Tuesday 16 November 2021 11:01 AM IST : By സ്വന്തം ലേഖകൻ

കുഞ്ഞാറ്റയ്ക്കു പിറന്നാൾ ഒരുക്കാൻ ഇനി അച്ഛനില്ല; ഭാര്യയുടെ കൺമുന്നിൽ തലങ്ങും വിലങ്ങും വെട്ടി കൊലപാതകം, നടുക്കം മാറാതെ നാട്

palakkad-murder-case.jpg.image.845.440

കുഞ്ഞാറ്റയുടെ പിറന്നാൾ ആഘോഷിക്കാൻ ഇനി അച്ഛനില്ല. അടുത്ത മാസം മകൻ രുദ്രകേശവിന്റെ (കുഞ്ഞാറ്റ) പിറന്നാൾ ആഘോഷിക്കാനുള്ള തയാറെടുപ്പിലായിരുന്നു സഞ്ജിത്ത്. ഇതിനിടെയാണു ഇന്നലെ കൊലയാളികൾ ജീവനെടുത്തത്. ഇതോടെ കുടുംബം അനാഥമായി. ഭാര്യയുടെ കൺമുന്നിലായിരുന്നു തലങ്ങും വിലങ്ങും വെട്ടിയുള്ള കൊലപാതകം. തടയാനെത്തിയ ഭാര്യയെ തള്ളി വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. വെട്ടേറ്റ് ശരീരഭാഗങ്ങൾ തൂങ്ങിയ നിലയിലായിരുന്നു. സംഭവം കണ്ട് ഭാര്യ അർഷിക കുഴഞ്ഞു വീണു.

പാലക്കാടിനെ നടുക്കിയ കൊലപാതകത്തിനു പിന്നിൽ കൃത്യമായ ആസൂത്രണമെന്നു പൊലീസ്. സഞ്ജിത്തിന്റെ വരവും പോക്കുമെല്ലാം കൃത്യമായി നിരീക്ഷിച്ച് ആൾ സഞ്ചാരം കുറഞ്ഞ വഴിയിലിട്ടായിരുന്നു വെട്ടിവീഴ്ത്തിയത്. ആക്രമണശേഷം കാറിൽ ദേശീയപാത വഴി സംഘം രക്ഷപ്പെട്ടു. സംഘത്തിൽ 4 പേരുണ്ടായിരുന്നെന്നാണു പൊലീസ് നിഗമനം. കൊലപാതകത്തിന്റെ രീതിയും മറ്റും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. യാക്കര പുഴയോരത്തിനു സമീപം ആൾസഞ്ചാരം കുറവായ റോഡിലായിരുന്നു കൊലപാതകം.

ആശുപത്രിയിൽ എത്തിച്ചത് പൊലീസ് ഉദ്യോഗസ്ഥൻ

വെട്ടേറ്റു വീണ സഞ്ജിത്തിനെ ജില്ലാ ആശുപത്രിയിലെത്തിച്ചത് അതുവഴി ജോലിക്കു വരികയായിരുന്ന സിവിൽ പൊലീസ് ഓഫിസർ. ആക്രമണത്തിന്റെ ഭീകരത കണ്ടു പരിസരത്തുണ്ടായിരുന്നവർ മാറി നിന്നപ്പോഴായിരുന്നു ഇടപെടൽ. അതുവഴിയെത്തിയ ഓട്ടോ തടഞ്ഞ് സഞ്ജിത്തിനെ എടുത്തു കയറ്റി നേരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോവുന്ന വഴിക്ക് ഇദ്ദേഹം തന്നെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.

സുരക്ഷ‌ ശക്തമാക്കി പൊലീസ്

രാഷ്ട്രീയ കൊലപാതകമെന്നു സൂചന ലഭിച്ചതോടെ പാലക്കാട് നഗരത്തിലും എലപ്പുള്ളി, പുതുശ്ശേരി പഞ്ചായത്തുകളിലും അതിർത്തി പ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കി. ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിലാണു പൊലീസ് സന്നാഹം. പ്രതികളെ പരമാവധി വേഗത്തിൽ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും ജാഗ്രത തുടരുന്നു. ദേശീയപാതയിലെയും മറ്റും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൃത്യം നടന്ന മേഖലയിലെ മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെ ഉപയോഗിച്ചു പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിനു ശേഷം എലപ്പുള്ളിയിലും പരിസരത്തും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി.

പ്രവർത്തകരും നേതാക്കളുമെത്തി

മരണവിവരമറിഞ്ഞ് നൂറു കണക്കിനു പ്രവർത്തകരാണ് എലപ്പുള്ളിയിലേക്കെത്തിയത്. എലപ്പുള്ളി മേഖലയിൽ ബിജെപിയുടെ വളർച്ചയ്ക്കു വഴിയൊരുക്കിയതു സഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ആർഎസ്എസിന്റെ യുവ നേതൃത്വമായിരുന്നു. നാട്ടിൽ സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിലും സഞ്ജിത്ത് നിറഞ്ഞു നിന്നു. ഇതിലൂടെ വ്യക്തി ബന്ധങ്ങളും അദ്ദേഹം സൂക്ഷിച്ചിരുന്നു. ഇന്നലെ രാവിലെ മുതൽ ജില്ലാ ആശുപത്രിയിലും പരിസരത്തും സഞ്ജിത്തിനെ അവസാനമായി ഒരു നോക്കു കാണാൻ വലിയ ജനക്കൂട്ടമാണുണ്ടായിരുന്നത്.

പോസ്റ്റ്മോർട്ടത്തിനു ശേഷം വൻ ജനാവലിയോടെയാണു മൃതദേഹം വീട്ടിലെത്തിച്ചത്. ബിജെപിയുടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ എലപ്പുള്ളിയിലെത്തി. മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ, സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസ്, മുതിർന്ന നേതാവ് എൻ. ശിവരാജൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

Tags:
  • Spotlight