Tuesday 09 November 2021 02:58 PM IST : By സ്വന്തം ലേഖകൻ

ഗോവയിലേക്ക് പോകാന്‍ പ്ലാനിട്ടു, ട്രെയിൻ കയറുന്നതിനിടെ ആർപിഎഫ് പിടികൂടി; ഇരട്ടസഹോദരിമാരുൾപ്പെടെ നാല് വിദ്യാർഥികളെയും കണ്ടെത്തി

train-alathurrrrr

പാലക്കാട് ആലത്തൂരിൽ നിന്ന് കാണാതായ ഇരട്ടസഹോദരിമാരുൾപ്പെടെ നാല് വിദ്യാർഥികളെയും കണ്ടെത്തി. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗോവയിലേക്ക് ട്രെയിൻ കയറാൻ ശ്രമിക്കുന്നതിനിടെ ആർപിഎഫ് പിടികൂടുകയായിരുന്നു. ഊട്ടിയിൽ നിന്ന് കോയമ്പത്തൂരിലെത്തിയെന്നാണ് കുട്ടികളുടെ മൊഴി. 

ഈ മാസം മൂന്നിനാണ് സഹപാഠികളും ഒൻപതാം ക്ലാസ് വിദ്യാർഥികളുമായ നാലുപേരും ആലത്തൂരിൽ നിന്ന് അപ്രത്യക്ഷരായത്. മൊബൈൽ ഗെയിമിങിനായി നാലുപേരും കൂടുതൽ സമയം ചെലവഴിച്ചിരുന്നുവെന്നാണ് മൊഴി. സാഹസിക യാത്ര ലക്ഷ്യമാക്കിയാണ് നാലുപേരും വീട് വിട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് കുട്ടികളെ കോയമ്പത്തൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയത്. തീവണ്ടിയുടെ സമയം അന്വേഷിച്ച് നില്‍ക്കുന്നതിനിടെയാണ് കുട്ടികൾ മലയാളി ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. യൂണിഫോമില്‍ അല്ലാതിരുന്ന ഉദ്യോഗസ്ഥര്‍ സാധാരണരീതിയിൽ സംസാരിച്ച് കാണാതായ കുട്ടികള്‍ ആണെന്ന് ഉറപ്പിക്കുകയായിരുന്നു. 

പെണ്‍കുട്ടികള്‍ ഇരട്ടകള്‍ ആയതിനാൽ കണ്ടുപിടിക്കലും എളുപ്പമായി. തങ്ങൾ ഊട്ടിയില്‍ നിന്ന് വരുകയാണെന്നും ദൂരയാത്ര പ്ലാന്‍ ചെയ്തിരിക്കുകയാണെന്നും കുട്ടികൾ ഇവരോട് പറഞ്ഞു. ഉടന്‍തന്നെ ശിശു സംരക്ഷണസമിതിയെ അറിയിക്കുകയും കുട്ടികളെ പ്രത്യേക മുറിയിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു. വൈകിട്ട് ആറരയോടെ ആര്‍പിഎഫ് ആലത്തൂര്‍ പൊലീസിന് കുട്ടികളെ കൈമാറുകയായിരുന്നു.

ഗോപാലപുരം ചെക്‌പോസ്റ്റ് വഴി പൊള്ളാച്ചിയിലേക്ക് കടന്ന കുട്ടികള്‍ ഊട്ടിയിൽ എത്തുകയായിരുന്നു. രണ്ടു ദിവസം ഊട്ടിയില്‍ തങ്ങിയ ശേഷമാണ് ഇവർ വൈകുന്നേരത്തോടെ കോയമ്പത്തൂരില്‍ എത്തിയത്. ഗോവയ്ക്ക് പോകാൻ പ്ലാനിട്ട കുട്ടികള്‍ കോയമ്പത്തൂരിലും മുറിയെടുക്കാന്‍ ശ്രമിച്ചിരുന്നു.

കുട്ടികളെ കണ്ടെത്തുമ്പോള്‍ അവരുടെ കയ്യില്‍ 9,110 രൂപയും 40,000 രൂപ വിലമതിക്കുന്ന ആഭരണവും ഉണ്ടായിരുന്നു. കയ്യിലുള്ള ഒരു മൊബൈലും മറ്റ് ആഭരണവും വിറ്റാണ് യാത്രയ്ക്കുള്ള പണം കണ്ടെത്തിയത്. ഊട്ടിയില്‍ ഇവര്‍ താമസിച്ചിരുന്ന ലോഡ്ജിലെ മേൽവിലാസവും കയ്യിൽ ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് മുറി നൽകിയവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

Tags:
  • Spotlight