും സംസാരമുണ്ടായി.  അതിനിടെ, ഫെയ്സ്ബുക്കിൽ ലഭിച്ച ടിക്കറ്റിന്റെ ഫോട്ടോ സെയ്‌തലവിക്ക് അയച്ചുകൊടുത്തിരുന്നെന്നു വെളിപ്പെടുത്തി നാലാംമൈൽ സ്വദേശി അഹമ്മദും രംഗത്തെത്തി.

സൈതലവിക്ക് ഉൾപ്പെടെ പലർക്കും ബംപർ ടിക്കറ്റിന്റെ ഫോട്ടോ അയച്ചുകൊടുത്തിരുന്നു. ടിക്കറ്റ് എടുക്കാൻ സെയ്‌തലവി പണം തന്നിരുന്നില്ലെന്നും ബംപർ ടിക്കറ്റ് എടുത്തിട്ടില്ലെന്നും അഹമ്മദ് പറഞ്ഞു.ലോട്ടറി അടിച്ചോ എന്ന് ഉറപ്പില്ലാത്തതിനാൽ സന്തോഷിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി സെയ്‌തലവിയുടെ വീടും നാടും.

More